കശ്മീരിലെ തീവ്രവാദം ഇതുകൊണ്ടും കെട്ടടങ്ങില്ല. ഇനിയും പാവം മനുഷ്യര്‍ക്കു മേല്‍ തീവ്രവാദികള്‍ വെടിയുണ്ടകള്‍ വര്‍ഷിച്ച് അശാന്തി പരത്തും. ബൈസരണ്‍ വാലിയിലെ ആക്രമണം കഴിഞ്ഞ്, ഇടവേള പ്രഖ്യാപിച്ചിരിക്കുകയാണ് മനുഷ്യ മൃഗങ്ങള്‍. ഈ ഓപ്പേറേഷന്റെ ഗതിവിഗതികള്‍ സസൂക്ഷ്മം പാക്കിസ്താനിലും, പൈന്‍മരക്കാടുകളിലെ ഒളി സങ്കേതങ്ങളിലും ഇരുന്ന് അവര്‍ വിലയിരുത്തുന്നുണ്ടാകും. പഹല്‍ഗാമം തീവ്രവാദത്തിനു പിന്നാലെ പാക് അതിര്‍ത്തികളില്‍ സൈനികര്‍ തമ്മില്‍ ചെറിയ തോതില്‍ ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ട്.
ഇന്ത്യ, നയതന്ത്ര ബന്ധം വിച്ഛേദിച്ചും നദീജല കരാര്‍ റദ്ദാക്കിയും മറുപടി നല്‍കിയപ്പോള്‍ പാക്കിസ്താന്‍ ഷിംല കരാറും നയതന്ത്ര ബന്ധം പരിമിതപ്പെടുത്തി. ഒരു ബി.എസ്.എഫ് ജവാനെ പാക്ക്‌സേന പിടിച്ചു വെച്ചിട്ടുമുണ്ട്.എന്നാല്‍, ആക്രണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും, കൊലചെയ്യപ്പെട്ട ഇന്ത്യാക്കാരുടെ രക്തത്തിന് പകരം ചോദിക്കാന്‍ ഇന്ത്യ എന്തുചെയ്യുമെന്നാണ് തീവ്രവാദികള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന പാക്ക് സര്‍ക്കാര്‍ ആലോചിക്കുന്നത്. ദിവസങ്ങള്‍ കഴിയുന്തോറും ആക്രമണസധ്യത കുറഞ്ഞു കുറഞ്ഞു വരും. വിഷയത്തിന്റെ തീവ്രതയുടെ കുറയും.
വീണ്ടും എല്ലാം പഴയതു പോലെ ആകുന്നതു വരെ തീവ്രവാദികളും നിശബ്ദരായിരിക്കും. അതിനു ശേഷം വീണ്ടും അവര്‍ പൈന്‍മരക്കാടുകള്‍ വിട്ട് സാധാരണ മനുഷ്യരെ കൊല്ലാന്‍ ഇറങ്ങും. ഇത് അവരുടെ പതിവു രീതിയാണ്. എന്നാല്‍, നോക്കൂ, കശ്മീരിലെ എല്ലാ മുനുഷ്യരും തീവ്രവാദികളല്ല. എല്ലാ മുസ്ലീംഗങ്ങളും തീവ്രവാദികളുമല്ല. ഇസ്ലാമിനെ ശരിയായി മനസ്സിലാക്കി ജീവിക്കുന്നവര്‍ മനുഷ്യരായും, അസ്ലാമിനെ വഴിതെറ്റ് മനസ്സിലാക്കുകയും, പടിക്കുകയും ചെയ്യുന്നവര്‍ ഇബിലീസുകളായും മാറുന്നു. ഇങ്ങനെ ഇബിലീസുകളായി മാറുന്നവരാണ് ദൈവത്തിനു വേണ്ടി അന്യ മതസ്തരെ കൊല്ലാനിറങ്ങുന്നത്.
അവര്‍ ഇനിയും വരും. അപ്പോള്‍ നമ്മള്‍ ഇന്ത്യയിലെയും കാശ്മീരിലെയും എല്ലാ മുസ്ലീം ജനവിഭാഗത്തെയും കുറ്റക്കാരായി കാണരുത്. അവിടെ ജീവിക്കുന്ന ഇന്ത്യാക്കാരായ മുസ്ലീംഗങ്ങള്‍ മനുഷ്യത്വവും സ്‌നേഹവും കരുതലുമുള്ളവരാണ്. പഹല്‍ഗാം ആക്രമണം ഇ്ത്യയ്ക്കു കാട്ടി തന്നത് അതാണ്. ഒരേ പേരിലുള്ള രണ്ടു പേരുടെ സ്വഭാവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നതും. ആരാണ് ഭീകരവാദി, ആരാണ് മനുഷ്യ സ്‌നേഹി എന്നതാണ് തിരിച്ചറിയേണ്ടത്. പേരുകൊണ്ട് ശത്രുവായി കാണുന്നവരും. പേരു കൊണ്ട് മതം തിരഞ്ഞ് എതിര്‍ ചേരിയില്‍ നിര്‍ത്തുന്നവരും മനസ്സിലാക്കണം. ഒരേ പേരിലുള്ള രണ്ടു പേരുടെ സ്വഭാവത്തിലെ വ്യത്യാസം.
