Features

ബഹിരാകാശ ജീവിതത്തിന്റെ ‘സുഖ ദുഖങ്ങള്‍’: ഇങ്ങനെ ജീവന്‍ പണയം വെച്ചാല്‍ എന്ത് കിട്ടും?; ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമോ ?; സുനിത വില്യംസിന്റെ ആസ്തിയും ശമ്പളവും എത്ര എന്ന് അറിയാമോ?

ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് സുനിതാ വില്യംസും, ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് തിരികെ എത്തുന്നത്. വളരെയേറെ മാസങ്ങള്‍ നീണ്ട പരിശ്രമത്തിനു ഒടുവില്‍ എലോണ്‍ മസ്‌കിന്റെ സ്‌പെയ്‌സ് എക്‌സാണ് ഈ ദൗത്യം പൂര്‍ത്തീകരിക്കാന്‍ മുന്‍പില്‍ നിന്നത്. എന്തായാലും ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസ് ബഹിരാകാശ നിലയത്തില്‍ നിന്നും തിരിച്ചു വന്നത് വലിയ ആവേശത്തോടെയാണ് ലോകം മുഴുവന്‍ ഏറ്റെടുത്തിരിക്കുന്നത്.

ഇതോടൊപ്പം തന്നെ ഇത്രയും വലിയ സാഹസികത നടത്തുമ്പോള്‍, അതായത് ജീവന്‍ പണയം വെച്ചുകൊണ്ട് ബഹിരാകാശ നിലയത്തില്‍ ഇത്രത്തോളം ദിവസം താമസിക്കുമ്പോള്‍ അതുമൂലം ഉണ്ടാകാന്‍ സാധ്യതയുള്ള സുഖ ദുഖങ്ങളും അരിയേണ്ടതുണ്ട്. അവരുടെ ജീവിതത്തെ മാറ്റി മറിക്കാന്‍ പോകുന്ന സംഭവങ്ങള്‍ എന്തൊക്കെയായിരിക്കും. അവരുടെ ജീവിതത്തിന് എന്തെങ്കിലും കൂടുതല്‍ ഗുണങ്ങളുണ്ടോ. ദോഷങ്ങലുണ്ടോ.

ഇതെല്ലാം ലോകത്തിനറിയേണ്ടതുണ്ട്. ബഹിരാകാശ യാത്രയുമായി ബന്ധപ്പെട്ട് കൂടുതല്‍ ശമ്പളം കിട്ടുമോ. ഇപ്പോള്‍ എത്രയാണ് ലഭിക്കുന്നത്. അവരുടെ ബന്ധുക്കളുടെ കാത്തിരിപ്പ്. ഇതെല്ലാം അറിയുകയാണ് ലോകത്തിന്റെ ആവശ്യം. കാരണം, സുനിതാ വില്യംസ് ഭൂമിയിലെ എല്ലാ ചരാചരങ്ങള്‍ക്കും വേണ്ടിയാണ് ബഹിരാകാശത്തെ സെന്ററില്‍ സ്വ ജീവന്‍ പണയം വെച്ച് കഴിഞ്ഞത്.

  • സുനിത വില്യംസിന് ശമ്പളം എത്ര  ?

ബഹിരാകാശ ഗവേഷണത്തില്‍ വഹിച്ച സംഭാവനകളെക്കുറിച്ചും ദൗത്യങ്ങളില്‍ ചെലവഴിച്ച ദീര്‍ഘകാലത്തെക്കുറിച്ചും അറിയുമ്പോള്‍, പലര്‍ക്കും സ്വാഭാവികമായുണ്ടാകുന്ന സംശയം സുനിത വില്യംസിന് എത്ര ശമ്പളം ലഭിക്കുന്നു എന്നതാണ്. നാസയിലെ ബഹിരാകാശയാത്രികര്‍ക്കുള്ള ശമ്പള സ്‌കെയില്‍ യു.എസ് സര്‍ക്കാരിന്റെ ജി.എസ് (ജനറല്‍ ഷെഡ്യൂള്‍) ഗ്രേഡ് അടിസ്ഥാനത്തിലായിരിക്കും. സാധാരണയായി, ജി.എസ് -12 മുതല്‍ ജി.എസ് -15 വരെയുള്ള ഗ്രേഡുകള്‍ ബഹിരാകാശയാത്രികര്‍ക്ക് ബാധകമാണ്.

