നമ്മുടെ രാജ്യമൊരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായതിന്റെ 76ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ ദിനത്തില്‍ ദാക്ഷായണി വേലായുധനെ ഓര്‍മ്മിക്കാതെ എങ്ങനെ മുന്നോട്ട് പോകും. രാജ്യം സ്വാതന്ത്ര്യം നേടി രണ്ടു വര്‍ഷം പിന്നിട്ടെങ്കിലും ഒരിക്കലും സ്ത്രീകള്‍ക്ക് അത്രയ്ക്കങ്ങ് മുന്നോട്ട് വന്നു കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ സമൂഹം പരോക്ഷമായി കല്‍പ്പിച്ചിരുന്ന ആ അയിത്തം ഭേദിച്ച് വന്നവരുടെ കൂട്ടത്തിലെ മലയാളി സാന്നിധ്യം. ഉള്ളില്‍ ആളിക്കത്തിയ സാമൂഹിക-വിപ്ലവ മുന്നേറ്റം തന്റെ പ്രവര്‍ത്തിയിലൂടെ തെളിയിച്ച അസാധാരണ വ്യക്തിത്വം, അതായിരുന്നു ദാക്ഷായണി വേലായുധന്‍.
സ്വാതന്ത്ര്യാനന്തരം രാജ്യത്തിന് മികച്ചൊരു ഭരണഘടന വേണം, അത് പൗരന്മാര്‍ക്ക് വേണ്ടിയും അവരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുമാകണമെന്ന ചിന്തയുണ്ടായി. അതിനായി ഒരു ഭരണഘടന അസംബ്ലി രൂപീകരിക്കാന്‍ തീരുമാനമെടുത്തപ്പോള്‍ ആരൊക്കെ അതില്‍ വേണമെന്ന് ചര്‍ച്ചകള്‍ നടന്നു. ഒടുവില്‍ അത് രൂപീകരിച്ചു, 299 പേര്‍ അടങ്ങുന്ന അസംബ്ലി. പുരുഷാധിപത്യത്തിന്റെ കൃത്യമായ വേരുകള്‍ നിറഞ്ഞു നിന്ന അക്കാലഘട്ടത്തില്‍ സ്ത്രീകളുടെ കാര്യങ്ങള്‍ ഉന്നയിക്കാന്‍ ആ പക്ഷത്തു നിന്നുംകൊണ്ട് ആരെങ്കിലും വേണ്ടയെന്ന ചോദ്യം ഉയര്‍ന്നു. അസംബ്ലിയില്‍ അവര്‍ വേണ്ടെയെന്ന് ചോദ്യത്തിന് മറുപടിയെന്ന നിലയില്‍ 15 സ്ത്രീ രത്‌നങ്ങള്‍ ഭരണഘടന നിര്‍മ്മാണ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതില്‍ മലയാളികളുടെ അഭിമാനമായ രണ്ടു പേര്‍ ഉണ്ടായിരുന്നു ദക്ഷായാണി വേലായുധനും, ആനി മസ്‌ക്രീനും.
സുചേത കൃപലാനിയും, വിജയ ലക്ഷമി പണ്ഡിറ്റും, സരോജിനി നായിഡുവും, ബീഗം ഖുദ്‌സിയ ഇജാസ്, മലയാളിയായ ആനി മസ്‌ക്രീന്‍ തുടങ്ങിയവരെക്കുറിച്ച് ചരിത്രത്തിന്റെ പുസ്തക താളുകളില്‍ കൃത്യമായി രേഖപ്പെടുത്തുകയും ഇവരെല്ലാം പാഠ്യവിഷയമായി മാറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഭരണഘടനയുടെ നിയമ നിര്‍മ്മണത്തിനായി പ്രവര്‍ത്തിച്ച മറ്റു വനിതകളും എന്നും ഇന്ത്യയുടെ പുകള്‍പ്പെറ്റ ദേശീയ ചരിത്രത്തില്‍ തങ്ങളുടെ സംഭവനകള്‍ തങ്ക ലിപികള്‍ എഴുതി ചേര്‍ത്തവര്‍ തന്നെയാണ്. അതില്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഏറെ അവകാശമുള്ള ഒരു പേരാണ് കല്ലച്ചമ്മൂരി കുഞ്ഞന്‍ ദാക്ഷായണി എന്ന കെ.കെ. ദാക്ഷായണി വേലായുധന്‍.
