പനാജി: ഭാര്യയെ കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഹോട്ടൽ മാനേജരായ യുവാവ് അറസ്റ്റിൽ. ലക്നൗ സ്വദേശിയായ ദിക്ഷ ഗംഗ്വാർ(27) സൗത്ത് ഗോവയിലെ കാബോ ഡി രാമ ബീച്ചിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സംഭവത്തിലാണ് ഭർത്താവ് ഇരുപത്തൊൻപതുകാരനായ ഗൗരവ് കത്യാവാർ അറസ്റ്റിലായത്. ഗോവയിലെ ഒരു ആഡംബര ഹോട്ടലിൽ മാനേജരായ ഇയാളും ലഖ്നൗ സ്വദേശിയാണ്. അപകട മരണം എന്ന് വരുത്തിത്തീർക്കാനായിരുന്നു ഇയാളുടെ ശ്രമമെങ്കിലും കൊലപാതകത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ദിക്ഷ കടലിൽ മുങ്ങിമരിച്ചെന്നാണ് ഗൗരവ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇയാൾ ഭാര്യയെ മനഃപൂർവം കടലിലേക്ക് തള്ളിയിട്ടതാണെന്ന് വ്യക്തമാക്കുന്ന വിഡിയോ ലഭിച്ചതോടെയാണ് കേസിന്റെ ഗതി മാറിയത്. ഇതോടെ, ദിക്ഷയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ഒരു വർഷം മുൻപായിരുന്നു ഗൗരവും ദിക്ഷയും തമ്മിലുള്ള വിവാഹം. ഗൗരവിന്റെ വിവാഹേതര ബന്ധമാണ് ദിക്ഷയുടെ കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് 3.40ഓടെയായിരുന്നു സംഭവം. ജോലിസ്ഥലത്തു നിന്ന് ഭാര്യയെ ഒപ്പം കൂട്ടിയ ഇയാൾ ബീച്ചിൽ കുറേനേരം ചെലവഴിച്ചു. തുടർന്ന് ബീച്ചിലെ പാറക്കൂട്ടത്തിനു മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം യുവതിയെ കടലിലേക്കു തള്ളിയിട്ടു. ദിക്ഷയുടെ ശരീരത്തിൽ പരുക്കേറ്റ പാടുകൾ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
ഭാര്യയുടേത് അപകടമരണമാണെന്ന് വരുത്തിതീർക്കാനായിരുന്നു ഗൗരവിന്റെ ശ്രമം. ഗൗരവ് കത്യാവാർ ഭാര്യയുമായി ബീച്ചിലേക്കു വരുന്നതിന്റെയും ഭാര്യ മരിച്ചെന്ന് ഉറപ്പു വരുത്തി മടങ്ങിപ്പോകുന്നതിന്റെയും ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു