Investigation

KSEB ആദ്യം നഷ്ടം എത്രകോടി എന്ന് പറയൂ?: കരാര്‍ ലംഘിച്ച കമ്പനിക്കെതിരേ നിയമനടപടി എടുത്തോ ?; വൈദ്യുതി ചാര്‍ജ്ജ് വര്‍ധനയ്ക്ക് ന്യായം പറയുന്നവരല്ലേ KSEB ?; ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ കരാര്‍ റദ്ദാക്കുമ്പോള്‍ അറിയേണ്ടത് ഇതൊക്കെയാണ് ? (എക്‌സ്‌ക്ലൂസിവ്)

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുമ്പോള്‍ ജനങ്ങള്‍ക്കു മുമ്പില്‍ ന്യായവാദങ്ങള്‍ നിരത്തുന്ന KSEB കുറച്ചു ദിവസം മുമ്പ് ഒരു വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണക്കരാര്‍ റദ്ദാക്കുന്നതു സംബന്ധിച്ചായിരുന്നു വിഷയം. ഇപ്പോള്‍ അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയെ കുറിച്ചുള്ള ചൂടുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ ഭൂതത്താന്‍കെട്ട് പദ്ധതിയുടെ കരാര്‍ റദ്ദാക്കിയതു പറഞ്ഞാല്‍ ആരും ശ്രദ്ധിക്കില്ല എന്നു കരുതിയെങ്കില്‍ തെറ്റി. കേരളത്തിന്റെ കടക്കെണി എങ്ങനെ ഉണ്ടായി, എന്നു സൂക്ഷ്മമായി വിലയിരുത്തുന്ന കുറച്ചു പേരെങ്കിലും ഉണ്ട്.

അതുകൊണ്ട് KSEB ആദ്യം പറയേണ്ടത്, ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതിയുടെ കരാര്‍ റദ്ദാക്കുന്നതു വഴി എത്രകോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നാണ്. ഈ തുക എങ്ങനെ കരാര്‍ കമ്പനിയില്‍ നിന്നു ഈടാക്കുമെന്നാണ്. ഇതുവരെ KSEB ഈ പദ്ധതിക്കായി ചെലവഴിച്ചത് എത്ര തുകയാണ്. കരാര്‍ പ്രകാരമുള്ള സമയത്ത് പദ്ധതി പൂര്‍ത്തിയാക്കാതെ നാടകം കളിച്ച കമ്പനിക്കെതിരേ നിയമ നടപടി എടുക്കാത്തതെന്താണ്. ഇഭ്ഭനെയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം വേണം. എന്നാല്‍, KSEBയുടെ റിലീസില്‍ കരാര്‍ കമ്പനി പറ്റിച്ചതും, കരാര്‍ റദ്ദാക്കുന്നുവെന്നുമുള്ള വിശദീകരണം മാത്രമാണുള്ളത്.

കേരളത്തിലെ ജനങ്ങള്‍ക്ക് അതു മാത്രം പോര. നഷ്ടം എത്രയെന്നും, അത് തിരിച്ചു പിടിക്കാന്‍ KSEB എന്തു നടപടി എടുത്തുവെന്നും, പദ്ധതി പൂര്‍ത്തിയാക്കേണ്ട കാലാവധിയും കഴിഞ്ഞുള്ള സമയം കണക്കാക്കി KSEBയുടെ നഷ്ടം കമ്പനി നല്‍കാനുള്ളത് എത്രയാണെന്നുമാണ് അറിയേണ്ടത്. ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി നടപ്പാക്കുന്നതിന് കരാര്‍ എടുപത്തിരുന്ന കമ്പനി കരാര്‍ കാലാവധി അതിക്രമിച്ചിട്ടും പദ്ധതി പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് കമ്പനിയുമായുള്ള കരാര്‍ റദ്ദു ചെയ്തുവെന്നാണ് വാര്‍ത്താക്കുറിപ്പിന്റെ രത്‌ന ചുരുക്കം. KSEB മാനേജിംഗ് ഡയറക്ടറിന്റെ കാര്യാലയത്തില്‍ നിന്നും ഇറക്കിയ വാര്‍ത്താക്കുറിപ്പ് ഇങ്ങനെയാണ്.

ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നുള്ള പത്രക്കുറിപ്പ്

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണക്കരാര്‍ റദ്ദാക്കും

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണം അനന്തമായി നീളുന്ന പശ്ചാത്തലത്തില്‍ കരാറുകാരായ ശ്രീ ശരവണ എഞ്ചിനീയറിംഗ് ഭവാനി പ്രൈവറ്റ് ലിമിറ്റഡും ചൈനയിലെ ഹ്യുനാന്‍ ഷായോങ്ങ് ജനറേറ്റിംഗ് എക്യുപ്‌മെന്റ് കമ്പനി ലിമിറ്റഡും ചേര്‍ന്ന കണ്‍സോര്‍ഷ്യത്തിന് നല്‍കിയിരുന്ന ഇലക്ട്രോ മെക്കാനിക്കല്‍ നിര്‍മ്മാണക്കരാര്‍ കെ എസ് ഇ ബി റദ്ദാക്കും. 2015 മാര്‍ച്ച് 18നാണ് SSEB – Zhaoyang കണ്‍സോര്‍ഷ്യവുമായി പദ്ധതിയുടെ ഇലക്ട്രോ മെക്കാനിക്കല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാര്‍ കെ എസ് ഇ ബി ഒപ്പുവച്ചത്. 81.80 കോടി രൂപയായിരുന്നു കരാര്‍ തുക. 18 മാസത്തിനുള്ളില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്നായിരുന്നു കരാറിലെ നിബന്ധന. 2016 ഓഗസ്റ്റില്‍ പൂര്‍ത്തീകരിക്കേണ്ട നിര്‍മ്മാണം 9 വര്‍ഷത്തിനുശേഷവും 86.61 ശതമാനം മാത്രമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. നിരന്തരമായ ചര്‍ച്ചകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും ശേഷവും നിര്‍മ്മാണപുരോഗതി ദൃശ്യമാകാത്ത പശ്ചാത്തലത്തിലാണ് കരാര്‍ റദ്ദാക്കാന്‍ കെ എസ് ഇ ബി തീരുമാനിച്ചത്.

മൂന്നു ഘട്ടങ്ങളായി ചൈനയില്‍ നിന്നും പ്രധാന ഉപകരണങ്ങള്‍ എത്തിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ആദ്യരണ്ടു ഘട്ടങ്ങള്‍ 2018 ഓടെ പൂര്‍ത്തീകരിച്ചിരുന്നു. പ്രധാന ഭാഗങ്ങളായ റണ്ണര്‍, സ്‌റേറ്റര്‍, റോട്ടോര്‍ എന്നിവ ഉള്‍പ്പെടുന്ന മൂന്നാമത്തെ കണ്‍സൈന്‍മെന്റ് കണ്‌സോര്‍ഷ്യത്തിലെ പങ്കാളികള്‍ തമ്മിലുണ്ടായ സാമ്പത്തിക തര്‍ക്കങ്ങളെത്തുടര്‍ന്ന് ലഭ്യമാകാതെ വന്ന സാഹചര്യത്തില്‍ പദ്ധതി നിര്‍മ്മാണം വേഗത്തിലാക്കുക ലക്ഷ്യമിട്ട് കെ എസ് ഇ ബി കരാറുകാരുമായിച്ചേര്‍ന്ന് 2022 ഏപ്രിലില്‍ ഒരു ത്രികക്ഷി കരാര്‍ ഒപ്പിട്ടിരുന്നു. എന്നാലിതുമായി ബന്ധപ്പെട്ട് കെ എസ് ഇ ബി മുന്നോട്ടുവച്ച നിബന്ധനകള്‍ ചൈനീസ് കമ്പനിക്ക് സ്വീകാര്യമായില്ല. ഈ സാഹചര്യത്തില്‍ കെ എസ് ഇ ബി അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടുകയുണ്ടായി.

ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് നിര്‍മ്മാണപ്രവൃത്തികള്‍ തുടരണമെന്നും അത് സാധ്യമല്ലാത്ത പക്ഷം കരാറുകാരുടെ റിസ്‌ക് & കോസ്റ്റില്‍ കരാര്‍ റദ്ദാക്കി ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടുപോകണം എന്നുമായിരുന്നു ലഭ്യമായ നിയമോപദേശം. തുടര്‍ന്ന് ചൈനീസ് കമ്പനിയുമായി മൂന്നാമത്തെ കണ്‍സൈന്‍മെന്റ് എഗ്രിമെന്റ് പ്രകാരം ഇറക്കുമതി ചെയ്യുവാനുള്ള സാധ്യതകള്‍ ആരാഞ്ഞുകൊണ്ട് കെ എസ് ഇ ബി മാനേജ്‌മെന്റ് കത്തിടപാടുകള്‍ നടത്തിയെങ്കിലും പ്രസ്തുത ഇലക്ട്രോ മെക്കാനിക്കല്‍ ഉപകരണങ്ങള്‍ മറ്റൊരു കമ്പനിക്ക് വിറ്റു എന്ന മറുപടിയാണ് ലഭിച്ചത്. ഇതിനെത്തുടര്‍ന്ന് 2024 ഓഗസ്റ്റില്‍ കെ എസ് ഇ ബി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ശ്രീ ശരവണ എഞ്ചിനീയറിംഗ് ഭവാനിയുമായി നടത്തിയ ചര്‍ച്ചയില്‍ മൂന്നാമത്തെ കണ്‍സൈന്‍മെന്റ് ഇറക്കുമതി ചെയ്യുവാന്‍ എന്തു നടപടി സ്വീകരിക്കുമെന്ന് എന്ന് ആരായുകയുണ്ടായി. എന്നാല്‍ 54 കോടി രൂപ ( 6.5 ദശലക്ഷം യു എസ് ഡോളര്‍) അധികമായി നല്കിയാലേ ഇറക്കുമതി സാധ്യമാകൂ എന്ന മറുപടിയാണ് പുതിയ കമ്പനിയില്‍ നിന്ന് ലഭിച്ചത്.

ഇത് കെ എസ് ഇ ബിയെ കബളിപ്പിക്കാനുള്ള നീക്കമാണെന്ന തിരിച്ചറിവിനെത്തുടര്‍ന്ന് 15 ദിവസത്തിനകം കരാര്‍ പ്രകാരം മൂന്നാമത്തെ കണ്‍സൈന്‍മെന്റ് ഇറക്കുമതി ചെയ്യുവാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതും 90 ദിവസത്തിനകം ഇറക്കുമതി പൂര്‍ത്തീകരിക്കേണ്ടതും അല്ലാത്തപക്ഷം റിസ്‌ക് & കോസ്റ്റില്‍ കരാര്‍ റദ്ദാക്കുന്നതിനും കണ്‍സോര്‍ഷ്യത്തെ കരിമ്പട്ടികയില്‍ പെടുത്തുന്നതിനുള്ള നടപടികളിലേക്കും കടക്കുമെന്നും കെ എസ് ഇ ബി അറിയിക്കുകയായിരുന്നു. SSEB യുടെ ആവശ്യപ്രകാരം 2025 ജനുവരി 25ന് നടന്ന യോഗത്തില്‍ ചൈനീസ് കമ്പനി ത്രികക്ഷി കരാര്‍ പുതുക്കണമെന്ന ആവശ്യം ഉന്നയിച്ചു.

തുടര്‍ന്ന് ഫെബ്രുവരി 4 ലെ കത്തിലൂടെ മൂന്നാമത്തെ കണ്‍സൈന്‍മെന്റ് ഇറക്കുമതി ചെയ്യാന്‍ 9.32 കോടി രൂപ അധികമായി നല്‍കണമെന്നും, തുക മുന്‍കൂര്‍ അനുവദിക്കണമെന്നും, കരാറിലില്ലാത്ത മറ്റൊരു കമ്പനിക്ക് തുക നല്‍കണമെന്നും ശ്രീ ശരവണ എഞ്ചിനീയറിംഗ് ഭവാനി ആവശ്യപ്പെട്ടു. ഇത് കരാര്‍ നിബന്ധനകള്‍ക്ക് എതിരായതിനാല്‍ കെ എസ് ഇ ബിക്ക് സ്വീകാര്യമായില്ല. മാത്രമല്ല, അധികതുക ലഭിക്കുന്നതിനായി കരാറുകാരന്‍ നാടകം കളിക്കുകയാണെന്നും മനസ്സിലായി.