ജി.എസ് -12 ഗ്രേഡില്‍ തുടങ്ങുന്ന ബഹിരാകാശയാത്രികര്‍ക്ക് ഏകദേശം 66,167 ഡോളര്‍ (ഏകദേശം 55 ലക്ഷം രൂപ) പ്രതിവര്‍ഷം ലഭിക്കും. പരിചയസമ്പന്നരായ ബഹിരാകാശ യാത്രികര്‍ ജി.എസ്-13 അല്ലെങ്കില്‍ ജി.എസ് -14 ഗ്രേഡില്‍ ഉള്‍പ്പെടും, ഇത് 90,000-140,000 ഡോളര്‍ (75 ലക്ഷം – 1.1 കോടി രൂപ) പ്രതിവര്‍ഷ ശമ്പളമായിരിക്കും. ജി.എസ് -15 ഗ്രേഡില്‍ പ്രവര്‍ത്തിക്കുന്ന ഉന്നതതല ബഹിരാകാശ യാത്രികര്‍ക്ക് 1.26 കോടി രൂപ (ഏകദേശം 152,258 ഡോളര്‍) വരെ പ്രതിവര്‍ഷം ശമ്പളം ലഭിക്കും.

സുനിത വില്യംസ് വര്‍ഷങ്ങളായുള്ള അനുഭവം, നാസയിലുണ്ടാക്കിയ നേട്ടങ്ങള്‍, പദവിയുടെ ഉയരം എന്നിവ കണക്കിലെടുത്ത്, അവരുടെ ശമ്പളം ജി എസ് -14 അല്ലെങ്കില്‍ ജി.എസ് 15 ഗ്രേഡില്‍ ആയിരിക്കുമെന്നാണ് കരുതുന്നത്. ശമ്പളത്തിന് പുറമേ, നാസയിലെ ബഹിരാകാശയാത്രികര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, പരിശീലന സൗകര്യങ്ങള്‍, മാനസികാരോഗ്യ പിന്തുണ, യാത്രാ അലവന്‍സുകള്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നു.

  • വ്യക്തിപരമായ സമ്പത്ത് ?

ഫെഡറല്‍ മാര്‍ഷലായ ഭര്‍ത്താവ് മൈക്കല്‍ ജെ. വില്യംസിനൊപ്പം ടെക്‌സസിലെ ഹൂസ്റ്റണില്‍ താമസിക്കുന്ന സുനിത വില്യംസിന്റെ ആസ്തി ഏകദേശം 5 മില്യണ്‍ ഡോളര്‍ (41.5 കോടി രൂപ) ആണെന്ന് മാര്‍ക്ക് ഡോട്ട് കോം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങള്‍

മാസങ്ങള്‍ക്ക് ശേഷം ഭൂമിയിലെത്തുന്ന ഈ ബഹിരാകാശ യാത്രികര്‍ക്ക് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മുമ്പും ഇത്തരത്തില്‍ മാസങ്ങളായി ബഹിരാകാശ നിലയത്തില്‍ കഴിയേണ്ടിവന്ന യാത്രികര്‍ക്ക് കാഴ്ച്ചക്കുറവ്, തലകറക്കം, നടക്കാന്‍ ബുദ്ധിമുട്ട്, മാനസിക പിരിമുറുക്കം ഉള്‍പ്പെടെയുള്ള നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ബഹിരാകാശത്ത് നിന്ന് മടങ്ങിയെത്തുന്ന സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെയാകുമെന്ന് പരിശോധിക്കേണ്ടതുണ്ട്.

  • അസ്ഥികളുടെ സാന്ദ്രത കുറയും, പേശികള്‍ ക്ഷയിക്കും, ഭാരക്കുറവ്

ദീര്‍ഘകാലം മൈക്രോഗ്രാവിറ്റിയില്‍ കഴിഞ്ഞതിനാല്‍ ബഹിരാകാശയാത്രികര്‍ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളി പേശികളുടെയും അസ്ഥികളുടെയും ബലഹീനതയാണ്. ഭൂമിയിലേതുപോലെ പേശികളും അസ്ഥികളും ഉപയോഗിക്കാത്തതിനാല്‍ ഇവരുടെ അസ്ഥികളുടെ സാന്ദ്രത കുറയാനും പേശികള്‍ ക്ഷയിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഇത് ഭാരക്കുറവിലേക്കും നയിക്കും.
എല്ലുകള്‍ എളുപ്പത്തില്‍ ഒടിയും: അസ്ഥികളുടെ സാന്ദ്രത കുറയുന്നത് എല്ലുകള്‍ എളുപ്പത്തില്‍ ഒടിയുന്നതിന് കാരണമായേക്കാം. എല്ലുകള്‍ ഒടിഞ്ഞാല്‍ തന്നെ സുഖമാവാന്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്യും. ഭൂമിയില്‍ തിരിച്ചെത്തിയ ശേഷം അവരുടെ അസ്ഥികള്‍ സാധാരണ നിലയിലേക്ക് മടങ്ങാന്‍ നാല് വര്‍ഷം വരെ എടുക്കും.

