യാത്രകള്‍ ചിലപ്പോഴൊക്കെ നമുക്ക് ആശ്വാസവും മനസ്സിന് സന്തോഷവും പകരുന്നുണ്ട്. എന്നാല്‍, ചില യാത്രകളാകട്ടെ പ്രതികൂലമായ സാഹചര്യങ്ങള്‍ ഒരുക്കാരുമുണ്ട്. നോമ്പുകാരലത്തെ യാത്രകളില്‍ ഇതില്‍ പ്രധാനപ്പെട്ടവയാണ്. റമദാന്‍ മാസത്തെ യാത്രകള്‍ വലിയ ബുദ്ധിമുട്ടുള്ളവയാണെന്നത് പറയാതെ വയ്യ. ഇതിന് നോമ്പ് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍, യാത്രകളില്‍ നോമ്പ് എടുക്കേണ്ടതില്ലാ എന്ന് പറയുന്നുണ്ട്. മനുഷ്യജീവിതത്തിന്റെ അഭിവാജ്യഘടകങ്ങളില്‍ ഒന്നാണ് യാത്ര. പ്രയാസങ്ങള്‍ ഉണ്ടെങ്കിലും മതപരവും ഭൗതികവുമായ ധാരാളം യാത്രകള്‍ ഓരോരുത്തര്‍ക്കും നടത്തേണ്ടി വരും. നോമ്പുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ യാത്രക്കാര്‍ക്ക് ചില ഇളവുകളുണ്ട്. റമദാനിന്റെ പകലില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് അവരുടെ നോമ്പ് ഒഴിവാക്കാന്‍ അനുവാദമുണ്ട്.
”എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്.)’ എടുക്കേണ്ടതാണ്. (ബഖറ: 184)
എന്താണ് യാത്ര?
നിസ്‌കാരം ഖസ്‌വ്ര്‍ആക്കല്‍ (നാല് റക്അത് രണ്ട് റക്അതായി ചുരുക്കി നിസ്‌കരിക്കല്‍) അനുവദനീയമായ യാത്രകളാണ് നോമ്പ് ഒഴിവാക്കാന്‍ ഇളവ് നല്‍കപ്പെട്ട യാത്രകള്‍ എന്നതു കൊണ്ടുള്ള ഉദ്ദേശം.
ഏത് യാത്രകളിലാണ് നിസ്‌കാരം ഖസ്‌വ്ര്‍ ആക്കാന്‍ കഴിയുക ?
വ്യത്യസ്ത അഭിപ്രായങ്ങള്‍ ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കുണ്ട്. അവ ഓരോന്നായി ചര്‍ച്ച ചെയ്യുക എന്നത് ഈ സന്ദര്‍ഭത്തില്‍ അനുയോജ്യമല്ല. എങ്കിലും ശൈഖ് ഇബ്നു ബാസ് പറഞ്ഞ അഭിപ്രായം കൂടുതല്‍ ശരിയോട് അടുത്തു നില്‍ക്കുന്നതായി മനസ്സിലാക്കുന്നു. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് : ”യാത്രയെന്നു പൊതുവേ കണക്കാക്കപ്പെടുന്നവ യാത്രയാണ്. കാരണം അവക്ക് യാത്രാ വിഭവങ്ങള്‍ ഒരുക്കേണ്ടി വരും. എന്നാല്‍ ഒരു യാത്രയായി പൊതുവേ (ജനങ്ങള്‍ക്കിടയില്‍) പരിഗണിക്കപ്പെടാത്തവ യാത്രയുമല്ല. എന്നാല്‍ ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായ പ്രകാരം യാത്രയെന്നാല്‍ ഏതാണ്ട് എഴുപതോ എണ്‍പതോ കിലോമീറ്റര്‍ ദൂരമുള്ള യാത്രകളാണ്. ഈ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അതാണ് കൂടുതല്‍ നല്ലത്.
യാത്രയിലുള്ള ഇളവുകള്‍ ഏതെല്ലാം?
- റമദാനില്‍ നോമ്പ് ഒഴിവാക്കാം.
- നാല് റക്അതുള്ള നിസ്‌കാരങ്ങള്‍ രണ്ട് റക്അതായി ചുരുക്കി നിസ്‌കരിക്കാം. നാല് റക്അത് പൂര്‍ത്തീകരിച്ചു നിസ്‌കരിക്കണമെന്ന നിര്‍ബന്ധമില്ല.
