Investigation

തുന്നിയ കുപ്പായങ്ങളെല്ലാം അതിമനോഹരം: ‘ഫ്രീഡം ഫാഷനിസ്റ്റയിലെ’ ഫാഷന്‍ ഡിസൈനര്‍; നല്ല നടപ്പുകാരി ഷെറിന്റെ ജയില്‍ ജീവിതം തുണികളില്‍ തീര്‍ത്ത വിസ്മയങ്ങളായ അധികമാര്‍ക്കും അറിയാത്ത കഥ…(എക്‌സ്‌ക്ലൂസിവ്)

ജയില്‍ ജീവിതം, അതൊരനുഭവം തന്നെയാണ്. അറിയാത്ത കാര്യങ്ങള്‍ പഠിക്കാനും, ശീലമില്ലാത്ത കാര്യങ്ങള്‍ ശീലിക്കാനും, അശ്ലീലങ്ങളെയെല്ലാം ശ്ലീലമാക്കാനും മാനസികവും ശാരീരികവുമായ തയ്യാറെടുപ്പു കൂടിയാണ് ജയില്‍ ജീവിതം. സാഹചര്യങ്ങള്‍ കുറ്റവാളികളാക്കി ജയിലിലെത്തിക്കുന്നവര്‍ക്ക് മാനസാന്തരവും സാമൂഹിക ഇടപെടലും വേഗത്തില്‍ സാധ്യമാകും. എന്നാല്‍, ഇന്‍ ബോണ്‍ക്രിമിനലുകള്‍ (രക്തത്തില്‍ അലിഞ്ഞു പോയവര്‍) നല്ലവരായി അബിനയിക്കുയല്ലാതെ, മാറാന്‍ കൂട്ടാക്കില്ല. ഇത്തരക്കാര്‍ പുറം ലോകത്തെത്തിയാലും വീണ്ടും തെറ്റുകള്‍ ചെയ്തുകൊണ്ടേയിരിക്കും.

സമൂഹത്തിന്റെ വരിതെറ്റി ഓടുന്നവരെ നേരേയാക്കുന്ന ഇടം കൂടിയാണ് ജയിലുകള്‍. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ കുറ്റവാളികള്‍ ആയിപ്പോകുന്നവരാണ് അധികവും. അതുകൊണ്ടു തന്നെ ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്നവര്‍ എട്ടു വര്‍ഷമൊക്കെ തടവറയില്‍ കഴിഞ്ഞാല്‍ പുതിയ മനസ്സും, മനുഷ്യനുമായി മാറുമെന്നത് തീര്‍ച്ചയാണ്. വിയ്യൂര്‍ വനിതാ ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ പോകുന്ന ഷെറിന്‍ എന്ന തടവുകാരിക്കും പറയാന്‍ നിരവധി കഥകളുണ്ടാകും. വിവാദമായ ഭാസ്‌ക്കര കാരണവര്‍ വധക്കേസിലെ പ്രതിയാണ് ഷെറിന്‍.

ഷെറിനെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. 14 വര്‍ഷം ജയിലില്‍ കഴിഞ്ഞത് പരിഗണിച്ചാണ് പ്രതിയെ മോചിപ്പിക്കാന്‍ തീരുമാനിച്ചത്. പ്രതിയുടെ ജയില്‍ ജീവിതത്തിലെ നല്ല നടപ്പ് പരിഗണിച്ച് കഴിഞ്ഞ വര്‍ഷം ജൂണില്‍ ചേര്‍ന്ന ജയില്‍ അഡൈ്വസറി ബോര്‍ഡ് ഷെറിനെയും ലൈല എന്ന മറ്റൊരു തടവുകാരിയെയും വിടാനുള്ള ശുപാര്‍ശ സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചതും.

