Features

“മദ്യം” പ്രോത്സാഹിപ്പിക്കും “മയക്കു മരുന്നി” നെതിരേ പോരാട്ടം: സര്‍ക്കാര്‍ നയം ശരിയല്ലെന്ന് കണക്കുകളും വസ്തുതകളും നിരത്തി വി.എം. സുധീരന്‍; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സുധീര്‍ഘമായ കത്ത്

സംസ്ഥാനത്ത് കൂടിവരുന്ന മദ്യം-മയക്കുമരുന്നു വ്യാപനത്തിനെതിരേ കണക്കുകളും വിവരങ്ങളും രേഖപ്പെടുത്തി മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരിക്കുകയണ് മുന്‍ മന്ത്രിയും മുന്‍ കെ.പി.സി.സി പ്‌സിഡന്‍രുമായിരുന്നു വി.എം സുധീരന്‍. മദ്യം സുലഭമായി കിട്ടിയാല്‍ സംസ്ഥഛാനത്ത് മയക്കു മരുന്ന് വ്യാപനം ഉണ്ടാകില്ലെന്ന ഇടതുപക്ഷത്തിന്റെ നിലപാട് തിരുത്തേണ്ട ഘട്ടമാണ് എത്തിയിരിക്കുന്നതെന്നാണ് സുധീരന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. അതിന് എലപ്പുള്ളിയില്‍ അനുവദിച്ചിരിക്കുന്ന ഡിസ്റ്റിലറിബോട്ടലിംഗ് പ്ലാന്റിന്റെ അനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. മദ്യവ്യാപനത്തിന് നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ തന്നെ ലഹരി വിരുദ്ധ ക്യാമ്പയിനുമായി മുന്നോട്ടുവന്നാല്‍ അതിന് വിശ്വാസ്യത തെല്ലും ഉണ്ടാവുകയില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട ജനങ്ങളുടെ വിശ്വാസം നേടിക്കൊണ്ട് മദ്യത്തിനും മയക്കു മരുന്നിനുമെതിരേ ജനകീയ പ്രതിരോധമാണ് ഉര്‍ത്തിക്കൊണ്ടു വരേണ്ടതെന്ന് വി.എം. സുധീരന്‍ കട്ടില്‍ ആവശ്യേെപ്പാടുന്നു.

മുഖ്യമന്ത്രിക്കയച്ച കത്തിന്റെ പൂര്‍ണ്ണ രൂപം

പ്രിയപ്പെട്ട മുഖ്യമന്ത്രി,

ലഹരി വിപത്തിനെ ചെറുക്കാന്‍ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിന് സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്ന ഉന്നതതല യോഗ തീരുമാനം ആശ്വാസകരമാണ്. ഏതു തീരുമാനവും ജനങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ ഫലപ്രദവും കാര്യക്ഷമവുമായി നടപ്പിലാക്കുന്നതിലാണ് വിജയം കുടികൊള്ളുന്നത്. താങ്കളുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി 2016ലെ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം ഇത്തരുണത്തില്‍ ഒന്നുകൂടി ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ.

‘മദ്യം കേരളത്തില്‍ ഗുരുതരമായ ഒരു സാമൂഹ്യ വിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുക. മദ്യവര്‍ജ്ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നുള്ളതിനെക്കാള്‍ കൂടുതല്‍ ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. ഇതിനായി സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയില്‍ അതിവിപുലമായ ഒരു ജനകീയ ബോധവല്‍ക്കരണ പ്രസ്ഥാനത്തിന് രൂപം നല്‍കും. ഡി-അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. മദ്യവര്‍ജ്ജന സമിതിയുമായുള്ള സഹകരണം ശക്തിപ്പെടുത്തും. മദ്യം പോലെ സാമൂഹ്യ ഭീഷണിയായി കഞ്ചാവും മയക്കുമരുന്നും വ്യാപകമാവുകയാണ്. ഇതിനെതിരെ അതികര്‍ശനമായ നടപടികള്‍ സ്വീകരിക്കും.’ 

