ബജറ്റിനു പുറത്ത് ഫണ്ട് കണ്ടെത്തി കേരളത്തിന്റെ വികസനം സാധ്യമാക്കാന്‍ കൊണ്ടുവന്ന കിഫ്ബി ഇപ്പോള്‍ ജനങ്ങളുടെ കഴുത്തിലെ കുരുക്കായിരിക്കുകയാണ്. വരും ദിവസങ്ങളില്‍ അത് കുരുങ്ങി ശ്വാസം മുട്ടിത്തുടങ്ങും. തോമസ് ഐസക്ക് ധനമന്ത്രിയായിരുന്നപ്പോള്‍ ജനങ്ങള്‍ പോലുമറിയാതെ ജനങ്ങളുടെ കഴുത്തില്‍ ഇട്ട കുരുക്കാണ് കിഫ്ബി എന്നത്. കിഫ്ബിയെ അന്നേ, ജി. സുധാകരന്‍ വിളിച്ചത് കിംഭി എന്നായിരുന്നു. അന്നേ കിഫ്ബിയെ ട്രോളിയ സുധാകരന്‍ ഇന്ന് പാര്‍ട്ടിക്കും വേണ്ടാതെ വീട്ടിലിരിക്കുകയാണ്. ജനങ്ങളെ പിഴിഞ്ഞെടുക്കാന്‍, അന്നുണ്ടാക്കിയ കിഫ്ബിയുടെ വിശ്വരൂപം ഇന്ന് പുറത്തെടുത്തിരിക്കുകയാണ്.
വെള്ളിയാഴ്ച കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിക്കുന്ന ബജറ്റില്‍ ഇതേക്കുറിച്ച് പരാമര്‍ശമുണ്ടാകും. ഈ ബജറ്റ് സമ്മേളനത്തില്‍ തന്നെ അതിന്റെ നിയമ നിര്‍മ്മാണവും ഉണ്ടാകുമെന്നാണ് സൂചന. കേരളത്തിലെ നിരത്തുകളില്‍ കിഫ്ബി ഫണ്ടുപയോഗിച്ച് പണിത റോഡുകളില്‍ നിന്നും ടോള്‍ പിരിക്കാനാണ് നീക്കം. ഈ നീക്കം കേന്ദ്രസര്‍ക്കാരിന്റെ ടോള്‍ പിരിവിനൊപ്പമാണ്. അതായത്, കേരളത്തിലെ റോഡുകളില്‍ ഇറങ്ങണമെങ്കില്‍ റോഡ് ടാക്‌സ് അടച്ചാലും മതിയാകില്ല, ഓരോ 30 കിലോ മീറ്റര്‍ സഞ്ചരിക്കാനും പണം നല്‍കണമെന്നര്‍ത്ഥം. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഈ ടോള്‍ പിരിവിനെ ജനങ്ങള്‍ ഒന്നാകെ ട്രോളാനാണ് സാധ്യത.
ധനകാര്യ മാനേജ്‌മെന്റും, ധനതത്വ ശാസ്ത്രജ്ഞനുമായ തോമസ് ഐസക്കിന്റെ സംഭാവനയായിരുന്നു കിഫ്ബി. അന്ന് അതുകേട്ട് വാപൊളിച്ചിരുന്ന് കൈയ്യടിച്ച ഇടതുപക്ഷത്തെ അംഗങ്ങള്‍ ഇന്ന് ആപ്പിലായിരിക്കുകയാണ്. കിഫ്ബി എന്ന ബകനെ തീറ്റിപ്പോറ്റാന്‍ അമിത ചുങ്കം ചുമത്തി യാത്രക്കാരെ കൊള്ളയടിക്കേണ്ട ഇപ്പോഴത്തെ ദുരവസ്ഥ ക്ഷണിച്ചു വരുത്തിയത് പത്തുവര്‍ഷം ധനമന്ത്രിയായിരുന്ന തോമസ് ഐസക് ആണെന്ന് അറിയാമായിരുന്നുട്ടും ഒന്നും മിണ്ടാനാകുന്നില്ല. അതേസമയം, ഇടതുപക്ഷത്തു നിന്നിട്ടും ഗതിപിടിക്കാത്ത ചെറിയാന്‍ ഫിലിപ്പിന് കാര്യം മനസ്സിലായി. അദ്ദേഹം വ്യക്തമായി പറയുകയു ചൈയ്തിരിക്കുകയാണ്.