  • തുന്നലില്‍ മാന്ത്രികത തീര്‍ത്ത തടവുകാരി

ജയിലില്‍ ശിക്ഷാ തടവുകാരായും, വിചാരണ തടവുകാരായും എത്തുന്നവര്‍ക്ക് ഓരോ കൈത്തൊഴില്‍ പഠിപ്പിക്കുന്നുണ്ട്. ഷെറിനും കൈത്തൊഴില്‍ പഠിച്ചിട്ടുണ്ട്. ടെയ്‌ലറിംഗ് യൂണിറ്റിലാണ് ഷെറിന്റെ ജോലി. ‘ഫ്രീഡം ഫാഷനിസ്റ്റ’ എന്നാണ് ജയില്‍ ടെയ്‌ലറിംഗ് യൂണിറ്റില്‍ നിന്നും തയ്ക്കുന്ന തുണികള്‍ വില്‍ക്കപ്പെടുന്ന സെന്റര്‍. കണ്ണൂരകിലെ ഫ്രീഡം ഫാഷനിസ്റ്റയില്‍ വില്‍പ്പനയക്കു വെയ്ക്കുന്ന ചുരിദാര്‍ മുതല്‍ ദുപ്പട്ട വരെ ഷെറിന്റെ കരവിരുതില്‍ തയ്യാറായതാണ്.

മനോഹരമായ ഫാഷനുകളില്‍ വസ്ത്രങ്ങള്‍ തയ്ക്കാന്‍ ഷെറിന് കഴിയുമായിരുന്നുവെന്ന് കണ്ണൂരിലെ ജയില്‍ ജീവനക്കാര്‍ പറയുന്നുണ്ട്. ഫാഷന്‍ ഡിസൈനിംഗിലും ഷെറിന്‍ പുലിയാണ്. പുതിയ ഫാഷനുകള്‍ കണ്ടെത്തി, സ്റ്റൈലന്‍ സ്റ്റിച്ചിംഗ് നടത്താനും ഷെറിന്‍ മിടുമിടുക്കിയായിരുന്നു. ഫ്രീഡം ഫാഷനിസ്റ്റയിലെ ട്രെന്റിഗ് മോഡല്‍സ് എല്ലാം ഷെറിന്‍ വകയാണെന്നും ജീവനക്കാര്‍ പറയുന്നു. ജയില്‍ ജീവനക്കാരുടെ കുട്ടികള്‍ക്കും വീട്ടുകാര്‍ക്കുമെല്ലാം ഫ്രീഡം ഫാഷനിസ്റ്റയിലെ തുണികളാണ് വാങ്ങുന്നത്. കൂടാതെ, പുറത്തുള്ളവരും ജയില്‍ ടെക്‌സ്‌റ്റൈയില്‍സില്‍ നിന്നും തുണി വാങ്ങാറുണ്ട്.

ഷെറിന്‍ ജയില്‍ മോചിതയാകുന്നതോടെ ജയിലില്‍ നിന്നുള്ള ഫാഷന്‍ ഡിസൈനിംഗും, ടെയ്്‌ലറിംഗ് യൂണിറ്റിലെ ട്രെന്റിംഗ് തുണിത്തരങ്ങളും കുറയുമെന്നുറപ്പാണ്. ഷെറിന്റെ അമ്മയും മകളും നിരന്തരം അപേക്ഷകള്‍ നല്‍കാറുണ്ടായിരുന്നു. പരോളിനും, ജയില്‍ മോചനത്തിനും വേണ്ടിയാണ് അപേക്ഷകള്‍ വെച്ചിരുന്നത്. സമാന രീതിയില്‍ ഷെറിനും നല്‍കിയ അപേക്ഷയാണ് ജയില്‍ അഡൈ്വസറി ബോര്‍ഡ് പരിഗണിച്ചത്. സ്ത്രീ എന്ന പരിഗണനയും, 14 വര്‍ഷം ശിക്ഷ അനുഭവിച്ചു എന്നുള്ള കാര്യവും അപേക്ഷയില്‍ ഷെറിന്‍ പറഞ്ഞിരുന്നു.