ആ തെരഞ്ഞെടുപ്പു വേളയില്‍ ഇതെല്ലാം പ്രചരിപ്പിച്ചത് അക്കാലത്ത് കേരളത്തില്‍ കേവലം 29 ബാറുകള്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന കാലത്താണെന്നോര്‍ക്കണം. പരിപാവനമായ ഈ തെരഞ്ഞെടുപ്പു വാഗ്ദാനം അര്‍ഹിക്കുന്ന ഗൗരവത്തോടെയും പ്രാധാന്യത്തോടെയും പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവന്നിരുന്നെങ്കില്‍ ഇന്ന് കേരളത്തെ വലിയ സാമൂഹ്യദുരന്തത്തിലേയ്ക്ക് തള്ളിവിടുന്ന ആപല്‍ക്കരമായ മദ്യവ്യാപനവും കഞ്ചാവ്, മയക്കുമരുന്ന്, രാസമരുന്ന് തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങളുടെ അനിയന്ത്രിതമായ വിതരണ-വ്യാപന ശൃംഖലകള്‍ അതീവ ഭീകരമായി ശക്തിപ്പെടുന്ന ദുരവസ്ഥയും ഉണ്ടാകുമായിരുന്നില്ല.

നിര്‍ഭാഗ്യവശാല്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം സമ്പൂര്‍ണ്ണമായി കാറ്റില്‍പറത്തി നേരെ എതിര്‍ദിശയിലേയ്ക്ക് നീങ്ങുകയും കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യവ്യാപനത്തിന് കളമൊരുക്കുന്ന നടപടികള്‍ ഒന്നിനുപിന്നാലെ മറ്റൊന്നായി നടപ്പാക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. ഇതിന്റെയെല്ലാം ഫലമായി ഇപ്പോള്‍ സംസ്ഥാനത്തില്‍ ബാറുകളുടെ എണ്ണം ആയിരത്തിലധികമായി. അനുവദിക്കപ്പെടുന്ന ബാറുകളുടെ എണ്ണം കൃത്യമായി എക്സൈസ് വെബ്സൈറ്റില്‍ കാണിക്കാത്തതു കൊണ്ട് ഇപ്പോഴും അനുവദിച്ചു കൊണ്ടിരിക്കുന്ന ബാറുകളുടെ എണ്ണം തിട്ടപ്പെടുത്താനാകാതെ വന്നിരിക്കുകയാണ്. സുതാര്യമാക്കേണ്ട സര്‍ക്കാര്‍ നടപടികള്‍ ഇക്കാര്യത്തില്‍ അതീവ രഹസ്യമായി മുന്നോട്ടുകൊണ്ടുപോകുന്ന കുറ്റകരമായ അവസ്ഥയിലെത്തിയിരിക്കുകയാണ്. 

ബെവ്കോ, കണ്‍സ്യൂമര്‍ ഫെഡ്, നിരവധി ക്ലബ്ബുകളോടനുബന്ധിച്ചുള്ള മദ്യശാലകള്‍ വ്യാപകമായി നിലവിലുള്ള കള്ളുഷാപ്പുകള്‍ എന്നിവയ്ക്കെല്ലാം പുറമെയാണീ ബാറുകളുടെ വന്‍ വര്‍ദ്ധനവ്. തന്നെയുമല്ല ഐ.ടി. മേഖല ഉള്‍പ്പെടെയുള്ള മറ്റ് തലങ്ങളിലേയ്ക്കും മദ്യവ്യാപനം വന്നുകൊണ്ടിരിക്കുന്നു.
മദ്യമില്ലെങ്കില്‍ മയക്കുമരുന്ന് വ്യാപിക്കും എന്നതായിരുന്നല്ലോ സര്‍ക്കാരിന്റെ പ്രധാന വാദഗതി. എന്നാല്‍ ഇപ്പോള്‍ മദ്യം വ്യാപകമാകുകയും മയക്കു മരുന്നും, കഞ്ചാവും മറ്റ് രാസപദാര്‍ത്ഥങ്ങളും റെക്കാര്‍ഡ് വേഗതയിലുള്ള വ്യാപനത്തിലേയ്ക്ക് എത്തുകയും ചെയ്തിരിക്കുന്നു. ഓരോ ദിവസവും മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന അക്രമ സംഭവങ്ങളും കുറ്റകൃത്യങ്ങളും നല്ലതോതില്‍ മദ്യലഹരിയുടെ സ്വാധീനഫലമാണെന്നത് നിസ്തര്‍ക്കമാണ്. 