വികലമായ ധനകാര്യ മാനേജ്‌മെന്റിലൂടെ കേരളത്തെ ഭീമമായ കടക്കെണിയിലാഴ്ത്തി സമ്പദ്ഘടന തകര്‍ത്ത തോമസ് ഐസക്ക് കേരളത്തിന്റെ അന്തകനാണെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അക്കാഡമിക് ബുദ്ധിജീവി മാത്രയായ തോമസ് ഐസക്കിന് കേരളത്തിന്റെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി യാതൊരുവിധ പ്രായോഗിക ജ്ഞാനവും ഇല്ലാത്തതുകൊണ്ടാണ് പ്രത്യുല്പാദനപരമല്ലാത്ത പദ്ധതികള്‍ക്കായി കിഫ്ബി പണം ധൂര്‍ത്തടിച്ചത്. കടത്തിനു പുറമെ ഇന്ധന സെസും മോട്ടോര്‍ വാഹന നികുതിയും കിഫ്ബി ഫണ്ടിലേക്ക് മാറ്റിയത് ദുരുദ്ദേശപരമായിരുന്നു.
കിഫ്ബിയുടെ പേരില്‍ അമിത പലിശയ്ക്ക് മുപ്പതിനായിരം കോടി രൂപ കടമെടുത്ത സര്‍ക്കാരിന് കടത്തിന്റെ പലിശ പോലും അടയ്ക്കാന്‍ കഴിയാത്തതിനാലാണ് യാത്രക്കാരില്‍ നിന്നും ടോള്‍പിരിവ് നടത്താന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ടോള്‍പിരിവ് എന്ന ആവശ്യം തോമസ് ഐസക് മുന്നോട്ടു വച്ചെങ്കിലും പൊതുമരാമത്തു മന്ത്രി ജി. സുധാകരന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. കിഫ്ബി വിദേശത്തുനിന്നും മസാല ബോണ്ട് മുഖേന കടം വാങ്ങിയത് വിദേശ വിനിമയ ചട്ടലംഘനമാണെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു.
കിഫ്ബി യോഗത്തില്‍ ചീഫ് സെക്രട്ടറിയും ധനസെക്രട്ടറിയും എതിര്‍ത്തിട്ടും ധനമന്ത്രി തോമസ് ഐസക്കിന്റെ പിടിവാശിയിലാണ് മസാല ബോണ്ട് വാങ്ങിയതെന്ന് യോഗത്തിന്റെ മിനിറ്റ്‌സില്‍ പറയുന്നു. നിയമസഭ അറിയാതെ ബജറ്റിന് പുറത്ത് കിഫ്ബി കടമെടുത്തതിനെ വിവിധ സി.എ.ജി റിപ്പോര്‍ട്ടുകളില്‍ കുറ്റപ്പെടുത്തിയിരുന്നു. കിഫ്ബിയുടെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ മുഖേന നടത്തിയ വികസനപദ്ധതികളും സാമഗ്രി വാങ്ങലും സംബന്ധിച്ച കരാറുകള്‍ ഒന്നും സുതാര്യമല്ല. പല കാര്യത്തിലും വ്യക്തമായ ഓഡിറ്റിംഗ് നടന്നിട്ടില്ല. ഇങ്ങനെ പ്രത്യക്ഷമായി സംസ്ഥാനത്തെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് കിഫ്ബി വാങ്ങിയ കടമെല്ലാം കൊടുത്തു തീര്‍ക്കേണ്ട ബാധ്യത പാവം ജനങ്ങളില്‍ എത്തിയിരിക്കുകയാണ്.
