സംസ്ഥാനം അക്ഷരാര്‍ത്ഥത്തില്‍ തെരുവുനായ്ക്കളും, കൊള്ളയും കൊലപാതകികളുടെയും മയക്കുമരുന്ന് മാഫിയയുടെയും കൈയ്യില്‍ അകപ്പെട്ടു കഴിഞ്ഞുവെന്നു തന്നെ പറയേണ്ടി വരും. ദിനംപ്രതി കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം അതാണ് കാണിക്കുന്നതും. വീടിനുള്ളിലും, വീടിനു പുറത്തും ഒരു സുരക്ഷയുമില്ലാത്ത സ്ഥിതി. തെരുവുനായ്ക്കളുടെ കടിയേറ്റ് മരിക്കുന്നവരും കുറവല്ല. കൊച്ചു കുഞ്ഞിനെ മുതല്‍ പ്രായമായവരെ വരെ നിര്‍ദാക്ഷണ്യം തെരുവുനായ്ക്കള്‍ കടിച്ചു കീറുകയാണ്.
ഈ സാഹചര്യത്തിലാണ് നിയമസഭയില്‍ വകുപ്പുമന്ത്രി എം.ബി. രാജേഷ് തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനും, തടയുന്നതിനും നടത്തിയിട്ടുള്ള പദ്ധതികളുടെ ലിസ്റ്റ് വായിച്ചത്. എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എയുടെ സബ്മിഷന് മറുപടിയായാണ് ഇതു പറഞ്ഞത്. എന്നാല്‍, ഇതൊന്നും തെരുവുനാ ശല്യത്തിന് ഒരു പരിഹാരമായിട്ടില്ല എന്നതാണ് വസ്തുത. സെക്രട്ടേറിയറ്റില്‍ പോലും ജനങ്ങള്‍ക്ക് ധൈര്യമായി കയറാന്‍ കഴിയാത്ത സ്ഥിതിയാണ്.
തെരുവുനായ്ക്കളുടെ വംശ വര്‍ദ്ധന നടക്കുന്ന പ്രധാന ഇടമാണ് സെക്രട്ടേറിയറ്റ് ക്യാമ്പസ്. എന്നാല്‍, നിയമസഭയില്‍ മന്ത്രി, വകുപ്പുചെയ്ത കാര്യങ്ങളെല്ലാം അക്കമിട്ടു പറഞ്ഞിട്ടുണ്ട്. വര്‍ദ്ധിച്ചു വരുന്ന തെരുവുനായ അക്രമം പരിഹരിക്കുന്നതിനായി തെരുവുനായകളുടെ വംശ വര്‍ദ്ധനവ് നിയന്ത്രിക്കുക. പേവിഷബാധ തടയുക. തെരുവോരങ്ങളിലെ മാലിന്യ നിക്ഷേപം നിരുത്സാഹപ്പെടുത്തുക. തെരുവുനായകളുടെ വംശ വര്‍ദ്ധനവ് നിയന്ത്രിക്കുക എന്നീ പ്രവൃത്തികളാണ് നടത്തി വരുന്നതെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.
തെരുവുനായകളുടെ ശല്യം പരിഹരിക്കുന്നതിന് സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തെരുവൃനായകളുടെ വംശവര്‍ദ്ധനവ് നിയന്ത്രിക്കുന്നതിനായി ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികളില്‍ ഒന്നാണ് അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി) പ്രോഗ്രാം. തദ്ദേശ സ്വയംഭരണ വകുപ്പം മുഗസംരക്ഷണ വകുപ്പും സംയുക്തമായാണ് പ്രസ്തുത പ്രവര്‍ത്തനം നടത്തി വരുന്നത്. ഈ പ്രവര്‍ത്തനത്തിനായി മൃഗസംരക്ഷണ വകുപ്പ് സാങ്കേതിക സഹായം നല്‍കി വരുന്നു. നിലവില്‍ സംസ്ഥാനത്ത് 15 എ.ബി.സി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പുതിയ 9 കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് നടപടികള്‍ നടന്നു വരുന്നു. ഈ പദ്ധതി നടപ്പിലാക്കുന്നതോടൊപ്പം തെരുവുനായകളുടെ ശല്യം പരിഹരിക്കുന്നതിനായി തീവ്ര വാക്‌സിനേഷന്‍ യജ്ഞം, അഭയ കേന്ദ്രങ്ങള്‍ സജ്ജമാക്കല്‍, ശുചിത്വ യജ്ഞം, ഐ.ഇ.സി ക്യാമ്പയിന്‍ വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസന്‍സ് നല്‍കല്‍ എന്നിവയും നടത്തി വരുന്നു. കൂടാതെ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ റൂള്‍സ് 2023 പ്രകാരമുള്ള പ്രവര്‍ത്തനങ്ങളും നടത്തി വരുന്നുണ്ട്. എ.ബി.സി പ്രോഗ്രാം നടപ്പിലാക്കുന്നതിന് പ്രോജക്ടകള്‍ രൂപീകരിക്കുന്നതിലേയ്ക് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ തെരുവുനായ്ക്കള്‍ക്കുള്ള വാക്‌സിനേഷന്‍,
എ.ബി.സി പ്രോഗ്രാം, റാബീസ് ഫ്രീ കേരള തുടങ്ങിയ പരിപാടികള്‍ക്കായി 47.60 കോടി രൂപ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നീക്കിവച്ചിട്ടുണ്ട്. അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്‍ഡ്യയുടെ അംഗീകാരമുള്ള കമ്പാഷന്‍ ഫോര്‍ അനിമല്‍സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ (CAWA) എന്ന സ്ഥാപനം ഇന്‍ഡ്യന്‍ ഇമ്മ്യൂണോളജിക്കല്‍ ലിമിറ്റഡിന്റെ CSR ഫണ്ട് ഉപയോഗിച്ച് റാബിസ് ഫ്രീ കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ക്രേന്ദ്രീകരിച്ച് മാസ് ഡോഗ് വാക്‌സിനേഷന്‍, പബ്ലിക്ക് അവയര്‍നസ്സ് എന്നിവ നടത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കുന്ന വിഷയം പരിശോധിച്ചു വരികയാണ്.
