Features

പ്രണയദിന ഗിഫ്റ്റായി ശമ്പളം നല്‍കി ഗണേഷ്‌കുമാറിന്റെ KSRTC പ്രേമം: മാര്‍ച്ച് മുതല്‍ ‘ഒന്നാംതീയതി’ കലണ്ടറില്‍ തിരിച്ചു കൊണ്ടുവരുമെന്ന് പ്രഖ്യാപനം; അത് മന്ത്രിയുടെ സൈക്കോളജിക്കല്‍ മൂവാണെന്ന് ജീവനക്കാര്‍

അങ്ങനെ മാസം തുടങ്ങി 13-ാം ദിവസം KSRTC ജീവനക്കാര്‍ക്ക് ജനുവരി മാസത്തെ ശമ്പളം നല്‍കി നല്ല കുട്ടിയായിരിക്കുകയാണ് വകുപ്പു മന്ത്രിയും നടനുമായ കെ.ബി. ഗണേഷ്‌കുമാര്‍. പറയുന്നതില്‍ പാതിയും തള്ളാണെങ്കിലും, അതില്‍ പാതി ചെയ്യാന്‍ മനസ്സു കാണിക്കുന്നുണ്ട് എന്നത് സത്യമാണ്. വിദേശ റോഡു പോലെയൊന്നുമല്ല കേരളത്തിലെ റോഡെങ്കിലും വിദേശത്തെ പൊതു ഗതാഗത സംവിധാനം പോലെയൊക്കെ ആക്കണമെന്നുള്ള ചിന്തയും ചന്തവുമൊക്കെ മന്ത്രിയുടെ മനസ്സിലുണ്ട്. അതൊക്കെ ഇടയ്ക്കിടയ്ക്ക് തികട്ടി വരികയും ചെയ്യും. എന്നാല്‍, അവിടുത്തെപ്പോലെയല്ല ഇവിടെയെന്ന റിയാലിറ്റി മനസ്സിലാകുമ്പോഴേക്കും മനസ്സിലുള്ളതെല്ലാം ഒതുക്കിവെച്ചിട്ട്, തള്ളിലേക്ക് കടക്കും.

അങ്ങനെയൊരു തള്ളായിരുന്നു ശമ്പളം ഒന്നാം തീയതി കൊടുക്കുമെന്നത്. പറഞ്ഞ വാക്കു പാലിച്ചിരിക്കുമെന്നു തന്നെയാണ് മന്ത്രി പുറത്തും നിയമസഭയിലും പറയുന്നത്. മാസം തുടങ്ങി പത്തു പതിനഞ്ചു ദിവസം കഴിഞ്ഞു കൊടുക്കുന്ന ശമ്പളം മാസാദ്യം കൊടുക്കുക എന്നല്ലേയുള്ളൂ. അതുണ്ടാകും. അതിനുള്ള ശ്രമങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചെയ്യുകയാണെന്നാണ് പറയുന്നത്. വരുന്ന മാര്‍ച്ച് മാസം മുതലെങ്കിലും, ഒന്നാം തീയതി ശമ്പളം നല്‍കാനുള്ള എല്ലാ നടപടികളും എടുത്തിട്ടുണ്ട് എന്നാണ് നിയമസഭയില്‍ പറഞ്ഞിരിക്കുന്നത്.

മന്ത്രി പറഞ്ഞതെല്ലാം കേട്ടു. പക്ഷെ, മന്ത്രിയുടെ സൈക്കോളജിക്കല്‍ മൂവ് എന്താണെന്ന് മിക്കവര്‍ക്കും പിടികിട്ടിയിട്ടില്ല. മാര്‍ച്ച് ഒന്നിന് കൊടുക്കേണ്ട ശമ്പളം എന്നത്, ഫെബ്രുവരിയിലേതാണ്. അപ്പോള്‍ മാര്‍ച്ചിലെ ശമ്പളം ഏപ്രില്‍ 1നാണ് നല്‍കേണ്ടത്. ഏപ്രില്‍ ഒന്നിന്റെ പ്രത്യേകത എന്താണെന്ന് പ്രത്യേകിട്ട് പറയേണ്ടതില്ലല്ലോ. അപ്പോള്‍ മാര്‍ച്ച് മുതല്‍ ശമ്പളം ഒന്നാം തീയതി ലഭിക്കുമെങ്കില്‍ ഫെബ്രുവരി മാസത്തെ ശമ്പളമാണ് ആദ്യം ലഭിക്കുന്നതെന്ന് സാരം. അതാകട്ടെ, അടുത്ത മാസവുമാണ്. സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാസം കൂടെയാണ് മാര്‍ച്ച്. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കവും. കഴിഞ്ഞ വര്‍ഷത്തെ എല്ലാ കണക്കുകളിലും സമീകരിച്ച് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്ത് പുതിയ വര്‍ഷത്തിലേക്ക് കടക്കുകയാണ്.

