Investigation

“ഞങ്ങള്‍ക്കു ശ്വാസം മുട്ടുന്നു, ഞങ്ങളെ കൊല്ലരുതേ”..!!: ഉള്ളില്‍ പേടിയോടെ പുറമേ ചിരിക്കുന്ന KSRTC ജീവനക്കാരുടെ നിസ്സഹായത കാണുമോ സര്‍ക്കാരേ ?; ഒറ്റയാള്‍ സമരത്തിന്റെ പൊരുള്‍ തേടുമ്പോള്‍ ? (സ്‌പെഷ്യല്‍ സ്റ്റോറി)

‘സമയാമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയ്യുന്നു’ വയലാര്‍ രാമവര്‍മ്മയുടെ വരികള്‍ ഇന്ന് ക്രിസ്തീയ വിശ്വാസികളുടെ ശവമഞ്ചം എടുക്കുമ്പോള്‍ പാടുന്ന വിലാപയാത്രാ ഗാനമാണ്. ഇതു തന്നെയാണ് ഓരോ KSRTC ജീവനക്കാരനും ഡ്യൂട്ടി വേളയില്‍ മനസ്സില്‍ പാടുന്നതും. ഇത് പറയുന്നത്, ഒട്ടും സന്തോഷത്തോടെയല്ല, മറിച്ച് അവര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും നേരിട്ട് മനസ്സിലാക്കിയതു കൊണ്ടാണ്. കാലങ്ങളായി ജോലി ചെയ്യുന്ന ജീവനക്കാരെല്ലാം ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ രോഗികളായി മാറിയിട്ടുണ്ട്. കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ട് മരുന്നിനു പോലും തികയാത്ത ജീവിത സാഹചര്യത്തിലൂടെയാണ് അവരുടെ സ്വര്‍ഗയാത്ര.

ഇന്നു കണ്ടവര്‍ നാളെ ഇല്ലെന്ന സത്യം ജീവനക്കാര്‍ ഏറെ വിഷണത്തോടെയാണ് പങ്കുവെയ്ക്കുന്നത്. സുല്‍ത്താന്‍ ബത്തേരിയിലെ ഒരു ജീവനക്കാരന്റെ വാക്കുകളില്‍ അത് പ്രകടവുമാണ്. ‘കട്ടപ്പന ഡിപ്പോയിലെ ഡ്രൈവര്‍ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഒരാഴ്ചയായി മരുന്നു വാങ്ങാന്‍ പൈസയില്ലാതെ കഴിയിയുകയായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ലീവിലായിരുന്ന അദ്ദേഹത്തെ ഡ്യൂട്ടിക്ക് വിളിച്ചപ്പോള്‍ കൈയ്യില്‍ മരുന്നു മേടിക്കാന്‍ പോലും പൈസയില്ല ഒരാഴ്ചയായി മരുന്നു കഴിച്ചിട്ടെന്നുമാണ് പറഞ്ഞത്.’ ഇതു പറയുമ്പോള്‍ ഫോണിന്റെ മറുതലയ്ക്കല്‍ ശബ്ദം ഇടറി തൊണ്ടയില്‍ കുരുങ്ങിപ്പോകുന്നത് അറിയാമായിരുന്നു.

ഇതാണ് യഥാര്‍ഥ KSRTC ജീവനക്കാരന്റെ അവസ്ഥ. KSRTCയില്‍ ജോലി ചെയ്യുന്നത് ഒരു കണക്കിനു നോക്കിയാല്‍ എല്ലാവരും മരിച്ചുപോയ മണികണ്ഠന്‍ എന്ന ഡ്രൈവറുടെ പ്രതിനിധികളാണ്. ഒപ്പം നടക്കുന്ന മരണത്തോടു മാത്രമാണ് ഇവര്‍ കലഹിക്കുന്നതു പോലും. രംഗബോധമില്ലാത്ത കോമാളിയെപ്പോലെ എപ്പോള്‍ വേണമെങ്കിലും മരണം എത്തുമെന്ന് പ്രതീക്ഷിക്കുമ്പോഴും ചെയ്ത ജോലിയുടെ കൂലി വാങ്ങാന്‍ കഴിയുമോ എന്ന ആശങ്കയാണ് ഓരോരുത്തരും പങ്കുവെയ്ക്കുന്നത്. 2013 മുതല്‍ ഇങ്ങോട്ട് അകാലത്തില്‍ മരണപ്പെട്ടവരുടെ കണക്കുകള്‍ ശേഖരിക്കുന്ന ഒരു KSRTC ജീവനക്കാരനുണ്ട്. അദ്ദേഹത്തിന്റെ ശേഖരത്തില്‍ ഓരോ ഡിപ്പോയിലും മരണപ്പെട്ടവരുടെ പട്ടികയുണ്ട്.

