രാജ് ഭവനും സെക്രട്ടേറിയറ്റും തമ്മിലുള്ള പോരാട്ടത്തിന് കുറച്ചുകാലം ഇടവേളയിട്ടിരുന്നതാണ്. എന്നാല്‍, വീണ്ടും അത് ശക്തമായി തുടങ്ങിയിരിക്കുന്നു. രാജ്ഭവനു വേണ്ടി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറാണ് കളത്തില്‍. സെക്രട്ടേറിയറ്റിനു വേണ്ടി മന്ത്രിമാരായ പി. പ്രസാദും വി. ശിവന്‍കുട്ടിയുമാണ് ആദ്യഘട്ടത്തില്‍ ഇറങ്ങിയതെങ്കിലും പിന്നാലെ ആര്‍. ബിന്ദുവും പി. രാജീവും ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. കൃഷി വകുപ്പും, വിദ്യാഭ്യാസ വകുപ്പും, ഉന്നത വിദ്യാഭ്യാസ വകുപ്പും, നിയമ വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രിമാരാണ് ഇവരൊക്കെ. രാജ്ഭവനില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് ഗവര്‍ണര്‍ ആദ്യമായി സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് കെണിവെച്ചത്.
എന്നാല്‍, വെച്ചകെണി കൃത്യമായി മനസ്സിലാക്കി മന്ത്രി പി. പ്രസാദ് ആ പരിപാടി ഒഴിവാക്കി, പകരം സെക്രട്ടേറിയറ്റില്‍ പരിപാടിവെച്ച് ഗവര്‍ണര്‍ക്ക് മറുപടി കൊടുത്തു. രണ്ടാമത് വന്നത്, വായനാ ദിനമാണ്. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഈ പരിപാടിക്ക് രാജ്ഭവനില്‍ പങ്കെടുത്തത്. എന്നാല്‍, അവിടെയും ഗവര്‍ണര്‍ കെണിയൊരുക്കിയിരുന്നു. ഈ കെണി മുന്‍കൂട്ടി മനസ്സിലാക്കിയ മന്ത്രി തല്‍ക്ഷണം രാജ്ഭവന്‍വിട്ടു. ഇത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നു കാട്ടി രാജ്ഭവന്‍ വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചെങ്കിലും സര്‍ക്കാര്‍ അത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. മീശ വെച്ചവന്‍ പോയപ്പോള്‍ കൊമ്പന്‍ മീശക്കാരനാണ് പകരം വന്നിരിക്കുന്നതെന്ന് ഗവര്‍ണറെ മാറ്റിയപ്പോള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നതാണ്.
അതിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷത്തില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി പരസ്യ പോരാട്ടമായിരുന്നു സര്‍ക്കാര്‍ നടത്തിയത്. ഇതേറ്റു പിടിച്ച് ഇടത് പോഷക സംഘടനകളും വിദ്യാര്‍ത്ഥി യുവജന സംഘടനകളും ആരിഫ് മുഹമ്മദ് ഖാനുമായി നേരിട്ടേറ്റുമുട്ടി. സംഘടനകളെ പരസ്യമായി വെല്ലുവിളിച്ച് ഗവര്‍ണറും പൊതു നിരത്തിലിറങ്ങി നിന്നു. തമ്മിലടിക്കാനും ശ്രമം നടന്നു. പോലീസ് നോക്കിനില്‍ക്കെ ഗവര്‍ണറുടെ വാഹനത്തിനു നേരെ ആക്രമണം നടന്നു. ഇതെല്ലാം കടന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിന്റെ പലകാര്യങ്ങളിലും തന്റേതായ രീതിയില്‍ ഇഠപെട്ടു കൊണ്ടേയിരുന്നത്. നിയമനിര്‍മ്മാണം മര്യാദയ്ക്ക് ചെയ്യാനാകാതെ സര്‍ക്കാര്‍ കുഴങ്ങി.
ഒടുവില്‍ ആരിഫ് മുഹമ്മദ് ഖാനെ മാറ്റി തല്‍സ്ഥാനത്ത് രാജേന്ദ്ര ആര്‍ലേക്കറെ കൊണ്ടു വന്നപ്പോള്‍ സര്‍ക്കാര്‍ ഒന്ന് ആശ്വസിച്ചതാണ്. എന്നാല്‍, അതിന് അധിക നാളുണ്ടായില്ല. പോരാട്ടത്തിന്റെ സംഖൊലി ഗവര്‍ണര്‍ മുഴക്കിക്കഴിഞ്ഞു. മന്ത്രിമാര്‍ക്കു വെച്ച കെണി തന്നെയാണ് ഗവര്‍ണറുടെ തുറുപ്പു ചീട്ട്. അതായത്, രാജ്ഭവനില്‍ നടക്കുന്ന പരിപാടികളില്‍ ഭാരതാംബയുടെ ചിത്രത്തില്‍ തിരിതെളിക്കുക എന്ന ചടങ്ങാണ് കെണി. കീഴ് വഴക്കമില്ലാത്തതും, ചരിത്രത്തില്‍ ഇതുവരെ സംഭവിക്കാത്തതുമായ കാര്യങ്ങളാണ് ഗവര്‍ണര്‍ കൊണ്ടു വന്നിരിക്കുന്നത്. കേരള സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ട ശേഷം ഇങ്ങനെയൊരു ആചാരം സര്‍ക്കാര്‍ തലത്തിലോ, രാജ്ഭവനിലോ ഉണ്ടായിട്ടില്ല.