ചരിത്രത്താളുകളിലെ സുവര്‍ണ്ണ വനിത
കേരളത്തില്‍ നിന്നും ഭരണഘടന നിര്‍മ്മാണ സഭയില്‍ തെരഞ്ഞടുക്കപ്പെട്ട ആനി മസ്‌ക്രീനിന്റെ പേര് വ്യാപകമായി പ്രചരിച്ചിരുന്നെങ്കിലും ദാക്ഷായണി വേലായുധനെ അറിയുന്നവരുടെ എണ്ണം ചുരുക്കമായി നില നിന്നു. ഭരണഘടനാ നിര്‍മ്മാണ സഭയിലെ ഏക ദളിത് വനിതാ അംഗമായിരുന്നു ദാക്ഷായണി വേലായുധന്‍. പുലയ സമുദായത്തില്‍ ഉള്‍പ്പെട്ട ദാക്ഷായണിയുടെ ജീവിതം മികച്ചൊരു പാഠ പുസ്തകമാണ്. അടിച്ചമര്‍ത്തിയവരുടെ മുന്നില്‍ സധൈര്യം ഉയര്‍ത്തെഴുന്നേറ്റ് നിന്നു കൊണ്ട് തന്റെ നാടിനു വേണ്ടി പോരാടിയ വനിത. പുലയര്‍ ഉള്‍പ്പടെയുള്ള താഴ്ന്ന ജാതിക്കാര്‍ക്ക് അന്ന് കല്‍പ്പിച്ചിരുന്ന അയിത്തം വെട്ടിമാറ്റി സമൂഹത്തില്‍ തന്റെതായ സാമൂഹിക ഉന്നതികള്‍ നേടി ഏറാമൂളികളെ വിട്ട് വിരട്ടിയവരെ വെല്ലുവിളിച്ചവളാണ് ദാക്ഷായണി. പുലയന്മാര്‍ കൂടുതലും തുച്ഛമായ ശമ്പളം വാങ്ങുന്ന കര്‍ഷകത്തൊഴിലാളികളായി ഏര്‍പ്പെട്ടിരുന്ന അക്കാലഘട്ടത്തില്‍, കൂടാതെ പൊതുവഴികള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് തടയുക, ഉയര്‍ന്ന ജാതിക്കാരില്‍ നിന്ന് ഒരു നിശ്ചിത അകലം പാലിക്കുക, സ്ത്രീകള്‍ക്ക് വസ്ത്രം കൊണ്ട് മേല്‍ ശരീരം മറയ്ക്കുന്നത് വിലക്കി തുടങ്ങി നിരവധി അപമാനങ്ങള്‍ക്ക് വിധേയരായിരുന്നു. അക്കാലഘട്ടത്തില്‍ കൊടിയ വിവേചനം നടമാടിയിരുന്ന കേരളത്തിന്റെ ജന്മി മണ്ണില്‍ നിന്നുകൊണ്ട് അതസ്ഥിതര്‍ക്കു വേണ്ടി പോരാടന്‍ കോളെജ് വിദ്യാഭ്യാസം നേടാന്‍ മുന്നിട്ടിറങ്ങി പ്രതിസന്ധികളെ തരണം ചെയ്ത് വിജയിച്ച സുവര്‍ണ്ണ വനിത.
ഇന്നത്തെ എറണാകുളം ജില്ലയിലെ മുളവുകാട് എന്ന കൊച്ചു ദ്വീപിലാണ് 1912 ജൂലൈ 15 ന് ദാക്ഷായണി വേലായുധന്‍ ജനിച്ചത്. ദാരിദ്ര്യത്തിന്റെ പിടിയില്‍ അകപ്പെട്ടു കഴിഞ്ഞിരുന്ന ദാക്ഷായണിയുടെ കുടുംബം വിമാചന പോരാട്ടങ്ങളില്‍ മുന്‍പില്‍ ആയിരുന്നു. കടുത്ത വിവേചനത്തിന്റെയും അസമത്വത്തിന്റെയും കാലമായിരുന്ന അന്ന്, പുലയ സമുദായത്തിലെ സ്ത്രീകള്‍ക്ക് അരയ്ക്ക് മുകളില്‍ ശരീരം മറയ്ക്കാന്‍ അനുവാദമില്ലായിരുന്നു. ദാക്ഷായണിയുടെ കുടുംബം ഈ ആചാരത്തെ വെല്ലുവിളിച്ചു. ഇതെല്ലാം കണ്ടു വളര്‍ന്ന ദാക്ഷായണിയുടെ ഉള്ളില്‍ കുരുത്തത് ഒരു ജനതയ്കത്ക്കു വേണ്ടി പോരാടാനുള്ള വിപ്ലവ തീയാണ്.
