ഫെബ്രുവരി ഒന്നിന്, ശനിയാഴ്ച ധനമന്ത്രി നിര്‍മലാ സീതാരാമന്‍ 2025-26ലെ സമ്പൂര്‍ണ്ണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോള്‍ പിറക്കാന്‍ പോകുന്നത് ഇന്ത്യയുടെ പുതുചരിത്രമാണ്. ആര്‍ക്കും തിരുത്താന്‍ കഴിയാത്ത ചരിത്രമായി അത് മാറുകയും ചെയ്യുമെന്നുറപ്പായിക്കഴിഞ്ഞു. കാരണം, ഇനി വരുന്ന വര്‍ഷങ്ങളിലും നിര്‍മ്മലാ സീതാരാമന്‍ തന്റെ റെക്കോര്‍ഡ് ഭേദിച്ച് ബജറ്റുകള്‍ അവതരിപ്പിക്കും.
നിലവില്‍ രാജ്യത്ത് എട്ട് ബജറ്റുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച ആദ്യ ധനമന്ത്രിയായി നിര്‍മലാ സീതാരാമന്‍ മാറാന്‍ ഇനി ഒരു ദിവസം കൂടിയേ ഉള്ളൂ. ശനിയാഴ്ച രാവിലെ 11 മണിക്കാണ് കേന്ദ്ര ബജറ്റ് പ്രഖ്യാപനം. ഇന്ത്യന്‍ പാര്‍ലമെന്റില്‍ തുടര്‍ച്ചയായി ബജറ്റ് അവതരിപ്പിച്ച മൊറാര്‍ജി ദേശായിയുടെ മുന്‍കാല റെക്കോഡ് കഴിഞ്ഞ തവണ നിര്‍മ്മലാ സീതാരാമന്‍ മറികടന്നിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള എന്‍.ഡി.എ സര്‍ക്കാരിന്റെ തുടര്‍ച്ചയായ മൂന്നാം ടേമിലെ രണ്ടാമത്തെ സമ്പൂര്‍ണ സാമ്പത്തിക ബജറ്റാണ് ഈ കേന്ദ്ര ബജറ്റ്. ഇത്തവണയും പേപ്പര്‍ രഹിത ബജറ്റാണ്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍, ചെലവ്, വരുമാനം ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും ബജറ്റിന്റെ ഉള്ളടക്കത്തില്‍ ഉണ്ടാകും.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കേന്ദ്ര ബജറ്റ് 1947 നവംബര്‍ 26ന് രാജ്യത്തിന്റെ ആദ്യത്തെ ധനമന്ത്രി ആര്‍.കെ. ഷണ്‍മുഖം ചെട്ടി അവതരിപ്പിച്ചു.
മുന്‍ ധനമന്ത്രി മൊറാര്‍ജി ദേശായിയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി. 10 തവണയാണ് മൊറാര്‍ജി ദേശായി ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. 1959 മുതല്‍ 1963 വരെയും, 1967 മുതല്‍ 1969 വരെയും അദ്ദേഹം ധനമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. രണ്ട് ഇടക്കാല ബജറ്റുകള്‍ ഉള്‍പ്പെടെയാണ് ഇദ്ദേഹം ബജറ്റുകള്‍ അവതരിപ്പിച്ചത്. ഏറ്റവും കൂടുതല്‍ കേന്ദ്ര ബജറ്റുകള്‍ അവതരിപ്പിച്ച രണ്ടാമത്തെ വ്യക്തി എന്ന റെക്കോഡ് പി. ചിദംബരത്തിനാണ്. ആകെ ഒമ്പത് ബജറ്റുകളാണ് അദ്ദേഹം അവതരിപ്പിച്ചത്. 8 ബജറ്റുകള്‍ അവതരിപ്പിച്ച പ്രണബ് മുഖര്‍ജിയാണ് മൂന്നാമതുള്ളത്. ഫെബ്രുവരി ഒന്നിന് തന്റെ എട്ടാമത്തെ ബജറ്റ് അവതരിപ്പിക്കുന്നതിലൂടെ നിര്‍മലാ സീതാരാമന്‍ പ്രണബ് മുഖര്‍ജിയുടെ റെക്കോഡിനൊപ്പമെത്തും. തുടര്‍ച്ചയായി അഞ്ച് ബജറ്റുകള്‍ അവതരിപ്പിച്ച മന്‍മോഹന്‍ സിങ്, അരുണ്‍ ജെയ്റ്റ്ലി, യശ്വന്ത് സിന്‍ഹ തുടങ്ങിയവരുടെ റെക്കോഡുകള്‍ നിര്‍മ്മല നേരത്തെ പിന്നിട്ടിരുന്നു. നിലവില്‍ കേന്ദ്ര ധനമന്ത്രിയായ നിര്‍മല സീതാരാമന്‍ 2019 മുതലാണ് ബജറ്റ് അവതരണം തുടങ്ങിയത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ധനമന്ത്രി നിര്‍മല സീതാരാമന്‍ ആണ് രാജ്യത്ത് ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചത്. 2020 കേന്ദ്ര ബജറ്റ് അവതരപ്പിച്ചപ്പോള്‍ ആയിരുന്നു റെക്കോഡ് പിറന്നത്. അന്നത്തെ ബജറ്റ് ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 1:42 വരെ നീണ്ടുനിന്നു, അതായത് രണ്ട് മണിക്കൂറും 42 മിനിറ്റുമാണ് നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കാന്‍ എടുത്ത സമയം. ഈ പ്രാവശ്യത്തെ ബജറ്റ് ഈ റെക്കോഡ് തകര്‍ക്കുമോ എന്നതും കണ്ടറിയാം.
