വാളയാറിലെ പട്ടികജാതി കുടുംബത്തിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയാവുന്ന രണ്ടു കുരുന്നുകള്‍ ഇന്ന് ഭൂമിയില്‍ ഇല്ല. ജീവിച്ചിരിക്കുന്നവര്‍ പറയുന്നത് ശരിയോ തെറ്റോ എന്നു പോലും വിശ്വസിക്കാനാവുന്നുമില്ല. ക്രൂരമായ ശാരീരിക പീഡനങ്ങളും ലൈംഗിക വൈകൃതങ്ങളും ഏറ്റ കുഞ്ഞു ശരീരങ്ങള്‍ 2017 ജനുവരി 13നും മാര്‍ച്ച് 4നും വീട്ടിലെ ഉത്തരത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 13 വയസ്സുള്ള കുട്ടിയാണ് ആദ്യം മരിക്കുന്നത്. അതായത്, എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടി. തൂങ്ങി മരണത്തെ കുറിച്ചോ, ആത്മഹത്യയെ കുറിച്ചോ ചിന്തിക്കാന്‍ പോലും പ്രായമാകാത്ത സമയം. എന്നാല്‍, ലൈംഗീകമായി ഉപയോഗിക്കപ്പെട്ടിരിക്കുന്നു.
സമാന തീരിയിലാണ് രണ്ടാമത്തെ കുഞ്ഞും മരിക്കുന്നത്. അതും 9 വയസ്സുള്ള കുട്ടി. ജനിച്ച് 9 വര്‍ഷം മാത്രം ഭൂമിയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ആ കുട്ടിയുടെയും മരണം ദുരൂഹമായപ്പോഴാണ് കേരള മനസ്സ് ഉണര്‍ന്നത്. പെണ്‍കുഞ്ഞുങ്ങളുടെ ആത്മഹത്യയ്ക്കു കാരണക്കാരെന്ന് കണ്ടെത്തിയ പ്രതികളെ ശിക്ഷിച്ചെങ്കിലും, അതേകോടതി തന്നെ അവരെയെല്ലാം വെറുതേ വിടുകയും ചെയ്തു. പ്രതികളെ വെറുതേ വിട്ടപ്പോള്‍ മലയാളികള്‍ക്ക് കോടതിയോടും സമൂഹത്തോടും വെറുപ്പാണുണ്ടായത്. എന്നാല്‍, എന്തുകൊണ്ടാണ് ആ പ്രതികള്‍ സ്വതന്ത്രരായതെന്ന് ഇപ്പോള്‍ വെളിവാകുകയാണ്. അതും സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നതോടെ.
സി.ബി.ഐ അന്വേഷണത്തില്‍ പ്രതികളെല്ലാം പ്രതികളല്ലാതാവുകയും, വാദികള്‍ പ്രതികളാവുകയും ചെയ്യുകയായിരുന്നു. അതായത്, വാളയാറിലെ സഹോദരിമാരുടെ മാതാപിതാക്കളാണ് പ്രതിപ്പട്ടികയില്‍ ഇടംപിടിച്ചത്. സി.ബി.ഐയുടെ കുറ്റപത്രം കഴിഞ്ഞയാഴ്ചയാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന് മാതാപിതാക്കള്‍ പ്രതികള്‍ക്ക് കൂട്ടു നിന്നുവെന്നാണ്. വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ഒന്നാം പ്രതിയുടെ ലൈംഗിക പീഡനത്തിനിരയായത് അമ്മയുടെയും അച്ഛന്റെയും മനഃപൂര്‍വ്വമായ അനാസ്ഥ മൂലമാണെന്ന നിഗമനത്തോടെയാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
വാളയാറിലെ 13 വയസ്സുള്ള പെണ്‍കുട്ടിയെ 2017 ജനുവരി 13നും 9 വയസ്സുള്ള സഹോദരിയെ അതേ വര്‍ഷം മാര്‍ച്ച് 4നുമാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍, ഇരുവരും വര്‍ഷങ്ങളായി ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ മുന്നില്‍ വച്ച് അമ്മ ഒന്നാം പ്രതിയായ ആളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. മൂത്തമകളെ ഒന്നാം പ്രതി ബലാത്സംഗം ചെയ്ത വിവരം അമ്മയ്ക്ക് അറിയാമയിരുന്നു എന്നും കുറ്റപത്രത്തില്‍ പറയുന്നു. അവധി ദിവസങ്ങളില്‍ പ്രതിയെ വീട്ടിലേക്ക് ക്ഷണിച്ച് മദ്യം നല്‍കി സന്തോഷിപ്പിക്കുകയും ചെയ്യുമായിരുന്നു. 2016 ഏപ്രിലില്‍, ഒന്നാം പ്രതി മൂത്തമകളെ പീഡിപ്പിക്കുന്നത് നേരില്‍ കണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പിന്നീട് രണ്ടാഴ്ചയ്ക്ക് ശേഷം രണ്ടാമത്തെ കുട്ടിയെ ഒന്നാം പ്രതി പീഡിപ്പിക്കുന്നത് അച്ഛന്‍ കണ്ടതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നിട്ടും മാതാപിതാക്കള്‍ കേസിനെ മറച്ചുവെക്കുകയും, ഇളയ കുട്ടിയെ പതിവായി പ്രതിയുടെ വീട്ടിലേക്ക് അയക്കുകയും ചെയ്തുവെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. സഹോദരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി തന്നെ ഇളയ പെണ്‍കുട്ടിയെയും അതേ വിധം ഉപദ്രവിച്ചതായി സി.ബി.ഐ. കുറ്റപത്രത്തില്‍ പറയുന്നു. മൂത്ത മകളെ ഒന്നാം പ്രതി പീഡിപ്പിച്ചുവെന്ന് അറിഞ്ഞിട്ടും ഇളയ മകളേയും ഇതേ പ്രതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് അമ്മ കൂട്ടുനിന്നു. പ്രതി മദ്യവുമായി വീട്ടില്‍ വരുന്നത് അമ്മ പ്രോത്സാഹിപ്പിച്ചു.
