Features

എല്ലാ തലവഴിത്തരത്തിനും സിനിമ മറയും തണലും ?: ‘ഇപ്പൊ അടിക്കാന്‍ സാധനം വേണം എവിടെന്നെങ്കിലും ഒപ്പിച്ച് താ’ ശ്രീനാഥ് ഭാസിയുടെ ആവശ്യത്തിനു മുമ്പില്‍ പകച്ച് നിര്‍മ്മാതാവ്; ലഹരിക്കും കാസ്റ്റിംഗ് കൗച്ചിനും മറ സിനിമതന്നെ; കാരവാനുകള്‍ ഉപയോഗിക്കുന്നത് സാമൂഹ്യവിരുദ്ധതയ്‌ക്കോ ?

വെള്ളിവെളിച്ചത്തില്‍ എത്താന്‍ ജീവിതം തന്നെ ഹോമിച്ച എത്രയോ മനുഷ്യരുണ്ട് ലോകത്ത്. അവരെല്ലാം അതിയായി ആഗ്രഹിച്ചത് സിനിമയുടെ ഭാഗമായി ജീവിക്കാനായിരുന്നു. പക്ഷെ, അവസരങ്ങള്‍ കിട്ടാതെയോ, സിനിമയുടെ അരികു ജീവിതത്തില്‍പ്പെട്ടൊ ആഗ്രഹങ്ങള്‍ സഫലമാകാതെ പോയവര്‍ നിരവധി പേരാണ്. എന്നാല്‍, ഇന്ന് സിനിമാ മേഖല, പ്രത്യേകിച്ച് മലയാള സിനിമാ മേഖല എല്ലാവര്‍ക്കും തുറന്നിടപ്പെട്ടിരിക്കുകയാണ്. കഴിവുള്ളവര്‍ക്ക് അവസരത്തിന് ഒരു കുറവുമില്ല. അതാണ് ന്യൂജന്‍ സിനിമകളില്‍ പുതിയ പുതിയ താരോദയങ്ങള്‍ ഉണ്ടാകുന്നതും.

അടങ്ങാത്ത ആഗ്രഹം കൊണ്ട് സിനിമാ വഴിയിലൂടെ സഞ്ചിരിക്കാന്‍ ആഗ്രഹിച്ച് ഒന്നുമാകാന്‍ കഴിയാതെ ജീവിതം പോലും ഉപേക്ഷിക്കപ്പെട്ടവര്‍ അറിയണം, ഇന്നത്തെ സിനിമാ മേഖല എന്നത്, എല്ലാ തലവഴിത്തരങ്ങളും നടത്താനുള്ള മറയായി മാറിയിരിക്കുന്നു എന്ന്. കലാമൂല്യമോ, കലാ പ്രവര്‍ത്തനമോ പിന്നിലേക്കു പോവുകയും മറ്റു ഘടകങ്ങളെല്ലാം മുന്നിലേക്കെത്തുകയും ചെയ്തിരിക്കുകയാണ്. അഭിനയിക്കാന്‍ ഒരു പൊതി കഞ്ചാവും അതില്‍ തെറുക്കുന്ന ബീഡിയും വേണമെന്ന സ്ഥിതിയുണ്ടായിരിക്കുന്നു.

അതിരു വിട്ടുള്ള പ്രണയവും, നിയന്ത്രണില്ലാത്ത അപകട സീനുകളും അഭിനയിക്കണമെങ്കില്‍ സ്വബോധം നഷ്ടപ്പെടുത്തി വേണം ലൊക്കേഷനില്‍ നില്‍ക്കാന്‍. അങ്ങനെയുള്ള തലമുറയുടെ അഭിനയം കണ്ട് പ്രേക്ഷകര്‍ അന്ധാളിച്ചു പോവുകയാണ്. ഇവര്‍ക്ക് ഭ്രാന്ത് പിടിച്ചോ എന്നുപോലും തോന്നിപ്പോകും. സെറ്റുകളില്‍ നടീനടന്‍മാര്‍ക്ക് സ്വകാര്യത സൂക്ഷിക്കാനാണ് കാരവാനുകള്‍ അനുവദിച്ചത്. എന്നാല്‍, ഇപ്പോള്‍ മലയാള സിനിമയിലെ മിക്ക നടീനടന്‍മാര്‍ക്കും കാരവാനില്ലാതെ കഴിയില്ല.

