Investigation

DYFI നേതാവ് ഇന്റര്‍വ്യൂ ബോര്‍ഡില്‍: കേരളാ യൂണിവേഴ്‌സിറ്റി നടത്തിയ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ റാങ്ക് പട്ടിക ഹൈക്കോടതി റദ്ദാക്കി; യു.ജി.സി ചട്ടങ്ങള്‍ ലംഘിച്ചുള്ള സെലക്ഷന്‍ കമ്മിറ്റിയെന്ന് കോടതി; പട്ടിക ചട്ടവിരുദ്ധമെന്ന വൈസ് ചാന്‍സിലര്‍

കേരള സര്‍വകലാശാലയില്‍ പുതുതായി ആരംഭിച്ചിരിക്കുന്ന നാലുവര്‍ഷ ബിരുദ കോഴ്‌സില്‍ പഠിപ്പിക്കാന്‍ ഗസ്റ്റ് അധ്യാപകരെ(അസിസ്റ്റന്റ് പ്രൊഫസര്‍) തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ ബോര്‍ഡില്‍ സിന്‍ഡിക്കേറ്റ് സ്റ്റാഫ്കമ്മിറ്റി കണ്‍വീനറും ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ ജെ.എസ്. ഷിജുഖാന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റാങ്ക് പട്ടിക ഹൈക്കോടതി ജസ്റ്റിസ് N. നഗരേഷ് റദ്ദാക്കി. ഇന്റര്‍വ്യൂ കമ്മിറ്റി ചെയര്‍മാനായി വി.സി നിര്‍ദ്ദേശിച്ച സീനിയര്‍ വനിതാ പ്രൊഫസറെ ഒഴിവാക്കിയാണ് സിന്‍ഡിക്കേറ്റ് ഷിജുഖാനെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ നിയോഗിച്ചത്.

യുജിസി നിബന്ധന പ്രകാരം വൈസ് ചാന്‍സിലറോ, സീനിയര്‍ പ്രൊഫസര്‍ പദവിയിലുള്ള, വി.സി ചുമതലപ്പെടുത്തുന്നഅദ്ധ്യാപകനോ ആയിരിക്കണം ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ചെയര്‍മാന്‍. സ്ഥിരം അധ്യാപക നിയമനത്തിനുള്ള എല്ലാ വ്യവസ്ഥകളും യോഗ്യതകളും ഗസ്റ്റ് നിയമനങ്ങളിലും പാലിക്കണമെന്ന് യു.ജി.സി വ്യവസ്ഥ ചെയ്തിട്ടുമുണ്ട്. മുന്‍കാലങ്ങളില്‍ വി.സിയ്ക്ക് പകരം പി.വി.സിയാണ് ഗസ്റ്റ് അധ്യാപക ഇന്റര്‍വ്യൂ ബോര്‍ഡില്‍ അധ്യക്ഷനാവുക. എന്നാല്‍ ഇപ്പോള്‍ പി.വി.സി പദവി ഒഴിഞ്ഞു കിടക്കുന്നതു കൊണ്ട് വി.സിയോ വി.സി ചുമതലപ്പെടുത്തുന്ന സീനിയര്‍ പ്രൊഫസറോ ആയിരിക്കണം ചെയര്‍മാന്‍ എന്നതാണ് വ്യവസ്ഥ.

സംസ്ഥാനത്തെ മറ്റു സര്‍വ്വകലാശാലകളില്‍ ഈ വ്യവസ്ഥ പ്രകാരം അധ്യക്ഷം വഹിക്കുന്ന രീതി പിന്തുടരുമ്പോഴാണ് കേരള സര്‍വകലാശാലയില്‍ ഡി.വൈ.എഫ്.ഐ നേതാവിനെ സെലക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനാക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. അനധ്യാപകരായ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഇന്റര്‍വ്യൂബോര്‍ഡില്‍ പങ്കെടുക്കുന്നത് യു.ജി.സി വിലക്കിയിട്ടുണ്ട്. യാതൊരു അധ്യാപന പരിചയവുമില്ലാത്ത ഒരാള്‍ അധ്യാപകരുടെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടാകുന്നത് യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണ്. ക്രിമിനല്‍ കേസുകളില്‍ അടക്കം പ്രതിയായ ഷിജുഖാനെ വിദ്യാഭ്യാസ വിദഗ്ധന്‍ എന്ന നിലയിലാണ് സര്‍ക്കാര്‍ ‘കേരള’ സിന്‍ഡിക്കേറ്റിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്തത്.

