×

പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചു 'പ്രേമലു': റിവ്യൂ

google news
,

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഗിരീഷ് എ.ഡി. സംവിധാനം നിർവഹിച്ച ചിത്രമാണ് 'പ്രേമലു'. ചിത്രത്തിന് ഗംഭീര സ്വീകരണമാണ് തിയറ്ററുകളിൽ ലഭിച്ചത്. ഒരുപാട് ചിരിപ്പിക്കുന്ന ഒരുപിടി നർമ്മരംഗങ്ങളുമായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് എത്തിയത്. കളറുള്ള രസികൻ പടം എന്നാണ് സിനിമയെക്കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായം. ന്യുജെൻ പിള്ളേരുടെ പ്രണയവും ജീവിതവുമെല്ലാം സിനിമയിൽ നല്ല കളറായി തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. 

ബി.ടെക് കഴിഞ്ഞ് പുറത്തിറങ്ങിയ ഒരു കൂട്ടം ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ലോകത്തേക്കാണ് പ്രേമലു പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നത്. ആലുവക്കാരനായ സച്ചിൻ സേലത്തു നിന്ന് കോഴ്സു കഴിഞ്ഞ് ഗേറ്റിന് തയാറെടുക്കാൻ ഹൈദരാബാദിലെത്തുന്നു.

കോളജും സ്കൂളും നാട്ടിലെ ഇട്ടാവട്ടങ്ങളിൽ പൂർത്തിയാക്കിയ റീനു, ജീവിതം എക്സ്പ്ലോർ ചെയ്യാനാണ് ഹൈദരാബാദിൽ ജോലി സംഘടിപ്പിച്ച് എത്തുന്നത്. സമാന്തരരേഖയിൽ പോയിക്കൊണ്ടിരുന്ന ഈ രണ്ടു പേർ കണ്ടുമുട്ടുന്നിടത്താണ് പ്രേമലു ഫുൾ പവറിൽ ടേക്ക് ഓഫ് ആകുന്നത്. 

നസ്ലിൻ, മമിത, സംഗീത് പ്രതാപ്, ശ്യാം മോഹൻ, ഷമീർ ഖാൻ, അഖില ഭാർഗവൻ എന്നിവരുടെ കിടിലൻ പ്രകടനങ്ങളാണ് പ്രേമലുവിനെ കളറാക്കുന്നത്. ഇവർ തമ്മിലുള്ള കോംബിനേഷനുകളിൽ ഏതാണ് മികച്ചതെന്നു പറയുക എളുപ്പമല്ല. എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ വ്യക്തിത്വവും വ്യക്തതയുമുണ്ട്.

അതുകൊണ്ടു തന്നെ, ഒരു കഥാപാത്രം പോലും മറ്റൊരാളുടെ നിഴലായി തോന്നില്ല. സച്ചിന്റെയും റീനുവിന്റെയും റൊമാൻസ് ആണ് മുഖ്യപ്രമേയമെങ്കിലും സംഗീതിന്റെ അമൽ ഡേവിസിനോടും അഖിലയുടെ കാർത്തികയോടും ശ്യാം മോഹന്റെ ആദിയോടും ഷമീർ ഖാന്റെ സുബിനോടും പ്രേക്ഷകർക്ക് ഇഷ്ടവും അടുപ്പവും തോന്നും. തിരക്കഥയുടെ ബ്രില്യൻസിനൊപ്പം അഭിനേതാക്കളുടെ കൃത്യതയാർന്ന പ്രകടനം കൊണ്ടു കൂടിയാണ് അതു സാധ്യമാകുന്നത്. 

നസ്ലിൻ തന്റെ സ്ഥിരം പാറ്റേണിൽ അനായാസമായാണ് സച്ചിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. തണ്ണീർമത്തൻ ദിനങ്ങൾ മുതൽ മലയാളികൾ ഇഷ്ടപ്പെടുന്ന ആ നസ്ലിൻ മാജിക് പ്രേമലുവിലും കാണാം. ചില ഡയലോഗുകൾ, നസ്‌ലിന്റെ ശൈലിയിൽ കേൾക്കുമ്പോൾ തന്നെ തിയറ്ററിൽ ചിരി പൊട്ടും. നസ്ലിൻ–മമിത കോംബോയും അടിപൊളിയാണ്. സൗഹൃദവും തമാശയും പോലെ തന്നെ ഇമോഷനൽ രംഗങ്ങളും ഇരുവരും ഒരുപോലെ സ്കോർ ചെയ്തിട്ടുണ്ട്.

