Investigation

‘എന്റെപിഴ എന്റെപിഴ എന്റെ വലിയ പിഴ’: KSRTC എം.ഡി പ്രമോജ് ശങ്കറിന് ഹൈക്കോടതി വക എട്ടിന്റെ പണി: ശമ്പളത്തില്‍ നിന്ന് 50,000 രൂപ പിഴ ഈടാക്കാന്‍ വിധി; ഡ്രൈവര്‍മാരുടെ ശമ്പള സ്‌കെയിലിലെ അപാകത പരിഹരിക്കണമെന്ന കേസില്‍ കൗണ്ടര്‍ അഫിഡവിറ്റ് സമര്‍പ്പിക്കാത്തതെന്ത് ? (എക്‌സ്‌ക്ലൂസിവ്)

KSRTC ജീവനക്കാര്‍ അവരുടെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കോടതി കയറിയിറങ്ങിയുള്ള നിയമ പോരാട്ടം തുടങ്ങിയിട്ട് കാലം കുറേയായി. KSRTC മാനേജ്‌മെന്റും സര്‍ക്കാരും ചേര്‍ന്ന് ജീവനക്കാരെയും തൊഴിലാളികളെയും ദ്രോഹിക്കുമ്പോള്‍, ആശ്രയമാകുന്നത് നീതി പീഢങ്ങള്‍ മാത്രമാണ്. കോടതികളില്‍ നിന്നും അനുകൂലമായ വിധികളുമായി അര്‍ഹിക്കുന്ന ആനുകൂല്യങ്ങള്‍ നേടി, ജോലി ചെയ്യുന്ന എത്രയോ തൊഴിലാളി ജീവനക്കാരുണ്ട് KSRTCയില്‍. അവരെല്ലാം KSRTC എന്ന സ്ഥാപനത്തെ നശിപ്പിക്കാനല്ല, നേരെയാക്കാനും തൊഴിലാളി പീഡനങ്ങള്‍ക്കും, ന്യായമായ ആവശ്യങ്ങള്‍ക്കുമാണ് നീതി പീഢത്തിന്റെ മുമ്പില്‍ എത്തുന്നതെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്.

സമാനമായ ഒരു കേസിന്റെ വിധിയാണ് KSRTCക്ക് ഇപ്പോള്‍ കനത്ത തിരിച്ചടിയായി വന്നിരിക്കുന്നത്. പ്രത്യേകിച്ച് വ്യക്തിപരമായി KSRTC എം.ഡി പ്രമോജ് ശങ്കറിന്. ഡ്രൈവര്‍മാരുടെ ശമ്പള സ്‌കെയിലിലുള്ള അപാകത പരിഹരിക്കണം എന്നാവശ്യപ്പെട്ട് ജീവനക്കാര്‍ നല്‍കിയ കേസില്‍ ഹൈക്കോടതി KSRTCക്ക് എതിരെ വിധി പ്രസ്താവിച്ചിരിക്കുകയാണ്. കാലങ്ങളായി നടക്കുന്ന ഈ കേസില്‍ KSRTCയുടെ ഭാഗത്തു നിന്നും കൗണ്ടര്‍ അഫിഡവിറ്റ് സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് കോടതി വിധി പ്രതികൂലമായത്. ജനുവരി 10നകം കൗണ്ടര്‍ അഫിഡവിറ്റ് (മലയാളത്തില്‍ നല്‍കിയിട്ടുള്ളതെല്ലാം ഇംഗ്ലീഷില്‍ ആക്കണമെന്ന് വിധിന്യാത്തില്‍ പറയുന്നുണ്ട്) ഫയല്‍ ചെയ്തില്ലെങ്കില്‍ KSRTC എം.ഡി പ്രമോജ് ശങ്കറിന്റെ ശമ്പളത്തില്‍ നിന്നും 50,000 രൂപ പിഴ ഈടാക്കണമെന്നും വിധിയില്‍ പറയുന്നു.