രാഷ്ട്രീയം മറയാക്കി അധ്യാപകരെ നിയമിക്കുന്നതിനുള്ള ആസൂത്രിതമായ നീക്കമാണ് ഇതിന് പിന്നിലെന്നും UGC ചട്ടങ്ങള്‍ക്ക് വിരുദ്ധമായ ഇന്റര്‍വ്യൂ തടയണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി നേരത്തെ നിവേദനം നല്‍കിയിരുന്നു. സിന്‍ഡിക്കേറ്റ്, റാങ്ക് പട്ടിക അംഗീകരിച്ചുവെങ്കിലും യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്നുചൂണ്ടിക്കാട്ടി വി.സി ഗവര്‍ണരുടെ അനുമതി തേടിയിരിക്കുകയാണ് ഇപ്പോള്‍. ഈ സാഹചര്യത്തിലാണ് പട്ടിക റദ്ദാക്കികൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്.

ഗസ്റ്റ് അധ്യാപക നിയമനത്തിന് 500 ഓളം പേരാണ് അപേക്ഷകരായുണ്ടായിരുന്നത്. നിയമിക്കപ്പെടുന്നവര്‍ക്ക് നാലു വര്‍ഷ ബിരുദ കോഴ്‌സിന്റെ നിലവിലെ ബാച്ച് പൂര്‍ത്തിയാകുന്നത് വരെ തുടരാനാവും. ഗസ്റ്റ് അധ്യാപന പരിചയം ഭാവിയില്‍ റെഗുലര്‍ നിയമനത്തിനുള്ള മുന്‍പരിചയമായി കണക്കിലെടുക്കാനുമാവും. ഇപ്പോള്‍ 16 ഒഴിവുകളിലേക്കാണ് നിയമനമെങ്കിലും നാല് വര്‍ഷത്തിനുള്ളില്‍ 50 ഓളം പേരെ സര്‍വ്വകലാശാലയില്‍ നിയമിക്കേണ്ടിവരും. 75,000 വരെ പ്രതിമാസം ശമ്പളമായി ലഭിക്കുകയും ചെയ്യും. കേരള സര്‍വകലാശാല ക്യാമ്പസില്‍ നേരിട്ട് നടത്തുന്ന ബിരുദ കോഴ്‌സിന്റെ പരീക്ഷാ നടത്തിപ്പിന്റെയും,

ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിന്റെയും, ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നതിന്റെയും, മൂല്യനിര്‍ണയത്തിന്റെയും പൂര്‍ണ്ണ ചുമതല പുതുതായി നിയമിക്കപ്പെടുന്ന അധ്യാപകര്‍ക്കാണ്. അതുകൊണ്ട് തങ്ങള്‍ക്ക് സ്വാധീനമുള്ളവരെ അധ്യാപകരായി നിയമിക്കുക എന്ന ലക്ഷ്യമാണ് ഡി. വൈ.എഫ്.ഐ നേതാവിനെ ഇന്റര്‍വ്യൂ കമ്മിറ്റിയുടെ ചെയര്‍മാനായി നിയമിച്ചതിനു പിന്നിലെന്നാണ് സൂചന. യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി അധ്യാപക സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് തയ്യാറാക്കിയ റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്

