Explainers

പ്രണയവും പ്രണയ ചരിത്രവും രക്തസാക്ഷിത്വവും: ആരാണ് ഈ വാലന്റൈന്‍ ?: എന്താണ് പ്രണയ ദിനത്തിന്റെ ചരിത്രം ?

വാലന്റൈന്‍സ് ദിനം പ്രണയികളുടെ ദിനമാണ്. അന്തരീക്ഷത്തിലാകെ പ്രണയം പരന്നൊഴുകുന്ന ദിവസമാണത്. അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, പോപ്പ് ഗെലാസിയസ് ഫെബ്രുവരി 14 സെന്റ് വാലന്റൈന്‍സ് ദിനമായി പ്രഖ്യാപിച്ചുവെന്നാണ് ചരിത്രം. വാലന്റൈന്‍സ് ദിനം ആഘോഷിക്കപ്പെടുന്നത് എന്ത് കൊണ്ടാണെന്നതിന് ചരിത്രത്തിലും പുസ്തകങ്ങളിലും പല പരാമര്‍ശങ്ങളും കാണാം. ഒരു കഥ റോമിലെ പുരോഹിതനായ വിശുദ്ധ വാലന്റൈനുമായി ബന്ധപ്പെട്ടതാണ്.

  • ആരാണ് വാലന്റൈന്‍ ?

എഡി 270ലാണ് വാലന്റൈന്‍ ജീവിച്ചിരുന്നത്. അദ്ദേഹം പ്രണയത്തെ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നതായി പറയുന്നു. അത്ഭുത സിദ്ധികളുണ്ടായിരുന്നൊരു ചികിത്സകനുമാായിരുന്നുവത്രേ അദ്ദേഹം. അതേ സമയം, ക്ലൗഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തി റോമാ സാമ്രാജ്യം ഭരിക്കുന്ന കാലം. ക്രൂരനും യുദ്ധക്കൊതിയനുമായിരുന്നു ചക്രവര്‍ത്തി. ഭരണകൂടത്തിന്റെ ഔദ്യോഗിക മതമൊഴിച്ചുള്ളതെല്ലാം ചക്രവര്‍ത്തി നിരോധിച്ച് ഉത്തരവിറക്കുന്നു. ക്രിസ്തുമതത്തിന് നിരോധനമേര്‍പ്പെടുത്തുന്നു. എതിര്‍ത്തുനില്‍ക്കുന്നവരെ നിര്‍ദാക്ഷിണ്യം അരിഞ്ഞുതള്ളുന്നു. എന്നാല്‍, തികഞ്ഞ വിശ്വാസിയായിരുന്ന വാലെന്റൈന്‍ അതിരഹസ്യമായി തന്റെ ആരാധനകള്‍ തുടര്‍ന്നുപോന്നു. മാത്രമല്ല, പ്രണയബന്ധങ്ങളെ രാജാവ് ശക്തമായി എതിര്‍ത്തു.

വിവാഹിതരായി ജീവിക്കുന്ന റോമന്‍ പടയാളികളില്‍ യുദ്ധവീര്യം കുറവാണെന്നും, അവരില്‍ കുടുംബത്തോടാണ് പ്രതിപത്തി കൂടുതലെന്നും വിശ്വസിച്ചു ചക്രവര്‍ത്തി തന്റെ ജനങ്ങള്‍ വിവാഹം കഴിക്കുന്നത് വിലക്കി. വാലന്റൈന് ഇത് ഒട്ടും ഇഷ്ടപ്പെടാത്തതിനാല്‍ അദ്ദേഹം ഇതിനെതിരെ ശബ്ദമുയര്‍ത്തി പ്രതിഷേധിച്ചു. മാത്രമല്ല, റോമിലെ രാജാവിന്റെ തീരുമാനത്തിന് വിരുദ്ധമായി വാലന്റൈന്‍ നിരവധി വിവാഹങ്ങള്‍ നടത്തി കൊടുത്തു. ഇക്കാരണത്താല്‍, ജയിലില്‍ അടച്ച വാലന്റൈനെ ഫെബ്രുവരി 14 ന് തൂക്കിലേറ്റി.
അതിനുശേഷം, വാലന്റൈന്റെ സ്മരണയ്ക്കായി ഫെബ്രുവരി 14 ന് വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നുവെന്നാണ് പറയുന്നത്. എഡി 273 ഫെബ്രുവരി 14 ന് തൊണ്ണൂറ്റിയേഴാം വയസിലാണ് വാലന്റൈന്‍ രക്തസാക്ഷിത്വം കൈവരിച്ചതെന്നാണ് പറയുന്നത്.