പഹല്‍ഗാമില്‍ എത്തിയ തീവ്രവാദികളില്‍ കശ്മീര്‍ സ്വദേശിയായ ആദില്‍ അഹമ്മദ് തോക്കറും, പഹല്‍ഗാമിലെ കുതിരക്കാരനും, വിനോദ സഞ്ചാരികളെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലികഴിച്ചവനുമാ സയ്യിദ് ആദില്‍ ഹുസൈന്‍ ഷായും. ആദില്‍ അഹമ്മദ് തോക്കര്‍ മനുഷ്യരെ കൊല്ലാന്‍ എത്തി. ആദില്‍ ഹുസൈന്‍ ഷാ മനുഷ്യരെ രക്ഷിക്കാന്‍ വേണ്ടി മരിച്ചു. ഇതാണ് രണ്ട് ഇസ്ലാം മുഖങ്ങള്‍. മനുഷ്യരെ രക്ഷിക്കാനും, സ്‌നേഹിക്കാനും പഠിച്ച ഒരു മുസല്‍മാന്‍ രക്ഷകനായി മരിച്ചു വീണു. മനുഷ്യരെ സ്വന്തം മതത്തിനു വേണ്ടി കൊല്ലണമെന്നും പഠിച്ച ഒരു മുസല്‍മാന്‍ തോക്കെടുത്തു നിറയൊഴിച്ചു. ആദില്‍ അഹമ്മദ് തോക്കര്‍.
ഏപ്രില്‍ 22ന് പഹല്‍ഗാമിലെ ആക്രമണം നടത്തിയ ഭീകരരില്‍ ഒരാളാണ്. ബൈസാരണ്‍ വാലിയിലെ ഭീകരാക്രമണത്തില്‍ പ്രധാന പങ്ക് വഹിച്ചത് ആദില്‍ തോക്കറാണെന്നാണ് എന്‍.ഐ.എ വിലയിരുത്തുന്നത്. 2018ല്‍ സ്റ്റുഡന്റ് വിസയില്‍ പാകിസ്ഥാനിലേയ്ക്ക് പോയ ആദില്‍ തിരികെ ഇന്ത്യയിലേയ്ക്ക് വരുന്നത് ഭീകരര്‍ക്കൊപ്പമാണ്. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹാരയിലെ ഗുരെ ഗ്രാമവാസിയായ ആദില്‍ അഹമ്മദ് തോക്കര്‍ 2018ല്‍ വീട് വിട്ടു പോവുകയായിരുന്നു. പാകിസ്ഥാനിലേയ്ക്ക് പോകുന്നതിന് മുമ്പ് തന്നെ തീവ്രവാദത്തിലേയ്ക്ക് ആദില്‍ ആകര്‍ഷിക്കപ്പെട്ടിരുന്നു.
ഇന്ത്യ വിടുന്നതിന് മുമ്പ് തന്നെ പാകിസ്ഥാനിലെ നിരോധിത ഭീകര സംഘടനകളിലുള്ള വ്യക്തികളുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചു. പാകിസ്ഥാനില്‍ എത്തിയ ശേഷം ഇയാള്‍ പൊതുജന മധ്യത്തില്‍ വന്നതേയില്ല. കുടുംബവുമായുള്ള ആശയ വിനിമയം പൂര്‍ണമായും വിച്ഛേദിച്ചു. എട്ട് മാസത്തോളമായി ഇയാളെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ല. ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്ന ഇയാളുടെ ഡിജിറ്റല്‍ പണമിടപാടുകളോ മറ്റ് വിവരങ്ങളോ ഒന്നും ലഭ്യമായിരുന്നില്ല. ബിജ്ബെഹാരയിലെ വീട് കേന്ദ്രീകരിച്ചുള്ള നിരീക്ഷണങ്ങളും ഫലം കണ്ടില്ല.