KSRTC ചീഫ് ഓഫീസില്‍ ചോദിച്ചാല്‍പ്പോലും കിട്ടാത്തത്ര രേഖകള്‍ അദ്ദേഹം സൂക്ഷിക്കുന്നത്, സര്‍ക്കാരിന് നല്‍കാനാണ്. മരണത്തിലേക്ക് വണ്ടിയോടിക്കുന്ന ഓരോ KSRTCക്കാരനും ചികിത്സ ഉറപ്പാക്കണമെന്നും, രോഗ നിര്‍ണ്ണയവും, പ്രതിവിധികളും കാണണമെന്നുമാണ് ഈ സുല്‍ത്താന്‍ ബത്തേരിക്കാരനായ ജീവനക്കാരന്റെ ആവശ്യം. 2020 മുതല്‍ 2022 വരെ ലഭ്യമനായ കണക്ക് അനുസരിച്ച് 207 പേരാണ് മരണപ്പെട്ടിരിക്കുന്നത്. 2022 മുതല്‍ 2025 വരെ 164 പേരും മരണപ്പെട്ടിട്ടുണ്ട്. ഇവരില്‍ മാനസിക സമ്മര്‍ദ്ദം താങ്ങാതെ ആത്മഹത്യ ചെയ്തവരും,

ജോലിയിലുള്ള സമ്മര്‍ദ്ദവും ശാരീരിക അസ്വാസ്ഥ്യങ്ങളും കൊണ്ട് രോഗികളായവരുമാണ്. 2010 മുതല്‍ 2020 വരെയുള്ള മരണ നിരക്ക് നോക്കിയാല്‍ ഞെട്ടിക്കുന്നതാണ്. ഏകദേശം ആയിരത്തോളം ജീവനക്കാര്‍ പത്തു വര്‍ഷത്തിനുള്ളില്‍ നാടുനീങ്ങിയിട്ടുണ്ട്. ഇവരെല്ലാം KSRTCയുടെ വളര്‍ച്ചയ്ക്കു വേണ്ടിയും, നിലനില്‍പ്പിനു വേണ്ടിയും അഹോരാത്രം പണിയെടുത്തവരാണെന്ന് മറന്നു പോകാന്‍ പാടില്ല.

കാലപ്പഴക്കം ചെന്ന ബസുകള്‍ ഓടിക്കുന്നതു മൂലമാണ് കൂടുതല്‍ പേര്‍ക്കും ഹാര്‍ട്ട്അറ്റാക്ക് ഉണ്ടാകുന്നത്. മാത്രമല്ല, എഞ്ചിന്റെയും, മറ്റും ചൂടേറ്റ് മണിക്കൂറുകള്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്നതും, ഭക്ഷണം കൃത്യസമയത്ത് കഴിക്കാനാകാത്തതും, വെള്ളം കുടിക്കുന്നത് കുറവാകുന്നതും, കാലിനും കൈയ്ക്കും വിശ്രമമില്ലാത്തതുമെല്ലാം ആരോഗ്യം ക്ഷയിക്കുന്നതിന് കാരണമാകുന്നുണ്ട്. ജീവനക്കാര്‍ മരിക്കാതിരിക്കാനുള്ള പ്രതിവിധികള്‍ KSRTC ഇനിയും നടപ്പാക്കിയിട്ടില്ല. പേരിനു മാത്രമുള്ള രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ മാത്രമാണ് നടത്തുക.

