Features

ആശാ വര്‍ക്കര്‍ മാരുടെ ‘ആശയും’ സര്‍ക്കാരിന്റെ ‘മോശം’ ഇടപെടലും: നിയമസഭയില്‍ വാക്കൗട്ട് നടത്താന്‍ പ്രതിപക്ഷത്തെ അനുവദിക്കാതെ സ്പീക്കറുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയില്‍ 23 ദിവസമായി സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നം നിയമസഭയിലും തര്‍ക്കവും തമ്മില്‍ പഴിചാരലുമായി മാറി. ഒടുവില്‍ ആരോഗ്യമന്ത്രിയുടെ സര്‍വ്വ ആരോഗ്യവും ഉപയോഗിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തെ എതിര്‍ത്തു. ഇരു കൂട്ടരും പറയുന്നതില്‍ കാര്യവും കഴമ്പും ഉണ്ടെന്ന് ബോധ്യമായ സ്പീക്കര്‍ സ്ഥിരമായി പറയുന്ന അടവെടുത്തു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിക്കുന്നു എന്ന്. നിയമസഭയില്‍ അടുത്ത നടപടി ക്രമം എന്നത്, പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗവും, പിന്നെ ഇറങ്ങിപ്പോവുക എന്നതുമാണ്.

പ്രതിപക്ഷ നേതാവ് വാക്കൗട്ട് പ്രസംഗം ആരംഭിച്ചു. ആശയും കടന്ന്, രാഷ്ട്രീയവും പറഞ്ഞ്, മുഖ്യമന്ത്രിക്കു നേരെ എത്തിയതും സ്പീക്കര്‍ക്ക് കാര്യം പിടികിട്ടി. ഇന്നലത്തെ അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നു വിളിച്ച് ആക്ഷേപിച്ച ക്ഷീണം ഇനിയും വിട്ടുമാറാത്ത മുഖ്യമന്ത്രിക്കു നേരെ ഇന്നും തിരിഞ്ഞാല്‍ അത് തനിക്ക് ദോഷമാകുമോ എന്ന് സ്പീക്കര്‍ക്ക് ആശങ്കയുണ്ട്. അതുകൊണ്ട് ആരാണ് മുഖ്യമന്ത്രിയുടെ നേര്‍ക്ക് വാക്കുകൊണ്ട് ആയുധമെടുക്കുന്നതെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാണ് സ്പീക്കറുടെ ഇരിപ്പ്. പതിനൊന്നു മിനിട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സംസാരിച്ചതോടെ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഇടപെട്ടു.

പതിനൊന്നാമത്തെ മിനിട്ടിലാണ് മുഖ്യമന്ത്രിക്കു നേരെ വി,ഡി. സതീശന്‍ വാക്കു കൊണ്ട് ആയുധമെടുത്തത്. മുഖ്യമന്ത്രി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തണം എന്നായിരുന്നു സതീശന്‍ പറഞ്ഞത്. ഇതു കേട്ട പാടെ മുഖ്യമന്ത്രിയെ കുറിച്ചുള്ള പരാമര്‍ശം ഇനി ഉണ്ടാകാന്‍ പാടില്ലെന്ന് ഉറപ്പിച്ചാണ് ഷംസീര്‍ പരിധി ലംഘിച്ച് സമയം കവര്‍ന്നെന്ന കാരണം കാട്ടി മൈക്ക് ഓഫാക്കിയത്. ഒച്ചപോയ (മൈക്ക് ഓഫാക്കിയാല്‍ സംസാരിക്കുമ്പോള്‍ ഒന്നും സഭയില്‍ കേള്‍ക്കാനാവില്ല) പ്രതിപക്ഷ നേതാവ്, തന്റെ സമയം നിശ്ചിക്കേണ്ടത് നിങ്ങളല്ല എന്നാണ് വി.ഡി. സതീശന്‍ പറഞ്ഞത്. പാട്ടപ്പിരിവുകാര്‍, സാംക്രമിക രോഗം പരത്തുന്ന ക്രിമികള്‍, സുരേഷ്‌ഗോപി കുട കൊടുക്കുന്നതിനൊപ്പം ഉമ്മ കൊടുക്കുന്നു എന്നും പറഞ്ഞവരുണ്ട് ഭരണപക്ഷത്ത്. ഇതിന് മറുപടി പറയണ്ടേ ആരോഗ്യമന്ത്രി. മുഖ്യമന്ത്രി അവരുമായി ചര്‍ച്ച ചെയ്യണം. കര്‍ണ്ണാടക മുഖ്യമന്ത്രി ചെയ്തതു പോലെ ചര്‍ച്ച ചെയ്യണം.

