പ്രസ്താവനകള്‍ ഇറക്കുന്നതില്‍ യാതൊരു പഞ്ഞവുമില്ലാത്ത പ്രസിഡന്റ് എന്ന ഖ്യാതിയാണ് ഡൊണാള്‍ഡ് ട്രംപിന് വന്നു ചേര്‍ന്നിരിക്കുന്നത്. അതില്‍ ഞെട്ടിപ്പിക്കുന്നതും മണ്ടത്തരങ്ങളും ഉണ്ടെന്നാണ് വിശകലന വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മിഡില്‍ ഇസ്റ്റ് സന്ദര്‍ശനത്തിനിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരവധി ഞെട്ടിപ്പിക്കുന്ന പ്രസ്താവനകളാണ് നടത്തിയിരിക്കുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രസ്താവന ഇന്ത്യയിലെ ആപ്പിളിന്റെ ഐഫോണ്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വന്നിരിക്കുന്നു. കഴിഞ്ഞ ദിവസം ദോഹയില്‍ നടന്ന ഒരു ബിസിനസ് പരിപാടിയില്‍, ആപ്പിള്‍ സിഇഒ ടിം കുക്കിനോട് ‘ഏറ്റവും ഉയര്‍ന്ന താരിഫ് ചുമത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ, അതിനാല്‍ ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മ്മിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’ എന്ന് പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു.
മിഡില്‍ ഈസ്റ്റ് സന്ദര്‍ശന വേളയില്‍ ദോഹയില്‍ വെച്ചാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. അവര്‍ (ഇന്ത്യ) ഞങ്ങള്‍ക്ക് ഒരു കരാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്, അതില്‍ അവര്‍ ഞങ്ങളുടെ മേല്‍ ഒരു താരിഫും ചുമത്തില്ലെന്ന് സമ്മതിച്ചിട്ടുണ്ട്. ഞാന്‍ പറഞ്ഞു, ടിം, ഞങ്ങള്‍ നിങ്ങളോട് വളരെ നന്നായി പെരുമാറുന്നു. നിങ്ങള്‍ ചൈനയില്‍ ഫാക്ടറികള്‍ നിര്‍മ്മിച്ചു, ഞങ്ങള്‍ വര്‍ഷങ്ങളായി അത് സഹിച്ചു. എന്നാല്‍ നിങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതില്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ല. ഇന്ത്യയ്ക്ക് സ്വയം പരിപാലിക്കാന്‍ കഴിയും. ഇതുമാത്രമല്ല, ഇന്ത്യ അമേരിക്കയുമായി സീറോ താരിഫ് കരാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
ഇന്ത്യന്‍ വിപണിക്കായി ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കണമെങ്കില്‍ അത് ചെയ്യൂ, പക്ഷേ അമേരിക്കയ്ക്ക് വേണ്ടി നിങ്ങള്‍ ഇവിടെ വന്ന് ഉല്‍പ്പാദിപ്പിക്കണമെന്ന് ഞാന്‍ ടിമ്മിനോട് പറഞ്ഞതായും ട്രംപ് പറഞ്ഞു. എന്നിരുന്നാലും, ട്രംപ് ഭരണകൂടം ആപ്പിളിനോട് അമേരിക്കയില്‍ ഉത്പാദനം ആരംഭിക്കാന്‍ ആവശ്യപ്പെടുന്നത് ഇതാദ്യമല്ല. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കമ്പനി അമേരിക്കയില്‍ അഞ്ഞൂറ് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് അടുത്തിടെ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. നയതന്ത്രത്തില്‍ ബിസിനസ് ഒരു ഉപകരണമായി ഉപയോഗിക്കുന്നുണ്ടെന്ന് ട്രംപ് തന്റെ പല പൊതു പ്രസ്താവനകളിലും പറഞ്ഞിട്ടുണ്ട്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍, അമേരിക്കയിലെ പ്രശസ്ത കമ്പനിയായ ആപ്പിളിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ഐഫോണ്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ട്രംപ് നടത്തിയ പ്രസ്താവന ലോക ജനത സസൂക്ഷമാണ് വീക്ഷ്ിക്കുന്നത്.