2010 ജൂണ്‍ 11നാണ് മാവേലിക്കര അതിവേഗ കോടതി ഷെറിനെ ജീവപര്യന്തം ശിക്ഷിച്ച് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അയക്കുന്നത്. തുടര്‍ന്ന് ജയില്‍ ജീവനക്കാരോടും സഹതടവുകാരോടും മോശമായി പെരുമാറിയതിന് അട്ടക്കുളങ്ങര ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റി. പരാതികള്‍ നിലനില്‍ക്കേ തന്നെ ഷെറിനെ വീണ്ടും അട്ടക്കുളങ്ങരയിലേക്ക് തിരിച്ചുകൊണ്ടു വന്നതും വിവാദമായി. കൊലക്കേസ് പ്രതിയായ ഷെറിന് ജയിലിനുള്ളില്‍ സുഖസൗകര്യങ്ങളൊരുക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് 2017ല്‍ മറ്റൊരു ജയില്‍ മാറ്റം കൂടി നടന്നത്.

ജയില്‍ സൂപ്രണ്ടിനോടും സഹതടവുകാരോടും മോശമായി പെരുമാറിയത് കൂടാതെ പരോളിറങ്ങാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതും പിടിക്കപ്പെട്ടതോടെയാണ് ഷെറിനെ അട്ടക്കുളങ്ങരയില്‍ നിന്നും വിയ്യൂര്‍ വനിതാ ജയിലേക്ക് മാറ്റിയത്. ഇവിടെയും ഷെറിനും ജീവനക്കാരുമായി നിരന്തരം പ്രശ്നങ്ങളുണ്ടായി. സന്ദര്‍ശകരുമായി സംസാരിക്കാന്‍ കൂടതല്‍ സമയമെടുക്കുന്നതും ജയില്‍ ചിട്ടകള്‍ പാലിക്കാത്തതുമായിരുന്നു കാരണം. ഷെറിന് അടുക്കള ജോലി കൊടുത്തപ്പോള്‍ ഉന്നതസമ്മദ്ദത്തില്‍ ഒഴിവാക്കി.

  • ഭസ്‌ക്കര കാരണവര്‍ കൊല എങ്ങനെ ?

ഭാസ്‌ക്കര കാരണവരെ അദ്ദേഹത്തിന്റെ മകന്റെ ഭാര്യയായ ഷെറിന്‍ 2009 നവംബറിലാണ് കൊലപ്പെടുത്തിയത്. ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും പ്രണയങ്ങളും കാരണവര്‍ അറിഞ്ഞതോടെയാണ് കൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയത്. ആഢംബര ജീവിതത്തിനായി സ്വത്തുതട്ടാന്‍ ആസൂത്രിത കൊലപാതകമായിരുന്നു അത്. അമേരിക്കയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന കാരണവര്‍ വിശ്രമജീവിതത്തിനായാണ് കുടുംബ ഓഹരി കിട്ടിയ വസ്തുവില്‍ വീട് വച്ചത്. നാട്ടിലെ കാരണവേഴ്‌സ് വില്ലയില്‍ തിരിച്ചെത്തിയ ഭാസ്‌ക്കര കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ഇളയ മകന്‍ ബിനു, മരുമകള്‍ ഷെറിന്‍ എന്നിവരോടൊപ്പമായിരുന്നു താമസം. സംഭവം നടക്കുമ്പോള്‍ ഷെറിന്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്നും കാമുകനോടൊപ്പം ചേര്‍ന്ന് ആണ് കൃത്യം നിര്‍വഹിച്ചതെന്നും ഇക്കാര്യം ഷെറിന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. നിര്‍ദ്ധന കുടുംബത്തിലെ അംഗമായ ഷെറിനെ ഭാസ്‌കര കാരണവര്‍ മരുമകളാക്കിയത് ബുദ്ധിമാന്ദ്യമുള്ള മകനെ ശുശ്രൂഷിക്കുമെന്നോര്‍ത്താണ്. 2001ല്‍ വിവാഹത്തെ തുടര്‍ന്ന് ഷെറിനെയും ബിനുവിനെയും കാരണവര്‍ ന്യൂയോര്‍ക്കിലേക്ക് കൊണ്ടുപോയെങ്കിലും മരുമകളുടെ സ്വഭാവദൂഷ്യം കാരണം കൊലപാതകം നടക്കുന്നതിനു മൂന്നു വര്‍ഷം മുമ്പ് നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു.

