Features

സമാധി വഴിയിലെ തടസ്സങ്ങള്‍: മുഖത്തും മൂക്കിലും തലയിലും നെറ്റിയിലും ഇടികൊണ്ട് ചതഞ്ഞ പാടുകള്‍; ഗോപന്‍ സ്വാമിക്ക് ഗുരുതര രോഗങ്ങള്‍ പിടിപെട്ടിരുന്നു; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൂര്‍ണ്ണ രൂപം ഇങ്ങനെ ?; വരാനുള്ളത് ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം

ജീവല്‍ സമാധിയാണെന്ന് മക്കളും, അസാധാരണ മരണമെന്ന് നാട്ടുകാരും, ദുരൂഹതയില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും വന്നതോടെ നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി വിവാദം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ ദുരൂഹമായി സംശിക്കാനൊന്നുമില്ല എന്നാണ് തെളിയുന്നത്. ഇതോടെ ഗോപന്‍സ്വാമിയുടെ മരണം സ്വാഭാവിക മരണമായി കണക്കാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. മൂക്ക്, തല, മുഖം, നെറ്റി എന്നിവിടങ്ങളില്‍ ഇടികൊണ്ടതിന്റെയോ. വീണതിന്റെയോ ചതവ് പറ്റിയിട്ടുണ്ട്. എന്നാല്‍, ഇത് മരണകാരണമല്ല. ചതവുണ്ടായതിന്റെ ഫലമായി അസ്ഥികള്‍ പൊട്ടുകയോ ആന്തരിക രക്തസ്രാവം ഉണ്ടാവുകയോ ചെയ്തിട്ടില്ല.

ഗോപന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിലൂടെ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇനി വരാനുള്ളത്, ആന്തരികാവയവങ്ങളുടെ വിദഗ്ദ്ധ പരിശോധനാ റിപ്പോര്‍ട്ടാണ്. ഇതും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആ റിപ്പോര്‍ട്ട് ലഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ഗോപനു ഗുരുതരമായ നിരവധി അസുഖങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കരള്‍-വൃക്ക സംബന്ധമായ ഗുരുതര രോഗങ്ങളുണ്ടായിരുന്നു. ഹൃദയധമനികള്‍ 75 ശതമാനത്തിലധികം അടഞ്ഞ നിലയിലായിരുന്നു. കാലില്‍ ഗുരുതരമായ നിലയില്‍ അള്‍സറുണ്ടായിരുന്നു. കഴിഞ്ഞ മാസം ഗോപന്റെ സമാധിയില്‍ വിവാദങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുകയായിരുന്നു.

പ്രാഥമിക പരിശോധനയില്‍ അസ്വഭാവികത ഒന്നും ഇല്ലെന്നു കണ്ടെത്തിയിരുന്നതിനെ തുടര്‍ന്ന് ഗോപന്‍സ്വാമിയുടെ മൃതദേഹം ആചാരക്രമം അനുസരിച്ച് ഘോഷയാത്രയോടെയാണ് രണ്ടാമതും സമാധി ഇരുത്തിയത്. മരണകാരണം സംബന്ധിച്ച ദൂരൂഹത മാറ്റാനും വ്യക്തത വരുത്താനുമാണ് കൂടുതല്‍ പരിശോധന നടത്തിയത്. ലിവര്‍ സിറോസിസും വൃക്കകളില്‍ സിസ്റ്റും കാലില്‍ അള്‍സറുമുണ്ട്. എന്നാല്‍, മക്കളുടെ മൊഴി വിശ്വസിക്കുയാണെങ്കില്‍ ഗോപന്‍സ്വാമിയെ കൊന്നതു തന്നെയാണെന്നേ മനസ്സിലാക്കാനാകൂ. കാരണം, ജീവല്‍ സമാധി എന്നാല്‍, കല്ലറയില്‍ ജീവനോടെ ഇരുത്തി, മെഡിക്കല്‍ പ്രാക്ടീഷ്യണര്‍ മരണം ഉറപ്പിക്കാതെ കല്ലറ മൂടി.

ഇത് ജീവനുള്ള മനുഷ്യനെ കല്ലറയില്‍ വെച്ച് മറവു ചെയ്തതാണ് എന്നു തന്നെയാണ് ഗോപന്‍സ്വാമിയുടെ മക്കള്‍ സമ്മതിക്കുന്നത്. അച്ഛന്‍ സമാധിയായി എന്നു പറയുന്നതില്‍ തര്‍ക്കമില്ല. പക്ഷെ, സമാധിയാകുമ്പോള്‍ ബ്ര്ഹത്തില്‍ ലയിക്കും. അതായത്, ശരീരത്തില്‍ നിന്നും ആത്മാവ് വേര്‍പെട്ട് ബ്രഹ്മത്തിലേക്കു പോകും. അപ്പോള്‍ ശരീരം നിശ്ചലമാകും. ശരീരം നിശ്ചലമായി എന്ന് ഉറപ്പിക്കുന്നതാരാണ്. വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധരോ, അതോ ഗോപന്‍സ്വാമിയുടെ മക്കളോ ?. ഇതാണ് ചോദ്യം. ഈ ചോദ്യം ഇപ്പോഴും എപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. ഗോപന്‍സ്വാമിയെ മക്കള്‍ കൊന്നതാണോ, അതോ, മരിച്ചതിനു ശേഷം ആരുമറിയാതെ കുഴിച്ചിട്ടതാണോ എന്ന സംശയം നാട്ടുകാര്‍ ഉയര്‍ത്താന്‍ കാരണമായത് ഒരു പോസ്റ്ററാണ്.

