മാസംതോറും ബില്ലില്‍ വര്‍ദ്ധന വരുത്തി കേരളത്തിലം വൈദ്യുതി മേഖല പിടിച്ചു നില്‍ക്കാന്‍ പാടുപെടുകയാണെന്നാണ് വൈദ്യുതി ഭവനില്‍ നിന്നും കേള്‍ക്കുന്ന നിലവിളി. കേരളത്തിനാവശ്യമായ വൈദ്യുതി പുറത്തു നിന്നും വാങ്ങിയെങ്കിലും ജനങ്ങളെ ഇരുട്ടത്താക്കാതെ കഷ്ടപ്പെടുന്ന വൈദ്യുതി വകുപ്പിനെ അറിയാതെ പോലും കുറ്റപ്പെടുത്താന്‍ പാടില്ല. കാരണം, KSRTCയെപ്പോലെ ശമ്പളം, കിട്ടിയാല്‍ കിട്ടി-ഇല്ലെങ്കില്‍ പട്ടിണി എന്ന നിലയിലാണ് KSEBയിലെ ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്കു വേണ്ടി രാപ്പകല്‍ കഷ്ടപ്പെടുന്നത്. അതും തുച്ഛമായ ശമ്പളത്തില്‍. വൈദ്യുതി ബില്ല് വര്‍ദ്ധിപ്പിക്കാതെ നിര്‍വാഹമില്ലാത്ത അവസ്ഥയിലാണ് നേരിയ തോതില്‍(സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്തത്ര) വര്‍ദ്ധിപ്പിച്ചത്.
അതൊരു വര്‍ദ്ധനയെന്നു പറയാനാകില്ല. എങ്കിലും ജനങ്ങള്‍ വൈദ്യിതി ബില്ലടച്ചില്ലെങ്കില്‍ കൃത്യമായി ഫ്യൂസ് ഊരാന്‍ മറക്കാത്തവരാണ് KSEB ജീവനക്കാര്‍. അതിന്റെ പേരില്‍ കേരളത്തില്‍ എവിടെയൊക്കെയാണ് കയ്യേറ്റവും തമ്മിലടിയും കേസും വഴക്കും നടന്നിരിക്കുന്നത്. എന്നാലും ഫ്യൂസൂരുമെന്നു പറഞ്ഞാല്‍ ഊരിയിരിക്കും. കാരണം, വൈദ്യുതിക്കൊക്കെ ഇപ്പോ എന്താവില. വാങ്ങാന്‍ പോകുമ്പോഴല്ലേ അറിയുന്നത്. അതുകൊണ്ട് ഓസിനെ വൈദ്യുതി ഉപയോഗിക്കാനാവില്ല എന്ന് KSEB പറയുന്നതില്‍ കാര്യമുണ്ട്. വില വര്‍ദ്ധന നടത്തിയതു തന്നെ വൈദ്യുതി വാങ്ങാനാണ്. അങ്ങനെയെങ്കിലും വെളിച്ചമെത്തിക്കണമല്ലോ.
അപ്പോള്‍ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്നു പറയുന്നതോ, ? അതെന്തിനാണ്. ചാര്‍ജജ് കൂട്ടി വാങ്ങുകയും, പിന്നെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്നും പറയുന്നത് ന്യായമാണോ KSEB. ഉപയോഗിക്കുന്ന വൈദ്യുതിക്ക് സര്‍ ചാര്‍ജ്ജ് അടക്കം ബില്ലു വരുമ്പോള്‍ പണം അടയ്ക്കുന്നുണ്ടല്ലോ. പിന്നെന്തിനാണ് ഉപയോഗം നിയന്ത്രിക്കണമെന്ന തിട്ടൂരം ജനങ്ങലിലേക്ക് അടിച്ചേല്‍പ്പിക്കുന്നത്. അതായത്, കൂടുതല്‍ ചാര്‍ജ്ജ് ഈടാക്കുകയും, അതേ സമയം, ജനങ്ങളെ വൈദ്യുതി ഉപയോഗിത്തില്‍ നിന്നും നിയന്ത്രിക്കുകയും ചെയ്ത് വൈദ്യുതി ലാഭിക്കാനുള്ള കുതന്ത്രമല്ലേ ഇത്. ജനങ്ങളെ പറ്റിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഇപ്പോള്‍ പുതിയ ടിപ്‌സുമായി ഇറങ്ങിയിട്ടുണ്ട്. അതായത്, വൈദ്യുതി ബില്ലില്‍ 35 ശതമാനം വരെ ലാഭം നേടാം എന്ന തലക്കെട്ടിലാണ് ടിപ്‌സ് എന്ന രീതിയില്‍ പരസ്യം ഇറക്കിയിരിക്കുന്നത്. പരത്യം ഇങ്ങനെയാണ്.
