സ്പെയ്സ് മെഡിസിന്‍ മേഖലയിലെ സഹകരണത്തിനായി ഇന്ത്യന്‍ സ്പെയ്സ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും (ഐ.എസ്.ആര്‍.ഒ) ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജിയും (എസ്.സി.ടി.ഐ.എം.എസ്.ടി) പ്രാരംഭ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. സ്പെയ്സ് മെഡിസിന്‍ രംഗത്ത് രാജ്യത്തിന്റെ മുന്നേറ്റത്തില്‍ ഇത് നിര്‍ണ്ണായക നാഴികക്കല്ലാകും. മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്നതിനുള്ള ഇന്ത്യന്‍ പദ്ധതിയായ ഗഗന്‍യാന്‍ വഴി ഹ്യൂമണ്‍ ഹെല്‍ത്ത് റിസര്‍ച്ച്, മൈക്രോഗ്രാവിറ്റി റിസര്‍ച്ച്, സ്പെയ്സ് മെഡിസിന്‍, സ്പെയ്സ് ബയോളജി എന്നീ മേഖലകളില്‍ ഐ.എസ്.ആര്‍.ഒ ദേശീയ ഏജന്‍സികള്‍ക്കും ഗവേഷണസ്ഥാപനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും പുതിയ വാതായനങ്ങള്‍ തുറക്കുകയാണ്.
ഐ.എസ്.ആര്‍.ഒയും ശ്രീചിത്രയും തമ്മിലുള്ള പ്രാരംഭ ധാരണാപത്രം സ്പെയ്സ് മെഡിസിന്‍ മേഖലയിലെ സഹകരണത്തിന് വഴിവയ്ക്കും. ഇത് നാഷണല്‍ ഹ്യൂമന്‍ സ്പെയ്സ് പ്രോഗ്രാമിന് മുതല്‍ക്കൂട്ടാകും. മാത്രമല്ല ഹ്യൂമണ്‍ ഫിസിയോളജിക്കല്‍ സ്റ്റഡീസ്, ബിഹേവിയറല്‍ ഹെല്‍ത്ത് സ്റ്റഡീസ്, ബയോ മെഡിക്കല്‍ സപ്പോര്‍ട്ട് സിസ്റ്റങ്ങള്‍, റേഡിയേഷന്‍ ബയോളജി & മെഡിസിന്‍ എന്നീ മേഖലകളിലെ പുതിയ കണ്ടെത്തലുകള്‍ക്ക് ഈ സഹകരണം പ്രോത്സാഹനമേകും. ഇതുവഴി ബഹിരാകാശത്തെ സാഹചര്യങ്ങളില്‍ മനുഷ്യന്റെ ആരോഗ്യവും പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നതിനും ടെലിമെഡിസിന്‍ & കമ്മ്യൂണിക്കേഷന്‍ പ്രോട്ടോക്കോളുകള്‍, ബഹിരാകാശ ദൗത്യങ്ങള്‍ക്കുള്ള ക്രൂ മെഡിക്കല്‍ കിറ്റുകള്‍ എന്നിവ വികസിപ്പിക്കുന്നതിനും സഹായമാവുകയും ചെയ്യും.
