നരേന്ദ്ര മോദിയുടെ ഭരണം പുതിയ ഇന്ത്യയെ വാര്‍ത്തെടുക്കുമെന്നും, അപ്പോള്‍ തങ്ങള്‍ക്കെല്ലാം വലിയ പദവികള്‍ കിട്ടുമെന്നും പകല്‍ക്കിനാവ് കണ്ടും മോഹിച്ചും BJPയിലും NDAസഖ്യത്തിലും ചേക്കേറിയവര്‍ ഇപ്പോള്‍ കടുത്ത നരാശയില്‍. കുടിയേറിയവരും കൂട്ടുകൂടിയവരും കഷ്ടവും നഷ്ടവും പുറത്തു പറയാതെ വിമ്മിഷ്ടപ്പെടുകയാണ് എന്നാണ് അറിയുന്നത്. ഏറെക്കാലത്തെ സംബന്ധത്തിനു ശേഷം എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയ സംഘടനയായ ബി.ഡി.ജെ.എസും അതിന്റെ നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും മുന്നണിയില്‍ നിന്ന് ചാടാനുള്ള പ്രാഥമിക സ്റ്റെപ്പ് എടുത്തു കഴിഞ്ഞു.
വല്ലാത്ത നഷ്ടക്കച്ചവടം എന്ന് വെള്ളാപ്പള്ളി നടേശനും തിരിച്ചറിഞ്ഞിരിക്കുകയാണ്. ഒരു പതിറ്റാണ്ട് എന്‍ഡിഎ മുന്നണിയില്‍ കുശിനിപ്പണി നടത്തിയിട്ടും ബി.ഡി.ജെ.എസിന് ഒന്നും കിട്ടിയില്ല. ഒരു പഞ്ചായത്ത് മെമ്പര്‍സ്ഥാനം പോലും നേടിയെടുക്കാന്‍ ബി.ഡി.ജെ.എസിന് സാധിച്ചില്ല.രാജ്യസഭയില്‍ എംപി സ്ഥാനവും കേന്ദ്രത്തില്‍ മന്ത്രിസ്ഥാനവുമായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി ആഗ്രഹിച്ചത്. കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി തോല്‍ക്കുക മാത്രമല്ല ബി.ജെ.പിയിലെത്തിയ പി.സി ജോര്‍ജിന് പത്തനംതിട്ട ലോക്സഭാ സീറ്റ് നല്‍കാതിരിക്കാനും നിലപാടെടുത്ത തുഷാര്‍ വെള്ളാപ്പള്ളിയും കൂട്ടരും നില്‍ക്കക്കള്ളിയില്ലാതെ ബി.ജെ.പിയില്‍ നിന്ന് പിരിയുകയാണ്.
വെള്ളപ്പള്ളിയുടെ അടുത്ത നീക്കം എല്‍.ഡി.എഫിലേക്കാണെന്നാണ് സൂചനകള്‍. എന്നാല്‍ തുഷാറിനെ യു.ഡി.എഫ് മുന്നണിയിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം ഒന്നാം തീയതി ചേര്‍ത്തലയില്‍ സംസ്ഥാന എക്സിക്യുട്ടീവ് യോഗം ചേര്‍ന്ന് മുന്നണി മാറ്റം ബി.ഡി.ജെ.എസ് ചര്‍ച്ച ചെയ്യുകയാണ്. സംസ്ഥാന ഭാരവാഹികളോടും 14 ജില്ലകളിലെയും പ്രസിഡന്റുമാരോടും യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ ക്യാമ്പില്‍ മുന്നണി മാറ്റം പ്രമേയം വന്നതിന് പിന്നാലെയാണ് തുഷാര്‍ വെള്ളാപ്പള്ളി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം വിളിച്ചത്.