ഭര്‍ത്താവിന്റെ പണത്തില്‍ ധൂര്‍ത്തടിച്ച് നടക്കാനും ഇഷ്ടമുള്ളവര്‍ക്കൊപ്പം കഴിയാനുമായിരുന്നു ഷെറിനു താത്പര്യം. മകന്റെ കാര്യത്തില്‍ തന്റെ കണക്കു കൂട്ടലുകള്‍ തെറ്റിയെന്ന് മനസിലാക്കിയ കാരണവര്‍ പ്രവാസി ജീവിതം മതിയാക്കി നാട്ടിലെത്തുകയായിരുന്നു. ഇതോടെ സൈ്വര്യവിഹാരം നഷ്ടപ്പെട്ട ഷെറിന്‍ അസ്വസ്ഥയായി. തന്റെ ആവശ്യങ്ങള്‍ക്ക് പണ നിയന്ത്രണം വച്ചപ്പോള്‍ പക കടുത്തു. സ്വത്ത് വിഹിതം വച്ച ആധാരത്തില്‍ നിന്ന് തന്റെ പേര് ഒഴിവാക്കിയെന്ന് അറിഞ്ഞതോടെയാണ് കൊലപാതകം എന്ന രീതിയില്‍ കാര്യങ്ങള്‍ നടത്തിയത്.

  • ഷെറിന് ജീവപര്യന്ത ശിക്ഷ

2010 ജൂണ്‍ 11നാണ് കാരണവര്‍ കൊലക്കേസില്‍ വിധി വരുന്നത്. മാവേലിക്കര അതിവേഗ കോടതി ശിക്ഷിച്ച് ഷെറിന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തുന്നത്. പിന്നീട് ശിക്ഷാവിധി ഹൈക്കോടതിയും ശരിവച്ചു. ആഡംബര ജീവിതത്തിനായി സ്വത്തുതട്ടാന്‍ ആസൂത്രിത കൊലപാതകം 2009 നവംബര്‍ ഒന്‍പതിനാണ് ഭാസ്‌കര കാരണവര്‍ കിടപ്പുമുറിയില്‍ കൊല ചെയ്യപ്പെട്ടത്. മോഷണത്തിനിടെ നടന്ന കൊലപാതകമെന്നു വരുത്തി
തീര്‍ക്കാനായിരുന്നു ശ്രമം.

എന്നാല്‍ കേസ് അന്വേഷിച്ച പൊലീസ് അടുത്ത ബന്ധുക്കളുടെ സഹായം കൊലപാതകത്തിന് പിന്നിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം ഇവിടെ ആരും താമസിച്ചിരുന്നില്ല. വീടിനോടൊപ്പമുള്ള ഔട്ട്ഹൗസ് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. കൊലക്കേസില്‍ കാരണവറുടെ മരുമകളായ ഷെറിന്‍, കോട്ടയം കുറിച്ചി സജീവോത്തമപുരം കോളനിയില്‍ കാലായില്‍ വീട്ടില്‍ ബിബീഷ് ബാബു എന്ന ബാസിത് അലി, എറണാകുളം കളമശേരി ബിനാമിപുരം കുറ്റിക്കാട്ടുകര നിധിന്‍ നിലയത്തില്‍ ഉണ്ണി എന്ന നിധിന്‍, എറണാകുളം ഏലൂര്‍ പാതാളം പാലത്തിങ്കല്‍ വീട്ടില്‍ ഷാനുറഷീദ് എന്നിവരായിരുന്നു പ്രതികള്‍.

പ്രതികളെല്ലാം ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. ഈ കൊലപാതകം ആസൂത്രണം ചെയ്തതിനാണ് ഷെറിന്‍ പിടിയിലാകുന്നത്. ഷെറിനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രതികള്‍ പണത്തിനു വേണ്ടിയാണ് കൊലപാതകം നടത്തിയത്. കാരണവരുടെ സ്വത്തുക്കള്‍ ഷെറിന്റെയും ഭര്‍ത്താവിന്റെയും പേരില്‍ എഴുതിവെക്കാത്തതിലുള്ള പ്രതികാരമായിരുന്നു അത്. ഷെറിന് ക്വട്ടേഷന്‍ സംഘാംഗങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കാരണവര്‍ സ്വത്തുക്കള്‍ നല്‍കുന്നതില്‍ നിന്ന് പിന്മാറിയത്.