  • ഹൃദയാരോഗ്യ പ്രശ്നങ്ങള്‍

ദീര്‍ഘകാലം ബഹിരാകാശത്ത് കഴിയുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകും. ബഹിരാകാശത്ത് ദ്രാവകങ്ങള്‍ മുകളിലേക്ക് നീങ്ങുന്നതിനാല്‍ ഹൃദയം കാര്യക്ഷമമായി രക്തം പമ്പ് ചെയ്യുന്നില്ല. പിന്നീട് ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിലേക്ക് മടങ്ങുമ്പോള്‍ രക്തയോട്ടം സാധാരണ നിലയിലാകാന്‍ ബുദ്ധിമുട്ടാകും. തലകറക്കം, കുറഞ്ഞ രക്തസമ്മര്‍ദ്ദം, ബോധക്ഷയം എന്നിവയ്ക്ക് വരെ ഇത് കാരണമാകാം.

  • കാഴ്ച പ്രശ്നങ്ങള്‍

ബഹിരാകാശയാത്രികര്‍ ഭൂമിയിലേക്ക് മടങ്ങുമ്പോള്‍ ഗുരുതര കാഴ്ച പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. മൈക്രോഗ്രാവിറ്റി മൂലം സ്പേസ് ഫ്‌ലൈറ്റ്-അസോസിയേറ്റഡ് ന്യൂറോ-ഒക്കുലാര്‍ സിന്‍ഡ്രോം എന്ന അവസ്ഥയും കാഴ്ചയ്ക്ക് സംഭവിക്കാം. ഇത് മങ്ങിയ കാഴ്ച, നേത്ര നാഡിയുടെ വീക്കം, കണ്ണിലെ ഘടനാപരമായ മാറ്റങ്ങള്‍ എന്നിവയ്ക്കാ കാരണമാകാം.

  • റേഡിയേഷന്‍ മൂലം കാന്‍സര്‍ സാധ്യത

ബഹിരാകാശത്ത് ഭൂമിയേക്കാള്‍ ഉയര്‍ന്ന തോതില്‍ ബഹിരാകാശയാത്രികര്‍ക്ക് കോസ്മിക് വികിരണമേല്‍ക്കുന്നു. ദീര്‍ഘകാലമായി ഇത്തരം വികിരണങ്ങള്‍ക്ക് വിധേയമാകേണ്ടി വന്നാല്‍ ഇത് കാന്‍സറിനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും നാഡീ സംബന്ധമായ അസുഖങ്ങള്‍ക്കും ഉള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ദീര്‍ഘകാലമായി ബഹിരാകാശത്ത് കഴിയുന്നവര്‍ക്ക് രക്താര്‍ബുദം, ത്വക്ക് കാന്‍സര്‍, ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ കാന്‍സര്‍ എന്നിവ വരാനുള്ള സാധ്യത കൂടുതലാണ്.

  • മാനസിക സമ്മര്‍ദ്ദം

മാസങ്ങളോളം ബഹിരാകാശത്ത് അടച്ചിട്ട മുറികളിലും സമ്മര്‍ദ്ദകരമായ സാഹചര്യങ്ങളിലും ചെലവഴിക്കേണ്ടി വരുന്നത് ബഹിരാകാശയാത്രികരുടെ മാനസികാരോഗ്യത്തെ ബാധിച്ചേക്കാം. ഇത് വിഷാദം, ഉത്കണ്ഠ മുതലായവയ്ക്ക് കാരണമായേക്കാം. പെട്ടന്ന് ബഹിരാകാശത്ത് നിന്നും ഭൂമിയിലേക്കുള്ള പരിവര്‍ത്തനം ഉള്‍ക്കൊള്ളാനായെന്ന് വരില്ല. ഇവര്‍ക്ക് മാനസിക പിന്തുണയും കൗണ്‍സിലിങും ആവശ്യമാണ്.

