ദിനോസറുകള്‍ ഭൂമിയില്‍ ജനനമെടുക്കും മുമ്പ് കടല്‍ ജീവികളില്‍ നിന്ന് കര ജീവികള്‍ ഉണ്ടാകുന്ന കാലഘട്ടത്തില്‍ ,42 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ മത്സ്യംവംശം ഭൂമിയില്‍ ഉദ്ഭവിച്ചതെന്നാണ് കണ്ടെത്തല്‍. ഒരിക്കല്‍ വംശനാശം സംഭവിച്ചെന്ന് കരുതി ഗവേഷകര്‍ ഉപേക്ഷിച്ച മത്സ്യങ്ങളാണ് കൊയ്ലാകാന്ത് എന്ന വിഭാഗത്തില്‍ പെട്ടവ. എന്നാല്‍ കടലിന്റെ അടിത്തട്ടില്‍ ഈ മത്സ്യങ്ങള്‍ ഇന്നും ജീവിക്കുന്നുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഫോസില്‍ മത്സ്യങ്ങള്‍ എന്ന് കൂടി വിളിപ്പേരുളള ഇവയെകുറിച്ച് വിശദമായ പഠനത്തില്‍ ഗവേഷകരെ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. ഒരിക്കല്‍ 20 വര്‍ഷം മാത്രം ആയുസ്സ് കണക്കാക്കിയിരുന്ന ഇവയ്ക്ക് പിന്നീട് നടത്തിയ കണ്ടെത്തലുകള്‍ അനുസരിച്ച് 100 വര്‍ഷം വരെ ജീവിക്കാനുളള ശേഷിയുണ്ട്.
ഇതോടെ സമുദ്രത്തിലെ തന്നെ ഏറ്റവും സാവധാനത്തില്‍ വളരുന്ന വലിയ മത്സ്യങ്ങളാണ് കൊയ്ലാന്തുകളെന്നും ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഏതാണ്ട് 6.5 അടി അഥവാ 2 മീറ്റര്‍ വരെയാണ് ഇവയുടെ ശരാശരി നീളം. 27 കൊയ്ലാകാന്ത് മത്സ്യങ്ങളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് ഗവേഷക സംഘം ഈ നിഗമനത്തിലേക്ക് എത്തിയത്.
പഠനങ്ങള്‍ അനുസരിച്ച് ശരാശരി 55 വയസ്സാകുമ്പോഴാണ് കൊയ്ലാന്തുകള് പ്രായപൂര്‍ത്തിയാകുന്നത്. 42 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഭൂമിയില്‍ ഈ മത്സ്യം ഉത്ഭവിച്ചത്. അതിനാല്‍ ഇവയെ കുറിച്ച് പഠിക്കുന്നത് ഫോസിലുകളെ കുറിച്ച് പഠിക്കുന്നതിന് തുല്യമാണ്. ഈ സാഹചര്യത്തിലാണ് മത്സ്യത്തിന് ഫോസില്‍ മത്സ്യങ്ങളെന്ന പേര് വന്നത്.
സമുദ്രത്തിന്റെ ആഴത്തില്‍ അടിത്തട്ടിനോട് ചേര്‍ന്ന് ജീവിക്കുന്ന മത്സ്യമായതിനാല് ഇവയെ സംരക്ഷിക്കുക എന്നതും വെല്ലുവിളി നിറഞ്ഞ കാര്യമാണ്.അതേസമയം മത്സ്യത്തിന്റെ നിലനില്‍പ്പിനെ കുറിച്ചും ഗവേഷകര്‍ക്ക് ആശങ്ങയുണ്ട്. ആശങ്കയ്ക്ക് പ്രധാന കാരണം മത്സ്യങ്ങളുടെ പ്രജനന നിരക്കാണ്. ഈ കുറഞ്ഞ നിരക്ക് ഇവയുടെ സ്വാഭാവിക പരിണാമ ഫലമാണെങ്കില്‍ തന്നെയും മാറുന്ന സമുദ്രതാപനിലയിലും അടിത്തട്ടിലെ വര്‍ധിച്ച് വരുന്ന മാലിന്യങ്ങളുടെ സാഹചര്യത്തിലും ഈ ജീവികള്‍ കടുത്ത വെല്ലുവിളി നേരിടുമെന്നും പഠനങ്ങള്‍ പറയുന്നു.