സംസ്ഥാനത്ത് വീണ്ടും വേനല്‍ മഴ ശക്തമാവുകയാണ്. കഴിഞ്ഞ രണ്ടു ദിവസത്തിനിടയില്‍ മണിക്കൂറുകള്‍ നീണ്ട മഴ ലഭിച്ച ജില്ലകള്‍ വെള്ളപ്പൊക്ക ഭീതിയിലാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയാണ്. തീരദേശവും ഭീതിയിലായിട്ടുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുന്നതെന്നാണ് വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ ശ്കകമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ കരുതലോടെ ഇരിക്കണമെന്നും ദുരന്ത നിവാരണ അതോറിട്ടിയും മുന്നറിയിപ്പായി പറഞ്ഞിട്ടുണ്ട്.
കള്ളക്കടല്‍ പ്രതിഭാസം എന്താണ് ?
സമുദ്രത്തിന്റെ ഉള്‍ഭാഗത്ത് ഏകദേശം 4000 മുതല്‍ 6000 കിലോമീറ്റര്‍ വരെയുള്ള പ്രദേശത്ത് ഉണ്ടായേക്കാവുന്ന ന്യുനമര്‍ദ്ദം, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ് എന്നിവ ഉള്‍പ്പടെ കള്ളക്കടല്‍ പ്രതിഭാസത്തെ സ്വാധീനിക്കും. ആഗോള താപനവും ഇതിനെ സ്വാധീനിക്കുന്നുണ്ട്. ഇവിടെ നിന്നും രൂപപ്പെടുന്ന തിര, കരയിലേക്ക് എത്തുമ്പോഴാണ് കള്ളക്കടല്‍ പ്രതിഭാസമുണ്ടാകുന്നത്. മഴക്കാലത്ത് 7 സെക്കന്റും സാധാരണ 10 സെക്കന്റുമാണ് ഒരു തിരയുണ്ടാകാനെടുക്കുന്ന സമയം. എന്നാല്‍ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി രൂപപ്പെടുന്ന തിര 20 സെക്കന്റോളമെടുത്താകും തിര രൂപപ്പെടുക. തീരത്ത് നിന്നും വളരെ അകലെ നിന്നായി രൂപപ്പെടുന്ന തിരയോടൊപ്പം വലിയ അളവില്‍ വെള്ളം കരയിലേക്ക് അടിച്ചുകയറിയാണ് കള്ളക്കടല്‍ പ്രതിഭാസമുണ്ടാവുക.
തിരമാലകള്‍ ഒന്നിന് പിറകെ മറ്റൊന്നായി ഇതുപോലെ തീരത്തേക്ക് അടിച്ച് കയറുമ്പോള്‍ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം തീരത്തുണ്ടാകും. കടപ്പുറം തന്നെ സ്വഭാവികമായി ഇതിന് പ്രതിരോധം സൃഷ്ടിക്കാറുണ്ട്. തീരം ഇല്ലാതെ കടല്‍ഭിത്തി സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ഇത് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയേക്കാം. കള്ളക്കടല്‍ പ്രതിഭാസത്തില്‍ എപ്പോഴും കരയിലേക്ക് വെള്ളം ഇരച്ചുകയറില്ല. ന്യൂനമര്‍ദമോ കൊടുങ്കാറ്റോ മൂലം രൂപപ്പെടുന്ന തിരകള്‍ ഒരുമിച്ചാകും കരയിലേക്കുള്ള പ്രയാണം ആരംഭിക്കുക. 20 സെക്കന്റ് ഇടവേളകളില്‍ തുടരെ തുടരെ തിര തീരത്തേക്ക് എത്തുന്നതോടെ വെള്ളം കയറാന്‍ തുടങ്ങും. എന്നാല്‍ സാധാരണ കടലാക്രമണം പോലെ തീരം കടലെടുക്കില്ല. വെള്ളം സ്വാഭാവികമായി തിരികെ കടലിലേക്ക് പോവുകയോ കെട്ടിക്കിടക്കുകയോ ചെയ്യും.
തീരത്തേക്ക് വെള്ളം കുറയുന്നതിന്റെ തോത് കൂടിയും കുറഞ്ഞുമിരിക്കും. വേലിയേറ്റ സമയത്ത് കള്ളക്കടല്‍ പ്രതിഭാസമുണ്ടായാല്‍ തീരത്ത് വന്‍ തോതില്‍ വെള്ളം കടലില്‍ നിന്നും ഇരച്ചെത്തും. ഈ സമയത്ത് തീരത്തോട് ചേര്‍ന്നുള്ള കടലും പ്രക്ഷുബ്ധമായിരിക്കും. മത്സ്യത്തൊഴിലാളികള്‍ ഈ സമയത്ത് കടലില്‍ പോകാന്‍ പാടില്ല. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് കള്ളക്കടല്‍ പ്രതിഭാസം സാധാരണയായി കണ്ടുവരുന്നത്. സമ്പന്നമായ തീരപ്രദേശമുള്ള സംസ്ഥാനമായതിനാല്‍ വലിയ തോതില്‍ മുന്‍ കാലങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസം ജനജീവിതത്തെ ബാധിച്ചിരുന്നില്ല. സാധാരണ രണ്ടോ മൂന്നോ ദിവസങ്ങള്‍ മാത്രമാകും കള്ളക്കടല്‍ പ്രതിഭാസം നീണ്ടുനില്‍ക്കുക. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി വേലിയേറ്റ സമയത്ത് തീരത്ത് വലിയ വെള്ളക്കെട്ട് ഉണ്ടാകും.
വര്‍ഷങ്ങളായി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കള്ളക്കടല്‍ പ്രതിഭാസം മുന്‍കൂട്ടി കാണാന്‍ സാധിച്ചേക്കും. ശാസ്ത്രീയമായി തെളിവില്ലെങ്കിലും സമുദ്രത്തിലെ മീനുകളുടെ ഏറ്റക്കുറച്ചിലുകളില്‍ നിന്നും ഇത് മുന്‍കൂട്ടി കണ്ട് പ്രവചിക്കുന്ന വലിയൊരു മത്സ്യത്തൊഴിലാളി സമൂഹം സംസ്ഥാനത്തുണ്ട്. കള്ളക്കടല്‍ പ്രതിഭാസം ഗുരുതരമായി ജനജീവിതത്തെ ബാധിക്കാനുള്ള പ്രധാന കാരണം തീരശോഷണവും ആഗോളതാപനവുമാണ്. സംസ്ഥാനത്തിന്റെ തെക്കന്‍ തീരമേഖലയില്‍ തീരശോഷണം കാലങ്ങളായി തുടരുകയാണ്. കള്ളക്കടല്‍ ഉള്‍പ്പടെയുള്ള പ്രതിഭാസങ്ങള്‍ ഭാവിയിലും വലിയ പ്രതിസന്ധി സൃഷ്ടിക്കും. പലയിടത്തും തീരം പൂര്‍ണമായും നശിച്ചിട്ടുണ്ട്.
കടല്‍ഭിത്തി പണിതാണ് പലയിടങ്ങളിലും കടല്‍ക്ഷോഭം നിലവില്‍ നിയന്ത്രിച്ച് വരുന്നത്. തീരത്തോട് ചേര്‍ന്നുള്ള കെട്ടിടങ്ങളെയാകും ഇത് ഗുരുതരമായി ബാധിക്കുക. കടല്‍ഭിത്തി പണിയുമ്പോള്‍ ശക്തിയായി തീരത്തടിക്കുന്ന തിരമാലയുടെ സമ്മര്‍ദ്ദം താങ്ങാനും വെള്ളം ഒഴുകി പോകാനുമുള്ള സംവിധാനം വേണം. ഇത് പലയിടത്തുമില്ല. ഇത്തരം മേഖലകളില്‍ കള്ളക്കടല്‍ ഗുരുതരമായി ബാധിക്കും. ഈ പ്രതിഭാസത്തെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ അനിവാര്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രതാ നിര്‍ദേശം
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.4 മുതല്‍ 0.9 മീറ്റര്‍ വരെയും, ആലപ്പുഴ തീരത്ത് നാളെ ഉച്ചയ്ക്ക് 11.30 വരെ 0.6 മുതല്‍ 0.8 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ) രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.3 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
- കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
- കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
- മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.
- വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം.
- മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
- ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക
CONTENT HIGH LIGHTS;The phenomenon of the black sea again?: Widespread rain, thunderstorms and storm surges in Kerala; Disaster Management Authority issues alert; People in fear of floods?