പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം വര്‍ദ്ധിപ്പിച്ച നടപടി അനുചിതമെന്ന് എ.ഐ.വൈ.എഫ്; പടയൊരുക്കം എന്തിന് ?; സി.പി.ഐ തോറ്റിടത്ത് യുവജന സംഘടന വിജയിക്കുമോ ?

പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം വന്‍ തോതില്‍ വര്‍ദ്ധിപ്പിച്ച നടപടി അനുചിതമാണെന്നും ന്യായമായ വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് കൊണ്ട് വിവിധ വിഭാഗക്കാര്‍ പ്രക്ഷോഭം നടത്തുന്ന അവസരത്തില്‍ കൈക്കൊണ്ട തീരുമാനം അംഗീകരിക്കാനാവില്ലെന്നും എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യൂട്ടിവ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്കും വിവിധ ക്ഷേമ പെന്‍ഷന്‍കാര്‍ക്കും കൃത്യമായ വേതനം ലഭിക്കാത്ത സാഹചര്യത്തിലാണ് ഇപ്രകാരമൊരു തീരുമാനം സര്‍ക്കാര്‍ കൈകൊള്ളുന്നതെന്നത് ആശങ്കയുളവാക്കുന്നു.

വര്‍ഷം കോടിക്കണക്കിന് രൂപയുടെ അധിക ബാധ്യതയുണ്ടാക്കുന്ന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും ഇടത് നയത്തില്‍ നിന്ന് സര്‍ക്കാര്‍ വ്യതിചലിക്കരുതെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍. അരുണും സെക്രട്ടറി ടി.ടി ജിസ്മോനും ആവശ്യപ്പെട്ടു. സി.പി.ഐയുടെ പുതുക്കി പണിത പുതിയ ആസ്ഥാന മന്ദിരമായ എം.എന്‍. സ്മാരകത്തില്‍ വെച്ച് നടന്ന ആദ്യ എല്‍.ഡി.എഫ് യോഗത്തില്‍ ബ്രൂവറി വിഷയവുമായി ബന്ധപ്പെട്ട് സി.പി.ഐ അമ്പേ പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ തന്നെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ എടുത്ത തീരുമാനത്തിനെതിരേ സി.പി.ഐയുടെ യുവജന സംഘടന രംഗത്തു വന്നിരിക്കുന്നത്.

അതും PSC ചെയര്‍മാനും അംഗങ്ങള്‍ക്കും ശമ്പളം വര്‍ദ്ധിപ്പിച്ചതിനെതിരേയാണ്. സ്വന്തം ആസ്ഥാനത്തെന്നല്ല, എ.കെ.ജി സെന്ററില്‍വെച്ച് എല്‍.ഡി.എപ് ചേര്‍ന്നാലും സി.പി.ഐയ്ക്ക് യാതൊരു അഭിപ്രായ സ്വാതന്ത്രയവും ഉണ്ടാകില്ലെന്നതാണ് ഇന്നലത്തെ എല്‍.ഡി.എഫ് യോഗത്തില്‍ വെളിവായത്. ഇത് സി.പി.ഐയ്ക്കുള്ളില്‍ വലിയ പൊട്ടിത്തെറി ഉണ്ടാക്കുമെന്നാണ് സൂചന.

എന്നാല്‍, സി.പി.ഐയ്ക്ക് സി.പി.എമ്മിനെ നേരിടാനായില്ലെങ്കില്‍, സി.പി.ഐയുടെ യുവജന സംഘടന മറ്റൊരു വിഷയത്തില്‍ നേരിടുമെന്ന് കാണിക്കുകയാണ് ഇതിലൂടെ. പക്ഷെ, സി.പി.ഐ മന്ത്രിമാര്‍ കൂടി ചേര്‍ന്നെടുത്ത തീരുമാനമാണ് പി.എസ്.സി അംഗങ്ങളുടെ ശമ്പള വര്‍ദ്ധന. ക്യാബിനറ്റില്‍ നാല് സി.പി.ഐ മന്ത്രിമാരുണ്ട്. എന്നിട്ടും, വിയോജിപ്പോ, അഭിപ്രായ വ്യത്യാസമോ പറയാതെയാണ് തീരുമാനം വന്നിരിക്കുന്നത്. പ്രതിപക്ഷം ശക്തമായി ഇതിനെ എതിര്‍ക്കുന്നുണ്ട്. ഇതിനൊപ്പം സി.പി.ഐ യുവജന സംഘടനയും ചേരുകയാണ്.

എ.ഐവൈ.എപിന്റെ നിലപാടിലൂടെ ഒരു കാര്യം വ്യക്തമാവുകയാണ്. മന്ത്രിസഭയിലും എല്‍.ഡി.എഫിലും എടുക്കുന്ന തീരുമാനങ്ങളില്‍ സി.പി.ഐയ്ക്ക് യാതൊരു പങ്കുമില്ല എന്നത്. രണ്ടു പ്ലാറ്റ്‌ഫോമുകളും സി.പി.എമ്മിന്റെ അപ്രമാദിത്വത്തിലാണ് എന്നത് വ്യക്തം. എന്നാല്‍, ഈ വിഷത്തില്‍ ഏതു തരത്തിലാണ് പ്രതിഷേധിക്കാന്‍ പോകുന്നതെന്നു കൂടി അറിയേണ്ടതുണ്ട്.

CONTENT HIGH LIGHTS; AIYF said that the increase in salary of PSC chairman and members was inappropriate; Why prepare?; Will the youth organization win where the CPI lost?