വിവാദമായ പോസ്റ്ററിനു പിന്നാലെ ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനിലേക്ക് മാധ്യമങ്ങളും ജനങ്ങളും പോലീസും ഒഴുകി. അതിനു ശേഷം നടന്നതെല്ലാം സിനിമയെ വെല്ലുന്ന കഥയും തിരക്കഥയുമായിരുന്നു. ഗോപന്‍സ്വാമിയുടെ രണ്ടു മക്കളും ഭാര്യയും ഒരു വശത്ത്, നാട്ടുകാര്‍ മറുവശത്ത്, പോലീസും ഡെപ്യൂട്ടി കളക്ടറും മധ്യത്തില്‍. ജനുവരി ഒന്‍പതിന് ‘സ്വര്‍ഗവാതില്‍’ ഏകാദശി ദിവസം പിതാവിന്റെ ആഗ്രഹപ്രകാരമാണ് സമാധിയിരുത്തിയത് എന്നായിരുന്നു മക്കളുടെ വെളിപ്പെടുത്തല്‍. അതും ജീവല്‍ സമാധി. ആരും കാണാതെ, തൊട്ടശുദ്ധി വരുത്താതെയും വേണം സമാധി ഇരുത്താനെന്ന് അച്ഛന്‍ പറഞ്ഞതനുസരിച്ചും, ഹിന്ദു ധര്‍മ്മം അനുസരിച്ചുമാണ് ചടങ്ങുകള്‍ ചെയ്തതെന്ന് മക്കളുടെ മൊഴി ഏറെ ദുരൂഹമായിരുന്നു. അച്ഛന്‍ മരിച്ചതല്ല, സമാധിയായതാണെന്നും അവര്‍ പറയുന്നതില്‍ പന്തികേടുണ്ടായിരുന്നു.

ജീവല്‍ സമാധിയാണ് സംഭവിച്ചതെന്ന് ആവര്‍ത്തിച്ച് മാധ്യമങ്ങളോടും, പോലീസിനോടും, കുടുംബം പറയുമ്പോള്‍, അതില്‍ ഒരു മനുഷ്യനെ ജീവനോടെ കൊന്നതിന്റെ തെളിവുകളാണ് പുറത്തേക്കു വന്നത്. മാത്രമല്ല, പോലീസെത്തി ജില്ലാ ഭരണകൂടം നിയോഗിച്ച പ്രധാന ഉദ്യോഗസ്ഥനുമെത്തി, കല്ലറ പൊളിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, കല്ലറ പൊളിക്കാന്‍ അനുവദിക്കാതെ മക്കള്‍ നിന്നതോടെ, നിയമം നിയമത്തിന്റെ വഴിയേ നീങ്ങുകയായിരുന്നു. കോടതി ഉത്തരവിലൂടെ ഗോപന്‍സ്വാമിയുടെ മൃതദേഹം പുറത്തെടുത്തു. ഇരുത്തിയ നിലയില്‍ ഭസ്മങ്ങളും പൂജാദ്രവ്യങ്ങളും കൊണ്ട് മൂടിയായിരുന്നു മൃതദേഹം. ഗോപന്‍സ്വാമിയുടെ തലയില്‍ കരുവാളിച്ച പാടുകള്‍ കണ്ടതായി നേരത്തെ തന്നെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ശ്വാസകോശത്തില്‍ ഭസ്മം നിറഞ്ഞതായി കണ്ടത് മക്കള്‍ സമാധി സ്ഥലത്തിരുത്തിയപ്പോള്‍ ഉള്ളിലായതാണെന്നും സംശയങ്ങള്‍ ഉയര്‍ന്നിരുന്നു.

നിലവില്‍ മക്കള്‍ പറയുന്നതു പോലെ അച്ഛന്‍ സമാധിയായതാണെന്ന് വിശ്വസിച്ച് മുന്നോട്ടു പോകാം. പക്ഷെ, മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ മാറുന്നില്ല. മക്കളുടെ മൊഴികള്‍ അനുസരിച്ച് കല്ലറ തുറന്ന് ഗോപന്‍സ്വാമിയെ പുറത്തെടുത്തപ്പോഴും, അതില്‍ പിന്നീട് സ്പര്‍ശിച്ചവരെല്ലാം ഗോപന്‍സ്വാമിയുടെ സ്വര്‍ഗയാത്രയെയാണ് തടസ്സപ്പെടുത്തിയിരിക്കുന്നത് എന്ന് മക്കള്‍ വാദിച്ചു കേട്ടില്ല. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ നിന്നും നിംസ് മെഡിസിറ്റിയിലെ മോര്‍ച്ചറിയിലും, അവിടുന്ന് ആറാലുംമൂട്ടിലേക്ക് ഘോഷയാത്രയായി കൊണ്ടു പോയതുമൊക്കെ ഗോപന്‍സ്വാമിയുടെ സ്വര്‍ഗ സഞ്ചാരത്തിന് തടസ്സമായിട്ടില്ലേ.

നാട്ടുകാര്‍ ഇടപെട്ട് രണ്ടാമത്, ചെയ്ത ആചാരപരമായ സമാധി നടത്തല്‍ ആദ്യമേ ചെയ്തിരുന്നുവെങ്കില്‍ വിവാദമാകില്ലായിരുന്നു. ഇനി വരാനിരിക്കുന്ന ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വരുമ്പോള്‍ ഗോപന്‍സ്വാമി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കും. അതില്‍ അസ്വാഭാവികതയുണ്ടെങ്കില്‍ ഗോപന്‍സ്വാമിയുടെ മക്കളാകും പെടാന്‍ പോകുന്നത്.

CONTENT HIGH LIGHTS; Obstacles on the way to samadhi: bruised spots on the face, nose, head and forehead; Swami was suffering from serious illnesses; What is the full form of the post-mortem report?; The results of internal organs are to come