Features

ഇസ്രയേല്‍ പിശാചിനെപ്പോലെ യുദ്ധക്കൊതി തീര്‍ക്കുന്നോ ?: പുണ്യമാസത്തിലും നരകയാതനയില്‍ പലസ്തീന്‍ ജനം; മനുഷ്യക്കോട്ടയായി പലസ്തീന്‍കാരെ ഇസ്രയേല്‍ ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

യുദ്ധത്തിന് താത്ക്കാലിക വിരാമമിട്ടിട്ടും, യുദ്ധം തുടരുകയാണ് ഇസ്രയേല്‍. പാവം മനുഷ്യര്‍ക്കു മേല്‍ പട്ടിണിയും, ബോംബും വര്‍ഷിച്ച് താത്ക്കാലിക യുദ്ധ വിരാമമെന്ന കോമഡിയാണ് ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന വാര്‍ത്തകളാണ് ഈ നോമ്പു കാലത്തും കേള്‍ക്കാനാകുന്നത്. ഇത് മനുഷ്യത്വമല്ല. നീതയല്ല. ആയുധമെടുക്കേണ്ട സമയമല്ലിതെന്ന് കൃത്യമായി മനസ്സിലാക്കിക്കൊണ്ടാണ് ഇസ്രയേല്‍ പലസ്തീന്‍ ജനതയ്ക്കു നേരെ യുദ്ധം നടത്തുന്നത്. ഇന്നേയ്ക്ക് 13 ദിവസമായിരിക്കുന്നു, ഗാസയിലേക്കുള്ള ഭക്ഷ്യ വാഹനങ്ങള്‍ ഇസ്രയേല്‍ തടഞ്ഞിട്ട്. പുണ്യമാസത്തിലെ നോമ്പു തുറയക്കു പോലും കഴിയാതെ ഒരു കൂം മനുഷ്യര്‍ നരകയാതനയിലാണെന്ന് ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥ.

ഇതിനിടയില്‍ മനുഷ്യരെ കവചങ്ങളാക്കി യുദ്ദം ചെയ്യലും. ഇതിനൊന്നും അരുതി വന്നിട്ടില്ലെന്നതാണ് പശ്ചിമേഷ്യയില്‍ നിന്നും വരുന്ന വാര്‍ത്തകളും. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍, ഇസ്രയേല്‍ സൈന്യം പലസ്തീനികളെ ”മനുഷ്യകവചമായി” ഉപയോഗിച്ചുവെന്നാരോപിച്ച് ആറോളം കേസുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ പ്രതിരോധ സേനയുടെ മിലിട്ടറി പോലീസ് അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഗാസയില്‍ ഓപ്പറേഷന്‍ നടത്തുന്നതിനിടെ ഐ.ഡി.എഫ് പലസ്തീന്‍ സിവിലിയന്മാരെ പരിക്കേല്‍പ്പിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുമെന്ന് ഹാരെറ്റ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച്, ഇസ്രയേല്‍ സൈന്യം പലപ്പോഴും പലസ്തീനികളെ കെട്ടിടങ്ങളിലും തുരങ്കങ്ങളിലും പരിശോധനയ്ക്കായി അയച്ചിരുന്നു, ഇത് ആത്യന്തികമായി അവരുടെ ജീവന്‍ അപകടത്തിലാക്കി. ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് സ്ഥിരീകരിച്ച ഐഡിഎഫ് വിഷയം പരിശോധിച്ചുവരികയാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍, അന്താരാഷ്ട്ര നിയമങ്ങളും സൈനിക മൂല്യങ്ങളും അനുസരിച്ചാണ് ഐ.ഡി.എഫ് പ്രവര്‍ത്തിക്കുന്നതെന്നും, മനുഷ്യ കവചങ്ങള്‍ ഉപയോഗിക്കുന്നതോ സൈനിക ദൗത്യങ്ങളില്‍ ആളുകളെ പങ്കെടുപ്പിക്കുന്നതോ ഐ.ഡി.എഫിന്റെ നിര്‍ദ്ദേശങ്ങള്‍ വിലക്കുന്നുവെന്നും ചൂണ്ടിക്കാണിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം രംഗത്ത് എത്തിയിട്ടുണ്ട്.

