Investigation

തട്ടിക്കൊണ്ടു പോക്കോ ? അതും KSRTC ബസിലോ ?: നടന്നതു തന്നെ, ഇതാണ് KSRTCയുടെ അഭിമാനങ്ങള്‍; ആ കുഞ്ഞിന്റെ സ്നേഹ സ്പര്‍ശനം തിരിച്ചറിഞ്ഞതിന് ഒരായിരം നന്ദി അനീഷ്; ആ കഥ കേള്‍ക്കണോ ? (സ്‌പെംഷ്യല്‍ സ്‌റ്റോറി)

വെടിയുണ്ടകള്‍ കുടുംബം തകര്‍ത്ത കഥകള്‍ കാശ്മീരില്‍ നിന്നും ഇന്ത്യയാകെ പടരുമ്പോള്‍ കേള്‍ക്കാന്‍ ഇമ്പമുള്ളതൊന്നും കേള്‍ക്കാന്‍ ഇല്ലാത്ത മലയളികള്‍ക്ക്, KSRTC പിടിച്ചൊരു മനം കുളിര്‍ക്കുന്നൊരു വാര്‍ത്ത വന്നിരിക്കുകയാണ്. അതും അടൂര്‍ വഴി പന്തളത്തു നിന്നുമാണ് ആ മനോഹരമായ രക്ഷപ്പെടുത്തലിന്റെ വാര്‍ത്ത വന്നിരിക്കുന്നത്. ഒരു കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം പരാജയപ്പെടുത്തിയ KSRTC ജീവനക്കാരന്റെ കഥയാണത്. ദൈവത്തിന്റെ ഉള്‍വിളിയിലൂടെ,

ആ കുഞ്ഞിന്റെ കണ്ണിലെ നിസ്സഹായതയെ തിരിച്ചറിഞ്ഞ നിമിഷം, ഒരു വലിയ തട്ടിയെടുക്കലിന്റെ വേരറുത്ത കഥ. KSRTCയിലെ നല്ല മനുഷ്യരെ കുറിച്ചുള്ള കഥകള്‍ക്ക് ഡിമാന്റ് കുറവുള്ള കാലമാണ്. പക്ഷെ, KSRTCയെ മലയാളികള്‍ വിട്ടു കളിക്കില്ലെന്നുറപ്പുള്ള കൊണ്ടാണ് ഈ കഥയ്ക്കും പ്രധാന്യമേറുന്നത്. ഒരു കുഞ്ഞിന്റെ ജീവനു വരെ ഭീഷണി ആയേക്കാവുന്ന തട്ടിയെടുക്കല്‍ പൊളിച്ച KSRTC ജീവനക്കാരന്‍ വി. അനീഷ് ഇവിടെയുണ്ട്. ഞങ്ങള്‍ അനീഷിനെ കണ്ടെത്തി. ആ രക്ഷപ്പെടുത്തല്‍ കഥ കേട്ടു.

  • ആ കഥ അനീഷ് പറഞ്ഞത് ഇവിടെ ഇങ്ങനെ തുടങ്ങട്ടെ,

” കഴിഞ്ഞ 22ന് രാവിലെ 6.20നുള്ള ചെങ്ങന്നൂര്‍-തിരുവനന്തപുരം അവിടെ നിന്നും തിരുവനന്തപുരം-തൃശൂരിലേക്കു പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ ട്രിപ്പ്. പതിവുപോലെ തിരുവനന്തപുരത്തു നിന്നും തൃശൂരിലേക്കുള്ള യാത്ര തുടങ്ങി. ബസിന്റെ സാരഥികള്‍, ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ വി. അനീഷും, കെ.വി സാഗറും. യാത്ര ഉച്ചയോടടുക്കുന്നു. ഡ്രൈവിംഗ് സീറ്റില്‍ സാഗറാണ്. ഒരു മണിയോടെ അടൂര്‍ സ്റ്റാന്റിലെത്തി. യാത്രക്കാര്‍ ഇറങ്ങുകയും കയറുകയും ചെയ്യുന്നു. കൂട്ടത്തില്‍ ഒരു തമിഴ് സ്ത്രീയും കുട്ടിയും ബസില്‍ കയറി. മുന്‍ വശത്തെ സീറ്റില്‍ നിന്നും രണ്ടു മൂന്നു സീറ്റുമാറി അവര്‍ ഇരുന്നു. വണ്ടി വീണ്ടും യാത്ര തുടങ്ങി. കണ്ടക്ടര്‍ അനീഷ് ടിക്കറ്റ് ചോദിച്ച് യാത്രക്കാരുടെ അടുത്തേക്കെത്തി.

മുറുക്കാന്‍ നിറച്ച വായുമായി ആ തമിഴ്‌ സ്ത്രീ കണ്ടക്ടറെ നോക്കി. എങ്ങോട്ടു പോകണമെന്ന ചോദ്യത്തിന് അവ്യക്തമായ ഉത്തരങ്ങള്‍. ഒന്നും മനസ്സിലാകാതെ അനീഷ് കുഴങ്ങി. സ്ത്രീയോടൊപ്പം ഇരുന്ന കുട്ടി പതിയെ അനീഷിന്റെ കാലില്‍ പിടിച്ചു. എന്നാല്‍, അത് ശ്രദ്ധിക്കാതെ വീണ്ടും എങ്ങോട്ടു പോകാനാണെന്ന ചോദ്യം സ്ത്രീയോടു ചോദിച്ചു. ബസ് പോകുന്ന റൂട്ടുകളിലെ ചില സ്ഥലങ്ങള്‍ അങ്ങോട്ടു പറഞ്ഞു. അതിനെല്ലാം അവര്‍ തല കുലുക്കുന്നതല്ലാതെ മറുപടി പറയുന്നില്ല. വായിലെ മുറുക്കാന്‍ തുപ്പിക്കളയാനും അവര്‍ തയ്യാറായില്ല. അപ്പോഴും ആ കുട്ടി കാലിലെ പിടി വിട്ടിരുന്നില്ല.

എന്നെ നോക്കി ചിരിക്കുന്നുമുണ്ട്. ദയനീയമായി നോക്കുന്നുമുണ്ട്. ഏകദേശം നാലു വയസ്സു പ്രായം തോന്നിക്കുന്ന കുട്ടിയുമായി ആ തമിഴ് സ്ത്രീക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നൊക്കെ ചിന്തിച്ചെങ്കിലും, ബസില്‍ കയറിയ യാത്രക്കാരല്ലേ…കൂടുതലൊന്നും ചിന്തിക്കേണ്ട എന്നായിരുന്നു തോന്നിയത്. പിന്നീടാ തമിഴ് സ്ത്രീയോട്‌
തൃശൂര്‍ക്കാണോ പോകേണ്ടത് എന്നു ചോദിച്ചപ്പോള്‍, അതെ എന്ന് തലയാട്ടി. എന്നിട്ട്, ഒരു 50 രൂപ എടുത്ത് നീട്ടി. അടൂരില്‍ നിന്നും തൃശൂരുവരെ പോകാന്‍ ഇത്രയും പൈസ തികയില്ലെന്നും, 250 രൂപയെങ്കിലും വേണമെന്നും അവരോടു പറഞ്ഞു. അപ്പോള്‍ അഴര്‍ അതി ദയനീയമായി നോക്കി.

അത്രയും തുക അവരുടെ കൈവശമില്ലെന്ന് ആംഗ്യം കാട്ടി. ആ നോട്ടവും, കുട്ടിയുടെ പിടുത്തവും കണ്ട് ദയ തോന്നിയതു കൊണ്ട്, പന്തളത്തിനടുത്തുള്ള സ്‌റ്റോപ്പില്‍ ഇറക്കാമെന്നു പറഞ്ഞു.  ആ കുട്ടിയുടെ പിടുത്തം എന്റെകാലില്‍  ശരിക്കും മുറുകി. എന്തോ അപ്പോള്‍ ആ കുട്ടിയുടെ കൈ വിടുവിക്കാന്‍ തോന്നിയില്ല. ടിക്കറ്റ് മെഷീനിലും ആ കുട്ടി തൊടുന്നുണ്ട്. കുട്ടിയുടെ തലയില്‍ വാത്സല്യത്തോടെ തടവിയിട്ടു ഞാന്‍ ചോദിച്ചു, മോളുടെ പേരെന്താണ് ?….അവള്‍ നല്ല മലയാളത്തില്‍ മറുപടി തന്നു ‘ സിയാന്‍’ എന്ന്. മോളുടെ അമ്മയുടെ പേരെന്താണ് ?….ഈ ചോദ്യത്തിന് ആ തമിഴ് സ്ത്രീയാണ് മറുപടി തന്നത്. നാനാ നാനാ അമ്മ. ‘ദേവി’ എന്നാണ് പേര് പറഞ്ഞതെന്നും തോന്നുന്നു. വായില്‍ മുറുക്കാനുമിട്ട് സംസാരിക്കുന്നതു കൊണ്ട് ഒന്നും വ്യക്തമല്ല. ഇതു കേട്ട് കുട്ടിയും അതാണെന്ന് തലയാട്ടുന്നുണ്ട്.