  • രോഗപ്രതിരോധ ശേഷി കുറവ്

ബഹിരാകാശയാത്രികരുടെ വെളുത്ത രക്താണുക്കളുടെ എണ്ണത്തില്‍ കുറവ് ഉണ്ടാകുന്നതിനാല്‍ രോഗപ്രതിരോധ ശേഷി കുറയാന്‍ സാധ്യതയുണ്ട്. നടക്കുന്നതിനും ഭാരമെടുക്കുന്നതിനും പ്രയാസം: ദീര്‍ഘകാലമായി ബഹിരാകാശത്ത് കഴിഞ്ഞവരുടെ കാല്‍പ്പാദം അടര്‍ന്ന് കുട്ടികളേതിന് സമാനമായ മൃദുലമായ ചര്‍മ്മമായി മാറും. ഇത് കാരണം ഇവര്‍ക്ക് നടക്കുമ്പോള്‍ പ്രയാസം നേരിടും. കുഞ്ഞുങ്ങള്‍ നടക്കുന്ന പോലെയാകും ഇവരുടെ നടത്തം. പിന്നീട് ഭൂമിയിലെത്തിയാല്‍ കാല്‍പ്പാദത്തിലെ ചര്‍മ്മം പഴയ പോലെയാവാന്‍ ആഴ്ചയോ മാസങ്ങളോ എടുക്കാം. മൈക്രോഗ്രാവിറ്റിയില്‍ കഴിഞ്ഞതിനാല്‍ തന്നെ ഇവര്‍ക്ക് ഭാരമെടുക്കുന്നതിനും പ്രയാസം അനുഭവപ്പെടും.

സുനിതയെ കാത്ത് ഗുജറാത്തിലും ബന്ധുക്കള്‍

ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം തിരികെ എത്തിയ സുനിത വില്യംസിനെ കാത്ത് ഗുജറാത്തിലെ കുടുംബം. സുരക്ഷിതമായി തിരികെ എത്തിയ സുനിതയെ എത്രയും വേഗം കാണാന്‍ ആഗ്രഹിക്കുന്നതായി ഗുജറാത്തിലുള്ള സുനിത വില്യംസിന്റെ അടുത്ത ബന്ധു ദുനേശ് റാവല്‍. അമ്മയും സഹോദരനും സഹോദരിയും ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാവരും സുനിതയെ കാത്തിരിപ്പാണ്. പൂര്‍ണ്ണ ആരോഗ്യവതിയായി അവര്‍ വരുന്നത് കാത്തിരിക്കുകയാണ് ഞങ്ങള്‍. അവരുടെ സുരക്ഷയ്ക്കായി പ്രാര്‍ഥിക്കുകയാണ്. വലിയ സന്തോഷത്തിലാണ് ഞങ്ങളെല്ലാവരും. രാജ്യത്തിന്റെ അഭിമാനമാണെന്നും സുനിത-റാവല്‍ പറയുന്നു.

സുനിത വില്യംസ് എന്ന മാതൃക

സത്യത്തില്‍ സുനിത വില്യംസ് ഒരു മാതൃകയാണ്. ഇന്ത്യയിലെ മുഴുവന്‍ സ്ത്രീകള്‍ക്കും ഉള്ള മികച്ച മാതൃക. അവനവന്റെ സ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കണം എന്നും, ലിംഗ വ്യത്യാസമില്ലാതെ ഭൂമിയില്‍ നേട്ടങ്ങളുടെ ഏത് പടികള്‍ വരെ കേറി പോകാമെന്നും വ്യക്തമാക്കി തരുന്ന മാതൃക. കല്പന ചൗള എന്ന ധീര വനിതയുടെ പേരിനിപ്പുറം ബഹിരാകാശ സ്വപ്നങ്ങളിലേക്ക് നടന്നു കയറിയ മറ്റൊരു ഇന്ത്യന്‍ വനിത എന്ന നിലയില്‍ സുനിതാ വില്യംസിന്റെ ജീവിതം കണ്ട് പഠിക്കേണ്ട ഒന്ന് തന്നെയാണ്.

CONTENT HIGH LIGHTS; The ‘joys and sorrows’ of space life: What do you get if you risk your life like this?; Will there be health problems?; Do you know how much Sunita Williams’s assets and salary are?