- ദ്വുഹര്‍ അസ്വര്‍ നിസ്‌കാരങ്ങള്‍ ഒരുമിച്ചും, മഗ്രിബ് ഇശാ നിസ്‌കാരങ്ങള്‍ ഒരുമിച്ചും നിസ്‌കരിക്കാം. ഓരോ നിസ്‌കാരവും അവയുടെ സമയത്തിനുള്ളില്‍ തന്നെ നിര്‍വ്വഹിക്കാതെ അടുത്ത നിസ്‌കാരത്തിന്റെ സമയത്തിലേക്ക് പിന്തിക്കുകയോ മുന്തിക്കുകയോ ചെയ്യാം.
- സുന്നത് നിസ്‌കാരം വാഹനത്തില്‍ ഇരുന്ന് കൊണ്ട് നിര്‍വ്വഹിക്കാം; ഖിബ്ലയിലേക്ക് തിരിയണമെന്ന നിര്‍ബന്ധമില്ല.
- നടന്നു കൊണ്ട് സുന്നത് നിസ്‌കരിക്കാം; നിന്ന് നിസ്‌കരിക്കണമെന്ന നിര്‍ബന്ധമില്ല.
- വുദുവിന്റെ സന്ദര്‍ഭത്തില്‍ ഖുഫ്ഫയുടെയും തലപ്പാവിന്റെയും മേല്‍ മൂന്ന് പകലും രാത്രിയും തടവാം; അവ ഊരി കഴുകേണ്ടതില്ല.
- സുന്നത് നിസ്‌കാരങ്ങള്‍ ഒഴിവാക്കാം. യാത്രക്കാരനല്ലാത്ത വേളയില്‍ സുന്നത് നിസ്‌കരിക്കാറുള്ളവനായിരുന്നു എങ്കില്‍ സുന്നതിന്റെ പ്രതിഫലം അവന് ലഭിച്ചു കൊണ്ടിരിക്കും.
- സ്ഥിരമായി ചെയ്തു വന്നിരുന്ന സുന്നത്തായ ചില പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാം. അവയുടെ പ്രതിഫലം ചെയ്തിട്ടില്ലെങ്കില്‍ കൂടി ലഭിക്കും.
യാത്രയുടെ ഇനങ്ങള്‍ ഏതെല്ലാം?
യാത്രകള്‍ പല തരമുണ്ട്. യാത്രയുടെ ഉദ്ദേശം അനുസരിച്ച് അതിന്റെ വിധികളിലും മാറ്റമുണ്ടായിരിക്കും.
അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള യാത്രകളും നിഷിദ്ധമാണ്. ഉദാഹരണത്തിന് മദ്യം വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ ഉള്ള യാത്രകള്‍. ഇത്തരം യാത്രകള്‍ അല്ലാഹുവിന്റെ ശിക്ഷക്ക് കാരണമാകും.
എന്നാല്‍ അല്ലാഹു നിര്‍ബന്ധമാക്കിയ കാര്യങ്ങള്‍ക്കുള്ള യാത്രകള്‍ നിര്‍ബന്ധമായിരിക്കും. ഉദാഹരണത്തിന്; ഹജ്ജിന് വേണ്ടിയുള്ള യാത്ര. ഇത്തരം യാത്രകള്‍ക്കും അതിലെ പ്രയാസങ്ങള്‍ക്കുമെല്ലാം പ്രതിഫലമുണ്ട്. സാധ്യമായിട്ടും അവ ഒഴിവാക്കിയാല്‍ ശിക്ഷയുമുണ്ട്.
കച്ചവടം പോലെ അനുവദനീയമായ ആവശ്യങ്ങള്‍ക്കുള്ള യാത്രകള്‍ അനുവദനീയമാണ്. അവക്ക് പ്രത്യേകിച്ച് പ്രതിഫലമോ പ്രത്യേകം ശിക്ഷയോ ഇല്ല.