 

കോടതികളില്‍ KSRTCയുടെ കേസുകള്‍ വാദിക്കാന്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന വക്കീലന്‍മാരുണ്ടായിട്ടും എന്തുകൊണ്ട് ഇങ്ങനെയൊരു വിധി സമ്പാദിക്കാന്‍ എം.ഡി പ്രമോജ് ശങ്കറിനു കഴിഞ്ഞു എന്നത് വലിയ ചോദ്യമാണ്. KSRTC ഡ്രൈവര്‍മാരുടെ ശമ്പള സ്‌കെയിലിലെ അപാകത പരിഹരിക്കുക എന്നത്, കെട്ടിച്ചമച്ച കേസാണെന്ന ധാരണയില്‍ ആയിരുന്നോ എം.ഡിയും KSRTC നിയമിച്ച വക്കീലന്‍മാരും. എന്താണ് ഹൈക്കോടതിയിലെ കേസിനെ കുറിച്ച് കൂടുതല്‍ പഠിക്കാത്തതും, ന്യായമായ ആവശ്യമാണോ എന്ന് മനസ്സിലാക്കാത്തതും. കോടതിയില്‍ അഫിഡവിറ്റ് നല്‍കാന്‍ കാലതാമസം വരുത്തിയതിന് കാരണമെന്താണെന്ന് KSRTCയുടെ കേസുകള്‍ നോക്കുന്ന വക്കീലന്‍മാര്‍ മറുപടി പറയണം.

പത്തു ദിവസത്തിനുള്ളില്‍ കൗണ്ടര്‍ അഫിഡവിറ്റ് നല്‍കണമെന്നും, അല്ലെങ്കില്‍ എം,ഡിയുടെ ശമ്പളത്തില്‍ നിന്നും 50,000 രൂപ പഴയായി ഈടാക്കണമെന്നും കോടതി പറയുന്നതു വരെ കാത്തിരുന്ന KSRTCയുടെ വക്കീലന്‍മാര്‍ വെറും മാസല്ല മരണമാസ്സാണ്. ഇനി പത്തു ദിവസത്തിനുള്ളില്‍ കൗണ്ടര്‍ അഫിഡവിറ്റ് KSRTC മര്യാദയ്ക്ക് നല്‍കുമെന്നുറപ്പായി. ഇല്ലെങ്കില്‍ എം.ഡിയുടെ ശമ്പളം കോടതിയിലേക്കു പോകും. അത് ഉണ്ടാകാതിരിക്കാന്‍ കൃത്യാമയും വ്യക്തമായും ഇംഗ്ലീഷില്‍ കൊണ്ടര്‍ അഫിഡവിറ്റ് നല്‍കിയേ മതിയാകൂ. അതാണ് ഇപ്പോെള്‍ KSRTC മാൈനേജ്‌മെന്റിന്റേയും എംഡി. പ്രമോജ് ശങ്കറിന്റേയും കോണ്‍സിലിന്റേയും അവസ്ഥ.

  • എന്താണ് KSRTC ഡ്രൈവര്‍മാരുടെ കേസ് ?