യുദ്ധസമയത്ത് സൈനികര്‍ക്ക് ഈ വിഷയത്തെക്കുറിച്ചുള്ള പ്രോട്ടോക്കോളുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പതിവായി ഇസ്രയേല്‍ നല്‍കണമായിരുന്നു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രോട്ടോക്കോളുകളും പാലിക്കാത്ത ഇവരുടെ പെരുമാറ്റച്ചട്ടങ്ങള്‍ പരിശോധിക്കാനും നടപടി വേണം. യുദ്ധത്തിനിടെ സൈനിക ദൗത്യങ്ങള്‍ക്കായി പലസ്തീനികളെ ഉപയോഗിക്കുന്നതായി സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന്, നിരവധി കേസുകളില്‍ മിലിട്ടറി പോലീസ് ഇന്‍വെസ്റ്റിഗേറ്ററി യൂണിറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ കേസുകളില്‍ അന്വേഷണം തുടരുകയാണ്, സ്വാഭാവികമായും അവയെക്കുറിച്ച് വിശദീകരിക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്നാണ് ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞത്.

സൈനികര്‍ സാധാരണക്കാരെ സൈനിക നടപടികളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചു എന്ന സംശയം ഇസ്രയേല്‍ സൈന്യം സമ്മതിക്കുന്നത് ഇതാദ്യമാണെന്നത് ശ്രദ്ധേയമാണ്. ചതുപ്പുനിലങ്ങളുള്ള വീടുകളിലൂടെയും തുരങ്കങ്ങളിലൂടെയും സഞ്ചരിക്കാന്‍ ഇസ്രയേല്‍ സൈനികര്‍ പലസ്തീന്‍ പൗരന്മാരെ ഉപയോഗിച്ചുവെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് സിഎന്‍എന്‍ ആയിരുന്നു. സൈന്യം അന്വേഷിക്കുന്ന സമാനമായ കേസുകളുടെ എണ്ണം സ്ഥിരീകരിക്കില്ലെങ്കിലും, 6 കേസുകള്‍ വരെ ഉണ്ടെന്ന് ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ ഗാസ, ഗാസ സിറ്റി, ഖാന്‍ യൂനിസ്, റഫ എന്നിവിടങ്ങളിലാണ് പലസ്തീന്‍ പൗരന്മാരെ ഇസ്രയേല്‍ സൈന്യം മനുഷ്യകവചമായി ഉപയോഗിച്ചത്.

കഴിഞ്ഞ വര്‍ഷം സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ , ഒരു ഇസ്രയേലി സൈനികന്‍ തന്റെ യൂണിറ്റ് ഒരു പലസ്തീന്‍കാരനെ സൈന്യത്തിന് മുന്നില്‍ ഒരു കെട്ടിടത്തിലേക്ക് കയറാന്‍ നിര്‍ബന്ധിച്ചുവെന്ന് തുറന്ന് പറഞ്ഞിരുന്നു. അത് മാത്രമല്ല, മുഹമ്മദ് സാദ് എന്ന 20 വയസ്സുള്ള ഒരു സിവിലിയന്‍ അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയോട് ഇതിനെ പറ്റി നടത്തിയ വെളിപ്പെടുത്തലും ശ്രദ്ദേയമായിരുന്നു. റഫയില്‍ വെച്ച് ഐഡിഎഫ് പട്ടാളക്കാര്‍ തന്നെ കസ്റ്റഡിയിലെടുത്തുവെന്നും അവര്‍ തന്നെ പല കാര്യങ്ങള്‍ ചെയ്യാന്‍ അവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഈ ഈ രീതി വളരെ സാധാരണമായിരുന്നു, ഇസ്രയേല്‍ സൈന്യം ഇതിനെ മൊസ്‌കിറ്റോ പ്രോട്ടോക്കോള്‍ എന്നാണ് വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പടിക്കെട്ടിനടിയില്‍ നിന്ന് വീഡിയോ എടുക്കൂ’ എന്ന് അവര്‍ പറയും. എന്തെങ്കിലും കണ്ടെത്തിയാല്‍ അത് പുറത്തേക്ക് കൊണ്ടുവരാന്‍ ഞങ്ങളോട് പറയും. ഉദാഹരണത്തിന്, വീട്ടില്‍ നിന്ന് സാധനങ്ങള്‍ നീക്കം ചെയ്യാനും, ഇവിടെ വൃത്തിയാക്കാനും, സോഫ മാറ്റാനും, ഫ്രിഡ്ജ് തുറക്കാനും, അലമാര തുറക്കാനും അവര്‍ തങ്ങളോട് ആവശ്യപ്പെടും. പക്ഷെ, സൈനിക പ്രോട്ടോക്കോളുകള്‍ തടവുകാരായ ഗാസയിലെ സാധാരണക്കാരെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത് കര്‍ശനമായി വിലക്കുന്നുവെന്ന് ഐഡിഎഫ് ആവര്‍ത്തിച്ച് വാദിച്ചു. എന്നാല്‍ ഇസ്രേയല്‍ സൈന്യത്തില്‍ നിന്നുള്ളവരുടെ തന്നെ ഇത്തരം വെളിപ്പെടുത്തലുകള്‍ ഇസ്രയേലിന്റെ എല്ലാ വാദങ്ങളും തകര്‍ക്കുന്നതാണ്.