ഇത്തരത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ എല്ലാവിധ പരിശ്രമങ്ങളും നടത്തിയിട്ടും കരാറേറ്റെടുത്ത കണ്‍സോര്‍ഷ്യത്തിന്റെ നിരുത്തരവാദിത്തവും നിസ്സഹകരണവും കാരണം മുന്നോട്ടുപോകാനാവാത്ത സാഹചര്യത്തിലാണ് മാര്‍ച്ച് 18 നു നടന്ന ബോര്‍ഡ് മീറ്റിങ്ങില്‍ ഭൂതത്താന്‍കെട്ട് പദ്ധതിയുടെ ഇലക്ട്രോമെക്കാനിക്കല്‍ നിര്‍മ്മാണക്കരാര്‍ റദ്ദാക്കാനുള്ള നടപടി സ്വീകരിക്കാന്‍ കെ എസ് ഇ ബി തീരുമാനിച്ചത്.

ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍

നോക്കൂ, ഈ വാര്‍ത്താക്കുറിപ്പില്‍ എവിടെയെങ്കിലും KSEBക്ക് കരാര്‍ കമ്പനി വരുത്തിയ നഷ്ടം എത്രയെന്ന് പറയുന്നുണ്ടോ ?. കരാര്‍ കമ്പനിക്ക് ഇതുവരെ എത്ര തുക നല്‍കിയെന്നു പറയുന്നുണ്ടോ ?. ഇതെല്ലാം മാറ്റിവെച്ചാലും, ജലവൈദ്യുത പദ്ധതി ആരംഭിക്കാത്തു മൂലം ഇതുവരെ KSEBക്ക് ഉണ്ടായ നഷ്ടം എത്രയെന്നു പറഞ്ഞിട്ടുണ്ടോ ?. ഈ പദ്ധതി വഴി കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയുടെ കണക്ക് പറഞ്ഞിട്ടുണ്ടോ ?. ഇല്ലെന്ന് വാര്‍ത്താക്കുറിപ്പ് വായിച്ചാല്‍ മനസ്സിലാകും. അതേസമയം, കമ്പനിയുമായി മാര്‍ച്ച് 18ന് നടന്ന ബോര്‍ഡ് മീറ്റിംഗില്‍ ഭൂതത്താന്‍കെട്ട് പദ്ധതിയുടെ ഇലക്ട്രോമെക്കാനിക്കല്‍ നിര്‍മ്മാണക്കരാര്‍ റദ്ദാക്കാനുള്ള നടപടി സ്വീകരിക്കാന്‍ KSEB തീരുമാനിച്ചിരുന്നു. ഇതുവരെ കരാര്‍ റദ്ദാക്കിയോ ഇല്ലയോ എന്നും വ്യക്തമല്ല. വാര്‍ത്താക്കുറിപ്പിന്റെ തലക്കെട്ടില്‍ പറയുന്നത് റദ്ദാക്കും എന്നാണ്. അതായത് ഇതുവരെ റദ്ദാക്കിയിട്ടില്ല എന്നാണര്‍ത്ഥം.

വാര്‍ത്താക്കുറിപ്പില്‍ കരാര്‍ റദ്ദാക്കാന്‍ ുണ്ടായ കാരണങ്ങളില്‍ വിശദീകരിക്കുന്നത് വലിയ വീഴ്ചയുടെ കാര്യങ്ങളായേ മനസ്സിലാക്കാനാകൂ. 2015ലാണ് ശ്രീ ശരവണ എഞ്ചിനീയറിംഗ് ഭവാനി പ്രൈവറ്റ് ലിമിറ്റഡും ചൈനയിലെ ഹ്യുനാന്‍ ഷായോങ്ങ് ജനറേറ്റിംഗ് എക്യുപ്‌മെന്റ് കമ്പനി ലിമിറ്റഡും ചേര്‍ന്ന കണ്‍സോര്‍ഷ്യത്തിന് നല്‍കിയിരുന്ന ഇലക്ട്രോ മെക്കാനിക്കല്‍ നിര്‍മ്മാണക്കരാറില്‍ ഏര്‍പ്പെടുന്നത്. 81.80 കോടി രൂപയാണ് കരാര്‍ തുക. 18 മാസത്തിനുള്ളില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്നായിരുന്നു കരാര്‍. അതായത്, 2016 ഓഗസ്റ്റില്‍ പൂര്‍ത്തീകരിക്കണം. എന്നാല്‍, നിര്‍മ്മാണം 9 വര്‍ഷത്തിനു ശേഷവും പൂര്‍ത്തീകരിക്കപ്പെട്ടില്ല. 86.61 ശതമാനം മാത്രമാണ് ഇതുവരെ പൂര്‍ത്തീകരിച്ചിട്ടുള്ളത്.

