Investigation

“പൊളിഞ്ഞു പാളീസ്” ആയ പണിമുടക്ക് സമരത്തില്‍ KSRTCക്ക് നഷ്ടം എത്ര ?: അന്നേ ദിവസത്തെ വരുമാനക്കണക്ക് പുറത്തുവരുമ്പോള്‍ പൊളിഞ്ഞു പാളീസാകുന്നത് ആരുടെ നുണ; ശമ്പളം കിട്ടാന്‍ ജീവനക്കാര്‍ ഇനി എത്രനാള്‍ കാത്തിരിക്കണം; എന്താണ് സത്യം ? (എക്‌സക്ലൂസിവ്)

ഈ മാസം നാലിന് KSRTCയില്‍ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്ക് സമരം ചെയ്തിരുന്നു. വെന്റിലേറ്ററില്‍ കിടക്കുന്ന രോഗിയുടെ ഓക്‌സിജന്‍ മാസ്‌ക്ക് ഊരിമാറ്റുന്നതിനു തുല്യമാണ് KSRTCയിലെ ഇപ്പോഴത്തെ പണിമുടക്ക് സമരം. എണ്ണിച്ചുട്ട അപ്പംപോലെ കിട്ടുന്ന ഓരോ രൂപയും വിലയേറിയ കാലഘട്ടമാണെന്ന് ബോധവും ബോധ്യവും ഉണ്ടായിരുന്നിട്ടും ഇങ്ങനെയൊരു പണിമുടക്കിലേക്ക് നീങ്ങാനുണ്ടായ സാഹചര്യം മറ്റൊന്നല്ല. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കുക, ശമ്പളം കൃത്യസമയത്ത് നല്‍കുക തുടങ്ങിയ നീണ്ടകാലത്തെ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ സമരം.

എന്നാല്‍, പണിമുടക്ക് സമരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ എം.ഡിയുമായി നടത്തിയ ചര്‍ച്ചയെല്ലാം പരാജയപ്പെട്ടതോടെ ടി.ഡി.എഫ് പണിമുടക്ക് നടത്തി. തുടങ്ങിയാല്‍ വിജയിപ്പിക്കേണ്ട ഉത്തരവാദിത്വമുള്ള സമരക്കാര്‍ പത്തനാപുരം ഡിപ്പോയിലെ എട്ട് ബസുകളുടെ വയറുകളെല്ലാം മുറിച്ചിട്ടു. പണിമുടക്ക് സമരം പരാജയപ്പെടുത്താന്‍ ജോലിക്കെത്തുന്നവര്‍ക്ക് ബസ് പണിമുടക്കിയാല്‍ സര്‍വ്വീസ് നടത്താനാവരുത് എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍, പണിമുടക്കിയവരെ ഞെട്ടിച്ചുകൊണ്ട് KSRTCയില്‍ 90 ശതമാനം സര്‍വ്വീസും ഓപ്പറേറ്റ് ചെയ്താണ് വകുപ്പുമന്ത്രി കെ.ബി. ഗണേഷ്‌കുമാറും സി.ഐ.ടി.യു സംഘടനയും തിരിച്ചടിച്ചത്.

സമരക്കാരെ പരിഹസിച്ചുകൊണ്ട് മന്ത്രിതന്നെ പ്രസ്താവനയും നടത്തി. സമരം ‘പൊളിഞ്ഞു പാളീസായി’ എന്നായിരുന്നു പരിഹാസം. സമരവും പൊളിഞ്ഞു, സര്‍വ്വീസും വിജയിച്ചെങ്കില്‍ പണിമുടക്കു ദിവസത്തെ വരുമാനം എത്രയാണെന്ന് മന്ത്രി പറയേണ്ടതല്ലേ. പക്ഷെ, അതുമാത്രം പറഞ്ഞില്ല. മാത്രമല്ല, KSRTC ജീവനക്കാര്‍ക്ക് ഇതുവരെ ശമ്പളവും കൊടുത്തിട്ടില്ല. പണിമുടക്ക് പൊളിഞ്ഞു പാളീസായെങ്കില്‍ അന്നേ ദിവസം KSRTCക്ക് ഒരു രൂപയെങ്കിലും ലാഭമുണ്ടായിരിക്കണം. അങ്ങനെ സംഭവിച്ചില്ലെങ്കിലും നഷ്ടം ഉണ്ടാകാന്‍ പാടില്ല. ശമ്പളവും കിട്ടണമായിരുന്നു. എന്നാല്‍, നാലാം തീയതി പണിമുടക്കും കഴിഞ്ഞ് എട്ടുദിവസം പിന്നിട്ടിട്ടും ജീവനക്കാര്‍ക്ക് ശമ്പളം ഇതുവരെ കിട്ടിയിട്ടില്ല എന്നതാണ് വസ്തുത.

ശമ്പളം എന്ന് നല്‍കും എന്നും പറയാന്‍ തയ്യാറാകുന്നില്ല. മാത്രമല്ല, പണിമുടക്ക് നടന്ന ദിവസത്തെ വരുമാനം ലാഭമാണോ നഷ്ടമാണോ അതോ ലാഭ-നഷ്ടങ്ങളില്ലാതെ പോയോ എന്നൊന്നും വ്യക്തമാക്കിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് പണിമുടക്കു കൊണ്ട് KSRTCക്കുണ്ടായ ഇംപാക്ടിനെ കുറിച്ച് അന്വേഷിച്ചത്. പണിമുടക്ക് ദിവസം KSRTCയുടെ അരക്കോടി രൂപയ്ക്കു മുകളിലാണ്. ശരിക്കും പറഞ്ഞാല്‍ 68 ലക്ഷംരൂപ. പണിമുടക്ക് ദിവസത്തെ വരുമാനം 6 കോടി 4ലക്ഷം രൂപയായിരുന്നു. അതേസമയം ജനുവരി 28ന് ഇതേ ദിവസത്തെ വരുമാനം 6 കോടി 72 ലക്ഷവും.