ഇതിനു പുറമെയാണ് മയക്കു മരുന്നും മറ്റ് രാസപദാര്‍ത്ഥങ്ങളും കഞ്ചാവും വ്യാപിക്കുന്നതിന്റെ ഫലമായി വന്നിരിക്കുന്ന മാരകവും ഭയാനകവുമായ അവസ്ഥ. ആഭ്യന്തര വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന ബഹു. മുഖ്യമന്ത്രിക്ക് ഇതെല്ലാം അറിവുള്ളതാണെങ്കിലും മനപ്പൂര്‍വ്വമായി തന്നെ സംസ്ഥാനത്ത് പെരുകിവരുന്ന അക്രമങ്ങളിലും കുറ്റകൃത്യങ്ങളിലും മദ്യത്തിന്റെ പങ്ക് പൂര്‍ണ്ണമായി ഒഴിവാക്കി മയക്കുമരുന്നില്‍ മാത്രം കേന്ദ്രീകരിക്കുന്ന തീരുമാനം എടുക്കുന്നത് ഒരുകാരണവശാലും ന്യായീകരിക്കാവുന്നതല്ല. ഇത് വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. തന്നെയുമല്ല ലഹരി വിപത്തിനെക്കുറിച്ച് പറയുമ്പോള്‍ ആപല്‍ക്കരമായ മദ്യവിപത്തിനെക്കുറിച്ച് പരാമര്‍ശിക്കാതിരിക്കുന്നത് തികഞ്ഞ കാപട്യവുമാണ്. 

മദ്യവ്യാപനത്തിന് നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍തന്നെ ലഹരി വിരുദ്ധ ക്യാമ്പയിനുമായി മുന്നോട്ടുവന്നാല്‍ അതിന് വിശ്വാസ്യത തെല്ലും ഉണ്ടാവുകയില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട് ലഹരിക്കെതിരെ ക്യാമ്പയിനുമായി മുന്നോട്ടു പോകുമ്പോള്‍ മദ്യവ്യാപന നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയുന്നു എന്ന് ജനങ്ങള്‍ക്ക് വിശ്വാസ യോഗ്യമായ നടപടികള്‍കൂടി സ്വീകരിക്കേണ്ടിയിരിക്കുന്നു. മദ്യവും മയക്കുമരുന്നും ജനങ്ങള്‍ക്ക് ഒരവശ്യ വസ്തുവല്ലെന്ന് കോവിഡ് കാലത്ത് ലോക്ഡൗണ്‍ നടപ്പാക്കിയ 64 ദിവസത്തെ സ്ഥിതിഗതികള്‍ തെളിയിച്ചതാണ്. (ഏപ്രില്‍-മെയ്, 2020) അക്ഷരാര്‍ത്ഥത്തില്‍ ആ കാലം ഫലത്തില്‍ കേരളത്തില്‍ മദ്യനിരോധനമായിരുന്നല്ലോ. 

ആ ഇടവേളയില്‍ മദ്യശാലകള്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണമായി അടച്ചുപൂട്ടിയതിന്റെ ഫലമായിട്ടുണ്ടായ ഗുണപരമായ മാറ്റങ്ങള്‍ ആര്‍ക്കും നിഷേധിക്കാനാവില്ല. കുറ്റകൃത്യങ്ങളില്‍ ആ കാലത്തുണ്ടായ ഗണ്യമായ കുറവ് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയില്‍ത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. 
മദ്യം ഇല്ലാതായതിനെത്തുടര്‍ന്ന് അതില്‍പ്പെട്ടിരുന്നവരുടെ കുടുംബങ്ങള്‍ക്കുണ്ടായ സാമ്പത്തിക നേട്ടം ശ്രദ്ധേയമായിരുന്നു. 3978 കോടി രൂപയുടെ സാമ്പത്തിക നേട്ടം ഇത്തരം കുടുംബങ്ങള്‍ക്കുണ്ടായതായി ‘അഡിക് ഇന്ത്യ’യുടെ പഠനം വ്യക്തമാക്കുന്നുണ്ട്. മദ്യം ഇല്ലാതായാല്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിക്കും, വ്യാജവാറ്റ് പെരുകും, മദ്യം ഉപയോഗിച്ചിരുന്നവര്‍ക്ക് അത് ഇല്ലാതായാല്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും എന്നിങ്ങനെ മദ്യവ്യാപന നയത്തിന് ആധാരമായി നേരത്തെമുതല്‍ 