ഈ സാഹചര്യത്തില്‍ ധനവകുപ്പില്‍ നിന്നുള്ള സഹായവും, ടിക്കറ്റ് വരുമാനവും എല്ലാം ചേര്‍ത്തു വേണം ശമ്പളത്തിന് തുക കണ്ടെത്താന്‍. കേരളാബാങ്കിന്റെ കണ്‍സോര്‍ഷ്യം ഇതുവരെ ഒരിടത്തും എത്തിയിട്ടുമില്ല. സര്‍ക്കാര്‍ ക്രെഡിറ്റില്‍ ശമ്പളത്തിനുള്ള തുക ആദ്യമേ നല്‍കാനുള്ള സംവിധാനമായിരുന്നു കേരളബാങ്ക് കണ്‍സോര്‍ഷ്യം. ഇതേക്കുറിച്ച് ആര്‍ക്കും വലിയ ധാരണയുമില്ല. ആകെ അറിയാവുന്നത്, മന്ത്രിക്കും മന്ത്രിസഭയിലെ ആള്‍ക്കാര്‍ക്കും മാത്രം. നടക്കുമെന്നോ നടക്കില്ലെന്നോ അവര്‍ പറയും. മറ്റാരും അറിയില്ല. അറിയാന്‍ പാടില്ല. അതാണ് ജനാധിപത്യം.

എന്തായാലും, സാമ്പത്തിക വര്‍ഷാന്ത്യത്തിലെ കണക്കുകള്‍ ക്രമീകരിക്കുന്നതിനിടയില്‍ സര്‍ക്കാര്‍ സഹായം KSRTCക്ക് കിട്ടാന്‍ വൈകുമെന്നുറപ്പാണ്. അപ്പോള്‍ ഫെബ്രുവരി മാസത്തെ ശമ്പളം മാര്‍ച്ച് ഒന്നാം തീയതി കിട്ടുമെന്ന് ഉറപ്പിക്കാനാവില്ല. ഇത് KSRTCയിലെ ജീവനക്കാര്‍ക്കും അറിയാം. പിന്നെ, ഒരു സമാധാനത്തിനു വേണ്ടി മാത്രമാണ് മന്ത്രിയുടെ പ്രഖ്യാപനം കേള്‍ക്കുന്നത്. ‘ഇനിയിപ്പോ അവിടെ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ’ എന്ന് ഒരു സിനിമയില്‍ സലിംകുമര്‍ പറയുന്ന ഡയലോഗ് പോലെ. ഗണേഷ്‌കുമാര്‍ വരുന്നതിനു മുമ്പ് ഇരുന്ന മന്ത്രിയും എം.ഡിയും ചെയ്തതില്‍ നിന്നും വ്യത്യസ്തമായി ചെയ്ത ഒരു കാര്യം, ശമ്പളം ഒരുമിച്ചു കൊടുക്കുന്നു എന്നതാണ്.

നേരത്തെ പാതി ശമ്പളം മാസത്തിന്റെ ആദ്യ ആഴ്ചയിലും പാതി മാസത്തിന്റെ അവസാനവുമായിട്ടാണ് കിട്ടിയിരുന്നത്. ഇഉതിനെ ഏകീകരിച്ച് മാസത്തിന്റെ മധ്യത്തില്‍ കൊടുക്കുന്നു എന്നതാണ് ഗണേഷ്‌കുമാറിന്റെ പരിഷ്‌ക്കാരം. ബാക്കിയെല്ലാം സൈക്കോളജിക്കല്‍ മൂവിന്റെ ഭാഗം മാാത്രം. ഒന്നാം തീയതി കൊടുക്കാന്‍ കഴിയില്ല എന്നല്ല, അതിന് രാഷ്ട്രീയ തീരുമാനം ഉണ്ടാകണം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലോ, നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലോ ഒക്കെ ചിലപ്പോള്‍ KSRTC ജീവനക്കാര്‍ക്ക് ലോട്ടറി അടിക്കും പോലെ ഒന്നാം തീയതി ശമ്പളം അക്കൗണ്ടുകളില്‍ ക്രെഡിറ്റാകും. ഈ തന്ത്രം മെനയുന്നത്, ജീവനക്കാരുടെ വോട്ടുകള്‍ തങ്ങളുടെ അക്കൗണ്ടില്‍ തന്നെ ക്രെഡിറ്റാകാന്‍ വേണ്ടി മാത്രമാണ്.

