രാജ്യത്തെ ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റിനെ ഗൗരവമായി നോക്കുന്നവര്‍, ധനമന്ത്രി എന്തു ചെയ്തു, എന്തു ധരിച്ചിരുന്നു എന്നല്ല, മറിച്ച് അവരുടെ പ്രസംഗത്തിലും, അവരുടെ ബജറ്റ് രാജ്യത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നു മാത്രമാണ്. എന്നാല്‍, വനിതയായ ധനമന്ത്രി പാര്‍ലമെന്റില്‍ ബജറ്റ് പ്രസംഗത്തിനെത്തുന്നത് സാകൂതം വീക്ഷിക്കുന്ന ഭൂരിപക്ഷമായ സ്ത്രീകളുണ്ട് ഇന്ത്യയില്‍. അവരെ പ്രതിനിധാനം ചെയ്യുന്ന നിര്‍മ്മലാ സീതാരാമന്‍ അണിയുന്ന വസ്ത്രം പോലും ചര്‍ച്ചയാകും. അതും സോഷ്യല്‍ മീഡിയ കാലത്തില്‍ ഒഴിച്ചു നിര്‍ത്താനാവാത്തതാണ്. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ വസ്ത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നത്, അവരുടെ കാലശേഷമാണെന്നത് ഓര്‍ക്കണം. കോടികള്‍ വിലവരുന്ന ചെരുപ്പുകള്‍, തുണിത്തരങ്ങളെല്ലാം ചര്‍ച്ചകളില്‍ ഇടം പിടിച്ചതാണ്.
ഇന്ത്യയുടെ പ്രതിരോധമന്ത്രി എന്ന വേഷം അഴിച്ചു മാറ്റിയാണ്, ഖജനാവിന്റെ താക്കോല്‍ വാങ്ങുന്നത്. പ്രതിരോധ മന്ത്രിയായിരിക്കെ ഓഖിക്കാലത്ത് കേരളത്തില്‍ വന്ന് മത്സ്യത്തൊഴിലാളികളെ അമ്മയെപ്പോലെ ആശ്വസിപ്പിച്ചത് മറക്കാനാവില്ല. മറ്റാരു പറഞ്ഞിട്ടും അടങ്ങാത്ത കലിയും വിഷമവും, നിര്‍ഡമ്മലാ സീതാരാമന്റെ വാക്കുകളില്‍ അടക്കിയവരാണ് മത്സ്യത്തൊഴിലാളികള്‍. ആ വാക്കുകളിലെ മാജിക്ക്, കരുതല്‍, സ്‌നേഹം എല്ലാം അന്നേ തിരിച്ചറിഞ്ഞതാണ്. പിന്നീട്, ധനമന്ത്രിയുടെ റോളില്‍ എട്ടാം വട്ടം പാര്‍ലമെന്റ് കയറുമ്പോള്‍ എന്തുകൊണ്ട് അവരുടെ വസ്ത്രമായ സാരിയെ കുറിച്ച് ചര്‍ച്ച ചെയ്തു കൂടാ എന്നാണ് സോഷ്യല്‍ മീഡീയകളിലെ ചര്‍ച്ച. ഗൗരവമായി ബജറ്റിനെ ചര്‍ച്ച ചെയ്യേണ്ടവര്‍ അത് ചെയ്‌തോട്ടെ, നമ്മള്‍ സാരിയെ കുറിച്ചും, അവരുടെ മാനറിസങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്‌തോട്ടെ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു നിര്‍മ്മലാ സീതാരാമന്‍ ഫാന്‍ പറയുന്നത്.
‘സാരി’ ഏറെ ഇഷ്ടമുള്ള ധനമന്ത്രി വ്യത്യസ്തത നിറയ്ക്കുന്ന സാരികള്‍ ഉടുത്താണ് പാര്‍ലമെന്റില്‍ എത്തുന്നത്. ഇതുവരെ നടത്തിയ എട്ടു ബജറ്റികളിലായി എട്ടു വ്യത്യസ്ത നിറമുള്ള സാരികളാണ് അവര്‍ ധരിച്ചത്. സോഷ്യല്‍ മീഡിയ ഇതെല്ലാം ആഘോഷിക്കാറുണ്ടെന്നത് കൗതുകകമല്ല വസ്തുതയാണ്. ഈ വര്‍ഷത്തെ ബജറ്റ് അവതരണത്തിന് എത്തിയപ്പോഴും മന്ത്രി അവരുടെ പതിവ് തെറ്റിച്ചിട്ടില്ല. സാരിയില്‍ തിളങ്ങി തന്നെയാണ് മന്ത്രി എത്തിയത്. തുടര്‍ച്ചയായ എട്ടാമത് ബജറ്റ് അവതരണം നടത്തി ചരിത്രത്തില്‍ ഇടം നേടിയ ധനമന്ത്രി ധരിച്ചിരുന്നത് ഓഫ് വൈറ്റ് നിറത്തിലുള്ള കൈത്തറി സില്‍ക് സാരിയാണ്.
