Features

“ഹാഫ്” ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അതിര്‍ത്തിയില്‍ കുടുങ്ങി: സംഘത്തില്‍ നടന്‍ മണിക്കുട്ടനും; കണ്‍ട്രോള്‍ റൂം തുറന്നു

മലയാളത്തിലെ ആദ്യ വാമ്പയര്‍ ആക്ഷന്‍ മൂവിയായ ‘ഹാഫ് എന്ന ചിത്രത്തിന്റെ ഷൂട്ടിംങിനായി പോയ സിനിമാ സംഘം ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ കുടുങ്ങിയെന്ന് സൂചന. രാജസ്ഥാനിലെ പാക്കിസ്ഥാന്‍ അതിര്‍ത്തി പങ്കിടുന്ന ജയ്‌സാല്‍മീറിലാണ് 150 പേരടങ്ങുന്ന സംഘം കുടുങ്ങിക്കിടക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ സംജാദ്, നടന്‍ മണിക്കുട്ടന്‍ അടക്കമുള്ളവര്‍ സംഘത്തിലുണ്ട്. അഹമ്മദാബാദിലേക്ക് റോഡുമാര്‍ഗം വഴി പുറത്തുകടക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. ‘ഹാഫി’ന്റെ ചിത്രീകരണം കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ജയ്സാല്‍മീറില്‍ ആരംഭിച്ചത്.

രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രത്തില്‍ ഐശ്വര്യയാണ് നായിക. സുധീഷ്, മണികണ്ഠന്‍, ശ്രീകാന്ത് മുരളി, ബോളിവുഡ് താരം റോക്കി മഹാജന്‍, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഏതുഭാഷയ്ക്കും, ദേശത്തിനും അനുയോജ്യമായ യൂണിവേഴ്സല്‍ സബ്ജക്റ്റാണ് ചിത്രത്തിന്റേത്. മലേഷ്യയിലെ പ്രശസ്തരായ വെരിട്രി യൂലിസ്മാന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കോറിയോഗ്രാഫര്‍. റെയ്ഡ് 2, ദിനൈറ്റ് കംസ് ഫോര്‍ അസ് എന്നീ ലോകപ്രശസ്ത ചിത്രങ്ങള്‍ക്കു ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വ്വഹിച്ച കോറിയോഗ്രാഫറാണ് വെരിട്രി. ആക്ഷന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം സമീപകാലമലയാള സിനിമയിലെ ഏറ്റം മികച്ച ആക്ഷന്‍ ചിത്രമായിരിക്കും.

സംവിധായകന്‍ സംജാദും പ്രവീണ്‍ വിശ്വനാഥുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം: മിഥുന്‍ മുകുന്ദ്. ഛായാഗ്രഹണം: അപ്പു പ്രഭാകര്‍. എഡിറ്റിങ്: മഹേഷ് ഭുവനന്ദ്. കലാസംവിധാനം- മോഹന്‍ദാസ്. കോസ്റ്റ്യൂം ഡിസൈന്‍: ധന്യ ബാലകൃഷ്ണന്‍. മേക്കപ്പ്: നരസിംഹ സ്വാമി. സ്റ്റില്‍സ്: സിനറ്റ് സേവ്യര്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: രാജേഷ് കുമാര്‍. അസ്സോസ്സിയേറ്റ് ഡയറക്ടര്‍: ജിബിന്‍ ജോയ്. പ്രൊഡക്ഷന്‍ മാനേജേഴ്സ്: സജയന്‍ ഉദിയന്‍കുളങ്ങര, സുജിത്. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: അബിന്‍ എടക്കാട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മുരളി. പിആര്‍ഒ: വാഴൂര്‍ ജോസ്. വന്‍ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നൂറ്റിയമ്പതോളം ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ്. നൂറു ദിവസത്തോളം ചിത്രീകരണം ജയ്സാല്‍മീറിലാണ്.

യൂറോപ്യന്‍ രാജ്യങ്ങളിലാണ് പിന്നീടുള്ള പ്രധാന ചിത്രീകരണം. പത്തു ദിവസത്തോളമുള്ള ചിത്രീകരണം കേരളത്തിലുമുണ്ട്. എന്നാല്‍, രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ ഷൂട്ടിംഗ് പുരോഗമിക്കവെയാണ് അതിര്‍ത്തിയില്‍ സംഘര്‍ഷവും, വെടിവെയ്പ്പും ആരംഭിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഷൂട്ടിംഗ് പായ്ക്കപ്പ് ചെയ്ത്, അവിടെ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് സിനിമാ സംഘം. പാക്കിസ്ഥാനിലും പാക് അധിനിവേശ കാശ്മീറിലെയും 9 ഭീകര താവളങ്ങളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് രാജസ്ഥാന്‍ അതിര്‍ത്തി ജില്ലകളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. മുന്‍കരുതല്‍ നടപടിയെന്നോണം കിഷന്‍ഗഡ്, ജോധ്പൂര്‍, വിമാനത്താവളങ്ങളില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും മെയ് 10 വരെ നിര്‍ത്തി വെച്ചിട്ടുണ്ട്.

പാക്കിസ്ഥാനുമായി 1037 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. ബാര്‍മര്‍, ജയ്‌സാല്‍മീര്‍, ജോധ്പൂര്‍, ബിക്കാനീര്‍, ശ്രീ ഗംഗാനഗര്‍ എന്നീ അതിര്‍ത്തി ജില്ലകളിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും സ്‌കൂള്‍ കോളേജ് അംഗന്‍വാടികളും ഇനിയൊരു അറിപ്പുണ്ടാകുന്നതു വരെ അടച്ചിടാനും ഉത്തരവിട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സിനിമാ സംഘം ജയ്‌സാല്‍മീറില്‍ നിന്നും റോഡു മാര്‍ഗം അഹമ്മദാബാദിലേക്ക് എത്താനുള്ള ശ്രമത്തിലാണ്.

അതേസമയം സംഘര്‍ഷ മേഖലയില്‍ കുടുങ്ങികിടക്കുന്നവര്‍ക്കായി സംസ്ഥാനത്ത് കണ്‍ട്രോള്‍ റൂം തുറന്നു. സംഘര്‍ഷമേഖലയില്‍ മലയാളികള്‍ക്ക് സഹായത്തിനായി സെക്രട്ടറിയേറ്റിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. ഇവിടങ്ങളില്‍ വിദ്യര്‍ത്ഥികളും വിനോദസഞ്ചാരികളും അടങ്ങം നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.

കണ്‍ട്രോള്‍ റൂം തുറന്നു

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ കേരളീയര്‍ക്കും മലയാളി വിദ്യാര്‍ഥികള്‍ക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോര്‍ക്കയിലും കണ്‍ട്രോള്‍ റൂം തുറന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുള്ളപക്ഷം കണ്‍ട്രോള്‍ റൂം നമ്പരില്‍ ബന്ധപ്പെടാം.

സെക്രട്ടറിയേറ്റ് കണ്‍ട്രോള്‍ റൂം: 0471-2517500/2517600. ഫാക്‌സ്: 0471 -2322600. ഇമെയില്‍: cdmdkerala@kerala.gov.in.

നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്റര്‍: 18004253939 (ടോള്‍ ഫ്രീ നമ്പര്‍ ),
00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍)

 

 

CONTENT HIGH LIGHTS; The crew of the film ‘Half’ is stuck at the border: Actor Manikuttan is also among the crew; Control room opened