സുന്നത്തായ കാര്യം നിര്‍വ്വഹിക്കുന്നതിനു വേണ്ടിയുള്ള യാത്ര സുന്നത്തായിരിക്കും. ഉദാഹരണത്തിന് ഉംറക്ക് വേണ്ടിയുള്ള യാത്ര. ഇത്തരം യാത്രകള്‍ക്ക് പ്രതിഫലമുണ്ട്. സാധ്യമായിട്ടും ഒഴിവാക്കിയാല്‍ അവന്‍ ശിക്ഷക്ക് അര്‍ഹനുമല്ല. ഒരാളെയും ഒപ്പം കൂട്ടാതെ ഒറ്റക്കുള്ള യാത്രകള്‍ മക്‌റൂഹ് (വെറുക്കപ്പെട്ടത്) എന്ന ഗണത്തില്‍ പെടും.
യാത്രകള്‍ അഞ്ചു തരമുണ്ട്.
- ഹറാമായ യാത്രകള്‍
- വാജിബായ യാത്രകള്‍
- മക്‌റൂഹായ യാത്രകള്‍
- സുന്നത്തായ യാത്രകള്‍
- അനുവദനീയമായ യാത്രകള്‍
ഏത് ഇനം യാത്രയാണ് നടത്തുന്നതെങ്കിലും അവന് യാത്രക്കാരന്റെ ഇളവുകള്‍ സ്വീകരിക്കാം. നോമ്പുകാരനും അക്കൂട്ടത്തില്‍ ഉള്‍പ്പെടും. അവന് നോമ്പ് ഒഴിവാക്കാം. ഹറാമായ യാത്ര പോകാമെന്നല്ല ഈ പറഞ്ഞതിന്റെ അര്‍ഥം. മറിച്ച്, യാത്ര ഹറാമാണെങ്കിലും യാത്രക്കാര്‍ക്കുള്ള ഇളവുകള്‍ അവന് തടയപ്പെടില്ല എന്നു മാത്രം. തെറ്റായ യാത്രയാണ് ചെയ്തതെങ്കില്‍ അതിനുള്ള ശിക്ഷയുണ്ടായിരിക്കും എന്നത് വേറെ കാര്യം.
ശൈഖുല്‍ ഇസ്ലാമിനെ പോലുള്ള ധാരാളം പണ്ഡിതന്മാരുടെ അഭിപ്രായം മേല്‍ പറഞ്ഞതാണ്. നിര്‍ബന്ധ യാത്രകളിലും, സുന്നത്തോ മുബാഹോ ആയ യാത്രകളിലും മാത്രമേ നോമ്പിന്റെ ഇളവ് പോലുള്ളവ എടുക്കാന്‍ പാടുള്ളൂ എന്ന് അഭിപ്രായപ്പെട്ട പണ്ഡിണ്ടിതന്മാരുമുണ്ട്. എങ്കിലും ശരിയായ അഭിപ്രായം മേല്‍ പറഞ്ഞതാണെന്നാണ് മനസ്സിലാകുന്നത്. വല്ലാഹു അഅലം.
യാത്രക്കാരനും നോമ്പും
യാത്രക്കാരന്റെ നോമ്പിന് മൂന്ന് അവസ്ഥകള്‍ ഉണ്ടാകാം. ഓരോ അവസ്ഥകളിലും നോമ്പിന്റെ വിധിയും വ്യത്യാസപ്പെടും. .
- ഒന്ന്: യാത്രക്കിടെ നോമ്പ് എടുക്കുന്നത് അവന് കഠിനമായ പ്രയാസം സൃഷ്ടിക്കുകയും, സഹിക്കാന്‍ കഴിയാത്ത ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ചെയ്യും.
(ഇത്തരം സന്ദര്‍ഭത്തില്‍ നോമ്പ് ഉപേക്ഷിക്കല്‍ നിര്‍ബന്ധമാണ്. നോമ്പ് നോല്‍ക്കുക എന്നത് നിഷിദ്ധവുമാണ്. കാരണം സ്വന്തം ശരീരത്തെ നശിപ്പിക്കുക എന്നത് ഖുര്‍ആനില്‍ ശക്തമായി വിലക്കിയിട്ടുണ്ട്.)
- രണ്ട്: നോമ്പ് അവന് പ്രയാസമുണ്ടാക്കുമെങ്കിലും അത് സഹിക്കാന്‍ കഴിയുന്ന തരം ബുദ്ധിമുട്ടുകളാണ്. നോമ്പ് ഒഴിവാക്കിയിരുന്നെങ്കില്‍ അവന് യാത്ര കുറച്ചു കൂടെ സുഖകരമാകുമായിരുന്നു.