‘ ഉയര്‍ന്ന തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വൈകുന്നേരം 6 മണിക്ക് ശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കാം. വൈദ്യുതി ബില്ലില്‍ 35% വരെ ലാഭം നേടാം!. പ്രതിമാസം 250 യൂണിറ്റിലധികം ഉപയോഗമുള്ളവര്‍ക്ക് വൈകുന്നേരം 6 മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളില്‍ 25ശതമാനം അധികനിരക്ക് ബാധകമാണ്. എന്നാല്‍, രാവിലെ 6നും വൈകുന്നേരം 6 നുമിടയില്‍ 10 ശതമാനം കുറവ് നിരക്കില്‍ വൈദ്യുതി ഉപയോഗിക്കാന്‍ കഴിയും!. വീട്ടിലെ വൈദ്യുത വാഹന ചാര്‍ജിങും പമ്പ് സെറ്റ്, വാട്ടര്‍ ഹീറ്റര്‍, മിക്‌സി, ഗ്രൈന്‍ഡര്‍, വാഷിംഗ് മെഷീന്‍, ഇസ്തിരിപ്പെട്ടി തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗവും പകല്‍ സമയത്തേക്ക് മാറ്റുന്നത് വഴി വൈദ്യുതി ബില്ലില്‍ വലിയ ലാഭം നേടാം!’
ഇതാണ് ബോധവത്ക്കരണ ടിപ്‌സ്. സാധാരണ ജനങ്ങള്‍ക്ക് വൈദ്യുതിചാര്‍ജ്ജിന്റെ 35 ശതമാനം ലാഭം ഉണ്ടാക്കാനുള്ള വഴി പറഞ്ഞുതന്ന KSEBക്ക് നമോവാകം. ഇതല്ലാതെ മറ്റൊരു വഴിയുമില്ലേ KSEB ലാഭമുണ്ടാക്കാന്‍. ഇല്ലെങ്കില്‍ പറഞ്ഞു തരാം.
ഇങ്ങനെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാവുകയും, എന്നാല്‍, KSEBയിലെ ഉദ്യോഗസ്ഥര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത ഇത്തരം ടിപ്‌സുകളാണ് പ്രാവര്‍ത്തികമാക്കി വൈദ്യുതി ലാഭിക്കേണ്ടത്. ഈ പറഞ്ഞ ടിപ്‌സുകള്‍ നടപ്പാക്കാനായില്ലെങ്കില്‍, ആദ്യം സെക്രട്ടേറിയറ്റിലെ ഫാനും എസിയും, ലൈറ്റുകളും പകല്‍ സമയങ്ങലില്‍ ഓഫാക്കണം. സൂര്യപ്രകാശവും, നല്ല കാറ്റും കിട്ടുന്നുണ്ടെങ്കില്‍ എന്തിനാണ് ഫാനും എ.സിയും. മന്ത്രിമന്ദിരങ്ങളെല്ലാം വൈകിട്ട് 6 മണിക്കു ശേഷം വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ നിര്‍ദ്ദേശിക്കണം. രാജ്്ഭവന്‍ അടക്കമുള്ള സ്ഥാപനങ്ങളും നിയമസഭാ കോമ്പൗണ്ടിലെ ലൈറ്റുകളുമെല്ലാം ഓഫാക്കണം.
സര്‍ക്കാര്‍ പാഴാക്കുന്ന വൈദ്യുതിയുടെ ഓഡിറ്റ് എടുക്കണം. എന്നിട്ട്, അതിന് ഫൈന്‍ ഈടാക്കണം. ആ തുക ജനങ്ങള്‍ക്ക് സബ്‌സിഡിയായി നല്‍കണം. ഇങ്ങനെയൊക്കെയാണ് ജനങ്ങളെ സേവിക്കേണ്ടതും സംരക്ഷിക്കേണ്ടതും. അല്ലാതെ ജനങ്ങളെ പിഴിഞ്ഞ് KSEBയെ നിലനിര്‍ത്തിയാല്‍ ആരാണ് വൈദ്യുതി ഉപയോഗിക്കാനുണ്ടാവുക. ഈ പരസ്യം ആദ്യം സെക്രട്ടേറിയറ്റിലും, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നടപ്പാക്കാനുള്ള നടപടിയാണ് എടുക്കേണ്ടത്. തുടര്‍ന്ന് സാധാരണ ജനങ്ങളിലേക്ക് എത്തട്ടെ. അതാണ് വേണ്ടത്.
CONTENT HIGH LIGHTS; What else but KSEB’s trick?: Electricity charges will not be reduced, people are advised to reduce electricity consumption if necessary; Tips to save on electricity bills are also ready; First, turn off the lights and fans that are on all day in the secretariat; Then you can educate the people