ലോകത്തെവിടെയും യുദ്ധ ഭീതി നിലനില്‍ക്കുമ്പോഴാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു ബ്രിട്ടീഷ് F-35 യുദ്ധ വിമാനം പറന്നിറങ്ങിയത്. 1947 നു ശേഷം ഇന്ത്യയുമായി ഒരു ബന്ധവുമില്ലാത്ത ബിട്ടീഷുകാര്‍ എന്തിനാണ് യുദ്ധവിമാനം ഇറക്കിയതെന്ന ദുരൂഹത വലിയ ചര്‍ച്ചയാകുമ്പോഴാണ് സെക്കന്റ് യൂസ്ഡ് യുദ്ധവിമാനമെന്ന പേരില്‍ ആരോ യുദ്ധ വിമാനത്തിന്റെ ചിത്രം എടുത്ത് OLXല്‍ ഇട്ടത്. യുദ്ധ വിമാനംവരെ വില്‍പ്പന നടത്താന്‍ പോന്നവരാണ് മലയാളികളെന്ന് തെറ്റിദ്ധരിച്ചവരെല്ലാം സത്യം അന്വേഷിച്ചിറങ്ങി. അങ്ങനെ നടത്തിയ അന്വേഷണത്തിലാണ് വ്യാജ OLX പരസ്യം ആയിരുന്നുവെന്ന് തിരിച്ചറിഞ്ഞത്.
സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. OLX പരസ്യം വൈറലായിക്കഴിഞ്ഞു. ഇനി ബ്രിട്ടീഷ് സൈന്യവും അധികൃതരും കൂടി അറിഞ്ഞാല്‍ മതി. സോഷ്യല്‍ മീഡിയയില്‍ ഏതോ വിരുതന്‍ ഒപ്പിച്ച പണിയാണിത്. ഈ പോസ്റ്റ് ഇട്ടിരിക്കുന്ന വ്യക്തിയുടെ പേര് പരിഹാസ രൂപേണ ‘ഡൊണാള്‍ഡ് ട്രെംപന്‍’ എന്നാണ് പറഞ്ഞിരിക്കുന്നത്. യഥാര്‍ത്ഥ ഒ.എല്‍.എക്‌സ് പോസ്റ്റിന്റെ രീതിയല്ല ഇതിന്. ഒ.എല്‍.എക്‌സ് സൈറ്റ് പരിശോധിച്ചെങ്കിലും ഇത്തരമൊരു പരസ്യം ലഭ്യമായില്ല. മത്രമല്ല, വില്‍പനയ്ക്ക് വച്ചിരിക്കുന്ന പോസ്റ്റില്‍ യു.എസ് ഡോളറിലാണ് വിലയിട്ടിരിക്കുന്നത്. പോസ്റ്റ് ആരോ കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് ഇതോടെ വ്യക്തമാവുകയും ചെയ്തു.
മലയാളികള്‍ പൊളിയാണെന്നു പറയുന്നതിന്റെ മറ്റൊരു വേര്‍ഷനായി ഇതിനെ കാണാം. കാരണം, മറ്റൊരു രാജ്യത്തിന്റെ യുദ്ധ വിമാനം ഇവിടെ ഇറങ്ങേണ്ട താമസം, അപ്പോള്‍ത്തന്നെ വിലപറഞ്ഞ് വില്‍പ്പന നടത്തിക്കളയും. അതും OLX വഴി. പോസ്റ്റ് വ്യാജമാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇത് വൈറലാകാന്‍ കാരണം യുദ്ധ വിമാനം ആയതു കൊണ്ടാണ്. അമേരിക്കന്‍ നിര്‍മ്മിത എഫ്-35 യുദ്ധവിമാനം കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അറബിക്കടലില്‍ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിലായ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്നും പിന്നീട് പറഞ്ഞു. ഇന്ത്യന്‍ വ്യോമസേനയുടെ എന്‍ജിനിയര്‍മാര്‍ അടക്കം വിമാനത്തില്‍ പരിശോധന നടത്തി. ബ്രിട്ടീഷ് വ്യോമസേനയുടെ മൂന്ന് എന്‍ജിനിയര്‍മാരും ഒരു പൈലറ്റുമടങ്ങിയ സംഘവും എത്തിയിരുന്നു.