(ഈ അവസ്ഥയില്‍ നോമ്പ് ഒഴിവാക്കല്‍ അവന് മുസ്തഹബ്ബാണ്. നോമ്പ് എടുക്കുക എന്നതാകട്ടെ; മക്‌റൂഹും. ഇത്തരം അവസ്ഥയില്‍ നോമ്പെടുക്കുന്നത് ഒരു പുണ്യമല്ലെന്ന് അവിടുത്തെ ഹദീസില്‍ വിശദമാക്കിയിട്ടുണ്ട്.)
- മൂന്ന്: യാത്രയില്‍ നോമ്പ് അവന് യാതൊരു പ്രയാസവും -ചെറുതോ വലുതോ ആയ ഒരു പ്രയാസവും- ഉണ്ടാക്കുകയില്ല. നോമ്പ് എടുക്കുക എന്നത് അവന് വളരെ എളുപ്പമുള്ള കാര്യമാണ്.
(ഇത്തരം സന്ദര്‍ഭങ്ങളില്‍ അവന് നോമ്പ് എടുക്കുന്നതും, നോമ്പ് ഒഴിവാക്കുന്നതും അനുവദനീയമാണ്. രണ്ടായാലും അവന്റെ ഇഷ്ടം പോലെ ചെയ്യാം. കൂടുതല്‍ ശ്രേഷ്ഠം ഏതാണ് എന്നതില്‍ അഭിപ്രായവ്യത്യാസമുണ്ട്. നോമ്പ് എടുക്കുന്നതാണ് കൂടുതല്‍ ശ്രേഷ്ഠം എന്ന അഭിപ്രായമാണ് ശരിയായി മനസ്സിലാകുന്നത്. )
യാത്ര ഉദ്ദേശിച്ചാല്‍ തന്നെ നോമ്പ് മുറിക്കാമോ?
യാത്ര ചെയ്യണമെന്ന് ഉറപ്പിച്ചാല്‍ അവന് നോമ്പ് മുറിക്കാവുന്നതാണ് എന്ന അഭിപ്രായമാണ് കൂടുതല്‍ ശരിയായി മനസ്സിലാകുന്നത്. യാത്ര പോകുമെന്ന ഉറച്ച തീരുമാനം അവനുണ്ടെങ്കില്‍, നോമ്പ് മുറിച്ചു കൊണ്ട് തന്നെ അവന് യാത്ര തുടങ്ങാം. യാത്ര പുറപ്പെടുകയും തന്റെ നാട്ടില്‍ നിന്ന് പുറത്ത് എത്തുകയും, ഖസ്‌വ്ര്‍ അനുവദിക്കപ്പെട്ട ദൂരം പിന്നിടുകയും ചെയ്തതിന് ശേഷമാണ് അവന്‍ നോമ്പു മുറിക്കുന്നത് എങ്കില്‍ അതാണ് കൂടുതല്‍ സൂക്ഷ്മതയുള്ളതും നല്ലതും.
കാരണം, ചിലപ്പോള്‍ അവന്റെ യാത്ര മുടങ്ങുകയും അവന്‍ യാത്ര പോവാതിരിക്കുകയും ചെയ്‌തേക്കാം. അപ്പോള്‍ നഷ്ടപ്പെട്ട അവന്റെ നോമ്പിനെ കുറിച്ച് അവന് ഖേദമുണ്ടായേക്കാം. എന്നാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം; മേല്‍ പറഞ്ഞ അഭിപ്രായ വ്യത്യാസങ്ങളൊന്നും തന്നെ നിസ്‌കാരം ചുരുക്കുന്ന കാര്യത്തില്‍ ബാധകമല്ല. നിസ്‌കാരം ചുരുക്കണമെങ്കില്‍ യാത്ര ഉദ്ദേശിച്ചാല്‍ മാത്രം പോരാ. മറിച്ച്, യാത്ര പുറപ്പെടുകയും, അവന്റെ നാട്ടില്‍ നിന്ന് പുറത്തു കടക്കുകയും തന്നെ വേണം.