ഈ കാലഘട്ടത്തില്‍ ഭീകരസംഘടനകള്‍ക്കൊപ്പം പരിശീലനം നേടുകയായിരുന്നുവെന്നാണ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. 2024 അവസാനത്തോടെ ഇന്ത്യയിലെത്തിയ ആദില്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. 2024 ഒക്ടോബറില്‍ ആദില്‍ തോക്കര്‍ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലെത്തിയത് പൂഞ്ച്-രജൗരി സെക്ടറിലൂടെയാണെന്നാണ് വിവരം. കുത്തനെയുള്ള കുന്നുകളും ഇടതൂര്‍ന്ന വനങ്ങളുമുള്ള പ്രദേശമാണ് ഇവിടം. പട്രോളിങ് ബുദ്ധിമുട്ടേറിയതായത് കൊണ്ട് മിക്കവാറും നുഴഞ്ഞുകയറ്റക്കാര്‍ അനധികൃത കടക്കലിന് ഉപയോഗിക്കുന്നത് ഈ പാതയാണ്.
ഇന്ത്യക്ക് വലിയ ആഘാതം ഉണ്ടാക്കുന്ന രാജ്യാന്തര ശ്രദ്ധ തേടുന്ന തരത്തില്‍ ഒരു കൂട്ടക്കുരുതിക്ക് പറ്റിയ സ്ഥലത്തിനും അവസരത്തിനുമായി ഇയാള്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ നേരത്തെ അടച്ചിരുന്ന ബൈസാരണ്‍ പുല്‍മേട് വീണ്ടും വിനോദ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുത്തത് ആദിലും സംഘവും മുതലെടുക്കുകയായിരുന്നു. ആക്രമണത്തില്‍ തോക്കറിനൊപ്പം മൂന്നോ നാലോ പേരുണ്ടായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തവണ ജമ്മു കശ്മീരിലേയ്ക്ക് എത്തിയ സമയത്ത് അനന്ത് നാഗില്‍ ആദില്‍ തോക്കര്‍ ഒളിവില്‍ താമസിച്ചതായാണ് കരുതുന്നത്.
ഏപ്രില്‍ 22 ഉച്ചകഴിഞ്ഞ് ഉച്ചയ്ക്ക് 1.50 ഓടെ അക്രമികള്‍ ഇവിടെയെത്തിയ വിനോദ സഞ്ചാരികളെ ആക്രമിക്കുകയായിരുന്നു. ഇരകളോട് മതം ചോദിച്ചും ഇസ്ലാമിക സൂക്തങ്ങള്‍ ചൊല്ലാന്‍ ആവശ്യപ്പെട്ടും മുന്നറിയ സംഘം വെടിവച്ചുവീഴ്ത്തിയത് 26 വിലപ്പെട്ട മനുഷ്യ ജീവനുകള്‍. ഗ്രൂപ്പുകളായി തിരിഞ്ഞ് പുല്‍മേട്ടിലെ മൂന്നു പ്രത്യേക മേഖലകളാണ് ഇവര്‍ ആക്രമിച്ചത്. ഏകദേശം 10 മിനിറ്റ് മാത്രമാണ് ആക്രമണം നീണ്ടത്. കൂട്ടക്കുരുതിക്കിടയാക്കിയ ഭീകരാക്രമണ കേസിലെ മൂന്നുമുഖ്യപ്രതികളില്‍ ഒരാളായി ജമ്മു-കശ്മീര്‍ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത് ആദില്‍ അഹമ്മദ് തോക്കറെയാണ്.
തിരിച്ചറിഞ്ഞ മറ്റുരണ്ടുപേര്‍ പാക്കിസ്ഥാന്‍കാരാണ്. ഹാഷിം മൂസ അഥവാ സുലൈമാന്‍, അലി ഭായി അഥവാ തല്‍ഹ ഭായി എന്നിവര്‍. മൂവരുടെയും രേഖാചിത്രം പുറത്തുവിടുകയും ഇവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ ഇനാം നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. തോക്കറുടെയും മറ്റൊരു പ്രതി ത്രാളിലെ ആസിഫ് ഷെയ്ഖിന്റെയും വീടുകളില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായും കണ്ടെത്തി. ആസിഫ് ഷെയ്ഖ് ആക്രമണത്തിന് സാങ്കേതിക സഹായം ചെയ്തുവെന്നാണ് കരുതപ്പെടുന്നത്.
CONTENT HIGH LIGHTS;Who is a terrorist? Who is a humanitarian?: ‘Adil’ Ahmed Thokar and Syed ‘Adil’ Hussain Shah; Two faces of Islam, terror and love, seen in Pahalgam?; Who is the terrorist Adil Anghammed Thokar?