‘ഇന്ത്യയില്‍ നിര്‍മ്മിച്ചത്’
ഇന്ത്യയില്‍ ഐഫോണുകളുടെ ഉത്പാദനത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആപ്പിള്‍ ഇന്ത്യയില്‍ 22 ബില്യണ്‍ ഡോളറിന്റെ ഐഫോണുകള്‍ നിര്‍മ്മിച്ചു. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 60 ശതമാനം കൂടുതലാണ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ആപ്പിള്‍ ഇന്ത്യയില്‍ നിന്ന് 17.4 ബില്യണ്‍ ഡോളറിന്റെ ഐഫോണുകള്‍ കയറ്റുമതി ചെയ്തു. ഈ മാസം, യുഎസ് വിപണിയില്‍ വില്‍പ്പനയ്ക്കുള്ള മിക്ക ഐഫോണുകളും മറ്റ് ഉല്‍പ്പന്നങ്ങളും ചൈനയ്ക്ക് പുറത്തേക്ക് മാറ്റുന്നതായി ആപ്പിള്‍ പ്രഖ്യാപിച്ചു. യുഎസ് വിപണിയില്‍ വില്‍ക്കുന്ന മിക്ക ഐഫോണുകളും ഇന്ത്യയിലായിരിക്കും നിര്‍മ്മിക്കുകയെന്നും ഐപാഡ്, ഐവാച്ച് പോലുള്ള ഉല്‍പ്പന്നങ്ങള്‍ വിയറ്റ്‌നാമിലായിരിക്കും നിര്‍മ്മിക്കുകയെന്നും കമ്പനിയുടെ സിഇഒ ടിം കുക്ക് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നിക്ഷേപകരുമായി നടത്തിയ ഒരു കോളില്‍ പറഞ്ഞിരുന്നു. യുഎസില്‍ വില്‍ക്കുന്ന മിക്ക ഐഫോണുകളുടെയും ഉറവിടം ഇന്ത്യയായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ ടിം കുക്ക് പറഞ്ഞിരുന്നു. നിലവില്‍, മൊത്തം ഐഫോണുകളുടെ ഇരുപത് ശതമാനവും ഇന്ത്യയിലാണ് നിര്‍മ്മിക്കുന്നത്, ഇത് ഇനിയും വര്‍ദ്ധിപ്പിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നു.
ഇന്ത്യയില്‍ ഫോണ്‍ ഉല്‍പ്പാദനം എങ്ങനെ വര്‍ദ്ധിച്ചു?
2006 ല്‍ നോക്കിയ ഇവിടെ അടിസ്ഥാന ഫോണുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയതോടെയാണ് ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തിന്റെ സാധ്യതകള്‍ തെളിഞ്ഞു വന്നത്. ഇന്ത്യയില്‍ കൂടുതല്‍ കമ്പനികള്‍ ഫോണുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. എന്നാല്‍ 2014 വരെ ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ അസംബ്ലി മാത്രമേ നടത്തിയിരുന്നുള്ളൂ. 2014ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ‘മെയ്ക്ക് ഇന്‍ ഇന്ത്യ കാമ്പെയ്ന്‍’ ആരംഭിക്കുകയും വിദേശത്ത് നിന്ന് ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ ഫോണുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
2017ല്‍, കമ്പനികള്‍ പ്രാദേശികമായി ഘടകങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ ഒരു ഘട്ടം ഘട്ടമായുള്ള നിര്‍മ്മാണ പരിപാടി നടപ്പിലാക്കി, ഫോണുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു വിതരണ ശൃംഖല ഇവിടെ സ്ഥാപിക്കാന്‍ തുടങ്ങി. 2018 ല്‍ സാംസങ് നോയിഡയില്‍ ഒരു വലിയ ഫോണ്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചു. ഇന്ത്യയില്‍ വില്‍ക്കുന്ന സാംസങ് ഫോണുകളില്‍ ഭൂരിഭാഗവും ഇവിടെയാണ് നിര്‍മ്മിക്കുന്നത്. 2020 ല്‍ ഇന്ത്യ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി ആരംഭിച്ചു, ഇതിന് കീഴില്‍ ചില ഉല്‍പ്പാദന വ്യവസ്ഥകള്‍ പാലിക്കുകയാണെങ്കില്‍ കമ്പനികള്‍ക്ക് നേരിട്ട് ആനുകൂല്യം ലഭിക്കും.
ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കല്‍
കോവിഡിന് ശേഷം, ഉല്‍പ്പാദനത്തിനായി ചൈനയെയോ ഏതെങ്കിലും ഒരു രാജ്യത്തെയോ മാത്രം ആശ്രയിക്കാന്‍ കഴിയില്ലെന്ന് കമ്പനികള്‍ തിരിച്ചറിഞ്ഞതായി വിശകലന വിദഗ്ധരും വിശ്വസിക്കുന്നു. കോവിഡ് കാലത്ത്, ആഗോള വിതരണ ശൃംഖലയ്ക്ക് ഒരു രാജ്യത്തെ മാത്രം ആശ്രയിക്കാന്‍ കഴിയില്ലെന്ന് എല്ലാവരും മനസ്സിലാക്കിയിരുന്നു. 2020 ആയപ്പോഴേക്കും ഇന്ത്യയിലും ഫോണുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ഇന്ത്യ കാണിച്ചുതന്നു. അതേ വര്‍ഷം തന്നെ ഇന്ത്യ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം നടപ്പിലാക്കി. ഇത് വലിയ മാറ്റത്തിന് കാരണമായി, ആപ്പിള്‍ ഇന്ത്യയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ത്യ ഒരു വലിയ വിപണിയായി ഉയര്‍ന്നുവന്നതും ആപ്പിളിന് ഇന്ത്യയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള ഒരു പ്രധാന കാരണമായി മാറിയെന്ന് വിശകലന വിദഗ്ധര്‍ വിശ്വസിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയിലെ ഐഫോണ്‍ വില്‍പ്പന ക്രമാനുഗതമായി വളരുകയാണ്, അതേസമയം ആഭ്യന്തര ചൈനീസ് വിപണിയിലെ ഐഫോണ്‍ വില്‍പ്പന കുറഞ്ഞു.
പുതിയ തൊഴിലുകള്‍ വരുന്നു
പ്രാദേശിക ഉല്‍പ്പാദനം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ആപ്പിളിന്റെ ഇന്ത്യയിലെ ഉത്പാദനം വര്‍ദ്ധിക്കുന്നത് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് വരെ, ആപ്പിള്‍ ഫോണുകള്‍ നിര്‍മ്മിക്കുന്ന കമ്പനികളിലും അവയുമായി ബന്ധപ്പെട്ട കമ്പനികളിലും 1 ലക്ഷത്തി 64 ആയിരത്തിലധികം ആളുകള്‍ നേരിട്ട് ജോലി ചെയ്തിരുന്നു. ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍, ടാറ്റ ഇലക്ട്രോണിക്‌സ് എന്നീ മൂന്ന് കമ്പനികളാണ് ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്നത്. തായ്‌വാനീസ് നിര്‍മ്മാതാക്കളായ വിസ്‌ട്രോണ്‍ ഗ്രൂപ്പിനും കര്‍ണാടകയില്‍ ഒരു ഐഫോണ്‍ അസംബ്ലി പ്ലാന്റ് ഉണ്ടായിരുന്നു, പക്ഷേ അത് ടാറ്റ ഏറ്റെടുത്തു.
ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മ്മാതാക്കളാണ് തായ്‌വാനിലെ ഫോക്‌സ്‌കോണ്‍, ഉല്‍പ്പാദനത്തിന്റെ 67 ശതമാനവും അവരുടെതാണ്. ഇതിന് രണ്ട് പ്ലാന്റുകളുണ്ട്, ഒന്ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പുത്തൂരിലും മറ്റൊന്ന് കര്‍ണാടകയിലെ ബെംഗളൂരുവിലുമാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മ്മാണ പ്ലാന്റാണ് ശ്രീപെരുമ്പുത്തൂര്‍ പ്ലാന്റ്. ചെന്നൈയില്‍ നിന്ന് ഏകദേശം അമ്പത് കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്, ഏകദേശം നാല്പതിനായിരത്തോളം ജീവനക്കാര്‍ ജോലി ചെയ്യുന്നു, അവരില്‍ ഭൂരിഭാഗവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവതികളാണ്. ഇവിടുത്തെ ജോലി ഈ സ്ത്രീകളുടെ ജീവിതം മാറ്റിമറിച്ചു.