Features

മോഹന്‍ലാലിന്റെ വഴിപാട്: വര്‍ഗീയ പ്രസ്താവനകള്‍ അപലപനീയമെന്ന് ന്യൂനപക്ഷ ക്ഷേമമമന്ത്രി; അപകടരമായ നിലപാടുകള്‍ തള്ളിപ്പറയാന്‍ മതപണ്ഡിതര്‍ തയ്യാറാകണം

ശബരിമലയില്‍ മമ്മൂട്ടിക്ക് വേണ്ടി മോഹന്‍ലാല്‍ വഴിപാട് നടത്തിയ വിഷയത്തില്‍ ചിലര്‍ നടത്തിയ വര്‍ഗീയവിഷം വമിക്കുന്ന പ്രസ്താവനകള്‍ തീര്‍ത്തും അപലപനീയമാണെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍. കേരളം പുലര്‍ത്തി വരുന്ന മതനിരപേക്ഷതയുടെ സത്ത ഉള്‍ക്കൊള്ളാന്‍ കഴിയാതെ നിരുത്തരവാദപരമായി പ്രസ്താവനകള്‍ നടത്തുന്നവര്‍ നാടിന് അപമാനമാണ്. ഇത്തരം അപകടരമായ നിലപാടുകള്‍ തള്ളിപ്പറയാന്‍ മതപണ്ഡിതര്‍ തയ്യാറാകണം.

പൊതുസമൂഹത്തിനു മുന്നില്‍ ഒരു മതത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ഈ പ്രസ്താവന ഇടവരുത്തുക. കേരളീയ സമൂഹത്തില്‍ മതപരമായ ധ്രുവീകരണം നടത്താനുള്ള ഗൂഢനീക്കങ്ങള്‍ക്ക് ശക്തിപകരാനേ ഈ വിവാദം സഹായിക്കൂ. മതങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന മാനവികതയുടെയും സാഹോദര്യത്തിന്റെയും സത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചിലര്‍ നടത്തുന്ന ജല്പനങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. പ്രായമുള്ള ഒരു മുസ്ലിം സ്ത്രീ മണാലിയില്‍ മക്കള്‍ക്കൊപ്പം വിനോദയാത്ര പോയത് വലിയ പാതകമാണെന്ന തരത്തില്‍ പ്രതികരിച്ച മതപുരോഹിതനെ നമ്മള്‍ കണ്ടു.

വിദ്യാര്‍ത്ഥികള്‍ പഠനയാത്രയ്ക്ക് പോകുന്നത് തടയുന്നതുള്‍പ്പെടെയുള്ള നിലപാടുകളും ഉണ്ടായി. ഇത്തരത്തിലുള്ള ഏതൊരു പിന്തിരിപ്പന്‍ നീക്കവും ചെറുക്കപ്പടേണ്ടതാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് മത ന്യൂന പക്ഷങ്ങളുടെ വീടുകള്‍ ഇടിച്ചുനിരത്തുന്നത് നിത്യ സംഭവമായി മാറി. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അടിത്തറയില്‍ കേരളം ഇത്തരം ശക്തികളെ പ്രതിരോധിച്ചു നില്‍ക്കുകയാണ്. മതപരമായ വ്യത്യാസങ്ങള്‍ക്കിടയിലും, സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും വിശ്വാസങ്ങളോടുള്ള പരസ്പര ബഹുമാനത്തിന്റെയും ഒരു നീണ്ട ചരിത്രമാണ് കേരള ജനതയ്ക്കുള്ളത്.

വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട ആളുകള്‍ ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്ന മതപരമായ ഉത്സവങ്ങളുടെ ആഘോഷങ്ങളില്‍ ഈ ഒരുമ കാണാം. വര്‍ഗീയ കലാപങ്ങള്‍ക്ക് കോപ്പുകൂട്ടുന്നവര്‍ക്ക് മുന്നില്‍ സമാധാനത്തിന്റെ ഭടന്മാരായി ഇവിടത്തെ ആത്മീയ-രാഷ്ട്രീയ നേതാക്കള്‍ നിലകൊണ്ടിട്ടുണ്ട്. മഹത്തായ ഈ പാരമ്പര്യത്തിന് കളങ്കമുണ്ടാക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ് പുരോഹിത വേഷമണിഞ്ഞ ചിലര്‍.

ശബരിമല അയ്യപ്പനെ ദര്‍ശിക്കാന്‍ സന്നിധാനത്ത് എത്തുന്നവര്‍ വാവരെയും ദര്‍ശിക്കാറുണ്ട്. മറ്റൊരു മതത്തിന്റെ ആരാധനാലയത്തിന് സൗജന്യമായി ഭൂമി വിട്ടുനല്‍കിയവരുടെ കഥകള്‍ ഇവിടെ ഏറെയാണ്. തിരുനാവായയില്‍ വിരിയുന്ന താമരകള്‍ക്ക് സാഹോദര്യത്തിന്റെ കഥ പറയാനുണ്ട്. മുസ്ലിം കര്‍ഷകര്‍ കൃഷി ചെയ്യുന്ന ഈ താമരകളാണ് ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ അര്‍ച്ചനയ്ക്കായി കൊണ്ടുപോകുന്നത്. മതമൈത്രിയുടെ അടയാളമാണ് മുസ്ലിങ്ങളുടെ നേര്‍ച്ച ഉത്സവങ്ങള്‍.

കൊണ്ടോട്ടി നേര്‍ച്ചയില്‍ സ്വാമി മഠക്കാരുടെ വക വെള്ളിപ്പതാക നല്‍കുന്ന ചടങ്ങ് ഉദാഹരണമാണ്. മമ്പുറം തങ്ങളുടെ മഖ്ബറ സന്ദര്‍ശിച്ച്, കാണിക്ക സമര്‍പ്പിച്ച് അനുഗ്രഹം വാങ്ങിയാണ് ഭക്തര്‍ മൂന്നിയൂര്‍ കളിയാട്ടക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവ പറമ്പിലേക്ക് തിരിക്കുക. വിജയദശമി നാളില്‍ തുഞ്ചന്‍ പറമ്പില്‍ ആദ്യക്ഷരം കുറിക്കാനെത്തുന്ന കുരുന്നുകളെ സഹായിക്കാന്‍ ഓടി നടക്കുന്ന മുസ്ലിം സഹോദരങ്ങളെ കാണാം.

താനൂര്‍ ശോഭപറമ്പിലെ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലെ പൂജാരിയെ നിയമിക്കുന്നത് പഴയകത്ത് തറവാട്ടിലെ മുസ്ലിം കാരണവരാണ്. ഈ മതനിരപേക്ഷ കേരളത്തെ തോല്‍പ്പിക്കാന്‍ ആരു ശ്രമിച്ചാലും അവര്‍ പിന്തിരിഞ്ഞ് ഓടേണ്ടി വരും. മോഹന്‍ലാല്‍ വഴിപാട് നടത്തിയ വിഷയത്തില്‍ സങ്കുചിതവും അപരിഷ്‌കൃതവുമായ പ്രസ്താവന നടത്തിയവര്‍ പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടു.

CONTENT HIGH LIGHTS; Mohanlal’s offering: Communal statements are condemnable, says Minority Welfare Minister; Religious scholars should be ready to reject dangerous positions