മുളവുകാട് സെന്റ് മേരീസ് സ്‌കൂള്‍, ചത്യത്ത് എംഎല്‍സി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദം നേടി. ദാക്ഷായണി മഹാരാജാസില്‍ കെമിസ്ട്രി കോഴ്‌സിന് ചേര്‍ന്നപ്പോള്‍, എന്റോള്‍ ചെയ്ത ഏക വിദ്യാര്‍ത്ഥിനിയായിരുന്നു. 1935ല്‍ ബി.എ പൂര്‍ത്തിയാക്കിയ ദാക്ഷായണി മൂന്ന് വര്‍ഷത്തിന് ശേഷം മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അധ്യാപക പരിശീലന കോഴ്‌സ് പൂര്‍ത്തിയാക്കി . കൊച്ചി സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള സ്‌കോളര്‍ഷിപ്പുകള്‍ അവരുടെ പഠനത്തെ പിന്തുണച്ചിരുന്നു . 1935 മുതല്‍ 1945 വരെ തൃശ്ശൂരിലെയും തൃപ്പൂണിത്തുറയിലെയും സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ അധ്യാപികയായി ജോലി ചെയ്തു. 1945ല്‍ കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലും 1946ല്‍ ഭരണഘടനാ അസംബ്ലിയിലും അംഗമായി. മുകളില്‍ തുണി ധരിച്ച് സ്‌കൂളില്‍ പോയ ആദ്യത്തെ ദളിത് പെണ്‍കുട്ടി, ഇന്ത്യയിലെ ആദ്യത്തെ ദളിത് ബിരുദധാരി, സയന്‍സ് ബിരുദധാരിയെന്ന നാമങ്ങള്‍ ദാക്ഷായണിക്കു സ്വന്തമാണ്.
അംബേദ്കറെ കണ്ടുമുട്ടിയത് ദാക്ഷായണിയുടെ ജീവിതത്തില്‍ നിര്‍ണായകമായിരുന്നു. 1940 കളുടെ തുടക്കത്തില്‍ മദ്രാസില്‍ ഗാന്ധി എറ പബ്ലിക്കേഷന്റെ എഡിറ്ററായിരുന്നു. രാഷ്ട്ര പിതാവ് മഹാത്മാഗാന്ധി ദാക്ഷായണിയെ ആഴത്തില്‍ സ്വാധീനിച്ചു. 1940 സെപ്റ്റംബര്‍ 6 ന് കസ്തൂര്‍ബയുടെയും മഹാത്മാഗാന്ധിയുടെയും സാന്നിധ്യത്തില്‍ സാമൂഹിക പരിഷ്‌കര്‍ത്താവായ ആര്‍. വേലായുധനെ അവര്‍ വിവാഹം കഴിച്ചു. വേലായുധന്‍ ആദ്യ പാര്‍ലമെന്റ് അംഗമായിരുന്നു. മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ അമ്മാവന്‍ കൂടിയായിരുന്നു അദ്ദേഹം. ഗാന്ധിയുടെയും ഭാര്യ കസ്തൂര്‍ബയുടെയും കുഷ്ഠരോഗിയായ രോഗിയുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. കോണ്‍ഗ്രസ് ടിക്കറ്റില്‍ മദ്രാസ് പ്രസിഡന്‍സിയില്‍ നിന്ന് അവര്‍ ഭരണഘടനാ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഭരണഘടനാ നിര്‍മ്മാണ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു ദാക്ഷായണി. ഭരണഘടനാ നിര്‍മ്മാണ സഭയിലെ ചര്‍ച്ചയ്ക്കിടെ, തൊട്ടുകൂടായ്മ, സംവരണം, ഹിന്ദുമുസ്ലിം പ്രശ്‌നം എന്നിവയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ അവര്‍ തുറന്നു പറഞ്ഞു. 1948 നവംബര്‍ 29ന് ദാക്ഷായണി അസംബ്ലിയില്‍ തൊട്ടുകൂടായ്മയെക്കുറിച്ച് ഒരു പ്രസംഗം നടത്തി . എന്നാല്‍ അവര്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ്, ഭരണഘടനാ അസംബ്ലിയുടെ അധ്യക്ഷന്‍ എച്ച്‌സി മുഖര്‍ജി അവരെ തടസ്സപ്പെടുത്തി. അവള്‍ അവളുടെ സമയപരിധി കവിഞ്ഞുവെന്നും ‘നീ ഒരു സ്ത്രീയായതിനാല്‍’ അവളെ തുടരാന്‍ അനുവദിക്കുകയാണെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു. എന്നിരുന്നാലും, ഭരണഘടനാ അസംബ്ലിയിലെ അവളുടെ ആദ്യ പ്രസംഗം അടിമത്തത്തെ കേന്ദ്രീകരിച്ചായിരുന്നു.
ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ ജാതിയുടെയോ സമുദായത്തിന്റെയോ അടിസ്ഥാനത്തില്‍ ഒരു തരത്തിലുമുള്ള തടസ്സങ്ങളുണ്ടാകില്ലെന്നും അവര്‍ ഒരു പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇത് മാത്രമല്ല, ജാതിയുടെയും സമുദായത്തിന്റെയും അടിസ്ഥാനത്തില്‍ പ്രത്യേക മണ്ഡലങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അവര്‍ എതിരായിരുന്നു. ജീവിതകാലം മുഴുവന്‍ ദളിതുകളുടെയും നിഷേധിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ക്കായി അവള്‍ ശബ്ദം ഉയര്‍ത്തിക്കൊണ്ടിരുന്നു. ഡല്‍ഹിയില്‍ താമസിക്കുമ്പോള്‍ വനിതാ ശുചീകരണ തൊഴിലാളികള്‍ക്കൊപ്പം ജോലി ചെയ്തു. 1913ല്‍ കൊച്ചിയില്‍ കായല്‍ സമ്മേളനം എന്ന പേരില്‍ ഒരു സുപ്രധാന സംഭവം നടന്നു . വേലായുധന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പുലയ ജാതിക്കാര്‍ കരയില്‍ ഒത്തുകൂടുന്നത് വിലക്കിയതിനാല്‍ കേരളത്തിലെ കായലില്‍ ചെറുവള്ളങ്ങളില്‍ ഒത്തുകൂടി. ഈ സംഭവം ദാക്ഷായണിയുടെ ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തി, അവളുടെ ജീവചരിത്രത്തിന് ‘കടലിന് ജാതിയില്ല’ എന്ന് പേരിടണമെന്ന് അഭ്യര്‍ത്ഥിച്ചതായി പറയപ്പെടുന്നു.
കല്ലച്ചമ്മൂരി കുഞ്ഞാന്റെയും ഭാര്യ മാണിയുടെയും മകളായിരുന്നു ദാക്ഷായണി. ദാക്ഷായണിയുടെ വീട്ടുപേര് കല്ലച്ചമ്മൂരി എന്നായതിനാല്‍, കല്ലച്ചമ്മൂരി കുഞ്ഞന്‍ ദാക്ഷായണി (കെകെ ദാക്ഷായണി) എന്നായിരുന്നു അവളുടെ ആദ്യനാമം. ദമ്പതികള്‍ക്ക് ഡോ. രഘു (മുമ്പ് ശ്രീമതി ഇന്ദിരാഗാന്ധിയുടെ ഡോക്ടര്‍), പ്രഹ്ലാദന്‍, ധ്രുവന്‍, ഭഗീരഥ് സെക്രട്ടറി ജനറല്‍, ദി ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ (IORA)], മീര എന്നീ അഞ്ച് മക്കളുണ്ടായിരുന്നു. ദാക്ഷായണി 1946-49 കാലഘട്ടത്തില്‍ ഡിപ്രെസ്ഡ് ക്ലാസ് യൂത്ത്‌സ് ഫൈന്‍ ആര്‍ട്‌സ് ക്ലബ്ബിന്റെ പ്രസിഡന്റും മദ്രാസിലെ ദി കോമണ്‍ മാന്റെ മാനേജിംഗ് എഡിറ്ററുമായിരുന്നു. ദളിത് അവകാശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അവള്‍ തന്റെ പൗരസമൂഹ പ്രവര്‍ത്തനം തുടര്‍ന്നു. 1977ല്‍ ഡല്‍ഹിയില്‍ മഹിളാ ജാഗ്രതി പരിഷത്ത് എന്ന വനിതാ അവകാശ സംഘടന സ്ഥാപിച്ചു. പിന്നീട് മഹിളാ ജാഗ്രതി പരിഷത്തിന്റെ സ്ഥാപക പ്രസിഡന്റായി. 1978 ജൂലൈയില്‍ ഒരു ചെറിയ അസുഖത്തെ തുടര്‍ന്ന് 66 വയസ്സായിലസായിരുന്നു അന്ത്യം. 2019ല്‍, കേരളത്തിലെ മറ്റ് സ്ത്രീകളുടെ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് നല്‍കുന്ന ദാക്ഷായണി വേലായുധന്‍ അവാര്‍ഡ് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തി.