ചുവന്ന നിറത്തിലുള്ള ബ്ലൗസും. മധുബനി ചിത്രകലയാണ് സാരിയിലുള്ളത്. മത്സ്യത്തിന്റെ തീം ഡിസൈന്‍ ചെയ്ത എംബ്രോയഡറിയില്‍ സ്വര്‍ണ്ണക്കരയാണ് ഉള്ളത്. പത്മ അവാര്‍ഡ് ജേതാവ് ദുലാരി ദേവിയാണ് ഈ സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബിഹാറിലെ മിഥില മേഖലയില്‍ നിന്നുള്ള പരമ്പരാഗത നാടന്‍ കലാരൂപമാണ് മധുബനി. കടുത്ത വൈബ്രന്റ് നിറങ്ങളുടെയും പ്രതീകാത്മക അവതരണങ്ങളും മധുബനിയുടെ സവിശേഷതയാണ്. പ്രഗത്ഭയായ ചിത്രകാരി കര്‍പ്പൂരി ദേവിയില്‍ നിന്നാണ് ദുലാരി ദേവി സാരിയില്‍ ആലേഖനം ചെയ്തിരിക്കുന്ന ഡിസൈന്‍ തിരഞ്ഞെടുത്തത്. 2021-ലാണ് ദുലാരി ദേവിക്ക് പത്മശ്രീ ലഭിക്കുന്നത്. മിഥില ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചപ്പോള്‍ നിര്‍മല സീതാരാമന്‍ പരിചയപ്പെട്ടതാണ് ദുലാരി ദേവിയെ.
ബജറ്റ് അവതരണ ദിനത്തില്‍ ധരിക്കണമെന്നാവശ്യപ്പെട്ട് ദുലാരി ദേവി നല്‍കിയ സാരിയാണ് ഇന്ന് ധനമന്ത്രി ധരിച്ചതും. ബജറ്റ് അവതരണത്തില്‍ ധനമന്ത്രി ധരിക്കുന്ന വസ്ത്രം അതത് നാടുകളുടെ പൈതൃകവും സംസ്‌ക്കാരവും കൂടി വിളിച്ചോതുന്നതായിരിക്കും. മനംപോലെ നിര്‍മ്മലാ സീതാരാമന്റെ ബജറ്റില്‍ ബിഹാര്‍ എന്ന സംസ്ഥാനത്തിന് വാരിക്കോരിയാണ് കൊടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ട്രെഡീഷനല്‍ ടെമ്പിള്‍ ഡിസൈനിലുള്ള ചുവപ്പു സാരിയായിരുന്നു ധനമന്ത്രി തിരഞ്ഞെടുത്തത്. കറുപ്പ് ബോര്‍ഡറില്‍ ഗോള്‍ഡന്‍ വര്‍ക്കുള്ളതായിരുന്നു അന്നത്തെ സാരി. ഈ തവണത്തെ സാരിക്ക് ഓഫ് വൈറ്റ് കൈത്തറി സില്‍ക്ക് സാരിയും മത്സ്യത്തിന്റെ മാതൃകയില്‍ എംപ്രോയിഡറി വര്‍ക്കും ഗോള്‍ഡന്‍ ബോഡറുമാണുള്ളത്.
