ആഡംബര വാഹനങ്ങളുടെ കാര്യത്തിൽ അല്പം മുന്നിലാണ് സെലിബ്രിറ്റികൾ. വാഹനപ്രേമികളായ സിനിമാ താരങ്ങളാണെങ്കിൽ പിന്നെ പറയണ്ട, കാരണം പുത്തൻ വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ ഒട്ടും പിശുക്ക് കാണിക്കാത്തവരാണ് സിനിമാതാരങ്ങൾ. ഇപ്പോഴിതാ ബോളിവുഡ് താരം ദിയ മിർസ ആഡംബര എസ് യുവി സ്വന്തമാക്കിയെന്ന വാർത്തയാണ് പുറത്തുവരുന്നത്.
പുത്തൻ എസ് യു വി ദിയ മിർസയ്ക്ക് കൈമാറുന്നതിന്റെ ദൃശ്യങ്ങൾ ബി എം ഡബ്ള്യു ഇൻഫിനിറ്റി കാർസ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ബ്ലാക്ക് സഫയർ മെറ്റാലിക് നിറമാണ് വാഹനത്തിനായി താരം തിരഞ്ഞെടുത്തിരിക്കുന്നത്. എക്സ് ഡ്രൈവ് 40 വേരിയന്റിന് 1.21 കോടി രൂപയിലാണ് വിലയാരംഭിക്കുന്നത്. എക്സ് ഡ്രൈവ് 50 വേരിയന്റിലേക്ക് എത്തുമ്പോൾ വില ഏകദേശം 1.39 കോടി രൂപ വരെയാകും. ഇതിൽ ആദ്യ വേരിയന്റായ എക്സ് ഡ്രൈവ് 40 ആണ് ദിയ മിർസ സ്വന്തമാക്കിയിരിക്കുന്നത്.
വലിയ കിഡ്നി ഗ്രിൽ, ചെറുതും മനോഹരവുമായ ഹെഡ്ലാംപുകൾ, ഫ്രെയിം ലെസ് വിന്റോ, വൺപീസ് ടെയിൽ ലാംപ് എന്നിവ ഐഎക്സിലുണ്ട്. സിംഗിൾ പീസ് കർവിഡ് ഗ്ലാസ് ഡിസ്പ്ലെയാണ് വാഹനത്തിന്, ഹെക്സഗണൽ ആകൃതിയുള്ള സ്റ്റിയറിങ് വീലും പനോരമിക് സൺറൂഫും. ഹർമന്റെ 18 സ്പീക്കറുകളോടു കൂടിയ 14.9 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, മസാജ് സൗകര്യത്തോടുകൂടിയ സീറ്റുകൾ, ആംബിയന്റ് ലൈറ്റ്, ഹെഡ് അപ് ഡിസ്പ്ലെ എന്നിങ്ങനെ ഫീച്ചറുകൾ നീളുന്നു.
രണ്ടു ആക്സിലുകളിലും ഘടിപ്പിച്ച ഇലക്ട്രിക് മോട്ടറുകളുടെ കരുത്തിലാണ് വാഹനം സഞ്ചരിക്കുന്നത്. രണ്ടു മോട്ടറുകളും ചേർന്ന് 322 ബിഎച്ച്പി കരുത്തും 630 എൻഎം ടോർക്കും നൽകുന്നുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 6.1 സെക്കന്റ് മാത്രം മതി ഈ കരുത്തന്. 76.6 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന വാഹനം ഒറ്റചാർജിൽ 425 കിലോമീറ്റർ സഞ്ചരിക്കും.