കേരള തീരത്തുനിന്ന് നൂറു നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരിക്കുന്ന എച്ച്.എം.എസ് പ്രിന്‍സ് ഒഫ് വെയില്‍സ് എന്ന പടക്കപ്പലില്‍ നിന്ന് ബ്രിട്ടീഷ് വ്യോമസേനയുടെ എഫ്-35 തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പറന്നെത്തിയത്. വിമാനത്തിന്റെ സാങ്കേതിക ക്ഷമയും പ്രത്യേകതകളും ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്താനാണ് ഈ വരവെന്നും അഭ്യൂഹങ്ങളുണ്ട്. ഇപ്പോള്‍ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ തുടരുകയാണ്. ഇതോടെ സോഷ്യല്‍ മീഡിയയിലും നിരവധി ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.
ഇതിനിടയിലാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇട്ടിരിക്കുന്ന ബ്രിട്ടന്റെ ഫൈറ്റര്‍ ജെറ്റ് ഒഎല്‍എക്‌സില്‍ വില്‍പനയ്ക്ക് ഇട്ടിട്ടുണ്ടെന്ന അവകാശവാദവുമായി ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പോസ്റ്റിനു താഴെ രസകരമായ കമന്റുകളും വരുന്നുണ്ട്. അതില്‍ ചിലത് ഇങ്ങനെയാണ്.
എന്തിനാണ് എഫ്-35 ഇന്ത്യയില്‍ ?
അമേരിക്കന്‍ നിര്‍മ്മിത എഫ്-35 യുദ്ധവിമാനം ഇന്ത്യയ്ക്ക് വില്‍ക്കാന്‍ അമേരിക്ക വളരെക്കാലമായി ശ്രമിക്കുന്നുണ്ട്. മുന്‍പ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എഫ്-35 ഇന്ത്യയ്ക്ക് നല്‍കാമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും, വിലയും കരാര്‍ വ്യവസ്ഥകളും സംബന്ധിച്ച് ഇന്ത്യ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഒരു എഫ്-35 വിമാനത്തിന് ഏകദേശം 115 ദശലക്ഷം ഡോളര്‍ (ഏകദേശം 960 കോടി രൂപ) വില വരും. നിലവില്‍ നാറ്റോ സഖ്യകക്ഷികള്‍ക്കും ഇസ്രായേല്‍, ജപ്പാന്‍ തുടങ്ങിയ ചുരുക്കം ചില രാജ്യങ്ങള്‍ക്കും മാത്രമാണ് അമേരിക്ക ഈ വിമാനം കൈമാറിയിട്ടുള്ളത്.
ഈ സാഹചര്യത്തില്‍, എഫ്-35ന്റെ സാങ്കേതിക മികവും പ്രത്യേകതകളും ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥരെ നേരിട്ട് ബോധ്യപ്പെടുത്താനാണ് ഈ അടിയന്തര ലാന്‍ഡിംഗ് എന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. കേരള തീരത്തുനിന്ന് 100 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരിക്കുന്ന ബ്രിട്ടീഷ് പടക്കപ്പലായ എച്ച്.എം.എസ് പ്രിന്‍സ് ഓഫ് വെയില്‍സില്‍ നിന്നാണ് ഈ എഫ്-35 ബി ലൈറ്റ്‌നിംഗ് 2 വിമാനം പറന്നുയര്‍ന്നത്. വിമാനവാഹിനി കപ്പലുകളിലെ ചെറിയ റണ്‍വേയില്‍ നിന്ന് പറന്നുയരാനും തിരികെ ലാന്‍ഡ് ചെയ്യാനും സാധിക്കുന്ന തരത്തിലുള്ള നാവിക പതിപ്പാണ് ഇത്.
റഷ്യന്‍ S.U-57E, അമേരിക്കന്‍ F-35: ഇന്ത്യയുടെ തീരുമാനം ആര്‍ക്കൊപ്പം ?
ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ 110 അത്യാധുനിക യുദ്ധവിമാനങ്ങള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഫ്രാന്‍സ്, റഷ്യ, യു.എസ് എന്നീ രാജ്യങ്ങള്‍ ഇന്ത്യയെ ലക്ഷ്യമിട്ട് വലിയ വാഗ്ദാനങ്ങളുമായി രംഗത്തുണ്ട്. അമേരിക്കയുടെ എഫ്-35ന് സമാനമായ, അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനമായ സുഖോയ് എസ്.യു-57ഇ, അതിന്റെ സോഴ്‌സ് കോഡ് സഹിതം ഇന്ത്യയ്ക്ക് നല്‍കാമെന്ന് റഷ്യ സമ്മതിച്ചിട്ടുണ്ട്. ഇത് എഫ്-35 നോട് കിടപിടിക്കുന്നതും ആധുനിക റഡാറുകളെ പോലും
കബളിപ്പിക്കാന്‍ കഴിവുള്ളതുമാണ്. റഷ്യയുടെ ഈ വാഗ്ദാനം, വിമാനത്തിന്റെ സാങ്കേതിക വിദ്യയില്‍ സ്വന്തമായി മാറ്റങ്ങള്‍ വരുത്താനും അറ്റകുറ്റപ്പണികള്‍ നടത്താനും ഇന്ത്യയെ പ്രാപ്തമാക്കും. സാധാരണയായി, അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ പ്രതിരോധ സാങ്കേതിക വിദ്യകളുടെ മുഴുവന്‍ സോഴ്‌സ് കോഡും കൈമാറാറില്ല എന്നതും ശ്രദ്ധേയമാണ്.
ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മ്മിക്കുന്ന എഫ്-35 ഒറ്റ എന്‍ജിന്‍, സിംഗിള്‍ സീറ്റ് സ്റ്റെല്‍ത്ത് വിമാനമാണ്. ഇതിന് 8,100 കിലോ ഭാരം വഹിക്കാനുള്ള ശേഷിയും 1,200 കിലോമീറ്റര്‍ ദൂരപരിധിയുമുണ്ട്. അതേസമയം, എസ്.യു-57ഇ ഇരട്ട എന്‍ജിന്‍ വിമാനമാണ്, 1,500 കിലോമീറ്റര്‍ വരെ ആക്രമണം നടത്താനും 10 ടണ്‍ വരെ ഭാരം വഹിക്കാനും ഇതിന് സാധിക്കും. വിലയുടെ കാര്യത്തിലും ഇരുവിമാനങ്ങള്‍ക്കും വ്യത്യാസമുണ്ട്. എഫ്-35ന് 11 കോടി ഡോളറാണ് വിലയെങ്കില്‍, സുഖോയ് എസ്.യു-57ന് എട്ടു കോടി ഡോളറാണ്.
അസാധാരണ നിര്‍ത്തിയിടല്‍
അത്യാധുനിക യുദ്ധവിമാനം മൂന്ന് ദിവസത്തില്‍ കൂടുതല്‍ മറ്റൊരു രാജ്യത്ത് നിര്‍ത്തിയിടുന്നത് അസാധാരണമായ കാര്യമാണ്. ഔദ്യോഗിക വിശദീകരണം സാങ്കേതിക തകരാറുകള്‍ എന്നാണ്. വിമാനത്തിന് സി.ഐ.എസ്.എഫ് ആണ് സുരക്ഷയൊരുക്കുന്നത്. സി.ഐ.എസ്.എഫിന്റെ കവചിത വാഹനം എഫ്-35ന് സമീപം നിലയുറപ്പിച്ചിട്ടുണ്ട്. മാത്രമല്ല, വിമാനത്തിന്റെ പൈലറ്റും വാമാനത്തിനടുത്തു നിന്നും മാറിയിട്ടില്ല. ബ്രീട്ടിഷ് സൈനിക സംഘം എത്തിയാണ് വിമാനത്തിന്റെ കേടുപാടുകള്‍ തീര്‍ത്തു കൊണ്ടിരിക്കുന്നതെന്നാണ് സൂചന.
CONTENT HIGH LIGHTS;Will Britain sell the fighter jet?: Who advertised the F-35 fighter jet for sale on OLX?; Did it land at Thiruvananthapuram airport to advertise on OLX?; What is the truth?