വെറും 18 മാസം കൊണ്ട് തീര്‍ക്കേണ്ടിയിരുന്ന നിര്‍മ്മാണം വീണ്ടും ഒരു 18 മാസം കൂടി എടുത്താലും കുഴപ്പമില്ലായിരുന്നു. ആ നഷ്ടം കേരളം സഹിക്കാമായിരുന്നു. എന്നാല്‍, 9 വര്‍ഷമായിട്ടും പദ്ധതി പൂര്‍ത്തിയാക്കിയില്ല. ഇത് KSEBയുടെ പിടിപ്പു കേടിനെയാണ് കാണിക്കുന്നത്. കാരണം, കരാര്‍ എടുത്തിട്ട്, കൃത്യ സമയത്ത്, പണി പൂര്‍ത്തിയാക്കാത്ത കമ്പനിയെ മാറ്റി പുതിയ കമ്പനിക്ക് കരാര്‍ നല്‍കാന്‍ എന്തുകൊണ്ട് KSEB തയ്യാറായില്ല. അങ്ങനെയായിരുന്നെങ്കില്‍ ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി നേരത്തേ തന്നെ കമ്മിഷന്‍ ചെയ്യാമായിരുന്നില്ലേ. ഈ നട്ത്തിന് KSEBയുടെ ഉത്തരം പറയേണ്ടതുണ്ട്. എല്ലാ കുറ്റവും കരാര്‍ കമ്പനിയുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ നോക്കരുത്. 2015 മാര്‍ച്ച് മുതല്‍ 2025 ജനുവരി വരെയും (അതായത് പത്തു വര്‍ഷം) കരാര്‍ ലംഘിച്ച കമ്പനിയുമായി ചര്‍ച്ച നടത്തിയാണ് KSEB സമയം കളഞ്ഞത്.

പദ്ധതിയുടെ ഇലക്ട്രോ മെക്കാനിക്കല്‍ നിര്‍മ്മാണക്കരാറിന് KSEB ഇനിയും പുതിയ കമ്പനിയെ കണ്ടെത്തുമോ എന്നാണ് ഇനി അറിയേണ്ടത്. അതോ ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി പൂര്‍ണ്ണമായി ഉപേക്ഷിക്കുമോ. എന്തായാലും ഈ പദ്ധതി വഴി KSEBക്ക് എത്ര കോടിരൂപയാണ് നഷ്ടം സംഭവിച്ചതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. അതിനു ശേഷം കരാര്‍ ലംഘിച്ച കമ്പനിക്കെതിരേ നിയമ നടപടി എടുക്കുകയും വേണം. ഒന്ന് ഓര്‍ക്കുക, 2015ല്‍ നിര്‍മ്മാണം തുടങ്ങി 2016ല്‍ കമ്മിഷന്‍ ചെയ്ത് ഈ പദ്ധതിയിലൂടെ വൈദ്യുതി ലഭിച്ചിരുന്നുവെങ്കില്‍ അന്നു മുതല്‍ ഇന്നു വരെ KSEB വരുത്തിയിട്ടുള്ള വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനയുടെ ഭാരം അല്‍പ്പമെങ്കിലും കുറയുമായിരുന്നില്ലേ.

CONTENT HIGH LIGHTS; KSEB, first tell us how much loss is there?: Didn’t you take legal action against the company that violated the contract?; Isn’t KSEB the one who justifies the increase in electricity charges?; This is what you need to know when canceling the construction contract for the Bhoothathankettu hydroelectric project? (Exclusive)

Latest News