ബഹിരാകാശത്തെ സാഹചര്യങ്ങളില്‍ ഹ്യൂമന്‍ റിസര്‍ച്ച് മേഖലയില്‍ രാജ്യത്തിന്റെ ശേഷി മെച്ചപ്പെടുത്താന്‍ ഗഗന്യാന്‍ ലക്ഷ്യമിടുന്നതായി ഐഎസ്ആര്‍ഒ ചെയര്‍മാനും കേന്ദ്ര ബഹിരാകാശവകുപ്പ് സെക്രട്ടറിയും സ്പെയ്സ് കമ്മീഷന്‍ ചെയര്‍മാനുമായ ഡോ. വി. നാരായണന്‍ പറഞ്ഞു. മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ചുള്ള ദൈര്‍ഘ്യമേറിയ ദൗത്യങ്ങളുടെ വിജയം കഠിനമായ സാഹചര്യങ്ങളില്‍ മനുഷ്യന്റെ ആരോഗ്യവും പ്രകടനവും നിലനിര്‍ത്തുന്നതിനെ ആശ്രയിച്ചാണിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യതാത്പര്യം മുന്‍നിര്‍ത്തിയുള്ള ഈ മേഖലയിലെ മികവുറ്റ ഗവേഷണത്തിനും വികസനത്തിനും ബഹിരാകാശ സാഹചര്യം ഉപയോഗിക്കുന്നതിനായി ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്‍ പോലുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താനാകും.
ഈ സഹകരണം യുവാക്കളെ ശാസ്ത്ര-സാങ്കേതിക മേഖലകളിലേക്ക് ആകര്‍ഷിക്കുമെന്നും അതുവഴി രാജ്യത്ത് പുത്തന്‍ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈദ്യശാസ്ത്ര ഉപകരണ വികസന മേഖലയില്‍ ഗവേഷണലോകവും വ്യവസായ മേഖലയും തമ്മിലുള്ള മികവുറ്റ സഹകരണത്തിന് നൂതനായ ഈ ഉദ്യമം കാരണമാകട്ടെയെന്ന് ഡോ. ക്രിസ് ഗോപാലകൃഷ്ണന്‍ പ്രത്യാശ പ്രകടിപ്പിച്ചു. സ്പെയ്സ് മെഡിസിന്‍ മേഖലയിലെ ഗവേഷണവും വികാസവും മനുഷ്യശരീരശാസ്ത്രം, സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള മനുഷ്യന്റെ കഴിവ് എന്നിവയെ കുറിച്ചുള്ള അറിവ് മെച്ചപ്പെടുത്തുമെന്നും പുതിയ വൈദ്യശാസ്ത്ര ഉപകരണങ്ങളുടെയും രോഗനിര്‍ണ്ണയ രീതികളുടെയും വികസനത്തിന് സഹായിക്കുമെന്നും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് അഡീഷണല്‍ സെക്രട്ടറിയും എഐ വിഭാഗം മേധാവിയുമായ ഡോ. സുനില്‍ കുമാര്‍ പറഞ്ഞു.
ബഹിരാകാശത്തേക്ക് വേണ്ടി നടത്തുന്ന ഈ മുന്നേറ്റങ്ങള്‍ക്ക് ഭൂമിയിലെ മനുഷ്യരുടെ ആരോഗ്യം മെച്ചപ്പെടുത്താനും കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്ലീന്‍ റൂം, മൈക്രോ ഗ്രാവിറ്റി ലാബുകള്‍ എന്നിവ വികസിപ്പിക്കുന്നതിലും സ്പെയ്സ് മെഡിസിന്‍ രംഗത്തും ഫലപ്രദമായ സഹകരണമാണ് ഐഎസ്ആര്‍ഒയുമായി പ്രതീക്ഷിക്കുന്നതെന്ന് ശ്രീചിത്ര ഡയറക്ടര്‍ ഡോ. സഞ്ജയ് ബിഹാരി പറഞ്ഞു. സംയുക്തമായി വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ വികസിപ്പിക്കുക, ബഹിരാകാശ ദൗത്യങ്ങള്‍ക്കായുള്ള ഉപകരണങ്ങള്‍ ഭൂമിയിലെ മനുഷ്യരുടെ ആരോഗ്യത്തിനായി പ്രയോജനപ്പെടുത്തുക എന്നിവയും ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നു.
ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍, ശ്രീചിത്രാ പ്രസിഡന്റ് ശ്രീ. ക്രിസ് ഗോപാലകൃഷ്ണന്‍, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി ശ്രീ. സുനില്‍ കുമാര്‍, ശ്രീചിത്ര ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ. മണികണ്ഠന്‍, ഐഎസ്ആര്‍ഒ-യിലെയും ശ്രീചിത്രയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ശ്രീചിത്ര ഡയറക്ടര്‍ ഡോ. സഞ്ജയ് ബിഹാരിയും ഐഎസ്ആര്‍ഒ സയന്റിഫിക് സെക്രട്ടറി ശ്രീ. ഗണേഷ് പിള്ളയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. വിഎസ് എസ് സി ഡയറക്ടര്‍ ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍, എല്‍പിഎസ് സി ഡയറക്ടര്‍ ഡോ. മോഹന്‍, എച്ച് എസ് എഫ് സി ഡയറക്ടര്‍ ഡോ. ദിനേശ് കുമാര്‍ സിംഗ്, തിരുവനന്തപുരം ഐഐഎസ് ടി ഡയറക്ടര്‍ ഡോ. ദീപാങ്കര്‍ ബാനര്‍ജി, ബംഗളൂരു ഐഎസ്ആര്‍ഒ ആസ്ഥാനത്തെ ഹ്യൂമണ്‍ സ്പെയ്സ് പ്രോഗ്രാം ഡയറക്ടര്‍ ശ്രീ. ഹനമന്ത്രായ് ബലുറഗി എന്നിവര്‍ പങ്കെടുത്തു.
-
ശ്രീചിത്ര
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്നോളജി രാജ്യത്തെ മുന്‍നിര വൈദ്യശാസ്ത്ര ഗവേഷണ കേന്ദ്രമാണ്. നൂതനമായ വൈദ്യശാസ്ത്ര സാങ്കേതിക വിദ്യകളുടെ വികസനം, ഹൃദയ- തലച്ചോര്‍- നാഡീസംബന്ധമായ സങ്കീര്‍ണ്ണ രോഗങ്ങളുടെ ചികിത്സ എന്നിവയാണ് ശ്രീചിത്രയുടെ പ്രധാന പ്രവര്‍ത്തന മേഖലകള്‍. അത്യാധുനിക സംവിധാനങ്ങള്‍, ഡോക്ടര്‍മാരും ഗവേഷകരും ഉള്‍പ്പെടുന്ന വിദഗ്ദ്ധ സംഘം എന്നിവ പ്രയോജനപ്പെടുത്തി വൈദ്യശാസ്ത്ര ഗവേഷണം, വൈദ്യശാസ്ത്ര വിദ്യാഭ്യാസം, വൈദ്യശാസ്ത്ര ഉപകരണം വികസനം, അത്യാധുനിക ചികിത്സ എന്നീ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കാന്‍ ശ്രീചിത്രയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
-
ഐഎസ്ആര്‍ഒ
ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയാണ് ഇന്ത്യന്‍ സ്പെയ്സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍. ബഹിരാകാശത്തിന്റെ മേന്മകള്‍ രാജ്യത്തിനും മാനവരാശിക്കും പ്രയോജനപ്പെടുത്താനായി ശാസ്ത്ര- സാങ്കേതിക- എന്‍ജിനീയറിംഗ് മേഖലകളില്‍ ശ്രദ്ധ ഊന്നി പ്രവര്‍ത്തിക്കുന്നു. കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ അവിഭാജ്യഘടകമാണ് ഐഎസ്ആര്‍ഒ. കേന്ദ്ര ബഹിരാകാശ വകുപ്പ് ഇന്ത്യന്‍ ബഹിരാകാശ പദ്ധതി നടപ്പിലാക്കുന്നത് ഐഎസ്ആര്‍ഒ-യുടെ വിവിധ കേന്ദ്രങ്ങളും യൂണിറ്റുകളും വഴിയാണ്.
CONTENT HIGH LIGHTS;Space Medicine: ISRO and Sree Chitra Thirunal Institute for Medical Sciences sign MoU; potential in areas of human health research, microgravity research, space medicine and space biology