Agriculture

ബജാജ് ഫ്രീഡം വാങ്ങാനുള്ള 5 കാരണങ്ങൾ പരിശോധിക്കാം

കിടിലൻ റൈഡിങ് അനുഭവം സമ്മാനിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ സിഎന്‍ജി  ഇന്ധനമുള്ള ബൈക്കാണ് ബജാജിന്റെ ഫ്രീഡം. ബജാജ് ഫ്രീഡം യാത്രക്കാർക്ക് ഒരു അനുഗ്രഹമാകുന്നതിന്റെ പ്രധാന കാരണം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന ഡിസൈനും മികച്ച ഇന്ധനക്ഷമതയുമാണ്.

നിരവധി സവിശേഷതകളും പുതുമകളുമുള്ള മോഡലാണിത്. ആദ്യ സിഎന്‍ജി ബൈക്ക് എന്ന നിലയില്‍ ബജാജ് ഫ്രീഡം വാങ്ങാന്‍ പ്രേരിപ്പിക്കുന്ന കാരണങ്ങള്‍ പലതുണ്ട്. ഈ പോസിറ്റീവ് കാരണങ്ങള്‍ക്കൊപ്പം സിഎന്‍ജി ബൈക്ക് എന്ന നിലയിലെ നെഗറ്റീവുകളും വിശദമായി അറിയാം.

കുറഞ്ഞ ചിലവ്

ഇന്ധനചിലവ് വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് ഒഴിച്ചുകൂടാന്‍ സാധിക്കാത്തഘടകമാണ്. ഇക്കാര്യത്തില്‍ സമാനതകളില്ലാത്ത നേട്ടമാണ് ബജാജ് ഫ്രീഡം ഉടമകള്‍ക്ക് നല്‍കുക. പെട്രോള്‍ ഇന്ധനമായി ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് പകുതിയായി ഇന്ധന ചിലവ് കുറക്കാന്‍ ഫ്രീഡത്തിന് ആവുമെന്നാണ് ബജാജിന്റെ അവകാശവാദം. എങ്ങനെയൊക്കെ ഓടിച്ചാലും പെട്രോളിനേക്കാള്‍ കുറഞ്ഞ ചിലവായിരിക്കും ഫ്രീഡത്തിന്റെ ഇന്ധനത്തിനെന്ന് ഉറപ്പിച്ച് പറയാനാവും.

റൈഡിങ് അനുഭവം

ബജാജ് ഫ്രീഡത്തിന്റെ എന്‍ജിന്‍ പെട്രോളിലോ സിഎന്‍ജിയിലോ സ്റ്റാര്‍ട്ട് ചെയ്യാനാവും. വാഹനത്തിന്റെ പ്രകടനം മികച്ചതാക്കുന്നതിനു വേണ്ടി നിശ്ചിതസമയം കഴിയുമ്പോള്‍ ഇന്ധനം പെട്രോളിലേക്കു മാറ്റാനുള്ള സംവിധാനവും ബജാജ് ഫ്രീഡത്തില്‍ ഒരുക്കിയിട്ടുണ്ട്. മറ്റ് ഏതൊരു മോട്ടോര്‍ സൈക്കിളും ഉപയോഗിക്കുന്നതുപോലെ ഫ്രീഡവും സ്റ്റാര്‍ട്ട് ചെയ്ത് ഓടിച്ചു പോവാനാവും. മികച്ച റൈഡിങ് കംഫര്‍ട്ട് നല്‍കുന്ന വാഹനമാണ് ബജാജ് ഫ്രീഡം.

വില

സിഎന്‍ജി ആണെങ്കിലും മത്സരക്ഷമമായ വിലക്കാണ് ഫ്രീഡം ബജാജ് പുറത്തിറക്കിയിരിക്കുന്നത്. 91,000 രൂപ മുതല്‍ 1.11 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. 125 സിസി മോട്ടോര്‍ സൈക്കിളിന്റെ വിലയില്‍ ഫ്രീഡം ലഭിക്കും. ഹീറോ എക്‌സ്ട്രീം 125ആര്‍, ടിവിഎസ് റൈഡര്‍ 125, ബജാജ് പള്‍സര്‍ എന്‍125 എന്നിവയാണ് വിലയുടെ കാര്യത്തില്‍ ഫ്രീഡമിനോട് മത്സരിക്കുക.