ഈ കാരവാന്‍ സാമൂഹ്യ വുരദ്ധ പ്രവൃത്തികളുടെ കൂടാരമാണോ എന്നുപോലും ചിന്തിക്കേണ്ടിയിരിക്കുന്നു. പൊതു ഇടങ്ങളില്‍ നടക്കുന്ന ഷൂട്ടിംഗിന് കാരവാനിന്റെ ആവശ്യം പോലും വേണമെന്നില്ല. പക്ഷെ, കാരവാന്‍ ഇല്ലാതെ ഷൂട്ടിംഗ് സെറ്റില്‍ നില്‍ക്കാനാവില്ലെന്ന വാശിയാണ് താരങ്ങള്‍ക്കുള്ളത്. നോക്കൂ, മുന്‍ കാലങ്ങളിലെല്ലാം ഒരു സിനിമയുടെ നട്ടെല്ല് എന്നത്, സംവിധായകന്‍ ആയിരുന്നു. പിന്നീടത് മാറി, സിനിമ എന്നത് പണം സമ്പാദിക്കാനുള്ള മാര്‍ഗമാണെന്നു കണ്ടതോടെ അഭിനേതാക്കള്‍ പ്രൊഡ്യൂസര്‍മാരായി.

പ്രൊഡ്യൂസര്‍മാരുടെ നിയന്ത്രണത്തിലായി പിന്നീട് സിനിമ. ഇപ്പോള്‍ അതും കഴിഞ്ഞ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ കൈയ്യിലാണ് സിനിമ എത്തി നില്‍ക്കുന്നത്. ആരെ അഭിനിപ്പിക്കണം, എത്ര രൂപ കൊടുക്കണം, എന്തു കഴിക്കണം, എവിടെ ഷൂട്ട് ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരാണ്. ഇവര്‍ക്ക് പ്രിയപ്പെട്ടവര്‍ അഭിനയിക്കാന്‍ എത്തിയാല്‍, അവര്‍ക്ക് പ്രത്യേക ട്രീറ്റാണ് കിട്ടുക. ലൊക്കേഷനിലെ എല്ലാ കൊള്ളരുതായ്മകള്‍ക്കും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കൂട്ടു നില്‍ക്കുകയും ചെയ്യും.

ആര്‍ടിസ്റ്റുകള്‍ക്ക് ആവശ്യമായതെല്ലാം ലൊക്കേഷനില്‍ എത്തിക്കുന്നതും ഇവരുടെ കടമയാണ്. ഇതില്‍ മയക്കു മരുന്നും ഉണ്ടാകും. ആര്‍ടിസ്റ്റുകള്‍ ആവശ്യപ്പെടുന്ന മയക്കുമരുന്നുകള്‍ കിട്ടിയില്ലെങ്കില്‍ ആ സിനിമയുടെ ഭാവിതന്നെ അവതാളത്തിലാകും. മയക്കുമരുന്നു എത്തിക്കുക മാത്രമല്ല, അത് ഉപയോഗിക്കാനുള്ള മറയായ കാരവാനും വേണം. മേക്കപ്പിനായി പോകുന്നുവെന്ന് പറഞ്ഞ് കാരവാനില്‍ കയറുന്ന ആര്‍ടിസ്റ്റ് മയക്കുമരുന്ന് ഉപയോഗിച്ച ശേഷമാണ് ലൊക്കേഷനിലേക്ക് വരുന്നതു പോലും.

സംവിധായകനുമായും, ലൊക്കേഷനിലെ മറ്റു ജീവനക്കാരുമായും പിന്നീട് ആര്‍ടിസ്റ്റ് ഇടപെടുന്നത് വളരെ വ്യത്യസ്തമായിട്ടായിരിക്കും. സിനിമയുടെ സംവിധായകനോടു പോലും മോശമായ രീതിയില്‍ ഇടപെടുന്നതും കാണാമെന്ന് സിനിമാ പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചില അവസരങ്ങളില്‍ സംവിധായകനോടും നിര്‍മ്മാതാവിനോടും തന്നെ മയക്കു മരുന്ന് ചോദിക്കുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. നമുക്കു കോടതിയില്‍ കാണാം എന്ന സിനിമയുടെ സംവിധായകന്റെ നിസ്സഹായാവസ്ഥ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നതാണ്.

