വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി ആയിരുന്ന സിദ്ധാര്‍ത്ഥിനെ എസ്.എഫ്.ഐ വിദ്യാര്‍ത്ഥി സംഘടനയില്‍പ്പെട്ട ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് റാഗിങ്ങിന് വിധേയമാക്കി കൊലചെയ്തിട്ട് നാളെ ഒരുവര്‍ഷം തികയുന്നു. 2024 ഫെബ്രുവരി 18നാണ് സിദ്ധാര്‍ത്ഥന്‍ കോളേജ് ഹോസ്റ്റലില്‍ മരണപ്പെട്ടതായി കണ്ടെത്തിയത്. മരണകാരണം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗിംങ് നടത്തിയതില്‍ മനം നൊന്താണെന്നും കണ്ടെത്തി. ഇതിനെ തുടര്‍ന്ന് 17 വിദ്യാര്‍ഥികളെ സര്‍വകലാശാലയിലെ ആന്റി റാഗിംഗ് കമ്മിറ്റി മൂന്നുവര്‍ഷത്തേക്ക് കോളേജില്‍ നിന്ന് നീക്കി.
വിസിയെയും പുറത്താക്കി. കോളേജിന്റെ ഡീനിനേയും, ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനേയും സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണത്തിന് റിട്ടയേഡ് ജസ്റ്റിസ് ഹരിന്ദ്രനാഥനെ നിയോഗിച്ചു. അദ്ദേഹം മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചാന്‍സിലര്‍ എന്ന നിലയില്‍ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്‍കൈയെടുത്താണ് ഈ നടപടികള്‍ കൈകൊണ്ടത്. എന്നാല്‍ ഇതിനകം പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികളെ കോളേജില്‍ പ്രവേശിപ്പിക്കാനും പരീക്ഷ എഴുതാന്‍ അനുവദിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
കോടതി ഉത്തരവിനെതിരെ സര്‍വ്വകലാശാല അപ്പീല്‍ നല്‍കാന്‍ തയ്യാറായില്ലെങ്കിലും സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍ നല്‍കിയ അപ്പീലിനെ തുടര്‍ന്ന് ഹൈക്കോടതിയുടെ ഡിവിഷന്‍ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത് കൊണ്ട് പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാനായിട്ടില്ല. മകന്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍ ഇപ്പോഴും കോടതി കയറിയിറങ്ങുകയാണ്. ഉന്നത സി.പി.എം നേതാക്കള്‍ ഇടപെട്ടാണ് എസ്.എഫ്.ഐക്കാരായ പ്രതികളെ സംരക്ഷിച്ചതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. നൂറോളം വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വിവസ്ത്രനാക്കി ക്രൂരമായി മര്‍ദ്ദിച്ച് വെള്ളം പോലും കുടിക്കാന്‍ നല്‍കാതെ മൂന്ന് ദിവസം പീഡിപ്പിച്ചാണ് സിദ്ധാര്‍ത്ഥിനെ കൊലപ്പെടുത്തിയത്.
ദേഹമാസകലം 19 ഗുരുതരമുറിവുകള്‍ ഉണ്ടെന്നാണ് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട്. സിദ്ധാര്‍ത്ഥന്റെ വയറ്റില്‍ ഒരു തുള്ളി വെള്ളം പോലും ഉണ്ടായിരുന്നില്ലെന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സി.പി.എമ്മിനും എസ്.എഫ്.ഐയ്ക്കുനെതിരെ ആരോപണം വരുമ്പോള്‍ സ്ഥിരമായി പറയാറുള്ള കള്ളക്കഥകള്‍ സിദ്ധാര്‍ഥിനെതിരെയും മെനഞ്ഞു. പോലീസ് എത്തുന്നതിനു മുമ്പ് തന്നെ മൃതദേഹം അഴിച്ചു മാറ്റിയതില്‍ ദുരൂഹതയുണ്ട്. ഡോക്ടര്‍മാരായ വിദ്യാര്‍ത്ഥികള്‍ക്ക് മരണം ബോധ്യപ്പെട്ടിട്ടും, അടിയന്തിര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കോളേജിലെ ഒരുവിദ്യാര്‍ഥി ക്രൂരമായ റാഗിംങിന് വിധേയമായി മരണപ്പെട്ടതായി അറിഞ്ഞിട്ടും വി.സിയുടെ നേതൃത്വത്തില്‍ അധ്യാപകരുടെ പ്രൊമോഷനുകള്‍ നല്‍കാനുള്ള സെലക്ഷന്‍ കമ്മിറ്റികള്‍ അന്ന് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ നടത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അവധി ദിവസം വീട്ടിലേയ്ക്ക് മടങ്ങിയ സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലേക്ക് മടക്കി വിളിച്ചാണ് ക്രൂരമായി റാഗ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ ലഹരിക്ക് അടിമപ്പെട്ടിരുന്നു. സ്വയബോധമില്ലാതെയാണ് കൊലപാതകം നടത്തിയാതെന്നാണ് അറിയുന്നതെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആരോപിക്കുന്നു.
സിദ്ധാര്‍ത്ഥിന്റെ വിയോഗത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ കോട്ടയത്ത് വീണ്ടും ക്രൂരമായ റാഗിംഗ് ആവര്‍ത്തിച്ചിരിക്കുകയാണ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായെങ്കിലും, ഇതിലും ക്രൂര മര്‍ദ്ദനത്തിനായിരുന്നു സിദ്ധാര്‍ഥന്‍ ഇരയായത്. കുസാറ്റില്‍ നടന്ന സംഗീത നിശയില്‍ മരണപ്പെട്ട നാലു വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായ സര്‍ക്കാര്‍, സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടുപോലും സാമ്പത്തിക സഹായം നല്‍കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.
പ്രാഥമികമായി ഏഴ് ലക്ഷം രൂപ സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന് നല്‍കാന്‍ ദേശീയകമ്മീഷന്‍ ആവശ്യപ്പെട്ടിട്ടും, സിദ്ധാര്‍ത്ഥന്റെ മരണം സി.ബി.ഐ അന്വേഷണത്തിലായതു കൊണ്ട് സാമ്പത്തിക സഹായം നല്‍കാനാവില്ലെന്ന വിചിത്രമായ ന്യായമാണ് സര്‍ക്കാരിന്റേത്. എസ്.എഫ്.ഐ പ്രതിക്കൂട്ടിലായ ഒരു വിഷയത്തില്‍ സാമ്പത്തിക സഹായം നല്‍കുന്നതിനോട് സര്‍ക്കാരിനുള്ള വിയോജിപ്പാണ് പ്രകടമാകുന്നത്. പുതുതായി അധികാരമേറ്റ ഗവര്‍ണറെ നേരില്‍ കണ്ട് ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശുo, അമ്മ ഷീബയും.
എന്നാല്‍, പുറത്താക്കപ്പെട്ട വിദ്യാര്‍ഥികള്‍ തുടര്‍പഠനത്തിനുള്ള അനുമതിക്ക് സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കം നടത്തുന്നുണ്ട്. നീതി തേടുന്ന സിദ്ധാര്‍ഥിന്റെ മാതാപിതാക്കള്‍ക്കൊപ്പം സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയും രംഗത്തുണ്ട്.
CONTENT HIGH LIGHTS; A victim of raging, a wild dog: Siddhartha’s death marks one year tomorrow; Parents still go to court to seek justice; Raging in Colleges Untouchable Sequel; No government action