2016 മുതല്‍ 2024 ഓഗസ്റ്റ് 31 വരെ സംസ്ഥാനത്ത് ആകെ 1,09,119 നായകളെ വന്ധ്യംകരണം നടത്തിയിട്ടുണ്ട്. പേവിഷബാധ തടയുക പേവിഷബാധ നിയന്ത്രിക്കുന്നതിനായി വളര്‍ത്തു നായകളെ വാക്‌സിനേറ്റ് ചെയ്യന്നതിന് ഉടമകള്‍ക്കും, തെരുവുനായകളെ വാക്‌സിനേറ്റ് ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തി വരുന്നു.
പൊതുജനങ്ങളില്‍ പേവിഷബാധ തടയുന്നതിനായി ആരോഗ്യ വകുപ്പു മുഖേന നടപ്പാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഇവയാണ്.
1. പരിശീലനങ്ങള്‍ – ദേശീയ പേവിഷ നിയന്ത്രണ പദ്ധതിയുടെ (NRCP) ഭാഗമായി ഡോക്ടര്‍മാര്‍, നഴ്‌സിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക്, നായകളുടെ കടിയേറ്റാല്‍ നല്‍കേണ്ട പ്രഥമ ശുശ്രുഷ സംബന്ധിച്ച് പരിശീലനം നല്‍കുന്നു.
2. എല്ലാ സ്ഥാപനങ്ങളിലും പ്രഥമശുശ്രുഷയുടെ ഭാഗമായി മൂറിവ് കഴുകാനുള്ള സംവിധാനം ലഭ്യമായിട്ടുണ്ട്.
3. വാക്‌സിന്‍, ഇമ്മ്യൂണോഗ്ലോബുലിന്‍ എന്നിവയുടെ ലഭ്യതയും ഗുണനിലവാരവും ഉറപ്പ് വരുത്തുന്നുണ്ട്. നിലവില്‍ സംസ്ഥാനത്തെ 700 സ്ഥാപനങ്ങളില്‍ വാക്‌സിനും, 85 സ്ഥാപനങ്ങളില്‍ കാറ്റഗറി-3 മുറിവുള്ളവര്‍ക്ക് നല്‍കുന്ന ഇമ്മ്യൂണോഗ്ലോബുലിനും ലഭ്യമാക്കിയിട്ടുണ്ട്.
4. IEC/BCC പ്രവര്‍ത്തനങ്ങള്‍ – നായ കടിയേറ്റാല്‍ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷയെ കുറിച്ചും, പ്രതിരോധ കുത്തിവയ്പുകളുടെ ആവശ്യകതയെ പറ്റിയും വിവിധ മാദ്ധ്യമങ്ങളിലൂടെ അവബോധ സന്ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും വേണ്ടി സെഷ്യല്‍ അസംബ്ലി നടത്തി വരുന്നു.
5. പേവിഷബാധ പരിശോധനകള്‍ നടത്തുന്നതിനായി തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരുവോരങ്ങളിലെ മാലിന്യ നിക്ഷേപം നിരുത്സാഹപ്പെടുത്തുക. മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നത് തടയാന്‍ ആവശ്യമായ നടപടി സ്വീകരിച്ചു വരുന്നുണ്ട്. ഭക്ഷണ പദാര്‍ത്ഥങ്ങളും അറവു മാലിന്യങ്ങളും ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനും ഉറവിടത്തില്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്ത അറവുശാലകളില്‍ അംഗീകൃത ഏജന്‍സികള്‍ക്ക് കൈമാറി മാലിന്യ സംസ്‌കരണ സംവിധാനം ഉറപ്പ വരുത്തുയും ചെയ്യുന്നു. ചിക്കന്‍ സ്റ്റാളുകളിലെ മാലിന്യം റെന്റിംഗ് പ്ലാന്റുകള്‍ക്ക് കൈമാറി ചെറിയ ജീവികള്‍ക്കുള്ള തീറ്റയായി മാറ്റുന്നു. കൂടാതെ പൊതുസ്ഥലങ്ങളിലും ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലങ്ങളിലും അറവുമാലിന്യവും ഭക്ഷണ പദാര്‍ത്ഥവും ഉപേക്ഷിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനായി ആയതിന് ഉത്തരവാദികളായവരില്‍ നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പിഴ ഈടാക്കി വരുന്നുണ്ട്.
തെരുവുനായ ആക്രമണത്തിനിരയാകുന്നവര്‍ക്ക് ജസ്റ്റിസ് (റിട്ട) സിരി ജഗന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി മുഖേനയും നഷ്ടപരിഹാരം നല്‍കുന്നുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
CONTENT HIGH LIGHTS; To prevent stray dog attacks: Government is considering whether to allow mass dog vaccination and public awareness; Currently, several schemes are being implemented; The truth is that none are yielding results