അതേസമയം, ഇടക്കാല ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രിയെത്തിയതാവട്ടെ പശ്ചിമ ബംഗാളില്‍ നിന്നുള്ള കാന്ത തുന്നലുള്ള നീല കൈത്തറി സാരിയില്‍. സ്വദേശി വസ്ത്രത്തിന്റെ ആഢ്യത്വം തുളുമ്പുന്ന സാരിയില്‍ ബംഗാളിലെ പരമ്പരാഗത ഡിസൈനായ ഇലകളാണ് തുന്നിച്ചേര്‍ത്തിരുന്നത്. രാജ്യത്തെ മല്‍സ്യബന്ധന മേഖലയിലെ പുരോഗതിയെയും മല്‍സ്യമേഖലയെ വികസിതമാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച പദ്ധതികളെയും ധ്വനിപ്പിക്കുന്നതായിരുന്നു നീലനിറത്തിലെ സാരിയെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ബംഗാളില്‍ നിന്നുള്ള ഇളംനീല നിറത്തിലുള്ള തസര്‍ പട്ടു സാരി, രാമനീലയില്‍ തവിട്ട് നിറത്തിലുള്ള നൂലില്‍ പൂക്കള്‍ നെയ്ത പട്ടുസാരി ഏറെ ശ്രദ്ധിക്കപ്പെട്ടു. ബംഗാളി സ്ത്രീകള്‍ പരമ്പരാഗതമായി കൈകൊണ്ട് നെയ്തെടുക്കുന്ന സാരിയാണിത്. കിഴക്കേഇന്ത്യയിലെ പ്രശസ്തമായ കാന്ത എംബ്രോയ്ഡറിയാണ് ഇതിലുപയോഗിച്ചിരിക്കുന്നത്.
നൂറ്റാണ്ടുകളുടെ ചരിത്രമുണ്ടിതിന്. ബംഗാള്‍, ഒഡിഷ, ത്രിപുര സംസ്ഥാനങ്ങളില്‍ ഏറെ പ്രിയമുള്ള സാരി കൂടിയാണിത്. നിര്‍മ്മല സീതാരാമന്‍ ഈ നിറം തെരഞ്ഞെടുത്തത് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയുടെ സന്ദര്‍ഭത്തിലാണെന്ന് വ്യക്തമാണ്. ഏറെ പ്രത്യേകതകളുള്ള പട്ടാണ് തസര്‍. മള്‍ബറി, ഓക്ക് തുടങ്ങിയ മരങ്ങളുടെ ഇല ഭക്ഷിച്ച് ജീവിക്കുന്ന പട്ടുനൂല്‍പ്പുഴുക്കള്‍ കൂട് നെയ്യുന്നു. ഈ കൂട്ടില്‍ നിന്നെടുക്കുന്ന നൂലുപയോഗിച്ചാണ് തസര്‍ പട്ട് നിര്‍മ്മിക്കുന്നത്. ഈ പട്ട് നെയ്യുന്ന സ്ഥലങ്ങള്‍ക്കനുസരിച്ച് ഇതിന്റെ പേരും മാറിക്കൊണ്ടിരിക്കും. ജാര്‍ഖണ്ഡിലിത് കോസാ പട്ട് എന്ന് അറിയപ്പെടുന്നു. ബിഹാറിലെ ഭഗല്‍പൂരില്‍ ഈ പട്ട് നിര്‍മ്മിക്കുമ്പോള്‍ ഇതിനെ ഭഗല്‍പൂരി പട്ട് എന്ന് വിളിക്കുന്നു. ഇനിയും ഏറെ വൈവിധ്യമുള്ള പേരുകള്‍ ഇവയ്ക്കുണ്ട്. സ്വഭാവിക സ്വര്‍ണ നിറമുള്ള ഈ നൂലിഴകള്‍ ഏറെ ആകര്‍ഷകമാണ്.
സിന്തറ്റിക് നൂലുമായി ചേര്‍ത്ത് ഇവ തുന്നിയെടുക്കുക ഏറെ ശ്രമകരമാണ്. പുറമെ പരുക്കനായി തോന്നുമെങ്കിലും ഉടുക്കാന്‍ ഏറെ സുഖപ്രദമാണ്. കാന്താ ശൈലിക്ക് ബംഗാളി കരകൗശല-കല രംഗങ്ങളില്‍ ഏറെ പ്രാധാന്യമാണുള്ളത്. ശാന്തി നികേതന് സമീപമുള്ള ബിര്‍ഭൂമം ജില്ലയിലാണ് ഈ നെയ്ത്ത് ശൈലി ഉടലെടുത്തത്. നേരത്തെ പഴയ സാരികള്‍ ഇവര്‍ മുണ്ടുകളായും കരകളായും പുതപ്പുകളായും മാറ്റിയെടുത്തുപയോഗിച്ചിരുന്നു. പൂക്കളും മനുഷ്യരൂപങ്ങളും പഴങ്കഥകളുമെല്ലാം ഇവര്‍ ഇങ്ങനെ അതിമനോഹരമായി തുന്നിച്ചേര്‍ത്തു. ഇപ്പോഴിതെല്ലാം മോഡേണ്‍ വസ്ത്രങ്ങളിലും സാരികളിലും ഗൃഹാലങ്കാരവസ്തുക്കളിലും എല്ലാം ഉപയോഗിക്കുന്നു.