യാത്രക്കിടെ ഒരിടത്ത് തങ്ങിയാല്‍ എത്ര ദിവസം വരെ ഇളവുകള്‍ എടുക്കാം?
ഇത്ര ദിവസം വരെ നില്‍ക്കും എന്ന കൃത്യമായ ഉറപ്പോടെയാണ് ഒരിടത്ത് യാത്രക്കിടെ താമസിക്കുന്നതെങ്കില്‍ നാല് ദിവസം വരെ യാത്രയുടെ ഇളവുകള്‍ സ്വീകരിക്കാം.
എന്നാല്‍ എത്ര ദിവസം താമസിക്കുമെന്ന കൃത്യമായ നിശ്ചയമില്ലാതെയാണ് യാത്രക്കിടെ എവിടെയെങ്കിലും താമസിക്കുന്നതെങ്കില്‍ അതിന് കൃത്യമായ എണ്ണം നിശ്ചയിക്കപ്പെട്ടിട്ടില്ല. മറിച്ച്, എത്ര ദിവസമാണോ അങ്ങനെ അനിശ്ചിതത്വത്തോടെ നില്‍ക്കേണ്ടി വരുന്നത് അത്രയും ദിവസം യാത്രയുടെ ഇളവുകള്‍ സ്വീകരിക്കാം. രണ്ടു വര്‍ഷം വരെ- യാത്രയുടെ ഇളവുകള്‍ സ്വീകരിക്കാം.
സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ എന്തു ചെയ്യണം?
ടാക്‌സി ഡ്രൈവര്‍മാരെ പോലുള്ളവര്‍ നിസ്‌കാരം ഖസ്‌വ്ര്‍ ആക്കാവുന്ന യാത്ര ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് നോമ്പ് മുറിക്കുന്നതില്‍ ഇളവുണ്ട്. പിന്നീട് അടുത്ത റമദാന്‍ വരുന്നതിന് മുന്‍പ് അവര്‍ നോമ്പ് നോറ്റു വീട്ടണമെന്നു മാത്രം.
നോമ്പുകാരനായിരുന്നു; പൊടുന്നനെ യാത്ര ചെയ്യേണ്ടി വന്നു; എന്തു ചെയ്യണം?
അയാള്‍ക്ക് യാത്ര തുടങ്ങിയാല്‍ നോമ്പ് മുറിക്കാവുന്നതാണ്. എന്നാല്‍ പിന്നീട് നഷ്ടപ്പെട്ട നോമ്പ് അയാള്‍ നോറ്റു വീട്ടേണ്ടതുണ്ട്
ആര്‍ക്കെല്ലാമാണ് റമദാന്‍ നോമ്പ് നിര്‍ബന്ധം?
ആര്‍ത്തവം, പ്രസവരക്തം എന്നീ അശുദ്ധികളില്ലാത്ത ബുദ്ധിയും പ്രായപൂര്‍ത്തിയുമുള്ള ആരോഗ്യപരമായി നോമ്പിന് സാധിക്കുന്ന എല്ലാ മുസ്ലിമിനും നോമ്പ് നിര്‍ബന്ധമാണ്.
രോഗം, വാര്‍ദ്ധക്യം എന്നിവയാല്‍ നോമ്പനുഷ്ഠിക്കാന്‍ സാധിക്കാത്തവര്‍ എന്ത് ചെയ്യണം?
വാര്‍ദ്ധക്യം, സുഖമാകുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം എന്നിവയാല്‍ നോമ്പിന് കഴിയാത്തവര്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല. പിന്നീട് വീട്ടേണ്ടതുമില്ല. ഓരോ നോമ്പിനും ഓരോ മുദ്ദ് (800 മില്ലീലിറ്റര്‍) അരി സ്വദഖ ചെയ്യലാണ് അവര്‍ക്ക് നിര്‍ബന്ധം. സുഖമാവുകയില്ലെന്ന് ഡോക്ടര്‍ വിധിയെഴുതിയ രോഗം പിന്നീട് സുഖമായാല്‍ പോലും നോമ്പ് വീട്ടല്‍ നിര്‍ബന്ധമില്ല. കാരണം, അത്തരം രോഗികള്‍ക്ക് ആദ്യമേ നോമ്പ് നിര്‍ബന്ധമാകുന്നില്ല. മുദ്ദ് നല്‍കലാണ് അവര്‍ക്ക് നിര്‍ബന്ധം. വൈ്യശാസ്ത്രത്തിന്റെ നിരീക്ഷണമനുസരിച്ച് സുഖമാകുമെന്ന പ്രതീക്ഷ ഇല്ലെങ്കിലാണിത്. സുഖമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന രോഗമാണെങ്കില്‍ പിന്നീട് ഖസ്‌വ്ര്‍ വീട്ടല്‍ നിര്‍ബന്ധമാണ്.
