KSRTC ബസിന്റെ മുന്‍വശത്തു നിന്നും വെള്ളക്കുപ്പികള്‍ കണ്ടെത്തി നടപടി എടുത്ത സംഭവത്തിനു ശേഷമാണ്,
SNDP യോഗം ജനറല്‍ സെക്രട്ടറി പരസ്യമായി കെ.ബി. ഗണേഷ്‌കുമാറിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കാന്‍ തുടങ്ങിയത്. ഗണേഷ്‌കുമാറിനോടുള്ള അറപ്പും വെറുപ്പും ദേഷ്യവും വിയോജിപ്പുമെല്ലാം അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രതിഫലിക്കുന്നുണ്ട്. പൊതു പ്രവര്‍ത്തകന്റെ ഗുണമില്ലാത്ത ആളാണെന്നും കുപ്പി പിടിച്ച സംഭവം കൊളമ്പസ് അമേരിക്ക കണ്ടുപിടിച്ച പോലെ ധരിച്ചു വച്ചിരിക്കുന്നതെന്നും വെള്ളാപ്പള്ളി കളിയാക്കുന്നു. പണ്ട് ആനപ്പുറത്തിരുന്നതിന്റെ തഴമ്പ് ഇപ്പോള്‍ ചന്തിയില്‍ ഉണ്ടാകില്ല. എന്നിട്ടും തമ്പുരാനാണെന്ന ധാരണയിലാണ് ഇതൊക്കെ കാട്ടി കൂട്ടുന്നതെന്നും വെള്ളാപ്പള്ളി പച്ചയ്ക്കു പറയുകയാണ്.
വെള്ളാപ്പള്ളി നടേശന്റെ പൊട്ടിത്തെറിക്കലില്‍ ആശ്വാസം കൊള്ളുന്ന കൂട്ടരാണ് KSRTCയിലെ ജീവനക്കാര്‍. തമ്പുരാന്റെ നേരിട്ടുള്ള അടിയാളന്‍മാരാണല്ലോ KSRTC ജീവനക്കാര്‍. അവര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ എത്രയാണെന്ന് ആരെങ്കിലും വിളിച്ചു പറഞ്ഞിരുന്നെങ്കില്‍ എന്ന് അതിയായി ആഗ്രഹിച്ചാണ് ജീവനക്കാര്‍ കഴിയുന്നത്. വെള്ളാപ്പള്ളിക്ക് അല്ലാതെ കേരളത്തില്‍ ഇപ്പോള്‍ ഇത്ര ശക്തമായി സര്‍ക്കാരിനെയും മന്ത്രിമാരെയും വിമര്‍ശിക്കാന്‍ മറ്റൊരാള്‍ക്കും കഴിയില്ല. വെള്ളാപ്പള്ളിയുടെ വാക്കിന്റെ ചൂടേറ്റ് മറുപടി പറയാനോ, പ്രതികരിക്കാനോ കഴിയാതെ ഇരിക്കുകയാണ് ഗണേഷ്‌കുമാര്‍. ചെയ്യുന്നതെല്ലാം തന്റെ കഴിവാണെന്നു പറഞ്ഞ് അവതരിപ്പിക്കുന്ന ഗണേഷ്‌കുമാറിന് പി.ആര്‍. വര്‍ക്ക് ചെയ്യുന്ന കുറേ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും, ചാനലുകളുമുണ്ട്.
അവര്‍ക്കെല്ലാം കിട്ടിയ തിരിച്ചടി കൂടിയാണിത്. ഒരു ജനപ്രതിനിധി എങ്ങനെ ആയിരിക്കണമെന്ന് ഒരു ജാതി സംഘടനയുടെ ജനറല്‍ സെക്രട്ടറി കൃത്യമായി അറിയാം. എന്നാല്‍, ജനപ്രതിനിധിക്ക് അറിയില്ല എന്നതാണ് ഇവിടെ എടുത്തു കാണിക്കാന്‍ കഴിയുന്ന കാര്യം. മാത്രമല്ല, അത്തരം വ്യക്തികളെ മന്തിരപദത്തില്‍ ഇരുത്തുന്ന മന്ത്രിസഭയും, ആ മന്ത്രിസഭയ്ക്ക് നേതൃത്വം നല്‍കുന്ന മുന്നണിയും എത്ര മോശമായിരിക്കും എന്നുകൂടി വെള്ളാപ്പള്ളി ഉദ്ദേശിക്കുന്നുണ്ട്. വ്യക്തി ജീവിതത്തില്‍ ഇത്രയും മോശം ബാക്കിഗ്രൗണ്ടുള്ള ഒരാള്‍ക്ക് മുന്നണിയിലും, പിന്നണിയും പിന്തുണ കൊടുക്കുന്നത് ശറിയാണോ എന്ന് ചിന്തിക്കണമെന്നാണ് വെള്ളാപ്പള്ളി ഗണേഷ്‌കുമാറിനെ ചാരി സര്‍ക്കാരിനോട് പറഞ്ഞിരിക്കുന്നത്.
ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്ന ഒരുകാര്യം, കെ.എസ്.ആര്‍.ടി.സിയെ എത്രയൊക്കെ വികസിപ്പിച്ചെന്ന് പറഞ്ഞാലും സത്യം അതല്ലെന്നും, പറയുന്ന ആളുടെ ക്വാളിറ്റി എന്താണെന്നും വെള്ളാപ്പള്ളി വിളിച്ചു പറയുന്നതോടെ എല്ലാം തകരും എന്നതാണ്. ഒരു മനുഷ്യനെന്ന രീതിയില്‍ കേള്‍ക്കാനാവാത്ത വിധത്തിലാണ് വെള്ളാപ്പള്ളിയുടെ ശകാര വാക്കുകള്‍. അപ്പോള്‍ ഒരു സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണെങ്കില്‍ എങ്ങനെ ഇത് കേട്ടുകൊണ്ടിരിക്കും. അത്രയക്കും വ്യക്തിഹത്യ ചെയ്യുന്ന തരത്തിലാണ് വെള്ളാപ്പള്ളി പറഞ്ഞിരിക്കുന്നത്.
വെള്ളാപ്പള്ളിയുടെ വാക്കുകള്‍ ഇങ്ങനെ
ട്രാന്‍സ്‌പോര്‍ട്ടിന്റെ മുമ്പില്‍ രണ്ടുകുപ്പിവെള്ളം അവിടെ കുടിക്കാന്‍ വെച്ചിരുന്നു. ഈ ചൂടല്ലേ. അതെടുത്തെന്നും കണ്ടുപിടിച്ചെന്നും പറഞ്ഞ് കൊളംബസ് അമേരിക്ക കണ്ടുപിടിച്ച മാതിരി. എന്തൊരു പന്നനെടോ. കുറേക്കൂടെ സ്റ്റാന്റേര്‍ഡ് മെയിന്റൈന്‍ ചെയ്യ്. ഈ അല്‍പ്പന്‍ അസമയത്തും അര്‍ദ്ധരാത്രിക്ക് കൊൊടപിടിക്കുമെന്ന് കേട്ടിട്ടുണ്ട്. ഇയാള്‍ അതാണ്. ഭാര്യയുടെ തല്ലുകൊണ്ട പാട് നിങ്ങള്‍ക്ക് ഞാന്‍ കാണിച്ചു തരേണ്ടതുണ്ടോ. പിന്നെ, എത്ര ഭാര്യയുണ്ടെടോ. ഇയാള്‍ക്കീ മന്ത്രിപദവും എം.എല്‍.എ സ്ഥാനവും ആ ഉമ്മന്‍ചാണ്ടിക്കിട്ട് പണി വെച്ചതിന്റെ കൂലിയല്ലേ.
സദാചാരവും ശുദ്ധിയും വേണം ജീവിതത്തില്‍. പൊതു പ്രവര്‍ത്തകനാണോ, അതിനൊരു സ്വഭാവ ശുദ്ധിവേണം. ഇയാള്‍ക്കെന്തു ശുദ്ധിയാ ഉള്ളത്. ഒരു ശുദ്ധിയുമില്ല. ബസ് സര്‍വ്വീസില്‍ നോക്കൂ. ചേര്‍ത്ത ബസ്റ്റാന്റിലും എറണാകുളം ബസ്റ്റാന്റിലും ഇവരുടെ ബസ് കയറിയിറങ്ങി ആളെ എടുക്കുന്നുണ്ടല്ലോ. ആളുകള്‍ അവിടെ ഇറങ്ങുകയും ചെയ്യുന്നുണ്ട്. എന്തേ ആരും മിണ്ടാത്തത്. പേടിച്ചിട്ടാണ്. ഇപ്പോഴും ഇയാള്‍ തമ്പുരാനാണെന്നു പറഞ്ഞാണ് നടക്കുന്നത്. പണ്ട് ആനപ്പുറത്തിരുന്നുവെന്നു പറഞ്ഞ് ഇപ്പോള്‍ ചന്തിയില്‍ തപ്പി നോക്കിയാല്‍ തഴമ്പു കാണില്ലെന്നേ പറഞ്ഞുള്ളൂ. ഇയാള്‍ സീറ്റു വാാങ്ങിയതും ജയിച്ചതും മന്ത്രിയായതും എല്ലാം എല്ലാവര്‍ക്കും അറിയാം.
