ട്രെന്റായി ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ?: കുഞ്ഞുങ്ങള്‍ക്ക് ‘സിന്ദൂര്‍’ എന്ന് പേരിട്ട് ട്രെന്റിനൊപ്പം മതാപിതാക്കളും ?; പഹല്‍ഗാമില്‍ മാഞ്ഞ സിന്ദൂരം ഇന്ത്യയില്‍ പിറക്കുന്ന കുഞ്ഞുങ്ങളിലൂടെ വീണ്ടും തെളിയുന്നു
പഹല്‍ഗാമില്‍ സ്വന്തം ഭര്‍ത്താക്കന്‍മാരെ പോയിന്റ് ബ്ലാങ്കില്‍ ഭീകരര്‍ വെടിവെച്ചിട്ടപ്പോള്‍ ഭാര്യമാരുടെ ദീര്‍ഘ സുമംഗലികളുടെ അടയാളമായ സിന്ദൂരമാണ് മാഞ്ഞു പോയത്. നെറ്റിയില്‍ അണിഞ്ഞ സിന്ദൂരത്തിന്റെ നിറം ചുവപ്പാണ്. ചോരകൊണ്ട് ചുവപ്പിച്ച് സിന്ദൂരത്തിന്റെ പവിത്രത കളങ്കപ്പെടുത്തിയ ഭീകരവാദികളോടും, അവരെ തീറ്റിപ്പോറ്റുന്ന പാക്കിസ്ഥാനെന്ന തെമ്മാടി രാജ്യത്തോടും ഇന്ത്യ പകരം ചോദിച്ചതും ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ടാണ്. പക തീര്‍ക്കാനുറച്ച ഇന്ത്യന്‍ സൈന്യം തിരിച്ചടി തുടങ്ങിയപ്പോഴേ ഭയന്ന പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഒളിയിടങ്ങളില്‍ ആക്രമണം നടത്തി ഭീകരവാദികളെ മുച്ചൂടും മുടിച്ചാണ് മറുപടി നല്‍കിയത്.
ഇത് ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ എക്കാലത്തും ഓര്‍മ്മിക്കേണ്ട ഒരു സംഭവമാണ്. പഹല്‍ഗാമും, അതിനുള്ള തിരിച്ചടിയും ഓപ്പറേഷന്‍ സിന്ദൂര്‍ എന്നപേരില്‍ ഓര്‍മ്മിക്കുക തന്നെ ചെയ്യും. എന്നാല്‍, ആ തിരിച്ചടിയുടെ ഓര്‍മ്മകള്‍ പേരിനൊപ്പം ചേര്‍ക്കാന്‍ ഇന്ത്യയിലെ മാതാപിതാക്കള്‍ തീരുമാനിച്ചതു തന്നെ പഹല്‍ഗാമില്‍ മാഞ്ഞ സിന്ദൂരതച്തിനു പകരമായിരിക്കുകയാണ്. ഇന്ന് ഇന്ത്യയില്‍ പിറന്ന എത്ര കുഞ്ഞുങ്ങള്‍ക്കാണ് സിന്ദൂര്‍ എന്ന് പേരിട്ടതെന്നു പോലും ്‌റിയില്ല. എന്നാല്‍, ബിഹാറിലും, ഉത്തര്‍ പ്രദേശിലുമുള്ള നിരവധി പേര്‍ സിന്ദൂര്‍ എന്നു പേരിട്ട വാര്‍ത്തകള്‍ മനസ്സിലെ കുളിര്‍പ്പിക്കുന്നുണ്ട്.
ഉത്തര്‍പ്രദേശിലെ 17 കുഞ്ഞുങ്ങള്‍ക്കാണ് അവരുടെ മാതാപിതാക്കള്‍ സിന്ദൂര്‍ എന്ന് പേരിട്ടിരിക്കുന്നത്. മെയ് 10,11 തീയതികളില്‍ ഉത്തര്‍പ്രദേശിലെ കുശിനഗര്‍ മെഡിക്കല്‍ കോളേജില്‍ ജനിച്ച 17 നവജാത ശിശുക്കളാണ് ഇനി സിന്ദൂര്‍ എന്ന പേരില്‍ അറിയപ്പെടാന്‍ പോകുന്നത്. പാകിസ്ഥാന് ഉചിതമായ മറുപടി നല്‍കിയതിന് എന്ന് പറഞ്ഞുകൊണ്ട് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ അര്‍ച്ചന ഷാഹി തന്റെ മകള്‍ക്ക് സിന്ദൂര്‍ എന്ന് പേരിട്ടത്. പഹല്‍ഗാം ആക്രമണത്തില്‍ ഭര്‍ത്താക്കന്മാര്‍ നഷ്ടപ്പെട്ടതോടെ നിരവധി സ്ത്രീകളുടെ ജീവിതം തകര്‍ന്നു. അതിനുള്ള മറുപടിയായാണ് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്. അതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ട്.