Read more: 

പുതുതായി പ്രതിഷ്ഠിക്കപ്പെട്ട അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചു ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ

നീല സാരിയിൽ ആരാധകരുടെ മനം കവർന്നു പ്രിയാമണി: വൈറലായി ചിത്രങ്ങൾ

ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പ്: സന്തോഷം പങ്കുവെച്ചു ബോളിവുഡ് നടി യാമി ഗൗതം

Unni Mukundan| സ്റ്റൈലിഷ് ലുക്കിൽ ആരാധകരെ ഞെട്ടിച്ചു ഉണ്ണി മുകുന്ദൻ: മലയാളത്തിന്റെ ഹൃത്വിക് റോഷനെന്ന് കമന്റുകൾ

'എങ്ങനെ ഒന്നിച്ചു നീങ്ങണമെന്ന് ചില തമിഴ് താരങ്ങള്‍ മലയാളി താരങ്ങളെ കണ്ട് പഠിക്കണം': മലയാള സിനിമാതാരങ്ങളുടെ വിഡിയോ വൈറലാക്കി തമിഴ് സിനിമ പ്രേമികൾ

ചെറുപ്പക്കാരുടെ വൈബും കളറും കൃത്യമായി ഫ്രെയിമിൽ പകർത്തിയിട്ടുണ്ട് ഛായാഗ്രാഹകൻ അജ്മൽ സാബു. സിനിമയും കാണാം, ഹൈദരാബാദും കണ്ടു വരാം എന്ന ഫീലുണ്ട് സിനിമയുടെ ഫ്രെയിമുകൾക്ക്. അതുപോലെ സിനിമയുടെ മൂഡിനെ നിലനിറുത്തുന്നതായിരുന്നു വിഷ്ണു വിജയ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തലസംഗീതവും.

ഓരോ കഥാപാത്രങ്ങൾക്കു കൊടുക്കുന്ന ചില പ്രത്യേക ബിജിഎമ്മുകൾ എടുത്തു പറയണം. ഏറ്റവും മികച്ചതായി അനുഭവപ്പെട്ടത് ശ്യാം മോഹന്റെ ആദി വരുമ്പോഴുള്ള സാക്സോഫോൺ പീസാണ്. ക്ലൈമാക്സിനോട് അനുബന്ധിച്ച് മീനാക്ഷിയുടെ കഥാപാത്രം പശ്ചാത്തലത്തിൽ ഒരുക്കുന്ന 'സംഗീത വിരുന്നും' തിയറ്ററിൽ കൂട്ടച്ചിരി ഉയർത്തി. ആകാശ് ജോസഫ് വർഗീസാണ് ചിത്രത്തിന്റെ എഡിറ്റർ. 

പ്രേക്ഷകർക്ക് എളുപ്പത്തിൽ ഊഹിച്ചെടുക്കാവുന്ന കഥാസന്ദർഭങ്ങളെ രസകരമായ ഡയലോഗുകളിലൂടെ മികച്ചൊരു അനുഭവമാക്കുകയാണ് ഗിരീഷ് എ.ഡി എന്ന സംവിധായകൻ. തണ്ണീർമത്തൻ ദിനങ്ങളുടെ ടെംപലേറ്റിന്റെ അവർത്തനമാണെങ്കിൽ പോലും പ്രേക്ഷകരെ കഥ പറച്ചിലിന്റെ രസച്ചരടിൽ കൊരുത്തിടാൻ സംവിധായകന് കഴിയുന്നുണ്ട്.

കിരൺ ജോസിക്കൊപ്പം ഗിരീഷ് എ.ഡിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്വതന്ത്രമായി പാറിപ്പറക്കുന്ന പുതിയ കാലത്തെ പ്രേമത്തെ ആ ഫീലോടു കൂടി അനുഭവിക്കാൻ ഈ സിനിമയിൽ സാധിക്കും.