സര്‍ക്കാര്‍ ഉയര്‍ത്തിയ വാദഗതികളും നടത്തിവന്നിരുന്ന പ്രചരണങ്ങളും തീര്‍ത്തും അസ്ഥാനത്താണെന്ന് ലോക്ഡൗണ്‍കാലത്ത് തെളിയിക്കപ്പെട്ടു. മയക്കുമരുന്ന് കേസുകള്‍ 2020 വര്‍ഷത്തിലെ മാസ ശരാശരി 305.5 ആയിരുന്നുവെങ്കില്‍ ലോക്ഡൗണ്‍കാലത്ത് രണ്ടുമാസത്തെ ശരാശരി കേവലം 97.5 കേസ്സുകളായി കുറഞ്ഞുവെന്നത് വളരെയേറെ ശ്രദ്ധേയമാണ്. സ്പിരിറ്റിന്റെ കാര്യത്തിലും ഈ വ്യത്യാസം കാണാവുന്നതാണ്. 2020 വര്‍ഷത്തില്‍ സ്പരിറ്റ് പിടികൂടിയതിന്റെ മാസ ശരാശരി 1932 ലിറ്റര്‍ ആയിരുന്നുവെങ്കില്‍ ലോക്ഡൗണ്‍കാലത്ത് രണ്ടുമാസത്തെ ശരാശരി 59.5 ലിറ്റര്‍ മാത്രമായിരുന്നു. (എക്സൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിനെ ആധാരമാക്കി ‘അഡിക് ഇന്ത്യ’ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടില്‍നിന്ന്). 

മദ്യം ഇല്ലാതിരുന്ന ലോക്ഡൗണ്‍ കാലത്ത് മയക്കുമരുന്ന് കേസ്സുകളും സ്പിരിറ്റ് ലഭ്യതയും നന്നേ കുറഞ്ഞിരുന്നുവെന്ന അനിഷേധ്യമായ വസ്തുത സര്‍ക്കാര്‍ സൗകര്യപൂര്‍വ്വം തമസ്‌കരിക്കാനാണ് ശ്രമിക്കുന്നത്. കോവിഡിനെ പ്രതിരോധിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായി പ്രവര്‍ത്തിച്ചിരുന്നതിന് അക്കാലത്ത് കിട്ടിയ നേട്ടമാണ് ലോക്ഡൗണ്‍കാലത്ത് പ്രകടമായത്. മദ്യലഭ്യതയും പ്രാപ്യതയും ഇല്ലാതായാല്‍ മദ്യ ഉപയോഗം ഇല്ലാതാകുമെന്ന് തെളിയിക്കുന്നതാണ് 64 ദിവസത്തെ ലോക്ഡൗണ്‍കാലം. മദ്യലഭ്യതയും പ്രാപ്യതയും കുറച്ചുകൊണ്ടുവരുകയെന്നതാണ് മദ്യവിപത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ അനിവാര്യമായിട്ടുള്ളതെന്നതാണ് ലോകാരോഗ്യ സംഘടനയുടെ അടിസ്ഥാന തത്വം.

വിനോദ സഞ്ചാര മേഖലയെ മദ്യനിയന്ത്രണം തളര്‍ത്തുമെന്ന വാദവും വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. ടൂറിസം വകുപ്പിന്റെ കണക്കുകള്‍ തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്. 2014-ല്‍ 923366 വിദേശ ടൂറിസ്റ്റുകളാണ് കേരളത്തിലേയ്ക്ക് വന്നത്. യു.ഡി.എഫ്. സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഫലമായി കേവലം 29 ബാറുകള്‍ മാത്രം പ്രവര്‍ത്തിക്കുകയും മറ്റെല്ലാ ബാറുകളും അടഞ്ഞുകിടന്നിരുന്നതുമായ 2016ല്‍ അത് 10,38,419 ആയി വര്‍ദ്ധിക്കുകയാണുണ്ടായത്. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലാകട്ടെ 2014ല്‍ 1,16,95,441 ആയിരുന്നത് 2016ല്‍ 1,31,72,535 ആയി വര്‍ദ്ധിക്കുകയാണുണ്ടായത്. ടൂറിസത്തിലൂടെ ഉണ്ടായ വരുമാനത്തിലും വര്‍ദ്ധനവുണ്ടായി. 2014ല്‍ 24,885 കോടി ആയിരുന്നത് 2016ല്‍ 29,659 കോടി രൂപയായി വര്‍ദ്ധിച്ചു. മദ്യം കഴിക്കാനല്ല ടൂറിസ്റ്റുകള്‍ കേരളത്തില്‍ വരുന്നത്. 

