Features

എന്താണ് കള്ളക്കടല്‍ പ്രതിഭാസം ?: തീരം സംരക്ഷിക്കാന്‍ ശാശ്വത പരിഹാരം കാണാത്തതെന്താണ് ?; കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശം പാലിക്കുക ?

കള്ളക്കടല്‍ പ്രതിഭാസം ഇപ്പോള്‍ കേരളത്തിലെ തീര പ്രദേശങ്ങളില്‍ നിത്യ സംഭവമാണ്. കടല്‍കയറി വീടുകള്‍ ഇടിഞ്ഞു വീഴുന്നതും, കടല്‍ഭിത്തികള്‍ തകരുന്നതും കണ്ടു നില്‍ക്കാനല്ലാതെ തീരദേശവാസികള്‍ക്ക് മറ്റെന്തിനാകും. സര്‍ക്കാരും ഫിഷരീസ് വകുപ്പും നോക്കുകുത്തികളെപ്പോലെ ആകുമ്പോള്‍ തീരദേശം ഭത്തിന്റെ പിടിയിലാവുകയാണ്. തീരം സംരക്ഷിക്കാനും, തീരദേശ വാസികളെ രക്ഷിക്കാനും സര്‍ക്കാരിന് കഴിയണം. കടലിനെയും കടലിന്റെ കള്ളക്കളികളെയും ഫലപ്രദമായി തടയാന്‍ കഴിയണം.

നിലവില്‍ മുന്‍കരുതലുകള്‍ എടുക്കാനുള്ള അറിയിപ്പുകളെങ്കിലും കൃത്യമായി നല്‍കുന്നുണ്ട് എന്നതാണ് ആശ്വാസം. നാളെ കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ കള്ളക്കടല്‍ പ്രതിഭാസമുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദുരന്ത നിവാരണ അതോറിട്ടിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത് കൃത്യമായി പാലിക്കണം. കടല്‍പ്പണിക്കു പോകുന്നവര്‍ ജാഗ്രതയോടെ ഇരിക്കണം. തീരങ്ങളിലേക്ക് ഇരച്ചുകയറുന്ന കടല്‍ക്ഷോഭത്തിന് കാരണമായ കള്ളക്കടല്‍ പ്രതിഭാസം പണ്ടുമുതല്‍ക്കേ സജീവമായിരുന്നു.

തീരം ദുര്‍ബലപ്പെട്ടതാണ് ജനജീവിതത്തെ ബാധിക്കാന്‍ കാരണം. സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ (സെസ്) മറൈന്‍ ജിയോസയന്‍സ് വിഭാഗം പറയുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് കള്ളക്കടല്‍ പ്രതിഭാസം കൂടുതലായി ഉണ്ടാകുന്നത്. കാലങ്ങളായുള്ള പ്രതിഭാസം സ്ഥിരമായി സംസ്ഥാനത്തെ തീരമേഖലയില്‍ ഉണ്ടാകാറുണ്ട്. ഓരോ വര്‍ഷവും ഇതിന്റെ വ്യാപ്തി വര്‍ദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ എന്താണ് കള്ളക്കടല്‍ പ്രതിഭാസമെന്ന് അറിയേണ്ടതുണ്ട്.

  • എന്താണ് കള്ളക്കടല്‍ ?

അവിചാരിതമായി കടല്‍ കയറിവന്ന് കരയെ വിഴുങ്ങുന്നതാണ് കള്ളക്കടല്‍ പ്രതിഭാസം എന്നു പറയുന്നത്. സുനാമിയുമായി ഇതിന് സാമ്യതയുണ്ട്. എന്നാല്‍ സുനാമിയോളം ഭീകരമല്ല. പക്ഷേ നിസാരമായി കാണാനും പറ്റില്ല. അപ്രതീക്ഷിതമായുണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടലെന്നു പറയാം. സാധാരണ വേലിയേറ്റമുണ്ടാകുന്നത് കാറ്റിന് അനുസരിച്ചോ സൂര്യന്റെയും ചന്ദ്രന്റെയും ഗുരുത്വാകര്‍ഷണ ഫലമായോ ആണ്. അങ്ങനെ അല്ലാതെ ഉണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടല്‍. പ്രത്യേകിച്ച് ലക്ഷണങ്ങളില്ലാതെ തിരമാലകള്‍ ആഞ്ഞടിക്കും.

