Palakkad

വാളയാർ എക്സൈസ് ചെക്ക്‌പോസ്റ്റിൽ മയക്കുമരുന്ന് വേട്ട; 200മയക്കുമരുന്ന് ഗുളികകളുമായി തമിഴ്നാട് സ്വദേശി അറസ്റ്റിൽ

തമിഴ്നാട് മടകുർച്ചി സ്വദേശിയായ റിയാസ് അഹമ്മദാണ് (18) 200 മയക്കുമരുന്ന് ഗുളികകളുമായി പിടിയിലായത്

പാലക്കാട്: വാളയാർ എക്സൈസ് ചെക്ക്‌പോസ്റ്റിൽ മയക്കുമരുന്ന് ഗുളികകളുമായി തമിഴ്നാട് സ്വദേശിയെ അറസ്റ്റ് ചെയ്തു. തമിഴ്നാട് മടകുർച്ചി സ്വദേശിയായ റിയാസ് അഹമ്മദാണ് (18) 200 മയക്കുമരുന്ന് ഗുളികകളുമായി പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ ജയചന്ദ്രന്‍റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ മുഹമ്മദ് ഷെരീഫ് പി എം, പ്രഭ ജി, പ്രിവന്റീവ്  ഓഫീസർ(ഗ്രേഡ്)മാരായ മനോജ് പി എസ്, കെ പി രാജേഷ്, സിവിൽ എക്സൈസ് ഓഫീസർ ഉണ്ണികൃഷ്ണൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
ഇരിങ്ങാലക്കുട ആളൂരില്‍ രാസലഹരിയുമായി മൂന്ന് യുവാക്കള്‍ പിടിയിലായിരുന്നു. കണ്ണിക്കര ആല്‍ത്തറയില്‍നിന്ന് കടുപ്പശേരി സ്വദേശിയായ നെടുംമ്പുരക്കല്‍ വീട്ടില്‍ ക്രിസ്റ്റോ (21), അവിട്ടത്തൂരില്‍ നിന്ന് മനക്കലപ്പടി സ്വദേശി അലങ്കാരത്തുപറമ്പില്‍ വീട്ടില്‍ ജെസ്വിന്‍ (19), പുന്നേലിപ്പടിയില്‍നിന്ന് അവിട്ടത്തൂര്‍ സ്വദേശി കോലംകണ്ണി വീട്ടില്‍ ഓസ്റ്റിന്‍ (19) എന്നയാളെയുമാണ് എം ഡി എം എയുമായി പിടികൂടിയത്.

ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയാനായി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ആളൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ പരിശോധനയിലാണ് രാസ ലഹരിയുമായി യുവാക്കളെ പിടിയിലാകുന്നത്. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കര്‍, തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം നടന്ന പ്രത്യേക പരിശോധനകളില്‍നിന്നാണ് ഇവരെ പിടികൂടിയത്.

ക്രിസ്റ്റോ ആളൂര്‍ പോലീസ് സ്റ്റേഷനിലെ റൗഡിയാണ്. ക്രിസ്റ്റോ 2024ല്‍ ആളൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു അടിപിടി കേസിലും ഒരു വധശ്രമ കേസിലും പ്രതിയാണ്. ആളൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിനീഷ് കെ.എം, സബ് ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണന്‍, സ്‌പെഷല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ബാബു ടി.ആര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, സുനീഷ് കുമാര്‍, നിഖില്‍, ഹോംഗാര്‍ഡ് ഏലിയാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

content highlight : tamilnadu-man-arrested-with-200-drug-pills