സിന്‍ഡിക്കേറ്റ് അംഗം പി.എസ്. ഗോപകുമാര്‍ ഫയല്‍ ചെയ്ത ഹര്‍ജ്ജിയിലാണ് കോടതി ഉത്തരവ്. UGC ചട്ടപ്രകാരം പുതിയ സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് വീണ്ടും ഇന്റര്‍വ്യൂ നടത്തി റാങ്ക് പട്ടികതയ്യാറാക്കാമെന്നും ഉത്തരവില്‍ പറയുന്നു. യൂണിവേഴ്‌സിറ്റി യൂണിയനെ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റെടുക്കാന്‍ വൈസ് ചാന്‍സിലര്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് എസ്.എഫ്.ഐ യൂണിവേഴ്‌സിറ്റി സെന്ററില്‍ അനിശ്ചിതകാല സമരം നടത്തുകയാണ്. ഇതിനിടയിലാണ് കോടതി വിധി പ്രതികൂലമായി വന്നിരിക്കുന്നത്.

നിരവധി ആരോപണങ്ങള്‍ വൈസ് ചാന്‍സലര്‍ക്കെതിരെ എസ്എഫ്‌ഐ ഉന്നയിക്കുന്നുണ്ട്. സമര പന്തല്‍ പൊളിച്ചു മാറ്റാന്‍ വി.സി നിര്‍ദ്ദേശം നല്‍കിയെങ്കിലും നടപടി ഒന്നുമുണ്ടായില്ല. ക്രമസമാധാന പ്രശ്‌നം പറഞ്ഞ് പോലീസും കൈമലര്‍ത്തി. ഇത് വി.സിയെ ചൊടിപ്പിച്ചു. കഴിഞ്ഞ ദിവസം ചേരാനിരുന്ന സിന്‍ഡിക്കേറ്റ് യോഗം അവസാന നിമിഷം മാറ്റിവച്ചത് വി.സിയുടെ ഈ അതൃപ്തി മൂലമാണ്. ചാന്‍സലറായ പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ രാജ്ഭവനില്‍ എത്തി നേരില്‍ കണ്ട വിസി കാര്യകാരണ സഹിതം വിഷയം വിവരിച്ചു.

ചരിത്രത്തില്‍ ആദ്യമായി കാമ്പസിനുള്ളില്‍ ഉയര്‍ന്ന സമരപ്പന്തല്‍ സര്‍വകലാശാലയുടെ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്നതാണെന്ന് വിസി അറിയിച്ചു. ഇത്തരം പ്രവണതകള്‍ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ ചാന്‍സലര്‍ വിസിക്ക് പിന്തുണയും ഉറപ്പ് നല്‍കി. അതിന്റെ ആദ്യപടി എന്നോണം ചാന്‍സലറുടെ നിര്‍ദ്ദേശപ്രകാരം ഫെബ്രുവരി നാലിന് നടത്താന്‍ ഇരുന്ന സെനറ്റ് യോഗം മാറ്റിവക്കുകയായിരുന്നു. സിന്‍ഡിക്കേറ്റ് യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ പ്രകാരമാണ് സെനറ്റ് നടക്കേണ്ടത്.

എന്നാല്‍ കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗം നടക്കാതിരുന്നതിനാല്‍ സെനറ്റ് റദ്ദാക്കി എന്നാണ് വി സി യുടെ വിശദീകരണം. ഇനി ചേരുന്ന സെനറ്റ് യോഗത്തില്‍ ഗവര്‍ണര്‍ നേരില്‍ പങ്കെടുക്കുമെന്നും വിസിയെ അറിയിച്ചു. തനിക്ക് കൂടി പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ തീയതി ക്രമീകരിക്കാനും ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി. വരാനിരിക്കുന്ന സെനറ്റ് യോഗത്തില്‍ ചാന്‍സിലറായ ഗവര്‍ണര്‍ എടുക്കുന്ന തീരുമാനം എന്താകുമെന്നാണ് കാണേണ്ടത്.

CONTENT HIGH LIGHTS; DYFI leader in interview board: HC quashes rank list of assistant professors conducted by Kerala University; High Court says selection committee violated UGC rules; Vice-Chancellor that the list is illegal

Latest News