സ്വാഭാവികമായും ഇത്തരമൊരു ചടങ്ങിനെ സംശയത്തോടെ നോക്കാനേ മലയാളികള്‍ക്ക് സാധിക്കൂ. കാരണം, ഇതുവരെയില്ലാതിരുന്ന ഒ രു ആചാരത്തെ സ്ഥിരം സംവിധാനമായി രൂപപ്പെടുത്താനുള്ള നീക്കം എന്തിന്റെ അടിസ്ഥാനത്തിലാണെന്നതാണ് സംശയം. ഭാരതാംബയെ തൊഴുന്നതും, വിളക്കു കത്തിക്കുന്നതും തെറ്റല്ല. പക്ഷെ, ഭാരതാംബ എന്നാല്‍ എന്താണ്. ആരാണ്. ഇതാണ് അറിയേണ്ടത്. മന്ത്രിമാരും ഇതേ ചോദ്യങ്ങളാണ് ഗവര്‍ണറോട് ഉന്നയിച്ചതും. ഭാരതാംബ എന്ന സങ്കല്പം സ്ത്രീ തന്നെയാണ്. അതില്‍ ഗവര്‍ണര്‍ക്കോ മന്ത്രിമാര്‍ക്കോ തര്‍ക്കമില്ല. പക്ഷെ, അവര്‍ ഉഫയോഗിച്ചിരിക്കുന്ന കൊടിയാണ് പ്രശ്‌നം. അത് ഇന്ത്യന്‍ പതാകയല്ല. പകരം, കാവിക്കൊടിയാണ്. ഇന്ത്യയുടെ കൊടി പിടിച്ചിരിക്കുന്ന ഭാരതാംബയെയാണോ അതോ കാവിക്കൊടി പിടിച്ചിരിക്കുന്ന ഭാരതാംബയെയാണോ തൊഴേണ്ടത്.
ഗവര്‍ണര്‍ കാവിക്കൊടി പിടിച്ചിരിക്കുന്ന ഭാരതാംബയെ തൊഴണം എന്നാണ് വാശി പിടിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ അതിന് തയ്യാറല്ല. യഥാര്‍ഥ ഭാരതാംബ അതല്ലെന്നും, ത്രിവര്‍ണ്ണ പതാക പിടിച്ച ഭാരതാംബയെ കൊണ്ടു വരണമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. ഔദ്യോഗിക പരിപാടികളില്‍പ്പോലും ഗവര്‍ണര്‍ ഇത്തരം നിഷ്ടകള്‍ കൊണ്ടുവന്നാല്‍, അത് ഭരണഘടനയ്ക്കു വിരുദ്ധമായിപ്പോകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ഭാരതാംബയെ വണങ്ങുന്നതില്‍ എന്താണ് തെറ്റെന്ന മറുചോദ്യം ആര്‍ലേക്കര്‍ ചോദിക്കുന്നുണ്ട്. ഈ ചോദ്യം ആര്‍.എസ്.എസിന്റെ ചോദ്യമാണ്. ഇതിനെയാണ് സര്‍ക്കാര്‍ എതിര്‍ക്കുന്നത്. എന്തായാലും ഒരു കാര്യം ഇരുകൂട്ടര്‍ക്കും ഉറപ്പാണ്. ഭാരതാംബ സ്ത്രീ എന്നതില്‍. ഭാരതാംബ വിഷയത്തില്‍ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ശിവന്‍കുട്ടിക്കെതിരേ രാജ്ഭവന്‍ ആരോപണം ഉന്നയിക്കുമ്പോള്‍, ഗവര്‍ണറുടെ ഭരണപരമായ അധികാരങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി തിരിച്ചടിക്കുന്നത്.
ഈ വര്‍ഷത്തെ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തും ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്ന വേളയിലും ഈ വിഷയം ഉള്‍പ്പെടുത്തും. ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരിച്ചിട്ടുള്ളത്. അത് ജീവിതത്തില്‍ പകര്‍ത്താന്‍ ആവശ്യമായ പിന്തുണയും സ്‌കൂള്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ നല്‍കുവാന്‍ പൊതുവിദ്യാഭ്യാസവകുപ്പ് മുന്‍ഗണന നല്‍കും. രാജ്യത്ത് ഗവര്‍ണര്‍മാരെ ഉപയോഗിച്ചുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഗവര്‍ണര്‍മാരുടെ ഭരണഘടനാപരമായ അധികാരങ്ങളെ കുറിച്ച് സുപ്രീം കോടതി തന്നെ
വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ പഠിക്കേണ്ട യഥാര്‍ത്ഥ ഇടങ്ങള്‍ വിദ്യാലയങ്ങള്‍ ആയതുകൊണ്ട് തന്നെ ഗവര്‍ണര്‍മാരുടെ ഭരണഘടനാ അധികാരങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനായി പരിഷ്‌കരിക്കുന്ന പാഠപുസ്തകങ്ങളില്‍ ഈ കാര്യം പ്രത്യേകം തന്നെ ഉള്‍പ്പെടുത്തുമെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്. ഇത് ഗവര്‍ണറെ കുറച്ചു കാണിക്കാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഗവര്‍ണറുടെ അധികാരം തുലോം കുറവാണെന്നിരിക്കെ, സര്‍ക്കാരിന്റെ ഈ നീക്കം വെല്ലുവിളിപോലെയാണ് ഗവര്‍ണര്‍ കാണുന്നത്. ഇനി ഉന്നതവിദ്യാഭ്യാസ വകുപ്പ് എന്തു തരത്തിലുള്ള നീക്കമായിരിക്കും നടത്തുകയെന്ന് കണ്ടുതന്നെ അറിയണം.
CONTENT HIGH LIGHTS; Is there a dispute over Bharatamba being a “woman”?: Is the “flag” being held a problem?; The Governor gave the saffron flag, the government also gave the tricolor flag; Raj Bhavan and the Secretariat are clashing again?