Features

കെ.കെ. കൊച്ച് വിടപറയുമ്പോള്‍: അതുല്യമായ ആ ചരിത്ര ജീവിതത്തിന് ഹൃദയാഞ്ജലി

സമൂഹത്തില്‍ ഇന്നും ഇരുട്ടില്‍ നില്‍ക്കുന്ന ദളിതര്‍ക്ക് വെളിച്ചമായി നിന്ന മനുഷ്യനാണ് അന്തരിച്ച കെ.കെ. കൊച്ച്. അദ്ദേഹത്തിന്റെ സമരോത്സുകമായ ജീവിതവും എഴുത്തും വായനയുമെല്ലാം ഇന്നത്തെയും വരാനിക്കുന്ന തലമുറയ്ക്കും പ്രചേദനമാകുന്നതുമാണ്. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ശൂന്യമാകുന്ന ഇരിപ്പിടം മറ്റാര്‍ക്കും അര്‍ഹതയില്ലാത്തതുമാണ്. അന്തരകിച്ച കെ.കെ. കൊച്ചിനെ ഓര്‍മ്മിച്ച്, പ്രശസ്ത സിനിമ പി.ആര്‍.ഒയും മുന്‍കാല മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയുമായിരുന്ന പി.ആര്‍. സുമേരന്‍ എഴുതുന്നു.

അതുല്യമായ ഒരു ചരിത്ര ജീവിതമാണ് കെ.കെ കൊച്ചിന്റെ വിയോഗത്തിലൂടെ അസ്തമിച്ചത്. ചിന്തകളില്‍ തീക്കാറ്റുമായി ഒരു ജനതയുടെ ജീവിതപുരോഗതിക്ക് വേണ്ടി അലഞ്ഞ ഒരു പോരാളിയായിരുന്നു ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട കൊച്ചേട്ടന്‍. ആ ജീവിത സാക്ഷ്യത്തെ ഭംഗിവാക്കുകള്‍ കൊണ്ട് മൂടിപ്പുതയ്ക്കുന്നത് ശരിയല്ല. അത്തരം അലങ്കാരങ്ങളെയൊക്കെ പണ്ടേ തള്ളിക്കളഞ്ഞ ധിഷണാശാലിയായിരുന്നു അദ്ദേഹം. കേരളത്തിലെ ദളിത് ചിന്തയ്ക്ക് പുതിയ മാനങ്ങള്‍ നല്കുകയും

തനിക്ക് ശേഷമുള്ള പുതിയ തലമുറയെ സ്വതന്ത്രമായ ചിന്തയിലൂടെ ജീവിക്കാന്‍ പ്രേരിപ്പിച്ച എഴുത്തുകാരനും ചിന്തകനും ചരിത്രകാരനുമായിരുന്നു കൊച്ചേട്ടന്‍. തലമുറകളെ പ്രചോദിപ്പിച്ച എഴുത്തുകാരന്‍ എന്നുതന്നെ പറയുന്നതാവും ശരി. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ഞാനുമായി ഏറെ ബന്ധം പുലര്‍ത്തിയിരുന്നു കൊച്ചേട്ടന്‍. എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് എന്റെ ഹോസ്റ്റല്‍ മുറിയിലെ നിത്യസന്ദര്‍ശകനും അന്തേവാസിയുമായിരുന്നു അദ്ദേഹം.

രാത്രിയില്‍ ഞങ്ങളുടെയെല്ലാം ഉറക്കം കെടുത്തി സിഗരറ്റും ബീഡിയും നിരന്തരം വലിച്ച് പേപ്പറുകള്‍ നിറയെ കുനുകുനാ എഴുതി ഞങ്ങളെല്ലാം തമാശയ്ക്ക് വിളിച്ചിരുന്ന വായില്ലാകുന്നിലപ്പന്‍ എന്ന കൊച്ചേട്ടന്‍ ഒരു വലിയ ആവേശമായിരുന്നു. താടിയും മീശയും വളര്‍ന്ന് ചുണ്ടുകള്‍ കാണാന്‍ പറ്റില്ലായിരുന്നു. അത്തരമൊരു രസകരമായൊരു കാഴ്ചയിലാണ് അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം തമാശയ്ക്ക് അങ്ങനെ വിളിച്ചിരുന്നത്.