ശ്രീനാഥ് ഭാസി പ്രധാന വേഷത്തിലെത്തുന്ന’ നമുക്ക് കോടതിയില്‍ കാണാം’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് തൊടുപുഴ സ്വദേശി ഹസീബ് മലബാര്‍. തന്റെ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടനില്‍ നിന്നും കടുത്ത ബുദ്ധിമുട്ട് നേരിടേണ്ടി വന്നു എന്നാണ് ചിത്രത്തതിന്റെ നിര്‍മ്മാതാവ് വെളിപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഒരു ദിവസം പുലര്‍ച്ചെ 3 മണിക്ക് കഞ്ചാവ് ആവശ്യപ്പെട്ട് നടന്‍ തന്റെ ജീവനക്കാരനെ വിളിച്ചു. ‘ഇപ്പൊ അടിക്കാന്‍ സാധനം വേണം എവിടെന്നെങ്കിലും ഒപ്പിച്ച് താ എന്നായിരുന്നു ആവശ്യം.

ഇപ്പോ കിട്ടാന്‍ മാര്‍ഗമില്ല എന്നൊക്കെ പറഞ്ഞാണ് ഫോണ്‍ വെപ്പിച്ചത്. പക്ഷെ, കഞ്ചാവ് നല്‍കാത്തതിനാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശ്രീനാഥ് ഭാസി ചിത്രീകരണത്തിന് എത്തിയില്ല. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ കാരവാനില്‍ ലഹരിയുടെ ഉപയോഗം നടന്നു. സിനിമാ ചിത്രീകരണത്തെ ബാധിക്കുമെന്നതിനാലാണ് ഇതിനെതിരെ പോലിസില്‍ പരാതി നല്‍കാത്തത്. രാവിലെ ലൊക്കേഷനില്‍ വരില്ല. ഇവന് ആ മൂഡ് കിട്ടണമെങ്കില്‍ ഈ സാധനം വേണം. മറ്റൊള്ളുവരുടെ സമയത്തെ ഒരുപാട് ഉപദ്രവിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇവന്‍ ആ കാരവാനില്‍ നിന്ന് ഇറങ്ങി വരണ്ടേ.

പിന്നെ ഈ സാധനം ലൊക്കേഷനില്‍ ഉണ്ട്. കാരവാനിന്റെ അകത്ത് ഇത് തന്നെ ആയിരുന്നു പണി. അഞ്ചു ദിവസത്തെ ഇടവേള എടുത്ത് വിദേശത്തേക്ക് പോയ നടന്‍ മടങ്ങിയെത്തിയത് 58 ദിവസങ്ങള്‍ക്കു ശേഷമാണ്. ഇതിനിടയില്‍ ആലപ്പുഴയില്‍ ഒരു ഉദ്ഘാടന ചടങ്ങിനേറ്റിരുന്നു. ഇവിടെയും എത്തീല. സംഘാടകര്‍ നല്‍കിയ 5 ലക്ഷം രൂപ മടക്കി നല്‍കി നിയമ നടപടികള്‍ ഒഴിവാക്കിയത് താനാണ്. സിനിമ സംഘടനകള്‍ക്കു പരാതി നല്‍കിയിട്ടും കാര്യമൊന്നുമില്ലെന്ന് നിര്‍മ്മാതാവ് ഹസീബ് മലബാര്‍ പറയുമ്പോള്‍ വ്യക്തമാകുന്നത് സിനിമ എല്ലാത്തിനും ശക്തമായ മറയാണെന്നാണ്.

CONTENT HIGH LIGHTS;Is cinema a cover and a shadow for all the wrongdoings?: ‘I need something to hit you with now, so I’ll put it somewhere’, the producer retaliates in front of Srinath Bhasi’s demand; Cinema is the cover for addiction and casting couch; Are caravans being used for anti-social activities?