ഇത്രത്തോളം നാണംക്കെട്ട സൈനിക വൃത്തി ഇസ്രയേല്‍ എന്ന രാജ്യത്തിന് മാത്രമെ കാണുകയൊള്ളു. ?ഗാസയിലെ ജനങ്ങളുടെ പട്ടിണി വരെ ആയുധമാക്കി മാറ്റിയ തന്ത്രമാണ് ഇസ്രയേല്‍ പ്രയോ?ഗിച്ചത്. അപ്പോള്‍ പിന്നെ സൈന്യം ഇങ്ങനെ ചെയ്യുന്നതില്‍ അത്ഭുതപ്പെടാനില്ല. ഒരു ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പതിനാറും, ഇരുപതും വയസുള്ള രണ്ട് പലസ്തീന്‍ തടവുകാരുമായി എത്തി, കെട്ടിടങ്ങളില്‍ പ്രവേശിക്കുന്നതിന് മുമ്പ് അവരെ മനുഷ്യകവചമായി ഉപയോഗിക്കാന്‍ തങ്ങളോട് പറഞ്ഞതായി സിഎനിനോട് വെളിപ്പെടുത്തല്‍ നടത്തിയ ഇസ്രയേല്‍ സൈനികന്‍ പറഞ്ഞിരുന്നു. ഈ രീതിയെ ചോദ്യം ചെയ്തപ്പോള്‍, തന്റെ കമാന്‍ഡര്‍മാരില്‍ ഒരാള്‍ തന്നോട് നമ്മുടെ സൈനികര്‍ പൊട്ടിത്തെറിക്കുന്നതിനു പകരം പലസ്തീന്‍കാര്‍ പൊട്ടിത്തെറിക്കുന്നതാണ് നല്ലത് എന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഗാസയില്‍ നില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് കൂടുതല്‍ ഒന്നും ചിന്തിക്കാന്‍ സാധിക്കില്ലെന്നും നിങ്ങള്‍ ക്ഷീണിതനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം താനും തന്റെ കൂട്ടാളികളും, ഈ പരിശീലനം തുടരാന്‍ വിസമ്മതിച്ചുവെന്നും മുതിര്‍ന്ന കമാന്‍ഡറോട് ഇക്കാര്യം ചോദ്യം ചെയ്തുവെന്നും സൈനികന്‍ പറഞ്ഞു. അന്താരാഷ്ട്ര നിയമത്തെക്കുറിച്ച് ചിന്തിക്കരുതെന്ന് പറഞ്ഞ കമാന്‍ഡര്‍, സ്വന്തം ജീവനാണ് ”കൂടുതല്‍ പ്രധാനം” എന്ന് പറയുകയും ഒടുവില്‍ രണ്ട് പലസ്തീനികളെ വിട്ടയച്ചുവെന്നും സൈനികന്‍ വെളിപ്പെടുത്തി. ഇസ്രയേലി സൈനികര്‍ക്ക് സംസാരിക്കാനും അവരുടെ ഭാ?ഗം സംസാരിക്കാനും അവസരമൊരുക്കുന്ന സംഘടനയായ ബ്രേക്കിംഗ് ദി സൈലന്‍സ് ആണ് സിഎന്‍എന്നിനെ ഈ സൈനികനുമായി ബന്ധിപ്പിച്ചത്.