  • ചില്ലറക്കാരനല്ല സെന്റ് വാലന്റൈന്‍ ?

വാലെന്റൈന്‍ ആഘോഷങ്ങളുടെ ചരിത്രത്തിലെ ഏറ്റവും പുരാതനമായ രേഖ, അതേ പേരിലല്ലെങ്കിലും BC 300 -ലാണ്. അത് റോമാക്കാരുടെ ഒരു ഉത്സവമായിരുന്നു. ‘ഫീസ്റ്റ് ഓഫ് ലൂപ്പര്‍കാലിയ’ എന്നായിരുന്നു അതിന്റെ പേര്. സ്വതവേ സഹൃദയരായ റോമാക്കാര്‍ വസന്തഋതുവിനെ വരവേല്‍ക്കാനായി നടത്തിയിരുന്നൊരു ആഘോഷമായിരുന്നു അത്. ചിത്രം സിനിമയില്‍ മോഹന്‍ലാല്‍ പറഞ്ഞപോലെ ‘മനോഹരമായ’ ഒരു ആചാരവുമുണ്ടായിരുന്നു അതിനുപിന്നില്‍.. എന്തെന്നോ.. ഒരു ആടിനെ ദൈവങ്ങള്‍ക്ക് ബലികൊടുക്കുക.. എന്നിട്ട് അതിന്റെ തോലുരിഞ്ഞെടുത്ത് കൂട്ടത്തിലുള്ള സ്ത്രീകളെ പ്രതീകാത്മകമായി അടിക്കുക.. അത് അവരുടെ പ്രത്യുത്പാദനശേഷി പുഷ്ടിപ്പെടുത്തുമെന്നായിരുന്നു അന്ന് പരക്കെ ഉണ്ടായിരുന്ന വിശ്വാസം.

വാലെന്റൈന്‍സ് ഡേയുടെ തുടക്കത്തില്‍ എന്തായാലും കാമുകിമാര്‍ കാത്തിരുന്നത് പനിനീര്‍പ്പൂക്കളെയോ, ചോക്കലേറ്റിനെയോ ഡയമണ്ട് ആഭരണങ്ങളെയോ അല്ലായിരുന്നു. ആട്ടിന്‍തോലുകൊണ്ടുള്ള തല്ലിനെ ആയിരുന്നു. ഉത്സവത്തില്‍ അക്രമം മാത്രമല്ല കേട്ടോ ഉണ്ടായിരുന്നത്. വേറൊരു കൗതുകം കൂടി അന്നുണ്ടായിരുന്നു. ‘ബ്ലൈന്‍ഡ് ഡേറ്റ്’. ഒരു കുട്ടയില്‍ അന്നാട്ടിലെ യുവതീയുവാക്കളുടെ പേരുകളെല്ലാം എഴുതിയിടും. എന്നിട്ട് അതില്‍ നിന്നും നറുക്കെടുത്ത് അവരെ ജോഡികളാക്കും. ആ ജോഡികള്‍ ഉത്സവത്തിന്റെ അവധിക്കാലം ഒന്നിച്ചു ചെലവിടും. അവധിക്കാലം കഴിഞ്ഞിട്ടും പരസ്പരം ആകര്‍ഷണം നിലനില്‍ക്കുന്നവര്‍ വിവാഹിതരാവും.

ഫീസ്റ്റ് ഓഫ് ലൂപ്പര്‍കാലിയ എന്ന ഉത്സവത്തിന് വാലന്റൈന്‍ എന്ന പേര് വരുന്നത് AD അഞ്ചാം നൂറ്റാണ്ടോടെയാണ്. അന്നത്തെ പോപ്പ് ഗെലാഷ്യസ് ആണ് നാട്ടില്‍ നിലവിലുണ്ടായിരുന്ന ഒരു ഉത്സവത്തെ, ക്‌ളോഡിയസ് ചക്രവര്‍ത്തി തൂക്കിലേറ്റിയ വാലെന്റൈന്‍ എന്ന രക്തസാക്ഷിയുടെ പേരില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചത്.