ഇപ്പോള്‍ സിന്ദൂര്‍ എന്നത് ഒരു വാക്കല്ല, മറിച്ച് വികാരമാണ്. അതിനാല്‍ തങ്ങളുടെ മകള്‍ക്ക് സിന്ദൂര്‍ എന്ന പേരിട്ടു എന്നും അവര്‍ പറഞ്ഞു. 26 നിരപരാധികളുടെ കൊലപാതകത്തിന് ഇന്ത്യ പ്രതികാരം ചെയ്തത് മുതല്‍ തന്റെ മരുമകള്‍ കാജല്‍ ഗുപ്ത കുഞ്ഞിന് സിന്ദൂര്‍ എന്ന് പേരിടാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് പദ്രൗണയില്‍ നിന്നുള്ള മദന്‍ ഗുപ്ത പറയുന്നത്. സിന്ദൂര്‍ എന്ന പേര് തന്റെ മകളില്‍ ധൈര്യം പകരുമെന്നാണ് ഭതാഹി ബാബു ഗ്രാമത്തില്‍ നിന്നുള്ള വ്യാസ്മുനിക്ക പറയാനുള്ളത്. തന്റെ മകള്‍ വലുതാകുമ്പോള്‍ ആ വാക്കിന്റെ അര്‍ത്ഥം അവള്‍ക്ക് മനസിലാകും. ഭാരതമാതാവിന് വേണ്ടി ഉത്തരവാദിത്തമുള്ള സ്ത്രീയായി അവള്‍ സ്വയം മാറുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയില്‍ ഇതേ ദിവസം പിറന്ന 12 കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കള്‍ ‘സിന്ദൂര്‍’ എന്ന് പേരിട്ടു. കൈതാര്‍ ജില്ലയില്‍ പിറന്ന പെണ്‍കുട്ടിക്ക് ‘സിന്ദൂരി’ എന്നും പേരിട്ടു. പഹല്‍ഗാമില്‍ പൊലിഞ്ഞ 26 ജീവനുകള്‍ക്ക് കണക്കുതീര്‍ത്ത ഇന്ത്യന്‍ നടപടിയില്‍ അഭിമാനമുള്‍ക്കൊണ്ടാണ് മാതാപിതാക്കള്‍ തങ്ങളുടെ കണ്‍മണികള്‍ക്ക് സിന്ദൂര്‍ എന്നും സിന്ദൂരി എന്നും പേരിട്ടത്. കൈതാറിലെ രാഖി കുമാരി – സന്തോഷ് മണ്ഡല്‍ ദമ്പതികളാണ് തങ്ങള്‍ക്ക് പിറന്ന പെണ്‍കുഞ്ഞിന് സിന്ദൂരി എന്ന് പേരിട്ടത്. സിന്ദൂരി എന്ന പേര് ദേശസ്‌നേഹത്തെയും ഐക്യത്തെയും പ്രതിനിധീകരിക്കുന്നതായും ഇത് രാഷ്ട്രത്തോടുള്ള തങ്ങളുടെ ആദരമാണെന്നും സന്തോഷ് പറഞ്ഞു. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടന്ന അതേ സമയത്തായിരുന്നു സിന്ദൂരിയുടെ ജനനം.
സിന്ദൂരിയെ വളര്‍ത്തി യൂണിഫോം അണിയിപ്പിച്ചു രാജ്യസേവനത്തിന് വിടാനാണ് അമ്മ രാഖിയുടെ ആഗ്രഹം. മുസാഫര്‍പുരിലെ സ്വകാര്യ ആശുപത്രിയില്‍ പിറന്ന സീതാമര്‍ഹിയിലെ ബെല്‍സാന്ദ് സ്വദേശി വന്ദന ദേവിയുടെ കൊച്ചുമകന് സിന്ദൂര്‍ എന്നാണ് പേരിട്ടത്. മകന്‍ ജ്വല്ലറി ഉടമയാണെങ്കിലും കൊച്ചുമകനെ കരസേനയില്‍ ചേര്‍ക്കുമെന്ന് പിറന്നയുടനെ വന്ദന ദേവി തീരുമാനിച്ചു. ഈസ്റ്റ് ചമ്പാരനിലെ ഫെന്‍ഹാറിലുള്ള അനികേത് കുമാറും സിന്ദൂര്‍ എന്നുതന്നെ മകന് പേരിട്ടു. ഭീകരതയ്‌ക്കെതിരായ സൈനിക നീക്കം തന്റെ ഹൃദയത്തില്‍ അഭിമാനം നിറച്ചുവെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായിയായ അനികേത് കുമാര്‍ പറഞ്ഞു.
ഇതാണ് ഇന്ത്യ. പോരാട്ടത്തിലും, പോര്‍ മുഖത്തും ഒരുമിച്ചാണ്. മതേതരത്വം കാത്തു സൂക്ഷിക്കുന്ന ഇന്ത്യയുടെ മറ്റൊരു മുഖമാണ് ലോകം കണ്ടത്. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ രാജ്യം നിയോഗിച്ചത് രണ്ടു വനിതാ ഓഫീസര്‍മാരെ. അവരിലൂടെയാണ് പാക്കിസ്ഥാനെതിരേ നടത്തിയ തിരിച്ചടിയുടെ വിവരങ്ങള്‍ ലോകം കേട്ടത്. സ്ത്രീകളെ വിധവകളാക്കിയ പാക്കിസ്ഥാന്‍ ഭീകരവാദികളോട് പൊറുക്കാന്‍ കഴിയില്ലെന്നുള്ള ശപഥം കൂടിയായിരുന്നു അത്.
CONTENT HIGH LIGHTS; ‘Operation Sindoor’ trend?: Parents join in the trend by naming babies ‘Sindoor’?; The vermilion that faded in Pahalgam is resurfacing in babies born in India