NDAയില്‍ നിന്നിട്ട് യാതൊരു കാര്യമില്ലെന്നും, മുന്നണി വിടുന്നതാണ് ഭേദമെന്നുമുള്ള അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമായി ഉയരുകയും ചെയ്തു. ഒന്‍പതു വര്‍ഷമായി ബി.ജെ.പിയില്‍ നിന്നും എന്‍.ഡി.എയില്‍ നിന്നും അവഗണന മാത്രമാണ് നേരിടുന്നത്. കോട്ടയം പാര്‍ലമെന്റില്‍ തുഷാര്‍ വെള്ളാപ്പള്ളി ജയിക്കാതിരുന്നത് ബി.ജെ.പിക്കാരുടെ വോട്ട് കിട്ടാതിരുന്നതിനാലാണെന്നും ഈഴവ വോട്ടുകള്‍ മാത്രമേ തുഷാറിനു ലഭിച്ചുള്ളുവെന്നും കോട്ടയം ജില്ലാ നേതൃത്വം വിമര്‍ശിച്ചു. ബി.ജെ.പിയില്‍ നിന്നും എന്‍.ഡി.എയില്‍ നിന്നും ഉണ്ടായിട്ടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് മുന്നണി വിടാന്‍ ബി.ഡി.ജെ.എസ് കോട്ടയം ജില്ലാ നേതൃക്യാമ്പ് ഐകകണ്ഠ്യേന പ്രമേയം പാസാക്കിയത്.
എന്‍.ഡി.എയില്‍ തുടരേണ്ട ആവശ്യമില്ലെന്നും മറ്റു മുന്നണികളിലുള്ള സാധ്യത സംസ്ഥാന അധ്യക്ഷന്‍ പരിശോധിക്കണമെന്നുമാണ് പ്രമേയം. അതേസമയം, വിവിധ പാര്‍ട്ടികളില്‍ നിന്ന് ബി.ജെ.പിയില്‍ ചേക്കേറിയ എല്ലാവരുടെയും ഗതി ഇതുതന്നെയാണ്. രാജ്യസഭയില്‍ എം.പി സ്ഥാനവും കേന്ദ്രമന്ത്രി സ്ഥാനവും സ്വപ്നം കണ്ടാണ് ലീഡര്‍ കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ എത്തിയതും കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞതും. വന്ന വഴിയും വളര്‍ന്ന വഴിയും മറന്നുപോയ പത്മജ ഇപ്പോള്‍ എവിടെയെന്നു പോലും ഒരാള്‍ക്കും അറിയില്ല.
പത്മജയുടെ രാഷ്ട്രീയ ഭാവിതന്നെ കൂമ്പടഞ്ഞു പോയെന്നാണ് വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസ്സില്‍ വര്‍ഷങ്ങളായി നിന്ന പത്മജയുടെ ബി.ജെ.പി പ്രവേശനം പോലും കേരളത്തെ ഞെട്ടിച്ചിരുന്നു. എന്നാല്‍, പിന്നീട് പത്മജയ്ക്ക് BJPയില്‍ മറ്റൊന്നും ചെയ്യാനില്ലായിരുന്നു എന്നതാണ് വസ്തുത. BJPക്കും അതേ നിലപാടാണ് പത്മജയോടുള്ളത്. ഇടയ്ക്ക് മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഒഴിവിലേക്ക് പത്മജയെ പരിഗണിച്ചേക്കുമെന്ന ശ്രുതി കേട്ടിരുന്നു. BJP സംസ്ഥാന നേതൃത്വത്തില്‍ നിന്നുമാണ് ഇത് കേട്ടത്. എന്നാല്‍, അതുണ്ടായില്ലെന്നു മാത്രമല്ല, പരിഗണിക്കാനുള്ള നീക്കംപോലുമുണ്ടായില്ല.