ആ കാലത്താണ് കേരളത്തില്‍ ദളിത് വിദ്യാര്‍ത്ഥി പ്രസ്ഥാനം കേരളത്തിലെ ക്യാമ്പസുകളില്‍ രൂപീകരിക്കപ്പെടുന്നത്. അതിന് ചുക്കാന്‍ പിടിച്ചത് കെ കെ കൊച്ചായിരുന്നു. സണ്ണി എം കപിക്കാട്, കെ സുനില്‍കുമാര്‍, പി പി അശോകന്‍, രാധാകൃഷ്ണന്‍ ചെങ്ങാട്ട്, എം ബി മനോജ് തുടങ്ങി ഒട്ടേറെ സുഹൃത്തുക്കള്‍ ആ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിനു മുന്നില്‍ അണിനിരന്നിരുന്നു, തുടര്‍ന്ന് വലിയൊരു ചിന്താധാര വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ കഴിഞ്ഞത് വലിയൊരു നേട്ടമായിരുന്നു.

തുടര്‍ന്ന് എഴുത്തിലും ചിന്തയിലും സാമൂഹ്യ-കലാ പ്രവര്‍ത്തനങ്ങളിലും ദളിത് ചിന്തയ്ക്ക് പുതിയ മാനങ്ങള്‍ കൈവരിച്ചത് കെ കെ കൊച്ച് ഉള്‍പ്പെടെയുള്ളവരുടെ പ്രയത്‌നവും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായിരുന്നു. ഇന്ന് കാണുന്ന ദളിത് ചിന്തയിലെ വെളിച്ചത്തിന് പിന്നില്‍ നീണ്ടു മെലിഞ്ഞ ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട കൊച്ചേട്ടന്റെ എഴുത്തും ചിന്തയും ഒട്ടേറെ സഹായിച്ചിട്ടുണ്ട്. ചരിത്രകാരനും എഴുത്തുകാരനുമായ അദ്ദേഹവുമായി ഞാന്‍ പലപ്പോഴും ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ വിയോജിച്ചിട്ടുണ്ട്.

രൂക്ഷമായ ഭാഷയില്‍ സംസാരിച്ചിട്ടുണ്ട്. സാമൂഹ്യ ചിന്തകന്‍ കെ എം സലിംകുമാറുമായി ഞാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നടത്തിയ ദീര്‍ഘസംഭാഷണം’.കേരളത്തിലെ ദളിതുകള്‍ വെറും ചത്തമീനുകളാണ്’. എന്ന ഇന്റര്‍വ്യൂ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. അക്കാലത്ത് ആ ഇന്റര്‍വ്യൂവിന്റെ പേരില്‍ കൊച്ചേട്ടനുമായി അഭിപ്രായഭിന്നതയോടെ സംസാരിക്കേണ്ടി വന്നിട്ടുണ്ട്.

പക്ഷേ ഒരിക്കല്‍പോലും വാക്കുകള്‍ക്കപ്പുറം അദ്ദേഹം തന്റെ വിയോജിപ്പുകള്‍ എന്നോട് കാണിച്ചിട്ടില്ല. കാണുമ്പോഴെല്ലാം തന്നെ ചേര്‍ത്ത് പിടിച്ച് സ്‌നേഹവാത്സല്യത്തോടെ മാത്രമേ സംസാരിച്ചിട്ടുള്ളൂ. ഒരു പക്ഷേ വരും തലമുറ കൗതുകത്തോടുകൂടി ഓര്‍മ്മിക്കുന്ന ഒരു മനുഷ്യനായിരിക്കും കെ കെ കൊച്ച്. രോഗത്തിന്റെ വേദനയിലും എഴുത്തിനോടും സാമൂഹ്യ സംവാദങ്ങളോടും എന്നും ചേര്‍ന്നു നിന്നു. കൊച്ചേട്ടനൊപ്പം നവ ജനാധിപത്യ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുവാനും മൂന്നര പതിറ്റാണ്ട് നീണ്ട ആത്മസൗഹൃദം പുലര്‍ത്തുവാനും എനിക്ക് കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. അതുല്യമായ ആ ചരിത്ര ജീവിതത്തിന് മുന്നില്‍ എന്റെ ഹൃദയാഞ്ജലി.

