നന്ദന്‍കോട് ബയിന്‍സ് കോമ്പൗണ്ടില്‍ താമസിച്ചിരുന്ന റിട്ടയേര്‍ഡ് പ്രൊഫസര്‍ രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പദ്മം, മകള്‍ കാരോള്‍, അന്ധയായ ആന്റി ലളിതാ ജീന്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. രാജതങ്കം-പത്മ ദമ്പതികളുടെ മകനാണ് പ്രതി. 2017 ഏപ്രില്‍ അഞ്ചിനാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതക പരമ്പര അരങ്ങേറിയത്. എല്ലാ കൊലകളും നന്ദന്‍കോടുള്ള വീടിനുള്ളില്‍ വച്ച് ആയിരുന്നു. അമ്മ ജീന്‍ പത്മത്തെയാണ് കേഡല്‍ ആദ്യം കൊലപ്പെടുത്തിയത്. താന്‍ നിര്‍മ്മിച്ച വീഡിയോ ഗെയിം കാണിക്കാന്‍ എന്ന വ്യാജേന അമ്മയെ
മുകളിലത്തെ കിടപ്പുമുറിയില്‍ എത്തിച്ചു കസേരയില്‍ ഇരുത്തിയശേഷം മഴുകൊണ്ട് തലയ്ക്കു പുറകില്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കിടപ്പുമുറിയില്‍ ഒളിപ്പിച്ച ശേഷം ഒന്നും സംഭവിക്കാത്ത പോലെ താഴെ എത്തിയ പ്രതി അന്ന് വൈകിട്ടോടെ അച്ഛന്‍ രാജ തങ്കത്തെയും സഹോദരി കാരോളിനെയും അമ്മയെ കൊന്നപോലെ തലയ്ക്കു പിന്നില്‍ വെട്ടി കൊലപ്പെടുത്തി. ഈ മൃതദേഹങ്ങളും ഒളിപ്പിക്കുകയും ചെയ്തു. വീട്ടില്‍ ഉണ്ടായിരുന്ന ആന്റി ലളിതയും ജോലിക്കാരിയും മറ്റുള്ളവരെപ്പറ്റി കേഡലിനോട് അന്വേഷിച്ചെങ്കിലും അവരെല്ലാം
ചേര്‍ന്ന് കന്യാകുമാരിക്ക് ടൂര്‍ പോയി എന്നായിരുന്നു മറുപടി. അടുത്ത ദിവസം രാത്രിയാണ് കേഡല്‍ ആന്റി ലളിതയെ കൊലപ്പെടുത്തിയത്. അമ്മ ലാന്‍ഡ് ഫോണില്‍ വിളിക്കുന്നു എന്നു കള്ളം പറഞ്ഞു മുകളിലത്തെ കിടപ്പുമുറിയില്‍ എത്തിച്ചായിരുന്നു കൊല. മറ്റു കൊലകള്‍ക്ക് ഉപയോഗിച്ച അതേ മഴു ഉപയോഗിച്ച് അതേ മാതൃകയില്‍ വെട്ടി കൊന്ന ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഒളിപ്പിക്കുകയും ചെയ്തു. ലളിതയെ കാണാതായതോടെ ജോലിക്കാരി കേഡലിനോട് അവരെ തിരക്കി. രാത്രി അമ്മയും അച്ഛനും
സഹോദരിയുംതിരികെ വന്നെന്നും ആന്റിയെ കൂടി വിളിച്ചുകൊണ്ട് വീണ്ടും ടൂര്‍ പോയിരിക്കുകയാണ് എന്നു മാത്രയിരുന്നു മറുപടി. അടുത്ത രണ്ടു ദിവസങ്ങളിലും ഇതേ കള്ളം തന്നെ കേഡല്‍ എല്ലാവരോടും പറഞ്ഞു. കൊലപാതക വിവരം പുറത്ത് അറിഞ്ഞതുമില്ല. കൊലകള്‍ നടത്തിയതിന്റെ അടുത്ത ദിവസം മൃതദേഹങ്ങള്‍ കത്തിക്കാന്‍ ഇയാള്‍ ശ്രമം നടത്തിയിരുന്നു. ഈ ശ്രമത്തില്‍ ഇയാള്‍ക്ക് നിസ്സാരപൊള്ളലേറ്റു. അടുത്തദിവസം രാത്രി മൃതദേഹങ്ങള്‍ വീണ്ടും കത്തിക്കാന്‍ കേഡല്‍ നടത്തിയ ശ്രമമാണ് രക്തം മരവിപ്പിക്കുന്ന
ഈ കൊലപാതകങ്ങള്‍ വെളിയില്‍ വരാന്‍ കാരണം. തീ ആളിപ്പടരുന്നത് കണ്ടു അയല്‍ക്കാര്‍ അഗ്‌നിശമന സേനയെ വിവരം അറിയിക്കുകയും അവരെത്തി തീ അണയ്ക്കുകയും ചെയ്തു. അതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തീ നിയന്ത്രണാതീതമായതോടെ സ്ഥലംവിട്ട പ്രതി തമിഴ്‌നാട്ടിലേക്ക് മുങ്ങി. പിന്നീട് അയാള്‍ തിരുവനന്തപുരത്തേയ്ക്ക് വരുന്ന വഴി പോലീസിന്റെ പിടിയിലാവുകയായിരുന്നു. മ്യൂസിയം സി.ഐയും ഇപ്പോള്‍ സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണറുമായ ജെ.കെ ദിനില്‍ ആയിരുന്നു കേസിന്റെ അന്വേഷണ ചുമതല.
കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് തുടരന്വേഷണം അന്നത്തെ കണ്ടോണ്‍മെന്റ് എ.സിയും ഇപ്പോള്‍ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയുമായ കെ.ഇ ബൈജുവിന് നല്‍കി. അദ്ദേഹമാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. അന്നത്തെ സിറ്റി പോലീസ് കമ്മീഷണറും ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് ഐ.ജിയുമായ സ്പര്‍ജന്‍ കുമാര്‍, അന്നത്തെ ദക്ഷിണ മേഖല ഐജിയും ഇപ്പോഴത്തെ വിജിലന്‍സ് ഡയറക്ടറുമായ മനോജ് എബ്രഹാം എന്നിവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആയിരുന്നു അന്വേഷണം. സി.ഐ സുനില്‍,
എസ്.ഐ സന്ധ്യകുമാര്‍, സീനിയര്‍ സി.പി.ഒമാരായ മണികണ്ഠന്‍, രാകേഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. വീട്ടിലെ സാഹചര്യങ്ങളാണ് തന്നെ കൂട്ടക്കൊലക്ക് പ്രേരിപ്പിച്ചത് എന്നായിരുന്നു പ്രതിയുടെ മൊഴി. വളരെ നാളുകളായുള്ള ആസൂത്രണത്തിന് ശേഷമാണ് പ്രതി കൃത്യം നടത്തിയത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനായുള്ള മഴു ഓണ്‍ലൈനിലാണ് വാങ്ങിയത്. യൂട്യൂബിലൂടെ കൃത്യം നടത്തുന്ന വിധം പല ആവര്‍ത്തിച്ചു കണ്ടു പഠിച്ച പ്രതി,മനുഷ്യ ശരീരത്തിന്റെ ഡമ്മി ഉണ്ടാക്കി കൃത്യം പരിശീലിക്കുകയും ചെയ്തു.
കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് അഡ്വ. ദിലീപ് സത്യനെ സ്‌പെഷ്യല്‍ പ്രോസിക്യു ട്ടറായി സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. അഡ്വ. റിയ, അഡ്വ. നിധിന്‍ എന്നിവര്‍ സഹായികളായി. 2024 നവംബര്‍ 13നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 65 ദിവസം നീണ്ടുനിന്ന വിചാരണയ്ക്കിടെ 42 സാക്ഷികളെ വിസ്തരിച്ചു. ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ 120 ഓളം രേഖകളും 90 ഓളം തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന ഈ കേസില്‍ ശാസ്ത്രീയ തെളിവുകള്‍ മാത്രമാണ് അന്വേഷണസംഘം ആശ്രയിച്ചത്. മഴുവിന് ആളുകളെ വെട്ടിക്കൊല്ലുന്ന ദൃശ്യങ്ങള്‍ യൂട്യൂബില്‍ കണ്ടതും മഴു ഓണ്‍ലൈനില്‍ വാങ്ങിയതും പ്രധാന തെളിവുകളായി.
CONTENT HIGH LIGHTS; Cadel Jinson Raja’s murder route: Nandancode massacre case accused guilty; Thiruvananthapuram Sixth Additional Sessions Court Judge K. Vishnu to announce sentence tomorrow