  • വാലന്റൈന്‍സ് ഡേ’ വന്ന വഴി ?

വാലെന്റൈന്റെ അഗാധമായ അത്ഭുതസിദ്ധികളെക്കുറിച്ച് കേട്ടറിഞ്ഞ്, റോമിലെ ജയിലര്‍, തന്റെ അന്ധയായ മകള്‍ ജൂലിയയുമൊത്ത് വാലെന്റൈന്റെ അടുത്തെത്തിയത്. അവളുടെ കാഴ്ച വീണ്ടുകിട്ടാന്‍ പ്രയാസമാണ് എന്നറിഞ്ഞിട്ടും വാലെന്റൈന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചുകൊള്ളാമെന്ന് ജയിലര്‍ക്ക് വാക്ക് നല്‍കി. കണ്ണുകളില്‍ ലേപനങ്ങള്‍ പുരട്ടി. ചികിത്സ തുടര്‍ന്നു. വാലെന്റൈന്‍ തന്റെ പാണ്ഡിത്യത്തിനും പ്രസിദ്ധനായിരുന്നു. അതറിഞ്ഞപ്പോള്‍, തന്റെ മകള്‍ക്ക് ചികിത്സയ്ക്കൊപ്പം കുറച്ച് അറിവും പകര്‍ന്നു നല്‍കാന്‍ ജയിലര്‍ വാലെന്റൈനെ നിര്‍ബന്ധിച്ചു. അതും അദ്ദേഹം സമ്മതിച്ചു. അദ്ദേഹമവളുടെ ഉള്‍ക്കണ്ണുകള്‍ക്കു മുന്നില്‍ അറിവിന്റെ പേടകങ്ങള്‍ തുറന്നു.

റോമിന്റെ ചരിത്രം മുഴുവന്‍ വാലെന്റൈന്റെ വാക്കുകളിലൂടെ അവളുടെ ഹൃദയത്തിലേക്കൊഴുകി. പ്രകൃതിയുടെ സൗന്ദര്യത്തെക്കുറിച്ച്, വാലെന്റൈന്റെ വര്‍ണ്ണനകളിലൂടെ അവളറിഞ്ഞു. അദ്ദേഹമവളെ കണക്കും, തിയോളജിയുമെല്ലാം പഠിപ്പിച്ചു. ലോകമെന്തെന്ന് വാലെന്റൈനിലൂടെ അവളറിഞ്ഞു തുടങ്ങി. അദ്ദേഹത്തില്‍ അവള്‍ ആശ്വാസം കണ്ടെത്തി. അവളുടെ ആത്മവിശ്വാസം ഇരട്ടിച്ചു. ഒരു നാള്‍ ജൂലിയ വാലന്റൈനോട് ചോദിച്ചു, ‘വാലെന്റൈന്‍.. ദൈവങ്ങള്‍ ശെരിക്കും നമ്മുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നുണ്ടോ..?’ അദ്ദേഹം പറഞ്ഞു, ‘പിന്നില്ലാതെ.. മോളേ.. ഈ ഭൂമിയില്‍ ഓരോരുത്തരുടേയും പ്രാര്‍ത്ഥനകള്‍ ദൈവം കേള്‍ക്കുന്നുണ്ട്..’

‘എന്റെ നിത്യേനയുള്ള ഒരേയൊരു പ്രാര്‍ത്ഥനയെന്തെന്ന് അങ്ങേയ്ക്കറിയുമോ..? അങ്ങയുടെ വാക്കുകളിലൂടെ ഞാന്‍ കേട്ടറിഞ്ഞ ഈ ലോകം ഒരിക്കല്‍ ഒരേയൊരു തവണ മാത്രം ഒന്ന് നേരില്‍ കാണാനായെങ്കില്‍ എന്നുമാത്രമാണത്..’ അവള്‍ പറഞ്ഞു. ‘നമുക്ക് വേണ്ടതെന്തെന്ന് ദൈവത്തിന് നിശ്ചയമുണ്ട് കുഞ്ഞേ.. വിശ്വാസം വെടിയാതെ നമ്മള്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുക.. അത്രമാത്രം.’ വാലെന്റൈന്‍ പറഞ്ഞു. ‘ഉവ്വ്.. ഞാന്‍ വിശ്വസിക്കുന്നു.. ‘എന്നും പറഞ്ഞ് അവള്‍ അദ്ദേഹത്തിന്റെ കരങ്ങള്‍ ഗ്രഹിച്ചു. അവരിരുവരും പ്രാര്‍ത്ഥനാ നിരതരായി ഇരുന്നു പിന്നെയും ഏറെ നേരം. ദിവസങ്ങള്‍ കടന്നുപോയി.. അവളുടെ കാഴ്ച മാത്രം തിരിച്ചുവന്നില്ല.

