ഒരു പോഷകസമ്പന്നമായ ഒരു പയർ ഇനമാണ് അമരപ്പയർ. പ്രോട്ടീൻ, നാരുകൾ, വൈറ്റമിനുകൾ, ധാതുക്കൾ എന്നിവ സമൃദ്ധമായി ഇതിൽ അടങ്ങിയിരിക്കുന്നു. വീട്ടുവളപ്പിൽ നട്ടാൽ നന്നയി വളരുന്ന ചെടികൂടിയാണിത്.
പടരുന്നവയും കുറ്റിയായി വളരുന്നതുമുണ്ട്. പടരുന്ന ഇനങ്ങൾ ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ നടാം. കുറ്റിയിനങ്ങൾ വർഷം മുഴുവൻ കൃഷി ചെയ്യാം. ഹിമ, ഗ്രേസ് തുടങ്ങിയവയാണ് പടരുന്ന ഇനങ്ങൾ. അർക്കാ ജെയ്, അർക്കാ വിജയ് എന്നിവയാണ് കുറ്റിയായി വളരുന്നവ.
പടരുന്ന ഇനങ്ങൾ 1.25X 1.75 മീറ്റർ ഇടയകലത്തിൽ വിത്ത് പാകണം. കുറ്റിയിനങ്ങൾക്ക് 0.6 x 0.5 മീറ്റർ ഇടയകലം മതി. വാരങ്ങളും ചാലുകളുമെടുത്ത് കുറ്റിയിനങ്ങളുടെ വിത്തു വിതക്കാം. പടരുന്ന ഇനങ്ങൾക്ക് താങ്ങുകളോ കയറോ കെട്ടിനൽകണം.
സെന്റൊന്നിന് അടിവളമായി 80-100 കിലോ കാലിവളം നൽകുന്നത് വിളവ് കൂടാൻ സഹായിക്കും. കാലിവളമോ കമ്പോസ്റ്റോ മണ്ണിര ക്കമ്പോസ്റ്റോ ജൈവവളക്കൂട്ടായി സെന്റിന് 16-20 കിലോ നൽകാം. ഇടക്കിടെ ചാരം, കോഴിവളം തുടങ്ങിയവയും 10-15 ദിവസം ഇടവിട്ട് നൽകണം. നല്ല നന വേണ്ട വിളയാണ് അമരപ്പയർ. പൂവിടുന്ന സമയത്ത് നന്നായി നനക്കുന്നത് കായ്ഫലം കൂട്ടും. പയറിനെപ്പോലെ മുഞ്ഞ, ചാഴി, കായ് തുരപ്പൻ, ചിത്രകീടം, പയർ വണ്ട് തുടങ്ങിയവ അമരയെ ആക്രമിക്കും. വേപ്പധിഷ്ഠിത കീടനാശിനി, പുകയില കഷായം, വേപ്പിൻകുരു സത്ത് തുടങ്ങിയവ കീടങ്ങളെ പ്രതിരോധിക്കാൻ തളിക്കാം.