ഡ്രൈവര്‍ KSRTCയില്‍ ജോലിയില്‍ പ്രവേശിക്കുന്നത് നാലാം ശമ്പള സ്‌കെയിലിലാണ്. കണ്ടക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കുന്നത് മൂന്നാം ശമ്പള സ്‌കെയിലിലും. ഡ്രൈവര്‍മാര്‍ക്ക് എക്‌സ്പീരിയന്‍സ് ഉള്ളതു കൊണ്ടാണ് നാലം ശമ്പള സ്‌കെയിലില്‍ ജോലിയില്‍ കയറാനാകുന്നത്. അതിനാല്‍ കണ്ടക്ടറെ അപേക്ഷിച്ച് ഒരു ഗ്രേഡ് ഡ്രൈവര്‍മാര്‍ക്ക് കൂടുതലാണ്. 9 വര്‍ഷം കഴിയുമ്പോള്‍ ഫസ്റ്റ് ഗ്രേഡ് ആകും. ഈ അവസരത്തില്‍ കണ്ടക്ടര്‍മാരുടെ ശമ്പള സ്‌കെയില്‍ മൂന്നില്‍ നിന്നും വര്‍ദ്ധിച്ച് ആറാം ശ്മ്പള സ്‌കെയിലില്‍ എത്തുന്നു. മൂന്നു ശമ്പള സ്‌കെയില്‍ വര്‍ദ്ധന. എന്നാല്‍ ഡ്രൈവര്‍മാര്‍ക്ക് രണ്ടു ശമ്പള സ്‌കെയില്‍ വര്‍ധ്ധിപ്പിച്ച് ആറാം ശമ്പള സ്‌കെയിലില്‍ എത്തുന്നു. ഇത് വിവേചനമാണ്. നാലാം ശമ്പള സ്‌കെയിലില്‍ ജോലിക്കു കയറുന്ന ഡ്രൈവര്‍മാര്‍ക്ക് ന്യായമായും മൂന്നു ശമ്പള സ്‌കെയില്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍ ഏഴാം ശമ്പള സ്‌കെയിലില്‍ എത്തേണ്ടതാണ്.

എന്നാല്‍, കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും ഒരേ ശമ്പള സ്‌കെയിലില്‍ എത്തിക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമായാണ് ഇത് നടത്തിയത്. ഇതോടെ ഡ്രൈവര്‍മാരുടെ ഒരു ശമ്പള സ്‌കെയില്‍ നഷ്ടമാവുകയും ചെയ്തു. മാത്രമല്ല, കണ്ടക്ടര്‍മാര്‍ക്ക് ജോലിയില്‍ പ്രമോഷനും ലഭിക്കുന്നുണ്ട്. അവര്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍ വരെ ആകുമ്പോള്‍ ഡ്രൈവര്‍ക്ക് പ്രമോഷന്‍ എന്നത് ഇല്ലാതാകുന്നു. ഡ്രൈവര്‍ എന്നും ഡ്രൈവറായി തന്നെ ഇരിക്കുന്നു. അപ്പോള്‍, എല്ലാ ജോലിക്കയറ്റവും ലഭിക്കുകയും, ഒപ്പം ശമ്പള സ്‌കെയിലില്‍ ഡ്രൈവര്‍ക്കൊപ്പം എത്തുകയും ചെയ്ത കണ്ടക്ടര്‍മാര്‍ക്ക് ലാഭം മാത്രമേയുള്ളൂ. തുടക്കം മുതല്‍ ഒടുക്കം വരെ ഒരു ജോലിക്കയറ്റവുമില്ലാതെ ഡ്രൈവറായി തന്നെ ഇരിക്കുന്നവര്‍ക്ക് ആകെയുള്ളത്, ശമ്പള സ്‌കയെലിലെ വര്‍ദ്ധന മാത്രമാണ്. ഇതാണ് KSRTC ഇല്ലാതാക്കിയത്. ഇതിനെതിരേയാണ് ഡ്രൈവര്‍മാര്‍ കോടതിയില്‍ പോയത്.

നാലു വര്‍ഷം മുമ്പ് കോടതി വിധി വന്നിരുന്നു. പരാതിക്കാരെ KSRTC കേള്‍ക്കണമെന്നും ഉചിതമായ തീരുമാനം എടുക്കണമെന്നുമായിരുന്നു വിധി. എന്നാല്‍, വിധിക്കെതിരേ KSRTC നല്‍കിയ മറുപടി ഡ്രൈവര്‍മാര്‍ക്ക് 1000 രൂപവെച്ച് അധികം നല്‍കാമെന്നും, പരാതി പരിഹരിക്കാമെന്നുമായിരുന്നു. പക്ഷെ, അത് നടപ്പായതുമില്ല, ശമ്പള സ്‌കെയിലിലെ അപാകത പരിഹരിക്കാന്‍ തയ്യാറായതുമില്ല. തുടര്‍ന്നാണ് വീണ്ടും വെല്‍ഫെയര്‍ അസോസിയേഷന്‍ കോടതിയെ സമീപിച്ചതും, കേസില്‍ വിധി വന്നതും. പത്ത് ദിവസത്തിനുള്ളില്‍ കൗണ്ടര്‍ അഫിഡവിറ്റ് സമര്‍പ്പിക്കാനും, ഇല്ലാത്തപക്ഷം എം.ഡിയുടെ ശമ്പളം പിഴയായി അടയ്ക്കാനുമാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്.