ഒരു ദിവസം റോമാ സൈനികര്‍ക്ക് വാലെന്റൈന്റെ വിശ്വാസത്തെക്കുറിച്ച് വിവരം ചോര്‍ന്നു കിട്ടി. അവര്‍ അദ്ദേഹത്തെ പിടികൂടാനായി വീട്ടിലെത്തി. അദ്ദേഹത്തിന്റെ മരുന്നുകളും വേദപുസ്തകങ്ങളുമൊക്കെ അഗ്‌നിക്കിരയാക്കി. അദ്ദേഹത്തെ രക്ഷിക്കാന്‍ ജയിലര്‍ പരമാവധി പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കഴുവേറ്റപ്പെടുന്നതിന്റെ തലേന്ന് രാത്രി വാലെന്റൈന്‍ ജൂലിയയ്ക്കായി ഒരു കത്തെഴുതി. ആ കത്തിന്റെ ഒടുക്കം അദ്ദേഹം ഇങ്ങനെ എഴുതിയിരുന്നു. ‘എന്ന് സ്വന്തം വാലെന്റൈന്‍..’ അടുത്ത ദിവസം, AD 270 ഫെബ്രുവരി 14ന് അദ്ദേഹത്തെ അവര്‍ കഴുമരത്തിലേറ്റി.

വാലന്‍ന്റൈന്‍ ജൂലിയയ്ക്കെഴുതിയ കത്തുമായി ജയിലര്‍ വീട്ടിലെത്തി. കത്ത് ജൂലിയയ്ക്ക് നല്‍കി. തുറന്നുനോക്കിയപ്പോള്‍ അതിനുള്ളില്‍ ഒരു മഞ്ഞപ്പൂവുണ്ടായിരുന്നു. ‘എന്ന് സ്വന്തം വാലന്‍ന്റൈന്‍’ എന്നെഴുതിയ ആ കത്തില്‍ നിന്നും അവളുടെ കൈവെള്ളയിലേക്ക് വീണ ആ മഞ്ഞപ്പൂവില്‍ സൂക്ഷിച്ചുനോക്കിയ ജൂലിയയ്ക്ക് തന്റെ ജീവിതത്തില്‍ അന്നാദ്യമായി നിറങ്ങള്‍ കാണാനായി, അവളുടെ കാഴ്ച പൂര്‍ണമായും തിരിച്ചു കിട്ടി.

  • ആദ്യ വാലന്റൈന്‍സ് കാര്‍ഡ് ?

ലോകത്തില്‍ ആദ്യമായി വാലന്റൈന്‍സ് കാര്‍ഡ് അയച്ചത് ഒരു ഫ്രഞ്ചുകാരനാണ്. പേര് ചാള്‍സ്. ഓര്‍ലിയന്‍സിലെ പ്രഭുവായിരുന്ന അദ്ദേഹം. അക്കാലത്ത് ലണ്ടന്‍ ടവറില്‍ തുറുങ്കില്‍ അടക്കപ്പെട്ട നിലയിലായിരുന്നു. ആ തടവില്‍ നിന്ന് തന്റെ ഇഷ്ടവധുവായിരുന്ന പതിനാറുകാരി ‘ബോണ്‍ ഓഫ് ആര്‍മന്യാക്കി’ന് അയച്ചതായിരുന്നു ‘ഫെയര്‍വെല്‍ റ്റു ലവ്’ എന്ന ആ പ്രണയഗീതകം. പില്‍ക്കാലത്ത് ജെഫ്രി ചോസറും വില്യം ഷേക്‌സ്പിയറും അടക്കമുളളവര്‍ തങ്ങളുടെ കൃതികളിലൂടെ വാലന്റൈന്‍സ് ഡേയ്ക്ക് പ്രചാരമേകിയിട്ടുണ്ട്.