കേരള തനിമ ആസ്വദിക്കാനാണ്. അവര്‍ക്കു വേണ്ടത് വൃത്തിയും വെടിപ്പുമുള്ള, സമാധാനം നിലനില്‍ക്കുന്ന, നല്ല പെരുമാറ്റം ലഭിക്കുന്ന അന്തരീക്ഷമാണ്. സര്‍ക്കാരിന്റെ നിലനില്‍പ്പ് മദ്യവരുമാനത്തെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന വാദവും നിരര്‍ത്ഥകമാണ്. മദ്യത്തില്‍നിന്നുള്ള വരുമാനത്തിന്റെ ഇരട്ടിയിലേറെ മദ്യംമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും കെടുതികള്‍ക്കും ദുരിതങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും പരിഹാരമുണ്ടാക്കുന്നതിന് സര്‍ക്കാരിനുതന്നെ ചെലവിടേണ്ടിവരുന്നുണ്ട്. മദ്യപാനം മൂലം വര്‍ദ്ധിച്ചുവരുന്ന ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങള്‍ അതിനെല്ലാം വേണ്ടിവരുന്ന മരുന്ന്, ചികിത്സ, ആശുപത്രിസംവിധാനം എന്നിവയ്ക്ക് വേണ്ടിവരുന്ന ചെലവുകള്‍, കുടുംബ സമാധാന തകര്‍ച്ച, കുടുംബ ബന്ധങ്ങളിലെ വിള്ളലുകള്‍, 

വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങള്‍, അതുമൂലമുണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ ഇതെല്ലാം സംസ്ഥാനത്തിന്‌
രുത്തിവയ്ക്കുന്ന സാമ്പത്തിക ഭാരവും സാമൂഹിക പ്രശ്നങ്ങളും വളരെയേറെയാണ്. ഇപ്പോള്‍ത്തന്നെ കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്. മദ്യലഹരിയില്‍ സ്വന്തം മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ജീവനെടുക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. പെരുകിവരുന്ന ക്വട്ടേഷന്‍-ഗുണ്ടാ മാഫിയ സംഘങ്ങളുടെ ഊര്‍ജ്ജ സ്രോതസ്സും മദ്യവും മയക്കുമരുന്നും തന്നെയാണ്. ഇതെല്ലാം കണക്കിലെടുത്തു തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാതെ ജനങ്ങളോട് കാണിച്ച വിശ്വാസ വഞ്ചനയ്ക്കും ഗുരുതരമായ വീഴ്ചകള്‍ക്കും ജനങ്ങളോട് മാപ്പ് പറയാന്‍ ബഹു. മുഖ്യമന്ത്രി തയ്യാറാകണം. 

അതോടൊപ്പംതന്നെ തെറ്റ് തിരുത്തി യാഥാര്‍ത്ഥ്യബോധത്തോടെ മദ്യവ്യാപനത്തിനിടവരുന്ന നിലയിലുള്ള മദ്യനയം സമ്പൂര്‍ണ്ണമായി പിന്‍വലിക്കാനും കഞ്ചാവും മയക്കുമരുന്നും രാസപദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുന്ന സര്‍വ്വ ലഹരി വസ്തുക്കളും ഇല്ലാതാക്കാനും കുറ്റമറ്റതും ഫലപ്രദവുമായ കൃത്യമായ നടപടികള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന രീതിയിലും ജനവിശ്വാസം ആര്‍ജ്ജിക്കുന്ന രീതിയിലും സ്വീകരിക്കണം. 