മകന്‍ ബിനു, മരുമകള്‍ ഷെറിന്‍, കൊച്ചുമകള്‍ ഐശ്വര്യ എന്നിവരുടെ പേരില്‍ കാരണവര്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത ആധാരം റദ്ദുചെയ്തതിനെ തുടര്‍ന്ന് മരുമകള്‍ ഷെറിന്‍ കാമുകനുമായി ഗൂഢാലോചന നടത്തി കൊലപാതകം നടത്തുകയായിരുന്നു. മരണം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൊലീസ് കാരണവരുടെ മകന്‍ ബിനു പീറ്ററുടെ ഭാര്യ ഷെറിനെ അറസ്റ്റു ചെയ്തു. ഷെറിന്‍ പിടിയിലാകുമ്പോള്‍ മകള്‍ക്ക് നാലു വയസായിരുന്നു. ഇപ്പോള്‍ ഷെറിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് അവള്‍.

  • പരോളിലും ജയില്‍ മാറ്റത്തിലും റെക്കോര്‍ഡിട്ടു വിവാദങ്ങള്‍

സംസ്ഥാനത്തെ ജയിലുകളില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വനിതാ തടവുകാരില്‍ പരോള്‍ നേടുന്ന കാര്യത്തില്‍ ഷെറിന്‍ റെക്കോഡ് ഇട്ടിട്ടുണ്ട്. ഇഷ്ടംപോലെ പരോളാണ് ഷെറിന് ലഭിച്ചത്. ആറു വര്‍ഷത്തിനിടെ 22 തവണയായി ഇവര്‍ക്കു പരോള്‍ ലഭിച്ചത്. 2012 മാര്‍ച്ചിനും ഈ വര്‍ഷം ജനുവരിക്കുമിടയില്‍ 345 ദിവസത്തെ സാധാരണ പരോളും. 2012 ഓഗസ്റ്റ് മുതല്‍ 2017 ഒക്ടോബര്‍ വരെ 92 ദിവസത്തെ അടിയന്തര പരോളും ലഭിച്ചു. ഒടുവിലായി ഹൈക്കോടതിയില്‍ നിന്ന് ഒരാഴ്ചത്തെ അടിയന്തര പരോള്‍ കൂടി ലഭിച്ചു.

പിന്നീടും നിരന്തര പരോള്‍ ഷെറിന് ലഭിച്ചിരുന്നു. തടവുകാര്‍ക്ക് ശിക്ഷാ ഇളവു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പട്ടികയിലും ഇവര്‍ ഇടം നേടിയിരുന്നു. ശിക്ഷിക്കപ്പെട്ട് ആദ്യം പൂജപ്പുര ജയിലില്‍ എത്തിയ ഷെറിനെ പിന്നീട് നെയ്യാറ്റിന്‍കര വനിതാ ജയിലിലേക്കു മാറ്റി. അവിടെ മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചതു പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാര്‍ച്ചില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.

അവിടെ വെയില്‍ കൊള്ളാതിരിക്കാന്‍ ഇവര്‍ക്കു ജയില്‍ ഡോക്ടര്‍ കുട അനുവദിച്ചതു വിവാദമായിരുന്നു. ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും പരാതി ഉണ്ടായി. 2017 മാര്‍ച്ചില്‍ തിരുവനന്തപുരം വനിതാ ജയിലിലേക്കു മാറ്റി. ഇവിടേയും വി.ഐ.പി പരിഗണനയിലാണ് താമസം. ഇതിനൊപ്പമാണ് പരോളില്‍ പുറത്തിറങ്ങാനുള്ള അവസരം ഒരുക്കല്‍ നടന്നതും ചര്‍ച്ചയായതും.

CONTENT HIGH LIGHTS; All stitched blouses are gorgeous: fashion designer at ‘Freedom Fashionista’; Shere’s prison life is an amazing story that not many people know…(Exclusive)

Latest News