ഫെബ്രുവരി 4 ചൊവ്വാഴ്ചയാണ് പണിമുടക്ക് നടന്നത്. അതായത്, ഞായറാഴ്ച(2-ാംതീയതി) കഴിഞ്ഞുള്ള ദിവസത്തില്‍ (തിങ്കളാഴ്ച) കളക്ഷന്‍ കൂടുതലായിരിക്കും. അതിനു ശേഷമുള്ള ദിവസം(ചൊവ്വാഴ്ച) കളക്ഷന്‍ സാധാരണ രീതിയിലാകും. ജനുവരി 28 ചൊവ്വാഴ്ച ലഭിച്ച കളക്ഷനും പണിമുടക്ക് ദിവസത്തെ ചൊവ്വാഴ്ച ലഭിച്ച കളക്ഷനും താരതമ്യം ചെയ്യുമ്പോള്‍ സാധാരണ രീതിയില്‍ കളക്ഷന്‍ ലഭിക്കുന്ന ദിവസത്തെ വ്യത്യാസം മനസ്സിലാകും. അതായത് 68 ലക്ഷംരൂപയുടെ കുറവുണ്ടായിരിക്കുന്നു. ഇത് ചെറിയ കുറവല്ല. KSRTCയെ സംബന്ധിച്ചിടത്തോളം വളരെ വലിയ നഷ്ടം തന്നെയാണ്. ഓരോ ദിവസം വരുമാനം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ ലക്ഷങ്ങള്‍ നഷ്ടം വരുന്നത് മാനേജ്‌മെന്റിന് താങ്ങാനാവില്ല.

അപ്പോള്‍, വരുമാന നഷ്ടം സംഭവിക്കുകയും, ജീവനക്കാര്‍ക്ക് ശമ്പളം ഇതുവരെ കിട്ടാതിരിക്കുകയും ചെയ്യുമ്പോള്‍ പണിമുടക്ക് വിജയിച്ചോ അതോ പരാജയപ്പെട്ടോ എന്നതാണ് ചോദ്യം. മരിക്കുന്നതിനു മുമ്പ് ശമ്പളം വാങ്ങിയിട്ട് മരിക്കാമെന്ന സ്ഥിതിയിലേക്ക് KSRTC ജീവനക്കാരുടെ ആരോഗ്യസ്ഥിതി മാറിക്കഴിഞ്ഞിട്ടുണ്ട്. അതാണ് കഴിഞ്ഞ ദിവസം കട്ടപ്പനയിലെ ഡ്രൈവറുടെ മരണം കാണിച്ചു തരുന്നത്. ഹൃദയശസ്ത്രക്രീയ കഴിഞ്ഞിട്ടും, മരുന്നുവാങ്ങാന്‍ പണമില്ലാതെ ശമ്പളം വരുന്നതും കാത്തു കിടക്കുമ്പോഴാണ് മണികണ്ഠനെ മരണം കൊണ്ടുപോയത്. ഇതിനേക്കാള്‍ വിഷമസന്ധി വേറെന്താണ്.

അതേസമയം, പണിമുടക്ക് KSRTCയെ വല്ലാതെ ബാധിച്ചില്ല എന്ന വസ്തുതയും മറച്ചു വെക്കാനാവില്ല. കാരണം, പണിമുടക്കിനെ നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കുകയും, സ്വിഫ്റ്റ് സര്‍വ്വീസുകള്‍ പൂര്‍ണ്ണാമായി ഉപയോഗിക്കുകയും, ബദലിക്കാര്‍ക്ക് ലീവ് നല്‍കാതെയും, സി.ഐ.ടി.യുവിന്റെ പിന്തുണയോടെയും സര്‍വ്വീസുകള്‍ 90 ശതമാനം ലൈവാക്കി. അങ്ങനെയാണ് പണിമുടക്ക് ദിവസത്തെ വരുമാനം 6 കോടി 4 ലക്ഷത്തില്‍ എത്തിച്ചത്. മറ്റൊന്ന്, കളക്ഷന്‍ കൂടുതല്‍ കിട്ടുന്ന ദിവസത്തില്‍ അല്ല പണിമുടക്കുകാര്‍ സമരം നടത്തിയതെന്നതാണ് പ്രത്യേകത. സാധാരണ കളക്ഷന്‍ കിട്ടുന്ന ദിവസം നോക്കിയായാരുന്നു സമരം. ഇങ്ങനെ പരസ്പര സഹായത്തോടു കൂടിയും സഹകരണത്തോടു കൂടിയും സമരം ചെയ്തും സമരം പൊളിച്ചുമൊക്കെ ഭരണ-പ്രതിപക്ഷ സംഘടനകളും KSRTCയും സര്‍ക്കാരും പറ്റിക്കുന്നത് ജനങ്ങളെയാണ്.

CONTENT HIGH LIGHTS; How much did KSRTC lose in the “collapsed” strike?: Whose lie is collapsing when the day’s revenue figure comes out; How long do you have to wait to get your salary? What is the truth? (Exclusive)

Latest News