തോമസ് ഐസക്ക് മഹാനാണെന്നും വാങ്ങിയ പണമെല്ലാം കേരളത്തില്‍ ചെലവാക്കിയെന്നും വീമ്പു പറയുന്ന ഇടതു മുന്നണി അണികള്‍ക്കും ഓരോ 30 കിലോമീറ്റര്‍ സഞ്ചരിക്കുമ്പോള്‍ കൊടുക്കണം ചുങ്കം. അങ്ങനെ കേരളത്തിലെ ജനങ്ങളെ എങ്ങോട്ടും പോകാന്‍ അനുവദിക്കാതെ അറസ്റ്റ് ചെയ്ത് പിഴിയുന്ന സര്‍ക്കാരായി ഈ സര്‍ക്കാര്‍ മാറിയിരിക്കുന്നു. ടോള്‍ പിരിവുകാരും, ജനങ്ങളും തമ്മിലുള്ള തര്‍ക്കവും കലഹവും ഇനി കേരളത്തില്‍ ഓരോ 30 കിലോ മീറ്റര്‍ റോഡിലും കാണാനാകും. കേന്ദ്രത്തിന്റെ ടോളുകള്‍ക്കെതിരേ സമരം ചെയ്യുകയും ടോള്‍ബൂത്തുകള്‍ തല്ലിപ്പൊളിക്കുകയും ചെയ്യുന്ന ഇഠതുപക്ഷത്തെ വര്‍ഗ ബഹുജന സംഘടനകള്‍ ഇനി എന്തു ചെയ്യും.
കിഫ്ബി റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് അനുവദിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമുണ്ടാകും. സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും പിന്‍വാതില്‍ നിയമനങ്ങളുമാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണം. ഇതിനു പുറമെയാണ് കിഫ്ബിയിലൂടെ വരുത്തിവച്ച ബാധ്യതകളും. ഇതെല്ലാം ജനങ്ങള്‍ക്കു മേല്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ബജറ്റിന് പുറത്ത് കടമെടുക്കുന്നതിനു വേണ്ടി രൂപീകരിച്ച കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയാകുമെന്ന് പ്രതിപക്ഷം നിരവധി തവണ മുന്നറിയിപ്പു നല്‍കിയതാണ്.
വന്‍കിട പദ്ധതികളുടെ നടത്തിപ്പിനായി വിഭാവനം ചെയത കിഫ്ബി പക്ഷെ പൊതുമരാമത്ത് വകുപ്പ് ചെയ്തുകൊണ്ടിരുന്ന സാധാരണ പ്രവൃത്തികളാണ് നടത്തിയത്. സംസ്ഥാനത്തെ സഞ്ചിതനിധിയില്‍ നിന്നാണ് കിഫ്ബിക്ക് പണം നല്‍കുന്നത്. അതുകൊണ്ടു തന്നെ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് പണിയുന്ന റോഡുകള്‍ക്കും പാലങ്ങള്‍ക്കും ടോള്‍ ചുമത്തുന്നത് ജനങ്ങളോടുള്ള വഞ്ചനയും നീതികേടുമാണ്. കിഫ്ബിയിലെ തെറ്റായ ധനകാര്യ മാനേജ്മെന്റും ധൂര്‍ത്തും വരുത്തിവച്ച ബാധ്യതയുടെ പാപഭാരമാണ് ജനങ്ങളുടെ തലയില്‍ ചുമത്താന്‍ ശ്രമിക്കുന്നത്.
കൊള്ളപ്പലിശയ്ക്ക് മസാല ബോണ്ട് ഇറക്കിയപ്പോഴും ഇക്കാര്യങ്ങള്‍ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു. ക്ഷേമപെന്‍ഷന്‍ നല്‍കാനെന്ന വ്യാജേന ഇന്ധന സെസിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിച്ച സര്‍ക്കാര്‍ റോഡുകളുടെയും പാലങ്ങളുടെയും ഉപയോഗത്തിനു കൂടി പണം ഈടാക്കുന്നത് അനുവദിക്കാനാകില്ലെന്നും പ്രതിപക്ഷം പറയുന്നു. അതേസമയം, കിഫ്ബിക്ക് തിരുവനന്തപുരത്ത് ഓഫിസ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. 70 മുതല്‍ 90 കോടി വരെ ഓഫിസ് നിര്‍മ്മാണത്തിന് ചെലവാകുമെന്നാണ് കിഫ്ബി കണക്കാക്കിയിട്ടുള്ളത്.