അതേസമയം, 2019ലെ ആദ്യ ബജറ്റ് അവതരണത്തിനെത്തിയപ്പോള്‍ പിങ്ക് നിറത്തിലുള്ള മംഗള്‍ഗിരി സാരി ആയിരുന്നു നിര്‍മല സീതാരാമന്‍ ധരിച്ചിരുന്നത്.
സ്വര്‍ണ്ണക്കരയായിരുന്നു ആ സാരിയുടെ ബോര്‍ഡര്‍. 2020ല്‍ കടും മഞ്ഞ-സ്വര്‍ണ്ണ നിറത്തിലുള്ള സാരിയായിരുന്നു ധരിച്ചത്. 2021ല്‍ ധരിച്ച ഓഫ് വൈറ്റ്- ചുവപ്പ് കോമ്പിനേഷനിലുള്ള പോച്ചാംപള്ളി സാരിക്ക് പച്ചക്കരയായിരുന്നു ഉണ്ടായിരുന്നത്. തെലങ്കാനയിലെ പരമ്പരാഗത നെയ്ത്താണ് പോച്ചാംപള്ളി. 2022ല്‍ ബ്രൗണും ഓഫ് വൈറ്റും ചേര്‍ന്ന ബൊമ്മക്കായ് സാരിയാണ് മന്ത്രി തിരഞ്ഞെടുത്തത്. വെളുപ്പ് നിറത്തിലായിരുന്നു സാരിയുടെ കര. തന്റെ അഞ്ചാമത് ബജറ്റ് അവതരിപ്പിക്കാന്‍ പാര്‍ലമെന്റില്‍ എത്തിയത് കര്‍ണാടകയിലെ ദാറവാഡ ജില്ലയില്‍ നിന്നുള്ള നവലഗുണ്ട എംബ്രോയഡറിയുള്ള ഇളകല്‍ സാരിയുടുത്തായിരുന്നു. കൈത്തറി മേഖലയില്‍ വളരെ പ്രസിദ്ധമായ വസ്ത്രമാണ് ബാഗല്‍കോട്ട് ജില്ലയിലെ ഇളകല്‍ സാരികള്‍.
ദാറവാഡ നഗരത്തിലെ നാരായണ്‍പൂരില്‍ സ്ഥിതി ചെയ്യുന്ന ആരതി ഹിരേമത്തിന്റെ ഉടമസ്ഥതയിലുള്ള ആരതി ക്രാഫ്റ്റിലെ ജീവനക്കാരാണ് ഈ സാരി പ്രത്യേകമായി തയ്യാറാക്കിയത്. ജില്ലയിലെ എംപിയും കേന്ദ്രമന്ത്രിയുമായ പ്രഹ്‌ളാദ് ജോഷി നവലഗുണ്ട എംബ്രോയഡറി കലയേയും സാംസ്‌കാരിക സമൃദ്ധിയെയും കുറിച്ച് മന്ത്രി നിര്‍മല സീതാരാമനോട് ഒരു പരിപാടിയില്‍ വിശദീകരിക്കുകയും ഈ സാരികള്‍ മന്ത്രിക്ക് ഉപഹാരമായി നല്‍കുകയും ചെയ്തിരുന്നു. ശേഷം ബജറ്റ് അവതരണത്തിന് മുന്‍പ് നിര്‍മല സീതാരാമന് വേണ്ടി സാരി തയ്യാറാക്കാന്‍ ജില്ല കലക്ടര്‍ ഗുരുദത്ത ഹെഗ്ഡെ എംബ്രോയഡറി വിദഗ്ധരെ കണ്ടെത്തി നിര്‍ദേശം നല്‍കുകയും ചെയ്‌തെന്ന് വിവരം.
അടുത്ത തവണത്തെ ബജറ്റവതരണത്തില്‍ നിര്‍മ്മലാ സീതാരാമന്‍ കേരളത്തിന്റെ തനിമയുള്ള സെറ്റ്‌സാരി ഉടുത്തു വരുന്നതും കാത്ത് ബജറ്റില്‍ കേരളത്തിനെ കൈവിടില്ലെന്ന പ്രതീക്ഷയും മാത്രമാണ് മലയാളികള്‍ക്കുള്ളത്.
CONTENT HIGH LIGHTS ;Nirmala Sitharaman in eighth ‘Madhubani’ saree: sarees as symbols of handloom and cultures; Kerala’s set is worn as a saree for the budget presentation?