  • കെ.കെ. കൊച്ച്

ക്യാന്‍സര്‍ രോഗ ബാധിതനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് കെ.കെ.കൊച്ച് (76) അന്തരിച്ചത്. 1949 ഫെബ്രുവരി രണ്ടിന് കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തിലെ മധുരവേലിയില്‍ ജനനം. കഴുത്തൂട്ടില്‍ കുഞ്ഞന്റെയും കുഞ്ഞുപെണ്ണിന്റെയും ആറ് മക്കളില്‍ മൂന്നാമനായ കൊച്ച് കല്ലറ എന്‍.എസ്.എസ്. ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. ശേഷം എറണാകുളം മഹാരാജാസ് കോളേജില്‍ ഉപരിപഠനത്തിന് ചേര്‍ന്നു. പക്ഷെ, പഠനം പൂര്‍ത്തിയാക്കാനായില്ല. പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനം. ഒപ്പം സാഹിത്യരചനയും.

സീഡിയന്‍, ഇന്ത്യന്‍ ഡെമോക്രാറ്റ്, സൂചകം എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി. നവംബര്‍ ബുക്‌സ്, സബ്ജക്റ്റ് ആന്‍ഡ് ലാംഗ്വേജ് പ്രസ് എന്നീ പ്രസാധക സ്ഥാപനങ്ങളുടെ മാനേജിങ് എഡിറ്ററായി. ബുദ്ധനിലേക്കുള്ള ദൂരം, ദലിതന്‍ (ആത്മകഥ), കേരളചരിത്രവും സമൂഹരൂപീകരണവും (ചരിത്രം), ഇടതു പക്ഷമില്ലാത്ത കാലം, കലാപവും സംസ്‌ക്കാരവും, അംബേദ്കര്‍ ജീവിതവും ദൗത്യവും (എഡിറ്റര്‍) തുടങ്ങി പതിനാലോളം കൃതികള്‍ രചിച്ചു. കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം, ദലിതന്‍ എന്ന ആത്മകഥയ്ക്ക് യുവ കലാസാഹിതിയുടെ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സാഹിത്യപുരസ്‌കാരം, പ്രഥമ അരളി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

കേരള ലിറ്ററച്ചര്‍ ഫെസ്റ്റിവേലില്‍ ദളിതന്‍ എന്ന ആത്മകഥയുടെ ഇംഗ്ലീഷ് പതിപ്പിന് ബുക്ക് ഓഫ് ദി ഇയര്‍ അവാര്‍ഡ് 2025, വചനം ബുക്ക്‌സിന്റെ സമഗ്ര സംഭവനക്കുള്ള പുരസ്‌കാരം, ഡോ ബി ആര്‍ അംബേദ്കര്‍ ജയന്തി( 2024) അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്‌ന്റെ ഭരണ നിര്‍വഹണ സമിതി അംഗമാണ്. 2001 ല്‍ കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് സീനിയര്‍ അസിസ്റ്റന്റായി വിരമിച്ചു. കടുത്തുരുത്തി തത്തപ്പള്ളിയിലാണ് താമസം.

ഭാര്യ: കെ എ ഉഷാദേവി. മക്കള്‍: ഡോ. കെ കെ ജയസൂര്യന്‍ (സയന്റിസ്റ്റ് ഡി ഡബ്ല്യുആര്‍ഡിഎം കോട്ടയം സബ് സെന്റര്‍ ഹെഡ്), കെ കെ സൂര്യനയന (ടീച്ചര്‍). മരുമകള്‍: ഡോ. പി കെ ചാന്ദിനി (ചീഫ് മിനിസ്റ്റര്‍ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, കോട്ടയം) കൊച്ചു മക്കള്‍: ശ്രവന്തി സൂര്യ, ഹരിത പി, ഹരികൃഷ്ണ പി പ്രസാദ്.

CONTENT HIGH LIGHTS; As K.K. Koch bids farewell: A heartfelt tribute to that unique and historic life

Latest News