പത്തനംതിട്ട∙ കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലു വയസ്സുകാരൻ മരിച്ചു. അടൂർ കടമ്പനാട് അജിയുടെയും ശാരിയുടെയും മകൻ അഭിറാം ആണ് മരിച്ചത്. ഉച്ചയ്ക്കാണ് സംഭവം. കളിക്കുന്നതിനിടെ തൂണിൽ പിടിച്ചപ്പോൾ തൂൺ ഇളകി കുഞ്ഞിന്റെ തലയിൽ വീഴുകയായിരുന്നു. തൂണിന് നാലടിയോളം ഉയരമുണ്ട്. കുട്ടിയെ ഉടൻ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
രാവിലെ അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം കല്ലേരി അപ്പൂപ്പൻകാവ് ക്ഷേത്രം സന്ദർശിച്ചശേഷമാണ് അഭിറാം ആനത്താവളത്തിലെത്തിയത്. തുടർന്ന് ഫോട്ടോയെടുക്കാനായി തൂണിൽ പിടിച്ച് കളിച്ചപ്പോഴാണ് തൂൺ കുട്ടിയുടെ ദേഹത്തേക്കു വീണത്. ആനത്താവള സൗന്ദര്യവൽകരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന തൂണുകളിലൊന്നാണ് അപകടമുണ്ടാക്കിയത്. തൂൺ നന്നായി ഉറപ്പിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് ആനക്കോട്ട താൽകാലികമായി അടച്ചു. സംഭവത്തിൽ വനംമന്ത്രി റിപ്പോർട്ട് തേടി. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
content highlight: konni-child-death