അമ്മ നല്ല തമിഴും കുട്ടി നല്ല മലയാളവും പറയുന്നു. ഭാഷയിലെ വൈരുദ്ധ്യം വലിയ സംശത്തിനാണ് വഴിയൊരുക്കിയത്. പിന്നെ, കുട്ടി എന്റെ അടുത്തു നിന്നും മാറുന്നില്ല. ഇതെല്ലാം സംശയം തോന്നിച്ചതു കൊണ്ടു തന്നെ വീണ്ടും അവരോട് ചോദ്യങ്ങള്‍ ചോഗിച്ചു കൊണ്ടിരുന്നു. അപ്പോഴൊക്കെ അവര്‍ കുട്ടിയെ അവരുടെ അടുത്തേക്ക് വലിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. കുട്ടിയോട് എവിടെ പഠിക്കുന്നുവെന്ന് വീണ്ടും ചോദിച്ചപ്പോള്‍ അംഗന്‍വാടിയിലാണെന്നു പറഞ്ഞു. കുട്ടി മലയാളവും നിങ്ങള്‍ തമിഴും പറയുന്നതെങ്ങനെയെന്ന സംശയം ചോദിച്ചപ്പോള്‍, അവര്‍ പറഞ്ഞത്, കുട്ടിയെ കേരളത്തില്‍ നിര്‍ത്തിയാണ് പഠിപ്പിക്കുന്നതെന്ന്. ഏത് സ്‌കൂളിലാണ് കുട്ടി പഠിക്കുന്നതെന്ന് അവരോടു ചോദിച്ചതോടെ അവര്‍ കുട്ടിയെ വലിച്ച് അവരുടെ അടുത്തേക്ക് ചേര്‍ത്തിരുത്തി.

തമിഴ്‌നാട്ടില്‍ എവിടെയാണ് വീടെന്നു കൂടെ അവരോട് ചോദിച്ചപ്പോള്‍ മിണ്ടാട്ടമില്ല. ഇതോടെ സംശയം ബലപ്പെട്ടു. എന്തായാലും പോലീസിനെ അറിയിക്കു തന്നെ. അവര്‍ക്ക് ടിക്കറ്റ് കൊടുത്തിട്ടുമില്ല. തുടര്‍ന്ന് ഡ്രൈവര്‍ സാഗറിനോട് ഇനി ഒരിടത്തും വണ്ടി നിര്‍ത്തേണ്ടെന്ന് പറഞ്ഞു. പന്തളം പോലീസ് സ്‌റ്റേഷനില്‍ വണ്ടി എത്തിച്ചു. പോലീസിനോട് കാര്യങ്ങള്‍ വിശദമായി പറഞ്ഞു. ആ സ്ത്രിയെയും കുട്ടിയെയും അവിടെ ഇറക്കിയശേഷം ബസ് വീണ്ടും യാത്ര തുടര്‍ന്നു. പിന്നീട്, ബസ് കാലടിയില്‍ എത്തിയപ്പോഴാണ് എ.ടി.ഒ വിളിച്ച് പറയുന്നത്, കുട്ടിയെ ആ തമിഴ് സ്ത്രീ തട്ടിക്കൊണ്ടു പോയതായിരുന്നുവെന്ന്. എനിക്കും രണ്ടു മക്കളാണ് സാറേ….അതില്‍ ഇളയതിന്റെ പ്രായമേയുള്ളൂ ആ കുട്ടിക്ക്. അതിന്റെ സ്പര്‍ശനം, എനിക്കുണ്ടായ ഉള്‍വിളി, ഇതാണ് ആ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായത്. ബസില്‍ യാത്രക്കാര്‍ കയറിയാല്‍ അവരോട് കാര്യങ്ങള്‍ സംസാരിക്കും. ഇന്ന് കാണുന്നവര്‍ നാളെ ഉണ്ടാകുമോ എന്നറിയില്ലല്ലോ. അതുകൊണ്ട് എല്ലാവരോടും സ്‌നേഹത്തോടെ മാത്രമേ സംസാരിക്കൂ എന്നും അനീഷ് പറഞ്ഞു നിര്‍ത്തി”