ഗാസയില്‍ ഇസ്രയേല്‍ സൈന്യം പലസ്തീനികളെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്ന മൂന്ന് ഫോട്ടോകള്‍ Breaking the Silence എന്ന മാധ്യമം CNN-ന് നല്‍കിയിരുന്നു. വടക്കന്‍ ഗാസയിലെ ഒരു സ്ഥലത്ത് ഒരു സിവിലിയനെ മുന്നോട്ട് കൊണ്ടുപോകാന്‍ രണ്ട് സൈനികര്‍ ആഹ്വാനം ചെയ്യുന്നതായാണ് ഒരു ഫോട്ടോ കാണിക്കുന്നത്. രണ്ടാമത്തേതില്‍, മനുഷ്യകവചമായി ഉപയോഗിക്കുന്ന രണ്ട് സിവിലിയന്മാര്‍ ബന്ധിയായി കണ്ണുകെട്ടി ഇരിക്കുന്നു. മൂന്നാമത്തേതില്‍ ബന്ധിതനായ ഒരു സിവിലിയന് കാവല്‍ നില്‍ക്കുന്ന ഒരു സൈനികനെ കാണിക്കുന്നു. സൈനിക പ്രവര്‍ത്തനങ്ങള്‍ സംരക്ഷിക്കുന്നതിനോ സൈനിക നടപടികളില്‍ സാധാരണക്കാരെ നിര്‍ബന്ധിച്ച് ഉള്‍പ്പെടുത്തുന്നതിനോ സിവിലിയന്മാരെ ഉപയോഗിക്കുന്നത് അന്താരാഷ്ട്ര നിയമത്തിന് തന്നെ എതിരാണ്. എന്ത് ധൈര്യത്തിലാണ് ഇസ്രേയല്‍ സ്വന്തം സൈന്യത്തിന് ഇത്തരമൊര നിര്‍ദേശം നല്‍കുന്നത്.

ഇത്രയും മനുഷ്യത്വ പരമായ നീക്കങ്ങള്‍ ഒരു യുദ്ധമുഖത്ത് കൊണ്ടു വരാന്‍ അത്രത്തോളം തംരതാണാെരു ഭരണകൂടത്തിന് മാത്രമെ സാധിക്കുകയൊള്ളു. അതിനിടയില്‍ , ഗാസയില്‍ ലൈംഗിക, പ്രത്യുല്‍പാദന ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ ആസൂത്രിതമായി നശിപ്പിച്ചുകൊണ്ട് ഇസ്രായേല്‍ ‘വംശഹത്യ’ നടത്തിയതായുള്ള ഐക്യരാഷ്ട്രസഭയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. പലസ്തീനിലെ പ്രധാന ഫെര്‍ട്ടിലിറ്റി കേന്ദ്രങ്ങളെ ഇസ്രയേല്‍ ‘മനപ്പൂര്‍വ്വം ആക്രമിച്ച് നശിപ്പിച്ചു’ എന്നും, സുരക്ഷിതമായ ഗര്‍ഭധാരണം, പ്രസവം, നവജാത ശിശു സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനുള്ള മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ഇസ്രയേല്‍ ഉപരോധിക്കുകയും തടയുകയും ചെയ്തുവെന്ന് യുഎന്‍ അന്വേഷണ കമ്മീഷന്‍ പറയുന്നു.

ലൈംഗിക, പ്രത്യുല്‍പാദന ആരോഗ്യ സംരക്ഷണം വ്യവസ്ഥാപിതമായി നശിപ്പിക്കുന്നതിലൂടെ ഗാസയിലെ പലസ്തീനികളുടെ പ്രത്യുത്പാദന ശേഷി ഇസ്രയേല്‍ അധികാരികള്‍ ഭാഗികമായി നശിപ്പിച്ചിരിക്കുന്നു എന്ന് യു.എന്‍ കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. 2023 ഒക്ടോബര്‍ 7 ന് ഇസ്രയേലിനു നേരെ ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഗാസയില്‍ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണം സത്യത്തില്‍ രണ്ട് തരത്തിലാണെന്ന് യുഎന്‍ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ വംശഹത്യ കണ്‍വെന്‍ഷന്‍ കുറ്റകൃത്യത്തെ നിര്‍വചിക്കുന്നത് ഒരു ദേശീയ, വംശീയ അല്ലെങ്കില്‍ മതപരമായ വിഭാഗത്തെ പൂര്‍ണ്ണമായോ ഭാഗികമായോ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ചെയ്യുന്ന പ്രവൃത്തികളായാണ്.