ഓര്‍മ്മയുണ്ടാകണം, ടോമിന്‍ ജെ. തച്ചങ്കരിയെ. ഒന്നാം തീയതി തന്നെ ശമ്പളം കൊടുക്കുകയും ജീവനക്കാരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുകയും ചെയ്ത എം.ഡിയെ. അതും ഇടതു സര്‍ക്കാരിന്റെ കാലത്തു തന്നെയാണ്. അതുകൊണ്ട് ശമ്പളം കൊടുക്കുന്നതിലും, അതില്‍ കൃത്യത പാലിക്കുന്നതിലും എന്തോ വലിയ കാര്യം ചെയ്യാന്‍ പോകുന്ന എന്ന തരത്തില്‍ പ്രചാരണം നടത്തുന്നത് അല്‍പ്പത്തരമാണ്. പിന്നെ, മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പ്പര്യമാണ് KSRTC ജീവനക്കാര്‍ക്ക് ഒന്നാംതീയതി തന്നെ ശമ്പളം കൊടുക്കണമെന്നത്, എന്ന ഡയലോഗും അരോചകമാണ്.

മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, KSEB അടക്കമുള്ള ബോര്‍ഡുകള്‍ക്കും കോര്‍പ്പറേഷനുമെല്ലാം മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പ്പര്യത്തിലാണോ ശമ്പളം നല്‍കുന്നത്. അല്ല. ഒരു ജനകീയ സര്‍ക്കാരിന്റെ കാര്യങ്ങള്‍ വീഴ്ച കൂടാതെ മുന്നോട്ടു കൊണ്ടു പോകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുക എന്നത് സര്‍ക്കാരിന്റെ കടമയാണ്. അത് ആരുടെയും കാരുണ്യമോ, താല്‍പ്പര്യമോ, നിര്‍ദ്ദേശമോ അല്ല എന്നതാണ് വസ്തുത. പിണറായി വിജയന്‍ സര്‍ക്കാരിനു പകരം മറ്റേതൊരു സര്‍ക്കാര്‍ ആയാലും ഇതു തന്നെയാണ് ചെയ്യേണ്ടതും. അല്ലാതെ, സര്‍ക്കാര്‍ KSRTCയെ ചുമക്കുകയാണ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് മറ്റെന്തോ ഉദ്ദേശം ഉണ്ടെന്നത് വ്യക്തമാണ്.

സ്വകാര്യ വത്ക്കരണവും, വിദേശ സര്‍വ്വകലാശാലയും, സ്വകാര്യ വന്‍കിട കമ്പനികളുമെല്ലാം പ്രമോട്ടു ചെയ്യപ്പെടുന്ന കാലഘട്ടമാണ് ഇപ്പോള്‍. അപ്പോള്‍ പൊതു ഗതാഗത സംവിധാനം കടപ്പെട്ട് നില്‍ക്കുന്നത് സര്‍ക്കാരിന് വലിയ ക്ഷീണം തന്നെയാണ്. അതുകൊണ്ടാണ് ചുമക്കുന്നതെന്നും, സര്‍ക്കാര്‍ അതിരുവിട്ട് സഹായിക്കുന്നുവെന്നും, മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പ്പര്യമെന്നും, മന്ത്രി അഹോരാതച്രം പണിയെടുക്കുന്നുവെന്നുമൊക്കെ തട്ടി വിടുന്നത്. എന്തായാലും പ്രണയ ദിന ഗിഫ്റ്റായി ശമ്പളം നല്‍കിയ മന്ത്രി തന്റെ KSRTCയോടുള്ള പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ്. അടുത്ത മാസമെങ്കിലും ശമ്പളം ഒന്നാം തീയതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന ജീവനക്കാര്‍ പറയുന്നത്, KSRTCയുടെ കലണ്ടറില്‍ ഒന്നാം തീയതി തിരിച്ചു വരികയാണ് എന്നാണ്.

CONTENT HIGH LIGHTS; Ganeshkumar’s KSRTC love with salary as Valentine’s Day gift: Announcement to bring back ‘Onnamthiyathi’ in calendar from March; Employees say that it is also a psychological move of the minister