പ്രായത്തിനൊപ്പം ചുറുചുറുക്കോടെ സഞ്ചരിക്കുന്ന താരമാണ് ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ. പാട്ടുപാടാനും നൃത്തം ചെയ്യാനും സ്റ്റണ്ട് സീനുകള്‍ ചെയ്യാനും വേദികളെ കൈയിലെടുക്കാനുമെല്ലാം ഈ പ്രായത്തിലും കിങ് ഖാന് കഴിയും. സിനിമാ ജീവിത്തിന്റെ 28 വർഷങ്ങൾ താരം പിന്നിട്ട് കഴിഞ്ഞു. ഇപ്പോൾ തെന്നിന്ത്യൻ താരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് താരം. ഡാൻസിൽ ഇത്ര വേഗത വേണ്ട എന്നാണ് താരത്തിന്റെ ഉപദേശം.
ഷാരൂഖ് ഖാന്റെ വാക്കുകൾ ഇങ്ങനെയാണ്. -‘കേരളം, കർണാടക, ആന്ധ്ര, തെലങ്കാന, തമിഴ് നാട് എന്നിവിടങ്ങളിൽനിന്നുള്ള എന്റെ എല്ലാ ആരാധകരോടുമായി ഒന്നുപറയുകയാണ്. എനിക്കവിടെയെല്ലാം ഒരുപാട് സുഹൃത്തുക്കളുണ്ട്. അല്ലു അർജുൻ, പ്രഭാസ്, രാം ചരൺ, യഷ്, മഹേഷ് ബാബു, വിജയ്, രജനികാന്ത്, കമൽഹാസൻ തുടങ്ങിയവരൊക്കെ നല്ല സുഹൃത്തുക്കളാണ്. അവരോടായി ഒരു കാര്യം പറയാനാഗ്രഹിക്കുകയാണ്. ദയവുചെയ്ത് ഇത്രയും വേഗത്തിൽ ഡാൻസ് ചെയ്യരുത്.’ എന്നിങ്ങനെയാണ് താരം പറയുന്നത്.
ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ദുബായിലെ ഗ്ലോബൽ വില്ലേജിലെത്തിയിരുന്നു ഷാരൂഖ് ഖാൻ. ഇവിടെ നടന്ന പ്രത്യേക ചടങ്ങിൽ തന്റെ ദക്ഷിണേന്ത്യൻ ആരാധകരുമായി സംവദിച്ചു അദ്ദേഹം. എൺപതിനായിരത്തോളം ആരാധകരാണ് ഷാരൂഖിനെ കാണാനായി ചടങ്ങിലെത്തിയത്. ഈ സംവാദത്തിനിടെയായിരുന്നു തെന്നിന്ത്യൻ സിനിമയിലെ സൗഹൃദങ്ങളെക്കുറിച്ചും ഡാൻസിനെക്കുറിച്ചും താരം സംസാരിച്ചത്. രജനികാന്ത്, വിജയ്, അല്ലു അർജുൻ, യഷ്, പ്രഭാസ്, രാംചരൺ തേജ എന്നിവരുടെ പേര് എടുത്ത് പറഞ്ഞായിരുന്നു സൗഹൃദത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. അതോടൊപ്പം തന്നെ ചടങ്ങിൽ വെച്ച് തന്റെ പ്രായത്തെക്കുറിച്ചും താരം പറഞ്ഞു.
.@Actorvijay , @urstrulyMahesh , #Prabhas , @AlwaysRamCharan , @alluarjun are my Close friends ~ @iamsrk 🔥pic.twitter.com/xCWBaLJuBS
— Let’s X OTT GLOBAL (@LetsXOtt) January 28, 2025
ഈ വർഷം തനിക്ക് 60 വയസാകും എന്നാണ് താരം പറഞ്ഞത്. ഇത്രയും ചുറുചുറുക്കുള്ള ഷാരൂഖിന് 60 വയസ്സോ എന്നായിരിക്കും മിക്കവരും കരുതിയത്. എന്നാല്‍ 30 വയസ്സില്‍ നിന്ന് ഒരു ദിവസംപോലും പ്രായമധികമുള്ളതായി തനിക്ക് തോന്നുന്നില്ലെന്നാണ് താരത്തിന് പറയാനുള്ളത്. തന്റെ പുതിയ ചിത്രമായ കിംഗിനെക്കുറിച്ചും താരം മനസുതുറന്നു. പഠാൻ എന്ന ചിത്രമൊരുക്കിയ സിദ്ധാർത്ഥ് ആനന്ദാണ് കിംഗ് സംവിധാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.