  • ഡ്രൈവര്‍മാരുടെ കേസില്‍ KSRTCയുടെ വിചിത്ര നിലപാട്

മൂന്നാം ശമ്പള സ്‌കെയിലില്‍ ജോലിക്കു കയറുന്ന കണ്ടക്ടര്‍ വിഭാഗം ജീവനക്കാരും ഒരു സ്‌കെയില്‍ ഉയര്‍ന്ന നാലാം സ്‌കെയിലില്‍ ജോലിയില്‍ പ്രവേശിക്കുന്ന ഡ്രൈവര്‍ വിഭാഗം ജീവനക്കാരും ഫസ്റ്റ് ഗ്രേഡ് ആകുമ്പോള്‍(9 വര്‍ഷം കഴിയുമ്പോള്‍) ആറാം ശമ്പള സ്‌കെയിലില്‍ ഒന്നിച്ചെത്തുകയും, നിലവില്‍ താഴ്ന്ന സ്‌കെയിലില്‍ വരേണ്ടിയിരുന്ന സ്‌റ്റേഷന്‍ മാസ്റ്ററും വെഹിക്കിള്‍ സൂപ്പര്‍ വൈസറിന്റെ അതേ സ്‌കെയിലില്‍ ഒരുമിച്ച് എത്തുകയും ചെയ്യുന്നുവെന്നും. തുടര്‍ന്നുള്ള ഓരോ പ്രമോഷനിലും ഈ വ്യത്യാസം പ്രകടമാണെന്നുമുള്ള കാര്യം വസ്തുതാപരമാണെന്നാണ് KSRTC മാനേജ്‌മെന്റ് തന്നെ കോടതിയില്‍ സമ്മതിച്ചിരിക്കുന്നത്.

കണ്ടക്ടര്‍ വിഭാഗത്തിന് അനുവദിച്ച അപ്ഗ്രഡേഷന് തുല്യമായി ഡ്രൈവര്‍ വിഭാഗത്തിനും അപ്ഗ്രഡേഷന്‍ അനുവദിച്ച് അപാകത പരിഹരിക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യവും. എന്നാല്‍, ഈ ആവശ്യപ്രകാരം അപ്‌ഗ്രേഡ് ചെയ്യപ്പെട്ടാല്‍ നിലവിലെ സ്‌കെയിലുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതായി വരുമെന്നാണ് KSRTC മാനേജ്‌മെന്റിന്റെ വാദം. മറ്റു സ്‌കെയിലുകളിലും വേണ്ടത്ര മാറ്റങ്ങള്‍ വരുത്തേണ്ടതായി വരും. ഇങ്ങനെ സ്‌കെയിലുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത്, കോര്‍പ്പറേഷന് വീണ്ടും അധിക സാമ്പത്തിക ബാധ്യത ഉണ്ടാകും. നിലവില്‍ ജീവനക്കാര്‍ക്ക് പ്രതിമാസ ശമ്പളം നല്‍കുന്നതിനു പോലും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. KSRTCയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നുമാണ് അന്ന് KSRTC കോടതിയെ അറിയിച്ചത്.

  • സാമ്പത്തിക ബാധ്യത പറഞ്ഞ് കണ്ടക്ടര്‍ വിഭാഗത്തിന്റെ ശമ്പള സ്‌കെയില്‍ വെട്ടി കുറയ്ക്കുമോ ?