കിഫ്ബി സ്ഥലത്തിന് വേണ്ടി താല്‍പര്യപത്രം പുറപ്പെടുവിച്ചിരുന്നു. ഓഫിസ് സ്ഥലമോ, ഭൂമിയോ നല്‍കുന്നതിന് 3 പേര്‍ താല്‍പര്യ പത്രവും നല്‍കിയിട്ടുണ്ട്. സണ്ണി വര്‍ക്കി, മുത്തൂറ്റ് ഫിന്‍ കോര്‍പ്പ്, സ്റ്റാര്‍ ഹില്‍ റിയല്‍ എസ്റ്റേറ്റ് എന്നിവരാണ് ടെണ്ടര്‍ സമര്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ കിഫ്ബി പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. 13.74 കോടി രൂപ കിഫ്ബിയുടെ വാടകയ്ക്കായി 2015-16 സാമ്പത്തിക വര്‍ഷം മുതല്‍ 2024- 25 സാമ്പത്തിക വരെ നല്‍കിയിട്ടുണ്ട്. കിഫ്ബിയുടെ 46-ാംജനറല്‍ ബോഡിയാണ് കിഫ്ബിക്ക് സ്വന്തമായി ഓഫിസ് നിര്‍മ്മിക്കാന്‍ തീരുമാനം കൈക്കൊണ്ടത്.
കഫ്ബി സി.ഇ.ഒ ആയ കെ.എം എബ്രഹാമിനെ ചുമതലപ്പെടുത്തുകയും ചെയ്തു. 90 കോടിയാണ് ഓഫിസ് നിര്‍മ്മാണത്തിന് കിഫ്ബി കണക്കാക്കിയിരിക്കുന്നത് എങ്കിലും ചെലവ് 100 കോടി കടക്കും എന്നാണ് സൂചന. ഇതു കൂടാതെ, സി.ഇ.ഒയുടെ ശമ്പളവും വര്‍ദ്ധിപ്പിക്കുന്നുണ്ട്. നിലവില്‍ കേരളത്തിലെ ഏറ്റവും കൂടുതല്‍ ശമ്പളം കൈപ്പറ്റുന്ന മഹാവയ്കതിയായി കിഫ്ബി സി.ഇഒ മാറിയിരിക്കുകയാണ്. ഏകദേശം 6 ലക്ഷം രൂപയോളമാണ് ഇദ്ദേഹത്തിന്റെ മാസ വരുമാനം. ഇദ്ദേഹത്തിന് കിഫ്ബി സി.ഇഒ ആയതിനുള്ള ശമ്പളം തന്നെ 4 ലക്ഷത്തിനു പുറത്താണ്. ഇതിനു പുറമേ ചീഫ്‌സെക്രട്ടറിയായി ഇവിരമിച്ചതിന്റെ പെന്‍ഷനും ചേര്‍ത്താണ് മാസം 6 ലക്ഷം രൂപ ലഭിക്കുന്നത്.
സംസ്ഥാനത്തെ ഭരണത്തലവനായ ഗവര്‍ണര്‍ക്കു പോലുമില്ലാത്ത ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനായി കെ.എം എബ്രഹാം മാറിയിച്ചുണ്ട്. ഇങ്ങനെ നിരവധി കാര്യങ്ങള്‍ക്ക് പണം കണ്ടെത്തേണ്ടതായുണ്ട്. കിഫ്ബിയില്‍ തന്നെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിച്ച നിരവധി പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്കെല്ലാം ശമ്പളമായി ലക്ഷങ്ങള്‍ നല്‍കുന്നുണ്ട്. പേരിന്, കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാണെന്നു പറയുന്നവര്‍ക്ക് നന്നായറിയുന്ന ഒരു കാര്യമാണ്, കിഫ്ബി എന്നത്, ഒരു കറവ പശുവാണെന്ന്. സര്‍ക്കാരില്‍ നിന്നും വിരമിക്കുന്നവര്‍ക്കുള്ള കൂടാരവും, അതിന്റെ മറവില്‍ ജനങ്ങളെ പിഴിഞ്ഞെടുത്ത് പണമുണ്ടാക്കാനുള്ള സുരക്ഷിത താവളവുമാണ് കിഫ്ബി. ജി. സുധാകരന് ഇത് ഒന്നാം പിണറായി മന്ത്രിസഭാ കാലത്തു തന്നെ ബോധ്യമായതാണ്. അദ്ദേഹം കിഫ്ബിയെ മനപ്പൂര്‍വ്വം ട്രോളി വിളിച്ചിരുന്നതാണ് കിംഭി എന്ന്.
CONTENT HIGH LIGHTS; People will ‘troll’ the ‘toll’ collection: Is ‘Kimbhi’ aka ‘Kifbi’ a trick to cheat the people?; Isaac’s foresight was immense; And the Labor Party government to collect on AI technology