മുംബൈ: ശിവസേന (ഉദ്ധവ് താക്കറെ) നേതാവും മുൻ എംഎൽഎയുമായ വിനോദ് ഗോസാൽക്കറുടെ മകൻ അഭിഷേക് ഗോസാൽക്കറെ (40) ഫെയ്സ്ബുക്ക് ലൈവിനിടെ) വെടിവെച്ചുകൊന്നത് വ്യക്തിവൈരാഗ്യമെന്ന് മൊഴി. അഭിഷേകിനെ വെടിവെച്ച ശേഷം മൗറിസ് നൊരോഞ(49)യാണ് തലക്കുവെടിയുതിർത്ത് ആത്മഹത്യ ചെയ്തത്.
ദുബൈ, അമേരിക്ക എന്നിവിടങ്ങളിലെ ജീവിതത്തിന് ശേഷം നഗരസഭാംഗമാകാനുള്ള ആഗ്രഹവുമായി തിരിച്ചെത്തിയ മൗറിസ് നൊരോഞ പ്രദേശത്ത് സാമൂഹിക പ്രവർത്തനങ്ങൾ നടത്തിയിരുന്നു. അഭിഷേകിന്റെ ഭാര്യ തേജസ്വി ദരേക്കർ നഗരസഭാംഗമായ വാർഡായിരുന്നു മൗറിസിന്റെ ലക്ഷ്യം. ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടാകുകയും മൗറിസിനെതിരെ തേജസ്വി കേസുകൊടുക്കുകയും ചെയ്തിരുന്നു. ഇതോടെ അഭിഷേകും മൗറിസും കടുത്ത എതിരാളികളായി.
ഇതിനിടയിലാണ് 2022ൽ യുവതിയുടെ പരാതിയിൽ ബലാൽസംഗ കേസിൽ മൗറിസ് അറസ്റ്റിലായത്. 88 ലക്ഷം രൂപ യുവതിയിൽനിന്ന് മൗറിസ് തട്ടിയെടുത്തെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഈ സംഭവത്തിൽ അഭിഷേക് പരാതിക്കാരിക്കൊപ്പം നിന്നു. ജാമ്യത്തിലിറങ്ങിയ മൗറിസ് അഭിഷേകിനെ വധിക്കുമെന്ന് പറഞ്ഞതായി അയാളുടെ ഭാര്യ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയതായാണ് സൂചന.
പ്രശ്നങ്ങൾ അവസാനിപ്പിച്ച് വ്യാഴാഴ്ച ഫേസ്ബുക്ക് ലൈവ് പരിപാടിക്ക് ബോരിവലി ഐ.സി കോളനിയിലെ തന്റെ ഓഫിസിലേക്ക് മൗറിസ് അഭിഷേകിനെ ക്ഷണിക്കുകയായിരുന്നു. പരിപാടിക്ക് ശേഷം പെട്ടെന്നാണ് അഭിഷേകിന്റെ വയറിലും ചുമലിലും മൗറിസ് വെടിവെച്ചത്. അവിടെനിന്ന് ഓടിയ അഭിഷേക് റോഡിൽ വീഴുകയായിരുന്നു.
Read also : രാജ്യത്തെ ജയിലുകളിൽ തടവുകാരായ സ്ത്രീകൾ ഗർഭിണികൾ ആകുന്ന സംഭവത്തിൽ സ്വമേധയാ കേസെടുത്തു സുപ്രീം കോടതി