ഇതാണ് ആറന്‍മുള പഞ്ചായത്തിലെ എഴിക്കോടു സ്വദേശി അനീഷ്. KSRTCയിലെ എം. പാനല്‍ ജീവനക്കാരനാണ്. ഈ സംഭവം അത്ര വലിയ വാര്‍ത്തയാണോ എന്നായിരിക്കും ചിന്തിക്കുന്നത്. അല്ല, അത്ര വലുതൊന്നുമല്ല. പക്ഷെ, അനീഷിന്റെ ഇടപെടല്‍ ഉണ്ടായില്ലായിരുന്നുവെങ്കില്‍, ആ പെണ്‍കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നു എങ്കില്‍ എത്ര വലിയ വാര്‍ത്തയാകുമായിരുന്നു എന്ന് ചിന്തിച്ചു നോക്കൂ. ആ കുട്ടിയുടെ സ്‌നേഹ സ്പര്‍ശനം അനീഷിന്റെ മനസിനെയാണ് തൊട്ടത്ത്. ആ കുട്ടിയെയും സ്ത്രിയേയും പോലീസ് വിശദമായ ചോദ്യം ചെയ്തതില്‍ നിന്നും കുട്ടിയെ കൊല്ലം ബീച്ച് കാണാന്‍ എത്തിയ കുടുംബത്തില്‍ നിന്നും കളിപ്പാട്ടം കാണിച്ച് നാടോടി സ്ത്രീ തട്ടിയെടുത്തതാണെന്ന് പോലീസിന് മനസിലായി.

പോലീസ് തുടര്‍നടപടി സ്വീകരിച്ചു. കോയമ്പത്തൂര്‍ സ്വദേശിയായ ആ നാടോടി സ്ത്രീയെ കോടതി റിമാന്റ് ചെയ്ത് ജയലിലടച്ചു. പന്തളം സ്റ്റേഷനിലെ, വനിതാ പോലീസ് ഓഫീസര്‍ ജലജയും കൂട്ടരും കുട്ടിയുടെ മുഷിഞ്ഞവസ്ത്രം മാറ്റി പുത്തന്‍ വസ്ത്രമണിയിച്ചു. ഇഷ്ട ഭക്ഷണങ്ങള്‍ വാങ്ങി നല്‍കി. കുട്ടിയെ വീണ്ടും പുതിയ ജീവിതത്തിലേക്ക് എത്തിച്ചു. സത്യത്തില്‍, ഇതിനെല്ലാം കാരണക്കാരനായത് ആ കെ.എസ്.ആര്‍.ടി.സി ബസിന്റെ കണ്ടക്ടറാണ്. അനീഷ് ഈ കുട്ടിയെ കണ്ടില്ലായിരുന്നെങ്കില്‍, ആ കുട്ടിയുടെ സ്‌നേഹ സ്പര്‍ശനം അനീഷിനുമേല്‍ പതിച്ചില്ലായിരുന്നെങ്കില്‍ കഥ മറ്റൊന്നായേനെ.

പ്രിയപ്പെട്ട അനീഷ്, നിങ്ങളിലെ അച്ഛനും, നല്ല മനുഷ്യനും ലോകത്തിനു കാട്ടിക്കൊടുക്കുന്ന വലിയൊരു സന്ദേശമുണ്ട്. ജീവന്റെ വിലയുടെ സന്ദേശം. നിങ്ങളിലുണ്ടായ ദൈവീകാംശമാണ് അപ്പോള്‍ ആ കുട്ടിയെ രക്ഷിക്കാനായത്. പഹല്‍ഗാമിലും, ബൈസരണ്‍ വാലിയിലും ജീവന്റെ വിലയറിയാത്തവര്‍ എത്രയോ പേരെ നിഷ്‌ക്കരുണം കൊന്നുതള്ളി. ഒരു മലയാളിക്കും ജീവന്‍ നഷ്ടമായി. അവിടെയെല്ലാം നമ്മള്‍ മലയാളികള്‍ അനീഷിനെ പോലെയുള്ളവരെ മുമ്പില്‍ നിര്‍ത്തി പറയും ‘സ്‌നേഹമാണഖിലസാരമൂഴിയില്‍’ എന്ന്. ബിഗ് സല്യൂട്ട്.

CONTENT HIGH LIGHTS; Kidnapped? That too in a KSRTC bus?: It happened, this is the pride of KSRTC; Thank you Anish for recognizing the loving touch of that child; Want to hear that story? (Special Story)

Latest News