ഇവരുടെ ഭര്‍ത്താവും ഇതിന് കൂട്ടുനിന്നിരുന്നു എന്നാണ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സി.ബി.ഐ പറയുന്നത്. 2016 ഏപ്രിലില്‍ ഇളയ മകളെ ഒന്നാം പ്രതി ലൈംഗിക ചൂഷണം ചെയ്യുന്നതിന് അമ്മ സാക്ഷ്യം വഹിച്ചിട്ടും, രണ്ടാഴ്ചയ്ക്ക് പിന്നാലെ അച്ഛനും ഇതേ കാഴ്ച കണ്ടിട്ടും മൂത്ത മകളെ ഇതേ പ്രതി ലൈംഗിക ചൂഷണം ചെയ്ത കാര്യം മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചില്ല. മാത്രമല്ല പ്രതിയുമായി സൗഹൃദം തുടരുകയും ചെയ്തുവെന്നാണ്. മൂത്ത മകള്‍ മരിച്ചിട്ട് പോലും ഇളയ മകളെ പ്രതിയുടെ വീട്ടിലേക്ക് ദമ്പതികള്‍ പറഞ്ഞയച്ചതും വാദി പ്രതിയാകാന്‍ കാരണമായി. ചേച്ചിക്ക് സംഭവിച്ചതെല്ലാം ഇളയകുട്ടിക്കും അറിയാമായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
വാളയാര്‍ കേസില്‍ വിചാരണക്കോടതി പ്രതികളെയെല്ലാം വെറുതെ വിട്ടതിനെ തുടര്‍ന്നാണ് കേസ് സി.ബി.ഐയിലേക്ക് എത്തുന്നത്. മക്കള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി പെണ്‍കുട്ടികളുടെ അമ്മ വലിയ പ്രതിഷേധമാണ് നടത്തിയത്. നീതി വൈകുന്നതില്‍ പ്രതിഷേധിച്ച് ഇവര്‍ തല മൊട്ടയടിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇവര്‍ പ്രതിഷേധമെന്ന നിലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചു. ‘ഫ്രോക്ക്’ ചിഹ്നത്തിലാണ് മത്സരിച്ചത്. ഈ ചിഹ്നം തെരഞ്ഞെടുത്തതും വലിയ വിവാദമായിരുന്നു. 2021ല്‍ കേസ് വീണ്ടും അന്വേഷിക്കാന്‍ സി.ബി.ഐ. വന്നപ്പോള്‍, പ്രതികള്‍ക്കെതിരെ ആറു കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ മാതാപിതാക്കളെയും പ്രതികളാക്കിയുള്ള പുതിയ കുറ്റപത്രമാണ് കോടചതിക്കു മുമ്പില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
സി.ബി.ഐയുടെ ഈ കണ്ടെത്തലുകള്‍ വലിയ രീതിയിലുള്ള ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. ശരിയും തെറ്റും തിരിച്ചറിയാനാവാത്ത വിധം കുഴഞ്ഞു മറിഞ്ഞതു പോലെ. ആത്മഹത്യ ചെയ്ത കുഞ്ഞുങ്ങളുടെ ആത്മഹത്യയ്ക്കു പിന്നിലെ ദുരൂഹത കണ്ടെത്തുമ്പോള്‍, അതില്‍ പ്രധാനപ്രതികളോ, അല്ലെങ്കില്‍ പ്രതികളെ സഹായിക്കുകയോ ചെയ്ത റോളില്‍ മാതാപിതാക്കള്‍ നില്‍ക്കുന്നു. വാളയാര്‍ കേസില്‍ മാതാപിതാക്കളെ പ്രതിയാക്കിയത് കേരളത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴി തെളിക്കും എന്നതിര്‍ തര്‍ക്കമില്ല. കേസിന്റെ വിചാരണ ഉടന്‍ ആരംഭിക്കാനിരിക്കെ സി.ബി.ഐയുടെ കണ്ടെത്തലുകള്‍ പൂര്‍ണ്ണമായി തള്ളിക്കളാനുമാവില്ല.
കാരണം, വിചാരണ കോടതി പ്രതികളെ നേരത്തെ വെറുതേ വിട്ടിരുന്നു. ഇതേ കേസിലെ അന്വേഷണത്തിനൊടുവില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണെങ്കില്‍ മാതാപിതാക്കള്‍ പ്രതികളായിരിക്കുകയും ചെയ്യുന്നു. എന്താണ് തങ്ങളുടെ മരണത്തിന് കാരണമായ സംഭവങ്ങളെന്ന് അറിയാവുന്ന കുഞ്ഞുങ്ങള്‍ ഇന്നില്ല. പക്ഷെ, അവരെപ്പോലെ തന്നെ സംഭവം അറിയാവുന്നവരാണ് പ്രതികളും, മാതാപിതാക്കളും. അവരില്‍ ആരാണ് യഥാര്‍ഥ കുറ്റവാളികളെന്ന് കോടതി തീരുമാനിക്കും വരെ കാത്തിരിക്കാം.
CONTENT HIGH LIGHTS;Children saw mother and 1st accused having sex: CBI chargesheet against parents in Walayar case; abusive relationship between accused and parents; what is the truth