അവിചാരിതമായും അസാധാരണവുമായാണ് തിരമാലകള്‍ തീരത്തെത്തുക. സമുദ്രോപരിതലത്തിലെ കാലാവസ്ഥാ മാറ്റങ്ങളെ തുടര്‍ന്നാണ് ഇത്തരം ശക്തമായ തിരമാലകളുണ്ടാവുന്നത്. സുനാമിയുമായി സമാനതകളുണ്ട് ഈ കള്ളക്കടല്‍ പ്രതിഭാസത്തിന്. സുനാമിയുടെ സമയത്ത് തീരം ഉള്ളിലോട്ട് വലിഞ്ഞ ശേഷം തിരമാലകള്‍ അടിച്ചുകയറുകയാണ് ചെയ്യുന്നത്. ഇതുപോലെ തന്നെയാണ് കള്ളക്കടല്‍ സമയത്തും ഉണ്ടാവുക.

2018ല്‍ കേരളത്തിന്റെ തീരദേശമേഖലകളില്‍ കള്ളക്കടല്‍ പ്രതിഭാസം വലിയ നാശനഷ്ടങ്ങളാണുണ്ടാക്കിയിരുന്നു. നൂറോളം വീടുകള്‍ തകര്‍ന്നു. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. ഉയര്‍ന്ന തിരമാലകളും കടല്‍ക്ഷോഭവും കണ്ടപ്പോള്‍ അന്നും ഇത് സുനാമിയാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്തായി 4000 മുതല്‍ 6000 കിലോമീറ്റര്‍ വരെയുള്ള പ്രദേശത്ത് ഉണ്ടായേക്കാവുന്ന ന്യുനമര്‍ദ്ദം, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ് എന്നിവ ഉള്‍പ്പടെ കള്ളക്കടല്‍ പ്രതിഭാസത്തെ സ്വാധീനിക്കും.

ആഗോള താപനവും ഉള്‍ക്കടലില്‍ ഉണ്ടാകുന്ന ന്യൂനമര്‍ദ്ദവും സൈക്ലോണും ഈ പ്രതിഭാസത്തിന് സ്വാധീനം ചെലുത്താം. ഇവിടെ നിന്നും രൂപപ്പെടുന്ന തിര കരയിലേക്ക് എത്തുമ്പോഴാണ് കള്ളക്കടല്‍ പ്രതിഭാസമാകുന്നത്. മഴക്കാലത്ത് 7 സെക്കന്റും സാധാരണ 10 സെക്കന്റുമാണ് ഒരു തിരയുണ്ടാകാനെടുക്കുന്ന സമയം. എന്നാല്‍ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി രൂപപ്പെടുന്ന തിര 20 സെക്കന്റോളമെടുത്താകും രൂപപ്പെടുക. തീരത്ത് നിന്നും വളരെ അകലെ നിന്നായി രൂപപ്പെടുന്ന തിരയോടൊപ്പം

വലിയ അളവില്‍ വെള്ളം കരയിലേക്ക് അടിച്ചുകയറിയാണ് കള്ളക്കടല്‍ പ്രതിഭാസമുണ്ടാവുക. തിരമാലകള്‍ ഒന്നിന് പിറകെ മറ്റൊന്നായി ഇതുപോലെ തീരത്തേക്ക് അടിച്ച് കയറുമ്പോള്‍ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം തീരത്തുണ്ടാകും. കടപ്പുറം തന്നെ സ്വഭാവികമായി ഇതിന് പ്രതിരോധം സൃഷ്ടിക്കാറുണ്ട്. തീരം ഇല്ലാതെ കടല്‍ഭിത്തി സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ഇത് വലിയ നാശനഷ്ടങ്ങളുണ്ടാക്കും.

  • തിരകള്‍ ഒരുമിച്ചെത്തിയാല്‍ അപകടം

4000 മുതല്‍ 6000 കിലോമീറ്റര്‍ വരെ ഉള്ളില്‍ രൂപപ്പെടുന്ന കള്ളക്കടല്‍ പ്രതിഭാസത്തില്‍ എപ്പോഴും കരയിലേക്ക് വെള്ളം ഇരച്ചുകയറില്ല. ന്യൂനമര്‍ദമോ കൊടുങ്കാറ്റോ മൂലം രൂപപ്പെടുന്ന തിരകള്‍ ഒരുമിച്ചാകും കരയിലേക്കുള്ള പ്രയാണം ആരംഭിക്കുക. 20 സെക്കന്റ് ഇടവേളകളില്‍ തുടരെ തുടരെ തിര തീരത്തേക്ക് എത്തുന്നതോടെ വെള്ളം കയറാന്‍ തുടങ്ങും. എന്നാല്‍ സാധാരണ കടലാക്രമണം പോലെ തീരം കടലെടുക്കില്ല. വെള്ളം സ്വാഭാവികമായി തിരികെ കടലിലേക്ക് പോവുകയോ കെട്ടിക്കിടക്കുകയോ ചെയ്യും.