  • വാലന്റൈന്‍സ് ഡേ കച്ചവട സാധ്യത ?

പതിനെട്ടാം നൂറ്റാണ്ടിലാണ് ഈ ആഘോഷത്തിന്റെ വിപണന സാദ്ധ്യതകള്‍ കച്ചവടക്കാര്‍ തിരിച്ചറിഞ്ഞു തുടങ്ങുന്നത്. 1920 -കളില്‍ തന്നെ ഹാള്‍മാര്‍ക്കിന്റെ വാലന്റൈന്‍സ് ഡേ കാര്‍ഡുകള്‍ കടലും കടന്ന് അമേരിക്കയിലേക്കും മറ്റും അയക്കപ്പെട്ടിരുന്നു. അമേരിക്കയിലെ ഇന്നത്തെ വാലന്റൈന്‍സ് ഡേ വിപണി ഏകദേശം 20 ബില്യണ്‍ ഡോളറിന്റേതാണ്. സ്‌നേഹത്തെ പനിനീര്‍പ്പൂക്കളോടും കേക്കിനോടും ടെഡി ബിയറുകളോടും ഡയമണ്ട് നെക്ലേസുകളോടും ഒക്കെ മാര്‍ക്കറ്റിങ്ങ് കമ്പനികള്‍ ബന്ധിച്ചു കഴിയുമ്പോള്‍, ആ സമ്മാനങ്ങള്‍ക്ക് ചെലവിടുന്ന പണം നോക്കി ഒരാള്‍ക്കൊരാളോടുള്ള സ്‌നേഹം അളക്കപ്പെടുമ്പോള്‍, അവിടെ സ്‌നേഹം കച്ചവടവത്ക്കരിക്കപ്പെടുകയാണ്. എന്നാല്‍ അതിനുത്തരവാദി സെന്റ് വാലെന്റൈന്‍ എന്ന സ്‌നേഹിക്കാന്‍ മാത്രമറിയുന്ന ആ പാതിരിയല്ല. ഈ യന്ത്രവത്കൃത ലോകത്ത് അനുദിനം മുരടിച്ചുകൊണ്ടിരിക്കുന്ന നമ്മള്‍ മാത്രമാണ്.

ആത്യന്തികമായി, വാലന്റൈന്‍സ് ഡേ ആഘോഷിക്കണോ വേണ്ടയോ എന്നതൊക്കെ നമ്മുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പുകളാണ്. സമൂഹം ഒന്നിച്ച് പങ്കുചേരുന്ന സ്‌നേഹത്തിന്റെ ഈ ‘വിളിച്ചു പറച്ചിലി’ല്‍ എല്ലാവര്‍ക്കും അവരവരുടേതായ രീതിയില്‍ തങ്ങളുടെ സ്‌നേഹം തങ്ങളുടെ കാമുകീകാമുകരെ അറിയിക്കാവുന്നതാണ്. ‘വില്‍ യു ബീ മൈ വാലെന്റൈന്‍’ എന്നൊരൊറ്റ ചോദ്യം കൊണ്ട് പുതിയ പ്രണയങ്ങള്‍ക്ക് തുടക്കമിടാവുന്നതാണ്.

  • പ്രണയത്തിന്റെ ചിഹ്നം ?

റോമന്‍ പുരാണങ്ങള്‍ പ്രകാരം പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെ ദേവതയായ വീനസിന്റെ മകന്‍ ക്യുപിഡിനെ പ്രണയത്തിന്റെ മാലാഖയായി വിശ്വസിച്ചിരുന്നു. അവന്റെ അമ്പും വില്ലും ഹൃദയങ്ങളെ തുളച്ചുകയറുന്നതും പ്രണയം നിറയ്ക്കുന്നതിന്റെയും പ്രതീകമായി. കാലക്രമേണ ക്യുപിഡ് വാലന്റൈന്‍സ് ദിനത്തിന്റെ ഒരു ജനപ്രിയ ചിഹ്നമായി മാറി.

CONTENT HIGH LIGHTS; Love, Love History and Martyrdom: Who is this Valentine?: What is the History of Valentine’s Day?

Latest News