ഇതല്ല ശാശ്വതമായ പരിഹാരമെന്നാണ് ജീവനക്കാര്‍ പറയുന്നത്. ജോലി ഭാരം കുറയ്ക്കല്‍ മുതല്‍, സൗജന്യ ചിക്തിസ, രോഗ നിര്‍ണ്ണയം മുതലുള്ള സഹകരണവും സഹായവും എന്നിവ ഉണ്ടാകണം. കൃത്യമായി ശമ്പളം നല്‍കാനുള്ള വ്യവസ്ഥ ഉണ്ടാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അവരുടെ ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുകയും, കുറഞ്ഞജ് 15,000 രൂപയോളം ഒരു KSRTC ജീവനക്കാരന്റെ ശമ്പളത്തില്‍ കുറവു വന്നിട്ടുണ്ടെന്നാണ് അവരുടെ പരാതി. ജീവിത ചെലവ് വര്‍ദ്ധിച്ചിട്ടും,

സര്‍ക്കാര്‍ വിദേശ യൂണിവേഴ്‌സിറ്റികള്‍ക്ക് അനുമതി നല്‍കി ആദുനിക മുതലാളിത്ത സങ്കല്‍പ്പത്തിലേക്ക് കാലെടുത്തു വെച്ചിട്ടും KSRTC ജീവനക്കാര്‍ മാത്രം രാജഭരണകാലത്തിനും മുമ്പുള്ള വണ്ടിക്കാരനാണ്. സര്‍ക്കാര്‍ വകുപ്പുകളില്‍ ഏറ്റവും താഴേത്തട്ടിലാണ് KSRTC. എന്നാല്‍, സഞ്ചാര സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിച്ചാല്‍ KSRTC ഇല്ലാതെ പറ്റില്ലെന്നും പറയും. ഭരണാധികാരികള്‍ മനസ്സു വെയ്ക്കാതെ KSRTCയും ജീവനക്കാരും രക്ഷപ്പെടില്ല.

  • മരണമേ നിനക്കെതിരേ നിരാഹാര സമരം

ഇന്നലെ KSRTC ചീഫ് ഓപീസിനു നടയില്‍ ഒരു ഒറ്റയാള്‍ സമരം നടന്നു. സമരം നടത്തിയത്, RTC ഡ്രൈവേഴ്‌സ് സൊസൈറ്റി എന്ന സംഘടനയുടെ ന തോവാണ്. അദ്ദേഹത്തിന്റെ ആവശ്യം KSRTCയിലെ എല്ലാ സംഘടനകളുടെയും ആവശ്യങ്ങളില്‍ നിന്നും വിഭിന്നമാണ്. അതുകൊണ്ടാണ് ഈ ഒറ്റയാള്‍ സമരം ശ്രദ്ധിക്കപ്പെട്ടതും. ‘ഞങ്ങള്‍ക്കു ശ്വാസം മുട്ടുന്നു, ഞങ്ങളെ കൊല്ലരുതേ’ എന്ന തലക്കെട്ടോയെ ഒരു ബാനര്‍ കെട്ടി, അതിനു താഴെ പായ വിരിച്ച് ഒരാള്‍ കിടക്കുന്നു. മരിച്ചതു പോലെയാണ് കിടപ്പ്.

KSRTCയില്‍ ജീവനക്കാരുടെ വര്‍ദ്ധിച്ച മരണ നിരക്കില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഇന്നലെ ഓറ്റ ദിവസത്തെ നിരാഹാര സമരമായിരുന്നു അത്. പാപ്പനംകോട് ഡിപ്പോയിലെ ജീവനക്കാരന്‍ ബോബനാണ് സമരം ചെയ്തത്. എല്ലാ സംഘടനകളും ശമ്പളത്തിനു വേണ്ടിയും, ആനുകൂല്യങ്ങള്‍ നല്‍കുന്നതിനു വേണ്ടിയൊക്കെ പണിമുടക്കും, സമരങ്ങളും നടത്തുമ്പോള്‍ ഇദ്ദേഹം മാത്രം വ്യത്യസ്ത ആവശ്യമാണ് ഉന്നയിച്ച് സമരം നടത്തിയത്. അതും മരണമാണ് അദ്ദേഹത്തിന്റെ ശത്രു.

CONTENT HIGH LIGHTS; “We are suffocating, don’t kill us”..!!: Will the Govt see the helplessness of the KSRTC employees laughing outwardly with fear inside?; When seeking the struggle of a single man? (Exclusive)

Latest News