പിണങ്ങിപ്പിരിഞ്ഞ് പെരുവഴിയിലിറങ്ങി, മനസ്സില്‍ തോന്നയതെല്ലാം ചെയ്ത് ഒടുവില്‍ യു.ഡി.എപിലെത്തിയ നിലമ്പൂര്‍ മുന്‍ എം.എല്‍.എ പി.വി അന്‍വര്‍ വീണ്ടും പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ ചുക്കാന്‍ പിടിക്കുകയാണ്. ഇത്തവണ യു.ഡി.എഫിന്റെ തേരാളിയായാണ് നിലമ്പൂര്‍ ഉഫ തെരഞ്ഞെടുപ്പില്‍ എത്തുക. നിലമ്പൂര്‍ സീറ്റില്‍ മത്സരിക്കാനില്ലെന്ന് നേരത്തെ വ്യക്തമാക്കിക്കൊണ്ടാണ് അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനം സാധ്യമായത്. അതുകൊണ്ടുതന്നെ യു.ഡി.എഫ് ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും അയാളെ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനത്തില്‍ മുന്നില്‍ നില്‍ക്കുമെന്നാണ് അന്‍വര്‍ പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍, നിലമ്പൂരിന്റെ ഭൂമിശാസ്ത്രവും രാഷ്ട്രീയ സ്വാധീനവും ജനങ്ങളുടെ സ്വീകാര്യതയും കണക്കിലെടുത്ത് അന്‍വറോളം നല്ല സ്ഥാനാര്‍ഥി വേറെയുണ്ടാകില്ല എന്ന വിലയിരുത്തല്‍ യു.ഡി.എഫിനുണ്ട്. എന്നാല്‍, അത് പെട്ടെന്ന് സമ്മതിക്കാന്‍ വയ്യെന്ന നിലയാണുള്ളത്. പക്ഷെ, എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിത്വം നോക്കിയാകും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുയെന്നതില്‍ തര്‍ക്കമില്ല. അതിനുള്ള കാത്തിരിപ്പാണ്. അതായത്, യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഏകദേശം ഉറപ്പിച്ചു നില്‍ക്കുന്നു എന്നുതന്നെ പറയാം. പ്രഖ്യാപിക്കാനുള്ള സമയം മാത്രമേയുള്ളൂ.
അത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആരെന്നറിയണം എന്ന കടമ്പയേയുള്ളൂ. അതേസമയം, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ എല്‍.ഡി.എപില്‍ നിന്നും ഒരു നേതാക്കളും മുന്നോട്ടു വരുന്നില്ല എന്നതാണ് വ്യക്തമാകുന്നത്. ആദ്യമായി എതിര്‍പ്പ് അറിയിച്ചത്, പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും പാര്‍ട്ടി സെന്ററായും പ്രവര്‍ത്തിക്കുന്ന എം. സ്വരാജാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന സൂചന നല്‍കി സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം. സ്വരാജ് രംഗത്തു വന്നിരിക്കുന്നത്.
തനിക്കുള്ളത് തെരെഞ്ഞടുപ്പ് ചുമതല മാത്രമാണെന്ന് സ്വരാജ് വ്യക്തമാക്കിക്കഴിഞ്ഞു. ഒരാള്‍ വിശ്വാസ വഞ്ചന കാണിച്ചെന്ന് കരുതി സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇനി വേണ്ടെന്ന നിലപാടില്ല. നിലമ്പൂരില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ത്ഥി വരുമെന്നും ഇടതു മുന്നണിക്ക് നിലമ്പൂരില്‍ ഏറ്റവും അനുകൂല സാഹചര്യമാണെന്നുമാണ് സ്വരാജ് പറയുന്നത്. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും വികസനങ്ങളും അനുകൂല ഫലമുണ്ടാക്കും. പി.വി അന്‍വര്‍ നിലമ്പൂരില്‍ അപ്രസക്തനായി. രാഷ്ട്രീയമായി ഒറ്റപ്പെട്ടു, ആരും അദ്ദേഹത്തെ വില കല്‍പ്പിക്കുന്നില്ല.
എതിരാളികള്‍ക്കു പോലും ഇതുപോലൊരു ദുരവസ്ഥ ഉണ്ടാവരുതെന്നാണ് ആഗ്രഹമെന്നും സ്വരാജ് പറയുമ്പോള്‍ ഇടതു സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്നതിന് വ്യക്തത വരുന്നില്ല. പക്ഷെ, സ്വതന്ത്രനായിരിക്കുമെന്ന് പറയുന്നുമുണ്ട്. മെയ് മാസത്തില്‍ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. പരാതികള്‍ പരിഹരിച്ച് അന്തിമ വോട്ടര്‍ പട്ടിക മെയ് 5 ന് പ്രസിദ്ധീകരിക്കാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലമ്പൂരടക്കം രാജ്യത്തെ 6 ഇടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ്
നടത്താനുള്ള നടപടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പിനുള്ള തീയതി അടുത്തയാഴ്ചയോടെ പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. കോണ്‍ഗ്രസ് എ.പി അനില്‍കുമാറിനും സി.പി.എം എം. സ്വരാജിനും തിരഞ്ഞെടുപ്പ് ചുമതല നല്‍കിയതോടെ മണ്ഡലത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് വി.എസ് ജോയിയോ ആര്യാടന്‍ ഷൗക്കത്തോ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. സി.പി.എം ടി.കെ ഹംസയെയോ ചില പ്രാദേശിക നേതാക്കളെയോ പരിഗണിക്കാനിടയുണ്ടെങ്കിലും അവസാന നിമിഷം സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിക്കും സാധ്യതയുണ്ട്.
നിലമ്പൂര്‍ സ്വദേശിയായ എം സ്വരാജിനെ പരിഗണിക്കുമെന്ന് കരുതുന്നെങ്കിലും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചുമതല മാത്രം വഹിക്കാനാണ് സ്വരാജ് ആഗ്രഹിക്കുന്നത്. സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷന്‍ യു. ഷറഫലിയെ പോലെ ഒരാളെ പരിഗണിക്കാനും സാധ്യതയുണ്ട്. പാര്‍ട്ടി ചിന്നത്തില്‍ തന്നെ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ വി.എം ഷൗക്കത്ത് പി.ഷബീര്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നു വരാനാണ് സാധ്യത. പി.വി അന്‍വര്‍ ഉപേക്ഷിച്ച നിലമ്പൂരില്‍ ആരു മത്സരിച്ചാലും നിര്‍ണായക ഘടകം ആവുക അന്‍വര്‍ തന്നെയാകും. അതുകൊണ്ടു തന്നെ അന്‍വറിനെ മത്സരിപ്പിച്ച്, നിമസഭയിലെത്തിച്ച്, ഭരണപക്ഷത്തുള്ളവര്‍ക്കെതിരേ ആയുധമാക്കാനും യു.ഡി.എഫ് തയ്യാറാകുമെന്നു തന്നെ വിശ്വസിക്കണം.
CONTENT HIGH LIGHTS; Who will prove their strength in the Nilambur by-election?: Will UDF finally seek refuge in Anwar?; Will CPM field a candidate for LDF?; Prominent leaders’ anticipatory bail says they will not contest in Nilambur