  • ഉറവിടത്തില്‍ നിന്നുതന്നെ ലഹരി പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുക്കണം.
  • ലഹരി കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കാവുന്ന അവസ്ഥ ഉണ്ടാക്കണം. ഇതിനെല്ലാം പറ്റുന്ന നിലയില്‍ ബന്ധപ്പെട്ട നിയമങ്ങള്‍ പൊളിച്ചെഴുതണം.
  • പൊലീസ്-എക്സൈസ് സേനകളിലെ മികച്ച സേവന പശ്ചാത്തലമുള്ളവരും കാര്യപ്രാതിയുള്ളവരുമായവരെ ഉള്‍ക്കൊള്ളിച്ച് ലഹരി വിരുദ്ധ സ്‌ക്വാഡുകള്‍ പുനക്രമീകരിക്കണം. മറ്റുതലങ്ങളില്‍ വേണ്ടാത്തവരെ നടതള്ളുന്ന ഒരു ഏര്‍പ്പാടായി ഇതിനെ മാറ്റരുത്. (ചിലപ്പോഴെങ്കിലും അപ്രകാരം സംഭവിക്കാറുണ്ട്).
  • വിമുക്തി ഉള്‍പ്പെടെയുള്ള ലഹരി നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനം ചീഫ് സെക്രട്ടറി നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പുകള്‍, ആരോഗ്യ വകുപ്പ്, സാമൂഹ്യ നീതിവകുപ്പ്, തദ്ദേശഭരണ വകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമായി മാറ്റിയെടുക്കണം.
  • പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മ്മാണശാല ആരംഭിക്കാനുള്ള ശ്രമങ്ങളില്‍നിന്നും സര്‍ക്കാര്‍ ഉടനടി പിന്തിരിയണം. ഇതിനെതിരെ കര്‍ഷകരുള്‍പ്പെടെയുള്ള സമസ്ത ജനവിഭാഗങ്ങളുടെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിരിക്കുകയാണ്.

മേല്‍ വിശദീകരിച്ച കാര്യങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി ജനങ്ങള്‍ക്ക് നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാന്‍ സര്‍വ്വ നടപടികളും സ്വീകരിച്ച് ബഹു.മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ജനങ്ങളോടുള്ള ഉത്തരവാദിത്തവും കടമയും നിറവേറ്റാന്‍ ബഹു.മുഖ്യമന്ത്രിയും സഹപ്രവര്‍ത്തകരും ആത്മാര്‍ത്ഥമായി ശ്രമിക്കണം. അതുവഴി മദ്യം, മയക്കുമരുന്ന്, കഞ്ചാവ് മറ്റ് രാസപദാര്‍ത്ഥങ്ങള്‍ തുടങ്ങിയ സര്‍വ്വ വിപത്തുകളില്‍നിന്നും ജനങ്ങളെ രക്ഷിക്കാന്‍ വേണ്ടതെല്ലാം അടിയന്തരമായി ചെയ്യണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.

 സ്നേഹപൂര്‍വ്വം
വി.എം.സുധീരന്‍

ശ്രീ. പിണറായി വിജയന്‍
ബഹു. മുഖ്യമന്ത്രി

പകര്‍പ്പ് :
ശ്രീ.എം.ബി.രാജേഷ്, ബഹു.എക്സൈസ്-തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി
ശ്രീ.കെ.രാജന്‍, ബഹു.റവന്യൂവകുപ്പു മന്ത്രി
ശ്രീ.വി.ശിവന്‍കുട്ടി, ബഹു.പൊതുവിദ്യാഭ്യാസ-തൊഴില്‍വകുപ്പുമന്ത്രി
ശ്രീ.വി.അബ്ദുറഹിമാന്‍, ബഹു.ന്യൂനപക്ഷക്ഷേമ-കായികവകുപ്പുമന്ത്രി
ശ്രീമതി.വീണാജോര്‍ജ്ജ്, ബഹു.ആരോഗ്യവകുപ്പുമന്ത്രി
ശ്രീമതി.ആര്‍.ബിന്ദു, ബഹു.ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതിവകുപ്പുമന്ത്രി
ശ്രീ.വി.ഡി.സതീശന്‍, ബഹു.പ്രതിപക്ഷനേതാവ്
ചീഫ് സെക്രട്ടറി, കേരള സര്‍ക്കാര്‍

ഇതാണ് വി.എം സുധീരന്റെ സുധീര്‍ഘമായ കത്ത്. പ്രധാനമായും സര്‍ക്കാരിന്റെ മദ്യ നയവും, മദ്യ നിരോധനത്തില്‍ നിന്നുള്ള പിന്നോട്ടു പോക്കും, ടൂറിസത്തിന്റെ മറവിലെ മദ്യ വിതരണവുമാണ് എടുത്തു പറഞ്ഞിരിക്കുന്നത്. കൊറോണക്കാലത്തെ മദ്യ ഉപഭോഗത്തില്‍ വന്ന കുറവ് ഉദാഹരണമായി പറ#്ഞിട്ടുണ്ട്. നിലവില്‍ മയക്കു മരുന്നു വ്യാപനത്തോടൊപ്പം മദ്യവും ഒരു പ്രദാന പങ്കു വഹിക്കുന്നുണ്ടെന്നും സുധീരന്റെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.