നോമ്പ് മുറിയുന്ന കാര്യങ്ങള്‍ ഏതെല്ലാം?
സംയോഗം, ഇന്ദ്രിയം സ്ഖലിപ്പിക്കല്‍, ഉണ്ടാക്കി ഛര്‍ദ്ദിക്കല്‍, ശരീരത്തിന്റെ ഉള്‍ഭാഗം എന്ന് സാധാരണയില്‍ പറയുന്ന ഭാഗത്തേക്ക് തുറന്ന ദ്വാരത്തിലൂടെ വല്ല തടിയും പ്രവേശിക്കുക തുടങ്ങിയ കാര്യങ്ങള്‍ നോമ്പുകാരനാണെന്ന ഓര്‍മയിലൂടെ ബലാല്‍ക്കാരത്തിലൂടെയല്ലാതെ സംഭവിച്ചാല്‍ നോമ്പ് ബാത്വിലാകുന്നതാണ്. നോമ്പുള്ള സമയത്ത് ആര്‍ത്തവം, പ്രസവരക്തം എന്നിവ പുറപ്പെട്ടാലും നോമ്പ് ബാത്വിലാകുന്നതാണ്.
ഭാര്യഭര്‍തൃ ബന്ധത്തിലൂടെഅശുദ്ധിയുണ്ടായവര്‍ സ്വുബ്ഹിയുടെ മുമ്പ് കുളിക്കാതെ നോമ്പനുഷ്ഠിക്കുന്നതില്‍ തെറ്റുണ്ടോ?
സ്വുബ്ഹിയുടെ മുമ്പുതന്നെ കുളിക്കലാണ് സുന്നത്ത്. പൂര്‍ണ പ്രതിഫലത്തിന് വേണ്ടി സ്വുബ്ഹിയുടെ മുമ്പ് തന്നെ കുളിക്കാന്‍ ശ്രദ്ധിക്കുന്നതാണ് ഉത്തമം.
നോമ്പു രാത്രികളില്‍ ഭാര്യഭര്‍തൃ ബന്ധത്തിനു കുഴപ്പമില്ലേ! പകലില്‍ ശാരീരിക ബന്ധം സംഭവിച്ചാല്‍?
രണ്ടുപേരുടെയും നോമ്പു മുറിയും. പ്രവൃത്തി ഹറാമുമാണ്. ഖളാഅ് വീട്ടുന്നതിനു പുറമെ കഫ്ഫാറത്ത് നിര്‍ബന്ധവുമായി. അടിമയെ സ്വതന്ത്രനാക്കുക, സാധിക്കാത്തവന്‍ തുടര്‍ച്ചയായി അറുപതു നോമ്പ് അനുഷ്ഠിക്കുക, കഴിയില്ലെങ്കില്‍ അറുപതു മിസ്‌കീന്മാര്‍ക്ക് ഭക്ഷണം നല്‍കുകഇതാണ് കഫ്ഫാറത്ത്. പുരുഷനാണ് ഇതു നിര്‍ബന്ധമാവുക.
മൃദുലമായ ഈത്തപ്പഴം കൊണ്ട് സുന്നത്ത് ലഭിക്കുകയില്ലേ?
ഈത്തപ്പഴം കൊണ്ട് സുന്നത്ത് ലഭിക്കും എന്ന് മാത്രമല്ല അതാണ് ഏറ്റവും നല്ലതും. ഏറ്റവും ഉത്തമം ഈത്തപ്പഴം, പിന്നീട് കാരക്ക, ശേഷം ശുദ്ധജലം എന്നിങ്ങനെയാണ് ക്രമം.
CONTENT HIGH LIGHTS; The virtue of fasting should be achieved through fasting itself: How should travelers fast?; What are the benefits of fasting that should be known?; What are the things that break the fast?