എന്നാല്‍, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്മജയയെ മത്സരിപ്പിക്കാന്‍ ഇടയുണ്ട്. ജയിക്കാന്‍ യാതൊരു സാധ്യതയുമില്ലാത്ത ഒരു സീറ്റ് നല്‍കി തൃപ്തിപ്പെടുത്താനാണ് ബി.ജെ.പിയുടെ തീരുമാനം. കേന്ദ്ര വനിത കമ്മീഷനില്‍ മുന്തിയ സ്ഥാനവും പത്മജ പ്രതീക്ഷിച്ചിരുന്നു. വലിയ മോഹത്തോടെ ബി.ജെ.പിയിലെത്തിയ പി.സി ജോര്‍ജിന് അവിടെയും രക്ഷയില്ലാത്ത സ്ഥിതിയാണ്. റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പെടെ പദവികള്‍ പ്രതീക്ഷിച്ചെത്തിയ പി.സി ജോര്‍ജിന് ബി.ജെ.പിയില്‍ യാതൊരു നേട്ടവുമുണ്ടാക്കാനായില്ല. പത്തനംതിട്ട ലോക്സഭാ സീറ്റില്‍ മത്സരിക്കാന്‍ പോലും പി.സി ജോര്‍ജിന് അവസരം നല്‍കിയില്ല.
എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിക്ക് പത്തനംതിട്ടയില്‍ നിന്ന് മത്സരിച്ച് നാണം കെട്ടു തോല്‍ക്കാന്‍ ഒരു അവസരം കിട്ടിയെന്നു മാത്രം. അനിലിന്റെ കാര്യം ഏറെക്കുറെ തീര്‍ച്ചയായി കഴിഞ്ഞു. കോണ്‍ഗ്രസ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉറപ്പുള്ള സീറ്റ് നല്‍കാനിരുന്ന അനിലിന്റെ രാഷ്ട്രീയഭാവിയും തീര്‍ന്നു. അബ്ദുള്ളക്കുട്ടിക്കും ഇതുതന്നെയാണ് ഗതികേടുണ്ടായിരിക്കുന്നത്. സി.പി.എം വിട്ട് ബി.ജെ.പിയിലെത്തിയ അല്‍ഫോന്‍സ് കണ്ണന്താനത്തിന് മാത്രമാണ് അല്‍പമെങ്കിലും ഗതിയുണ്ടായത്. ഒരിക്കല്‍ എം.പിയും കേന്ദ്രമന്ത്രിയുമായിരിക്കാനുള്ള അവസരം കണ്ണന്താനത്തിന് ലഭിച്ചു. അതിനു ശേഷം കഴിഞ്ഞ അഞ്ചു വര്‍ഷമായി അല്‍ഫോന്‍സ് കണ്ണന്താനത്തെക്കുറിച്ച യാതൊരു വിവരവുമില്ല.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന ജി.രാമന്‍നായര്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. സംസ്ഥാന വനിതാ കമ്മീഷന്‍ അംഗമായി കോണ്‍ഗ്രസ് അംഗീകരിച്ച ഡോ. ജെ. പ്രമീളാദേവി ബി.ജെ.പിയിലെത്തിയെങ്കിലും പദവിയും നേട്ടവുമൊന്നും പിന്നീട് ലഭിച്ചില്ല. സ്ഥാനമോഹത്തോടെ ആരു ബി.ജെ.പിയിലെത്തിയാലും അമിത് ഷായും നരേന്ദ്ര മോദിയമൊന്നും തിരിഞ്ഞുനോക്കില്ലെന്ന് വ്യക്തമായിരിക്കുന്നു. കേരളത്തിലെ ബി.ജെ.പിയുടെ ഏറാന്‍മൂളികളും എന്‍.ഡി.എയില്‍ വെള്ളംകോരികളും വിറകുവെട്ടികളുമായി കാലം പോക്കാമെന്നു മാത്രം. ഒളിമ്പ്യന്‍ പത്മിനി തോമസ്, പൂജപ്പുര മഹേശ്വരന്‍ നായര്‍ കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പി ആര്‍. ശ്രീലേഖ അങ്ങനെ നിരവധി പേര്‍ BJPയില്‍ എത്തിയെങ്കിലും ആരും ഒന്നുമല്ലാതായി തീര്‍ന്നിരിക്കുകയാണ്.
CONTENT HIGH LIGHTS; Suffering for BJP-NDA migrants and allies?: Madathu for BDJS, Anavagana for Tushar Vellapalli, Where to PC George?; Koompadanji Padmaja Venugopal’s Political Future; Anil Anthony is naked