ഡ്രൈവര്‍മാരുടെ ശമ്പള സ്‌കെയില്‍ നഷ്ടമാക്കുകയും, അതിന് സമാനമായ ശമ്പള പരിഷ്‌ക്കണം നടത്താമെന്ന് പറയുകയും ചെയ്ത് പറ്റിക്കുകയും ചെയ് KSRTCയുടെ നിലപാടാണിത്. സാമ്പത്തിക ബാധ്യത എന്നത്. കണ്ടക്ടര്‍ വിഭാഗത്തിന് കിട്ടാനുള്ള നഷ്ടപ്പെടുത്താനല്ല ഡ്രൈവര്‍മാര്‍ കോടതിയില്‍ പോയത്. അര്‍ഹതയുള്ള, ന്യായമായ ശമ്പള സ്‌കെയില്‍ ഡ്രൈവര്‍മാര്‍ക്ക് കിട്ടാന്‍ വേണ്ടിയാണ്. അതിനെയാണ് KSRTC മാനേജ്‌മെന്റ് ഇല്ലാതാക്കിയത്. ആ നടപടിയെ ന്യായീകരിക്കാനാവില്ല. കാരണം, എല്ലാ ജോലിക്കയറ്റവും ലഭിച്ച് കണ്ടക്ടര്‍ വിഭാഗത്തിന്റെ ശമ്പള സ്‌കെയിലില്‍ ശമ്പളവും വാങ്ങുന്ന കണ്ടക്ടര്‍മാര്‍ ഡ്രൈവര്‍ വിഭാഗത്തേക്കാള്‍ ഒരുപടി താഴ്ന്നതു തന്നെയാണ്. ശമ്പള സ്‌കെയിലിലും ജോലിക്കു കയറുമ്പോള്‍ പ്രവൃത്തി പരിചയത്തിലും. അവിടുന്നിങ്ങോട്ട്, ഡ്രൈവര്‍ എന്നത്, സ്ഥാനക്കയറ്റമില്ലാത്ത ജോലിയായി തീരുന്നു.

അപ്പോള്‍ ആകെയുള്ള ശമ്പള സ്‌കെയിലിലെ വര്‍ദ്ധന മാത്രമാണ് അവര്‍ക്കുള്ളത്. അതുകൂടി ഇല്ലാതാക്കുന്നത് വിവേചനം തന്നെയാണ്. മറ്റുള്ളവര്‍ക്ക് കിട്ടുന്ന സ്ഥാനക്കയറ്റം തങ്ങള്‍ക്കും കിട്ടണമെന്നോ, അതിനു തുല്യമായ വേതനം നല്‍കണണെന്നോ ഒന്നുമല്ല ഡ്രൈവര്‍ വിഭാഗം ആവശ്യപ്പെടുന്നത്. അവര്‍ക്ക് ന്യായമായും ലഭിക്കേണ്ട ശമ്പള സ്‌കെയില്‍ നല്‍കണമെന്നാണ്. അതിനെ മുട്ടാ ന്യായങ്ങളും, സാമ്പത്തിക ബാധ്യയുമൊക്കെ പറഞ്ഞ് തര്‍ക്കിക്കരുത്. ഈ സാമ്പത്തിക ബാധ്യത പറഞ്ഞുകൊണ്ട് കണ്ടക്ടര്‍ വിഭാഗത്തിന്റെ ഒരു ശളമ്പള സ്‌കെയില്‍ വെട്ടിക്കുറച്ചു നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറാകുമോ ?. എങ്കില്‍ അവരായിരിക്കും ആദ്യം കോടതിയില്‍ പോവുക.

CONTENT HIGH LIGHTS; ‘My fine, my fine, my big fine’: KSRTC MD Pramoj Shankar’s work in High Court: Order to levy fine of Rs 50,000 from salary; Why not submit a counter affidavit in the case of correcting the irregularity in the pay scale of drivers? (Exclusive)

Latest News