ഇത്രയും കൂടെ കേട്ടതോടെയാണ് സ്പീക്കര്‍ മൈക്ക് ഓഫാക്കിയത്. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ ചെയറിനടുത്തേക്ക് നീങ്ങി. പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം പൂര്‍ത്തിയാക്കി വാക്കൗട്ട് നടത്താന്‍ കഴിയാതെ സഭയ്ക്കുള്ളില്‍ നില്‍ക്കുമ്പോള്‍ അടുത്ത ബിസിനസ്സിലേക്ക് കെ. ആന്‍സലന്‍ എം.എല്‍.എ ക്ഷണിച്ച് സ്പീക്കര്‍ ലൈക്ക് ഭരണപക്ഷത്തേക്കു കൊടുത്തു. സര്‍ക്കാര്‍ ചോദ്യങ്ങളെ ഭയക്കുന്നതെന്തിന്, ഇത് കേരളമാണ്, ഉത്തര കൊറിയയോ സ്റ്റാലിന്റെ റഷ്യയോ അല്ല എന്നെഴുതിയ ബ്ലോക്കുകള്‍ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കര്‍ക്കു നേരെ നീട്ടി വെച്ച് മുദ്രാവാക്യം വിളിക്കുമ്പോള്‍ 2025-2026ലെ ധനാഭ്യര്‍ഥന ചെലവുകള്‍ക്ക് അനുവദിച്ച തുക ചെലവഴിക്കാനുള്ള അനുമതി അടക്കം സഭ പാസാക്കി.

റൂള്‍ ഫിഫ്റ്റി അനുസരിച്ച് രാഹുല്‍ മാങ്കൂട്ടമാണ് ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നം സഭയില്‍ കൊണ്ടുവന്നത്. ഇതിന് മറുപടിയായി ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് സംസാരിച്ചു. തുടര്‍ന്ന് രാഹുലും സംസാരിച്ചു. എന്നാല്‍, റൂള്‍ ഫിഫ്ടി സ്പീക്കര്‍ അനുവദിച്ചപ്പോള്‍ മുന്‍ സ്പീക്കറും പാര്‍ലമെന്ററികാര്യ മന്ത്രിയുമായ എം.ബി രാജേഷ് അതിനെ എതിര്‍ത്തു. സ്പീക്കര്‍ അനുവദിച്ച റൂള്‍ ഫിഫ്ടിയെ എതിര്‍ത്ത മന്ത്രി രാജേഷിന്റെ ഇടപെടല്‍ സഭയെ അവഹേളിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞെങ്കിലും അത് നാളത്തെ പത്രത്തില്‍ വാര്‍ത്തയാക്കാനുള്ള ഇടപെടലായാണ് സ്പീക്കര്‍ കണ്ടത്.

എന്തായാലും, പ്രതിപക്ഷം വാക്കൗട്ട് നടത്തിയെങ്കില്‍ സീറോ അവറിനു ശേഷം സബ്മിഷന്‍ അവതരിപ്പിക്കാന്‍ സഭയില്‍ വരുമായിരുന്നു. അങ്ങനെയെങ്കില്‍ സഭാ നടപടികള്‍ നീളും. ചര്‍ച്ചകള്‍ നീളുമ്പോള്‍ സര്‍ക്കാരിനു നേരെയുള്ള നിരവധി ആയുധങ്ങള്‍ പ്രതിപക്ഷം പ്രയോഗിക്കുകയും ചെയ്യും. മാത്രമല്ല, സര്‍ക്കാരിന്റെ ബിസിനസ്സുകളില്‍ എതിര്‍പ്പും പ്രകടിപ്പിക്കും. എന്നാല്‍, ഇതൊന്നും ഉണ്ടാകാതെ പ്രതിപക്ഷത്തെ വാക്കൗട്ട് നടത്താന്‍ സമ്മതിക്കാതെ, പ്രതിഷേധങ്ങള്‍ക്കിടയിലൂടെ സര്‍ക്കരിന്റെ ബിസിനസ്സുകളെല്ലാം പാസാക്കിയെടുത്ത് സഭ പിരിയുകയാണ് ചെയ്തത്. ഇതായിരുന്നു സ്പീക്കറുടെ പ്രതിപക്ഷത്തിനെതിരേയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക്.

content high lights; Asha workers’ ‘hope’ and government’s ‘bad’ intervention: Speaker’s surgical strike, not allowing opposition to stage assembly walkout