ഡിസൈന്‍

ആരുടേയും കണ്ണുടക്കുന്ന രൂപകല്‍പനയാണ് ബജാജ് ഫ്രീഡത്തിന് നല്‍കിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ മോഡലിനെ തിരിച്ചറിയാനും സാധിക്കും. വൃത്താകൃതിയിലുള്ള ഹെഡ്‌ലാംപുകളും ഫ്‌ളാറ്റ് സീറ്റുമെല്ലാം ബജാജ് ഫ്രീഡത്തെ വേറിട്ടു നിര്‍ത്തും. തടിച്ച ട്രല്ലിസ് ഫ്രയിം വേറിട്ട രൂപം മാത്രമല്ല മികച്ച സുരക്ഷയും സിഎന്‍ജി ടാങ്കിനും യാത്രികര്‍ക്കും നല്‍കും.

825 എംഎം ആണ് ബജാജ് ഫ്രീഡത്തിന്റെ സീറ്റിലേക്കുള്ള ഉയരം. ഉയരം കൂടിയ ഇരിപ്പിടം ചിലരെങ്കിലും മോശം ഫീച്ചറായാണ് കരുതുന്നത്. ഇതിനൊപ്പം ഓണ്‍ലൈനില്‍ സിഎന്‍ജി ടാങ്കിന് മുകളില്‍ ഇരുന്നുള്ള യാത്ര എത്രത്തോളം സുരക്ഷിതമാണെന്ന ചര്‍ച്ചകളും സജീവമാണ്. നേരത്തെ തന്നെ മികച്ച സിഎന്‍ജി വാഹനങ്ങള്‍ പുറത്തിറക്കി വിജയിച്ചിട്ടുള്ള ബജാജിന് ഈ ആശങ്ക പരിഹരിക്കാന്‍ സാധിക്കുകയും ചെയ്യും. ഫ്രീഡത്തിന്റെ സുരക്ഷ തെളിയിക്കാന്‍ ഇതിന് മുകളിലൂടെ ഒരു ട്രക്ക് കയറ്റിയുള്ള വിഡിയോ വരെ നേരത്തെ ബജാജ് പുറത്തുവിട്ടിരുന്നു. സുരക്ഷയുടെ കാര്യത്തില്‍ അമിത ആശങ്ക വേണ്ടെങ്കിലും വേറെയും ഉപഭോക്താക്കള്‍ക്ക് ആശങ്കയാവുന്ന കാര്യങ്ങള്‍ ഫ്രീഡത്തിലുണ്ട്.

ഉയർന്ന മൈലേജ്

സിഎൻജി മോഡിൽ 101 വരെ ഇന്ധനക്ഷമത ഫ്രീഡം നൽകുമെന്നാണ് കമ്പനി പറയുന്നത്. ഒരു ഫുള്‍ടാങ്ക് സിഎന്‍ജി നിറച്ചാല്‍ 180-200 കിലോമീറ്ററാണ് ഫ്രീഡം ഓടിക്കാനാവുക. പെട്രോളും ഡീസലും ലഭിക്കുന്നതുപോലെ എല്ലാ പമ്പുകളിലും സിഎന്‍ജി ലഭിക്കില്ല എന്നത് പോരായ്മയാണ്. ഇന്ധനത്തിന് ചിലവു കുറവാണെന്ന കാര്യത്തില്‍ മാര്‍ക്കു നേടുമ്പോഴും സിഎന്‍ജി മോഡിലേക്കു മാറ്റിയാല്‍ 100-110 സിസി ബൈക്കുകള്‍ക്കൊപ്പമായിരിക്കും ബജാജ് ഫ്രീഡത്തിന്റെ പ്രകടനം.