അതായത് ഭാവിയില്‍ പലസ്തീനിലെ സ്ത്രീകള്‍ക്ക് പുതിയ ആരോഗ്യകരമായ തലമുറയെ സൃഷ്ടിക്കാനാകാത്ത വിധം ആശുപത്രികളും ഐവിഎഫ് ക്ലിനിക്കുകളുമെല്ലാം ഇസ്രയേല്‍ മനപൂര്‍വ്വം തകര്‍ത്തുകളഞ്ഞിരുന്നു. ഇസ്രയേലിന്റെ ഇത്തരം നിയമ ലംഘനങ്ങള്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഗുരുതരമായ ശാരീരികവും മാനസികവുമായ ദ്രോഹങ്ങളും കഷ്ടപ്പാടുകളും വരുത്തിവച്ചിട്ടുണ്ട്, മാത്രമല്ല പലസ്തീനികളുടെ മാനസികാരോഗ്യത്തിനും പ്രത്യുല്‍പാദന, സാധ്യതകള്‍ക്കും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും കമ്മീഷന്‍ അധ്യക്ഷ നവി പിള്ള പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ഇസ്രയേല്‍ പ്രതിരോധ സേനയെ കുറ്റപ്പെടുത്താനുള്ള ലജ്ജാകരമായ ശ്രമമാണ് യു,എന്നിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നെയാരുന്നു ഇസ്രേയലിന്റെ പ്രതികരണം.

ഗാസയിലെ പ്രസവ ആശുപത്രികളും വാര്‍ഡുകളും പ്രദേശത്തെ പ്രധാന ഇന്‍-വിട്രോ ഫെര്‍ട്ടിലിറ്റി ക്ലിനിക്കായ അല്‍-ബസ്മ ഐവിഎഫ് സെന്ററും ആസൂത്രിതമായി നശിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ഡിസംബറില്‍ അല്‍-ബസ്മയ്ക്ക് നേരെ ഷെല്ലാക്രമണം നടന്നതായും, പ്രതിമാസം 2,000 മുതല്‍ 3,000 വരെ രോഗികള്‍ക്ക് സേവനം നല്‍കിയിരുന്ന ഒരു ക്ലിനിക്കില്‍ ഏകദേശം 4,000 ഭ്രൂണങ്ങള്‍ നശിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇസ്രയേലി സുരക്ഷാ സേന മനഃപൂര്‍വ്വം ക്ലിനിക്ക് ആക്രമിച്ച് നശിപ്പിച്ചതായി കമ്മീഷന്‍ കണ്ടെത്തി. ഗാസയിലെ പലസ്തീനികള്‍ക്കിടയിലെ ജനനം തടയുന്നതിനുള്ള ഒരു നടപടിയായിരുന്നു ഈ നാശം, ഇത് ഒരു വംശഹത്യയാണ്’ എന്ന് കമ്മീഷന്‍ കണ്ടെത്തുകയും ചെയ്തു.

മനുഷ്യര്‍ക്ക് നേരെ ഇത്തരത്തില്‍ ക്രൂരവും നീചവുമായി ഒരു നടപടി കൈക്കൊള്ളാന്‍ ഇസ്രയേല്‍ പോലൊരു രാജ്യത്തിന് മാത്രമേ സാധിക്കുകയുള്ളു. ഒരു മനുഷ്യ വംശത്തെ വേരോടെ നശിപ്പിക്കണമെന്ന ചിന്തയും അതിനുള്ള പ്രവര്‍ത്തികളും അങ്ങേയറ്റം നീചന്‍മാരായവര്‍ക്ക് മാത്രമേ ചെയ്യാന്‍ കഴിയു. വെളിച്ചത്ത് വന്ന ഇസ്രയേലിന്റെ ഈ പ്രവൃത്തികള്‍ക്ക് ഇസ്രേയലിലെ ഓരോ ആളുകളും ഉത്തരവാദികളാണ്. നെതന്യഹുവിനെ പോലുള്ള ഒരു തലവന്‍ ഭരണത്തിലിരിക്കുന്നിടത്തോളം കാലം ഇസ്രേയല്‍ ഈ പഴി കേള്‍ക്കുക തന്നെ ചെയ്യുമെന്നുറപ്പാണ്. പാവപ്പെട്ടവരെ കൊന്നൊടുക്കി സാമ്രാജ്യം സ്ഥാപിച്ച നേതാക്കളൊന്നും ഇന്ന് ജീവിച്ചിരിപ്പില്ല. കാരണം, അവരുടെ മരണമെല്ലാം പൈശാചികമായിട്ടായിരുന്നു എന്ന ഓര്‍മ്മപ്പെടുത്തല്‍ ഇവിടെ അത്യാവശ്യമായിരിക്കുന്നു.

CONTENT HIGH LIGHTS’; Is Israel waging war like the devil?: Palestinians in hell even during the holy month; Report says Israel is using Palestinians as human shields