തീരത്തേക്ക് വെള്ളം കുറയുന്നതിന്റെ തോത് കൂടിയും കുറഞ്ഞുമിരിക്കും. വേലിയേറ്റ സമയത്ത് കള്ളക്കടല്‍ പ്രതിഭാസമുണ്ടായാല്‍ തീരത്ത് വന്‍ തോതില്‍ വെള്ളം കടലില്‍ നിന്നും ഇരച്ചെത്തും. ഈ സമയത്ത് തീരത്തോട് ചേര്‍ന്നുള്ള കടലും പ്രക്ഷുബ്ധമായിരിക്കും. മത്സ്യത്തൊഴിലാളികള്‍ ഈ സമയത്ത് കടലില്‍ പോകാന്‍ പാടില്ല.

  • വേനലിലെ സ്വാഭാവിക പ്രതിഭാസം

മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് കള്ളക്കടല്‍ പ്രതിഭാസം സാധാരണയായി കണ്ടുവരുന്നത്. എന്നാല്‍, ഇപ്പോഴത് കൃത്യമായ ഇടവേളകളില്‍ തന്നെ ഉണ്ടാകുന്നുണ്ട്. അതാണ് ഫെബ്രുവരിയിലും കള്ളക്കടല്‍ ഉണ്ടാകാന്‍ കാരണം. കടലിന്റെ താപനിലയിലെ മാറ്റം, കാലാവസ്ഥാ വ്യതിയാനത്തിലെ വ്യതിചലനം എന്നിവയും ഈ മാറ്റത്തിന് കാരണമാണ്.

  • മത്സ്യത്തൊഴിലാളികള്‍ക്ക് മുന്‍കൂട്ടി കാണാനാകും

വര്‍ഷങ്ങളായി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കള്ളക്കടല്‍ പ്രതിഭാസം മുന്‍കൂട്ടി കാണാന്‍ സാധിച്ചേക്കും. ശാസ്ത്രീയമായി തെളിവില്ലെങ്കിലും സമുദ്രത്തിലെ മീനുകളുടെ ഏറ്റക്കുറച്ചിലുകളില്‍ നിന്നും ഇത് മുന്‍കൂട്ടി കണ്ട് പ്രവചിക്കുന്ന വലിയൊരു മത്സ്യത്തൊഴിലാളി സമൂഹം സംസ്ഥാനത്തുണ്ട്.

  • തീരശോഷണവും ആഗോളതാപനവും പ്രതിസന്ധി

കള്ളക്കടല്‍ പ്രതിഭാസം ഗുരുതരമായി ജനജീവിതത്തെ ബാധിക്കാനുള്ള പ്രധാന കാരണം തീരശോഷണവും ആഗോളതാപനവുമാണ്. സംസ്ഥാനത്തിന്റെ തെക്കന്‍ തീരമേഖലയില്‍ തീരശോഷണം കാലങ്ങളായി തുടരുകയാണ്. കള്ളക്കടല്‍ ഉള്‍പ്പടെയുള്ള പ്രതിഭാസങ്ങള്‍ ഭാവിയിലും വലിയ പ്രതിസന്ധി സൃഷ്ടിക്കും. പലയിടത്തും തീരം പൂര്‍ണമായും നശിച്ചിട്ടുണ്ട്. കടല്‍ഭിത്തി പണിതാണ് പലയിടങ്ങളിലും കടല്‍ക്ഷോഭം നിലവില്‍ നിയന്ത്രിക്കുന്നത്.

തീരത്തോട് ചേര്‍ന്നുള്ള കെട്ടിടങ്ങളെയാകും ഇത് ഗുരുതരമായി ബാധിക്കുക. കടല്‍ഭിത്തി പണിയുമ്പോള്‍ ശക്തിയായി തീരത്തടിക്കുന്ന തിരമാലയുടെ സമ്മര്‍ദ്ദം താങ്ങാനും വെള്ളം ഒഴുകി പോകാനുമുള്ള സംവിധാനം വേണം. ഇത് പലയിടത്തുമില്ല. ഇത്തരം മേഖലകളില്‍ കള്ളക്കടല്‍ ഗുരുതരമായി ബാധിക്കും. ഈ പ്രതിഭാസത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ അനിവാര്യമാണെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

  • കള്ളക്കടല്‍ പ്രതിഭാസം; പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ തീരങ്ങളില്‍ നാളെ (05/01/2025) രാവിലെ 05.30 മുതല്‍ വൈകുന്നേരം 05.30 വരെ 0.2 മുതല്‍ 0.6 മീറ്റര്‍ വരെയും, തമിഴ്നാട് തീരത്ത് 0.5 മുതല്‍ 0.7 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

  • കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
  • ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
  • കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
  • INCOIS മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
  • മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  • ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
  • തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

CONTENT HIGH LIGHTS; What is the Black Sea Phenomenon?: Why is there no permanent solution to protect the coast?; Follow the warning issued as part of the black sea phenomenon?