1977ലെ ധനമന്ത്രി ഹിരുഭായ് മുല്‍ജിഭായ് പട്ടേലിന്റെ ഇടക്കാല ബജറ്റ് പ്രസംഗമാണ് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ചെറിയ ബജറ്റ്. വെറും 800 വാക്കുകള്‍ മാത്രം ഒതുങ്ങിയതായിരുന്നു ഈ ബജറ്റ്.
ഫെബ്രുവരിയിലെ അവസാന ദിവസം വൈകുന്നേരം 5 മണിക്കാണ് പണ്ട് ബജറ്റ് അവതരിപ്പിച്ചിരുന്നത്. 1999 ല്‍ അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിലെ അന്നത്തെ ധനമന്ത്രി യശ്വന്ത് സിന്‍ഹയാണ് ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് ആദ്യമായി ബജറ്റ് അവതരിപ്പിച്ചത്. അതിനുശേഷം രാവിലെ 11 മണിക്കാണ് ബജറ്റുകള്‍ അവതരിപ്പിക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച വനിത എന്ന റെക്കോഡ് ഇതിനകം തന്നെ നിര്‍മല സീതാരാമന്റെ പേരിലാണ്. ഇതിനുപുറമെ നിര്‍മല സീതാരാമന്‍ ധനമന്ത്രിയായിരുന്നപ്പോള്‍ ബജറ്റ് അവതരണത്തില്‍ ചില മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്. 2019വരെ പരമ്പരാഗതമായി ബജറ്റ് അവതരണത്തിന് ഉപയോഗിച്ചിരുന്ന പെട്ടി മാറ്റിയതും നിര്‍മല സീതാരാമനാണ്. പിന്നീട് അശോക സ്തംഭം പതിച്ച തുകല്‍ സഞ്ചിയിലാണ് ബജറ്റ് രേഖകളുമായി അവര്‍ പാര്‍ലമെന്റിലേക്കെത്തിയത്.
ഒന്നാം മോദി മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായിരുന്ന നിര്‍മല സീതാരാമന് രണ്ടാം ടേമില്‍ നല്‍കിയത് ധനകാര്യ വകുപ്പിന്റെ ചുമതലയാണ്. രാജ്യത്തെ ആദ്യത്തെ ഫുള്‍ടൈം വനിത ധനമന്ത്രി എന്ന ചരിത്രം രചിച്ചാണ് നിര്‍മല ചുമതല ഏറ്റെടുത്തത്. ഇതിനുശേഷം 2019ല്‍ നിര്‍മല നടത്തിയ ആദ്യ ബജറ്റ് അവതരണവും ചരിത്രമായി. ഇന്ദിര ഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിതയെന്ന നേട്ടമാണ് നിര്‍മല സീതാരാമന്‍ ആദ്യ ബജറ്റ് അവതരണത്തിലൂടെ കൈവരിച്ചത്.
അച്ചടിച്ച കോപ്പി ഇല്ലാതെ ആദ്യ പേപ്പര്‍ രഹിത ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രിയും നിര്‍മല സീതാരാമനാണ്. 2021-ലെ ബജറ്റിലായിരുന്നു ഇത്. 2022ലും 2023ലും ഇത് തുടര്‍ന്നു.
CONTENT HIGH LIGHTS; Mother of Indian Budgets?: Whose Recorded Budget Speeches?; Through Nirmala Sitharaman’s budgets; Do you know the story of budgets of Indian finance ministers?