ജയിക്കുക തോല്‍ക്കുക എന്നല്ല, അത് ചെയ്തത് ശരിയോ തെറ്റോ എന്നാണ്. ഫൂലന്‍ദേവി എം.പിയായ നാടാണിവിടെ. ഭൂലന്‍ദേവി കൊള്ളക്കാരി ആയിരുന്നില്ലേ. അവര്‍ എംപി ആയിരുന്നില്ലേ. അവസാനം വെടിവെച്ചാ കൊന്നത്. ആര്‍. ബാലകൃഷ്ണപിള്ള ബി എന്നുപറഞ്ഞാല്‍ നായരുടേതു മാത്രമല്ലെന്നു പറഞ്ഞ് മറ്റു സമുദാത്തിലെ ആളുകളെ പിടിച്ചിട്ട് അയാളുടെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നത് ശരിയാണോ. മലബാറിലെ കുറച്ച് ഈഴവര്‍ക്ക് മെമ്പര്‍ഷിപ്പും കൊടുത്ത് പാര്‍ട്ടിയില്‍ എടുത്തിട്ട് എന്തായി. ഒരു ഈഴവനെ നിര്‍ത്തിയിട്ട് ബാക്കിയെല്ലാവരും നായരല്ലേ. അയാള്‍ ജനകീയനാണെങ്കില്‍ ഇങ്ങനെയല്ല ചെയ്യേണ്ടത്. (വീഡിയോ കടപ്പാട് ദി ഹെഡ്‌ലൈന്‍ മലയാളം)
ഗണേഷ്‌കുമാര്‍ ഉമ്മന്‍ചാണ്ടിക്കിട്ട് പണിവെച്ചതിന് കിട്ടിയ കൂടിയാണ് മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവുമെന്ന് പറയുമ്പോള്‍ സോളാര്‍ തട്ടിപ്പു പ്രതിയുടെ പിന്നാലെ ചിന്തകള്‍ അഴിച്ചു വിടേണ്ടി വരും. ഭാര്യയുമായുള്ള തര്‍ക്കവും ഡിവോഴ്‌സുമൊക്കെ അതിനു പിന്നാലെയുള്ള വാക്കുകളില്‍ ഒളിപ്പിച്ചാണ് വെള്ളാപ്പള്ളി അടിച്ചത്. എത്ര ഭാര്യ ഉണ്ടെടോ എന്ന ചോദ്യത്തില്‍ അതുണ്ട്. ജീവിതത്തില്‍ സദാചാരവും, ശുദ്ധിയും വേണമെന്ന് പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇയാള്‍ക്കെന്തു ശുദ്ധിയാണുള്ളത്. ഒരു ശുദ്ധിയുമില്ലെന്നും വെള്ളാപ്പള്ളി പറയുമ്പോള്‍ ഗണേഷ്‌കുമാറിന്റെ KSRTC ഭരണത്തില്‍ ജീവനക്കാര്‍ പറയുന്നത്, കുറച്ചെങ്കിലും വിശ്വസിക്കണം. വിശ്വസിച്ചില്ലെങ്കില്‍ വെള്ളാപ്പള്ളി പറയുന്നതു പോലെ ജനങ്ങള്‍ക്ക് സര്‍ക്കാരിനെ പറയേണ്ടി വരും.
CONTENT HIGH LIGHTS; Do you hate Ganeshkumar so much?: Kuppi Raid, like Columbus discovering America; Vellappally Natesan’s scolding, asking how many wives he has?
















